ജീവിതം എത്ര സന്തോഷകരമാണെന്നും ആ ജീവിതം എങ്ങനെ ആസ്വദകരമാക്കാം എന്നും ഒരു ജീവിതത്തിലൂടെ കാണിച്ചു തന്ന ഉഷ കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞിട്ടു ജനുവരി 30 ന് രണ്ട് വർഷം തികയുന്നു. ഒരു ആയുഷ്കാലത്തിന്റെ മധുരതരമായ ഓർമ്മകൾ നൽകിയാണ് അവൾ യാത്രയായത്. ഇപ്പോഴും ആ മരണം വിശ്വസിക്കാനാവാതെ ഇരുട്ടിൽ തപ്പുകയാണ് ഞങ്ങൾ.
പതിവ് യാത്രകള്‍, കാഴ്ചകള്‍, ജോലികള്‍ അങ്ങനെ ദിവസങ്ങൾ കടന്ന് പോകുന്നു ... ഇടയ്ക്കു എപ്പോഴോ കണ്ണും മനസ്സും തമ്മില്‍ പിണങ്ങി എന്ന് തോന്നുന്നു..കാണുന്ന കാഴ്ചകളിലേക്ക് നോക്കാതെ മനസ്സ് മറ്റൊരു ദിശയിലേക്കു യാത്ര ചെയുന്നു ..അങ്ങു അകലെ പഴമയുടെ പുകമണം നിറഞ്ഞു നില്‍കുന്ന ഏതോ ദിക്കിലേക്ക്..ശാന്തമായ കടല്‍കാറ്റിന്റെ നിശ്വാസം പോലെ മനസ്സ് എവിടെക്കോ അലക്ഷ്യമായി നീങ്ങുന്നു....
മനസ്സ് തുറന്നു സന്തോഷിച്ച ഒത്തിരി ഒത്തിരി നിമിഷങ്ങള്‍, കൊച്ചു കൊച്ചു തമാശകള്‍, ചെറിയ ചെറിയ പിണക്കങ്ങൾ ഓര്‍മകളുടെ ഇന്നലകളിലെയ്ക്ക് ഒന്ന് തിരഞ്ഞു നോക്കുബോൾ, പാതി അനാഥനാക്കി അപ്രതീക്ഷിതമായാണ് അവൾ കടന്നു പോയതെന്നറിയുന്നു . സ്നേഹവും സംരക്ഷണവും ആവോളം തന്നു ഞങ്ങൾക്ക് ഇടയിൽ അവൾ നിറഞ്ഞു നിന്നിരുന്നു.! ഞങ്ങൾക്ക് ആ സ്നേഹവും കരുതലും നഷ്‌ടമായിട്ട് രണ്ട് വർഷം തികയുന്നു. ഇപ്പോഴും ആ ശൂന്യത വലുതായി വരുന്നു എന്ന് മാത്രം .
രണ്ടു വർഷമായി ഓരോ പുലരിയിലും കാണാൻ കൊതിച്ചതും ഓരോ നിമിഷവും നെഞ്ചിൽ നിനച്ചതും എല്ലാം നിന്നെ കുറിച്ച് മാത്രമാണ്. നമ്മുടെ പൂത്തോട്ടത്തിൽ വിരിഞ്ഞ പൂവുകൾ നിന്നെ തെരയുന്നുണ്ട് , അവിടെയെത്തുന്ന ചിത്ര ശലഭങ്ങൾ നിന്നെയും കാത്തു നിൽക്കുന്നു . നിന്റെ കൂട്ടുകാരായ ഓരോ പക്ഷികളും മധുര ഗീതങ്ങൾ പാടി നിന്നെ തെരയുന്നു . പക്ഷേ നിന്നെ മാത്രം കണ്ടെത്തുവാൻ കഴിയുന്നില്ല. ഞാൻ ഓരോ നക്ഷത്രകൂട്ടങ്ങളിലും നിന്നെ തിരഞ്ഞു , എല്ലാ സ്വപ്നങ്ങളിലും പരതി നോക്കി.
നിശാഗന്ധി പൂക്കുന്ന യാമം, ലോകം സ്വപ്നത്തില്‍ മയങ്ങിതുടങ്ങിയിക്കുന്നു ... ആയിരം സ്വപ്നങ്ങളെ കാത്തുസൂക്ഷിച്ചു ഞാന്‍ ഒന്നു മയങ്ങുമ്പോള്‍ മനസിന്‍റെ താളുകളില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്ന അവളുടെ മുഖം ഒരു കാറ്റായി മഴയായി വന്നു എന്റെ സ്വപ്നങ്ങളെ ചുംബിക്കുന്നു. ആ സ്വപ്നങ്ങളില്‍ എനിക്ക് കാണാന്‍ കഴിയും അവളുടെ മുഖം. വീണുടയുന്ന മഴതുള്ളി പോലെ എന്നെ തനിച്ചാക്കി അത് പിന്നെയും വിട്ടകലുന്നു.
സ്വപ്‌നങ്ങള്‍ മാടി വിളിച്ചിട്ടും , തിരിയാന്‍ വയ്യാതെ, നീയും ഞാനും പിരിഞ്ഞ അതേ തീരത്ത് നില്‍ക്കുകയാണ് ഞാന്‍...എന്നെങ്കിലും നീ തിരികെ വരുന്നതും കാത്ത്...
ജീവിതം ഒരു യാത്രയായാണ് , ജനനത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള യാത്ര ...ദൂരങ്ങളില്‍ നിന്നും ദൂരങ്ങളിലേക്ക് കാലം കൈപിടിച്ചു നടത്തുന്നു ഒരു യാത്ര ... ആ യാത്രയിൽ ഒരുപാട് സ്നേഹിച്ചുകൊണ്ടു ആരൊക്കെയോ കൂടെ നടക്കുന്നു ....ആരോടും പറയാതെ ഒരു ദിവസം അവർ യാത്രയാകുന്നു. പക്ഷേ യാത്ര ചെയ്യുന്നവർ മാത്രം അറിയുന്നില്ല തനിക്ക് എവിടെ ഇറങ്ങണമെന്നോ എപ്പോൾ ഇറങ്ങണമെന്നൊ. എല്ലാം നേടിയെന്ന അഹങ്കാരത്തോടെ നാം ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍, നേടിയതൊന്നും നേട്ടങ്ങളായിരുന്നില്ല എന്ന് നഷ്‌ടപ്പെട്ടത് പലതും നമ്മെ ഓര്‍മ്മപെടുത്തും..... ആ നഷ്‌ടങ്ങൾക്കു പകരമാകില്ല നാം നേടിയത് ഒന്നും എന്ന് തിരിച്ചറിയും, ആ നഷ്ട്ടങ്ങള്‍ പിന്നെ വേദനകളായി മാറുന്നു.
ഈ നിശബ്ദതയില്‍ ഞാന്‍ പൂഴ്ത്തി വച്ചിരിക്കുന്ന സാഗരമാണ് എന്റെ വേദനകൾ ... അലകളായി ഹൃദയത്തിന്റെ ഉള്ളറകളില്‍ ആര്‍ത്തിരമ്പുകയാണ് ആ ഓർമ്മകൾ. അത് പേമാരിയായി മനസ്സിന്റെ തീരങ്ങളില്‍ പെയ്യുന്നു.. നമ്മള്‍... നീയും ഞാനുമെന്ന കൈവഴികളായി പിരിഞ്ഞൊഴുകിയപ്പോഴും, സ്നേഹം വിധിക്ക് വഴി മാറിയപ്പോഴും, ആ നഷ്‌ടപെടിലിന് ഇത്ര അധികം കാഠിന്യം ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല . എൻ്റെതെന്ന് കരുതി അഹങ്കരിച്ചു. കൂടെ കൂട്ടി അഭിമാനിച്ചു. കണ്ടു മുട്ടിയ കാലം മുതൽ ഞാൻ ചിലവഴിച്ച , നിന്നോടൊപ്പമുള്ള വിലപെട്ട സമയങ്ങൾ ഇന്ന് എൻ്റെ നെഞ്ചിലെ കെടാത്ത കനലാണ് . എനിക്ക് അറിയില്ലായിരുന്നു ഒരു പാട് അടുത്താൽ നഷ്‌ടപ്പെടുബോൾ ഒരുപാട് ദു:ഖം ആണ് പ്രതിഫലം എന്ന്.
മരണം രംഗബോധം ഇല്ലാത്ത കോമാളിയാണെന്ന് പറയുന്നത് എത്ര സത്യമാണല്ലേ? ജീവിക്കാൻ കൊതിക്കുന്നവരെ അല്ലെങ്കിൽ ആഗ്രഹിക്കുന്നവരെ തിരഞ്ഞു പിടിച്ചു അത് മുന്നേ കൊണ്ടുപോകും, ഒരു വിലാപങ്ങൾക്കും അവിടെ പ്രസക്തിയില്ല. അഴക് എത്ര ഉണ്ടായിരുന്നാലും ജീവൻ നഷ്‌ടപ്പെട്ടാൽ അഴുകുവാൻ കുറച്ചു സമയം മാത്രം മതിയാകും, അത് മനുഷ്യരായാലും പ്രകൃതിയായാലും.
എന്നിലെ ഭ്രാന്തമായ ഏകാന്തതകളില്‍ ആശ്വാസത്തിന്‍റെ പ്രകാശമാണ് നിന്റെ ഓർമ്മകൾ.
എന്റെ ഓർമ്മകളെ കാലം മെല്ലെ കാര്‍ന്നുതിന്നു തുടങ്ങിയപ്പോള്‍ മനസ്സിന്റെ ചില്ലകളില്‍ കത്തിയെരിഞ്ഞ കുറെ സ്വപ്നങ്ങളും, ശിഥിലമായ ഓര്‍മകളും ബാക്കി... വേദനയുടെ രൂക്ഷ ഗന്ധവും, മുറിവേറ്റ സ്വപ്നങ്ങളുടെ കാല്‍പ്പാടുകളും ശിഥിലമായ ഓർമ്മകളും നെഞ്ചിലേറ്റി തനിയെ ഞാന്‍ വീണ്ടും... എന്റെ നിശ്വാസങ്ങള്‍ ഋതുക്കളും കടന്നു നാളെയുടെ വഴിയമ്പലത്തില്‍ ചേക്കേറുമ്പോള്‍ , അനാഥമായ കരിയിലകൂട്ടങ്ങള്‍ക്കിടയില്‍ എന്റെ ഹൃദയം വീണു വിതുമ്പുമ്പോള്‍, ആ കണ്ണീരില്‍ പോലും നിന്‍റെ നിഴലുണ്ടാവും.
വിട പറഞ്ഞ് പോയി എങ്കിലും നിന്നിലെ നന്മയുടെ വെളിച്ചം എന്നും എനിക്ക് അത്ഭുതം തന്നെ . ഒരാളും പണിയാത്ത വരമ്പുകൾ നമ്മുടെ ജീവിതത്തിൽ നീ കെട്ടിയിരുന്നു . എത്ര കാലങ്ങൾ കഴിഞ്ഞാലും നിന്റെ നിർമ്മല സ്നേഹത്തിന്റെ നന്മ ഞാൻ അറിയുന്നു . കണ്ണെത്താ ദൂരെ എങ്കിലും അറിയുന്നു കുഞ്ഞേ നിന്റെ ശ്വാസത്തിൻ ചൂട് അന്നത്തെ പോലെ തന്നെ . ഞാൻ എന്റെ വാക്കുകളിൽ നിറക്കുന്നത് നിന്നിലെ നല്ല മനസ്സാണ്. നിന്റെ ഹ്യദയമിടിപ്പിന്‍റെ താളം എത്രയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും എനിക്കു മറക്കാന്‍ കഴിയില്ല.
നഷ്ട്ടമായത് എല്ലാം എന്നെങ്കിലും എനിക്ക് നേടി എടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്റെ ഏറ്റവും വലിയ നഷ്ട്ടമായ നിന്നെ തേടി ആയിരിക്കും ഞാൻ ആദ്യം വരുന്നത്... എന്നേയും കാത്ത് നീ.. ദൂരത്ത് ഇരിപ്പുണ്ടെന്ന് എനിക്കറിയാം, കാരണം നിന്റെ ചിരി എത്രയോ തവണ ഞാന് സ്വപ്നങ്ങളിൽ കണ്ടിരിക്കുന്നു. എനിക്ക് സ്വപ്‌നങ്ങൾ ഒരുപാടുണ്ടായിരുന്നു, എൻറെ സ്വപ്നസുന്ദരിക്ക് മാത്രമായി..പക്ഷെ ജീവിതത്തിന്റെ തിരക്കഥ എഴുതിയത് ഞാനല്ലല്ലോ...എങ്കിലും ഉള്ളിന്റെ ഉള്ളിൽ പ്രതീക്ഷകൾ ഏറെ ബാക്കിയുണ്ട്....അടുത്ത ജന്മത്തിനായ് ഞാൻ കാത്തിരിക്കും... ഒരു വേഴാമ്പലിനെപ്പോലെ.
ജനിമൃതികളുടെ ആ കവാടത്തിനരികില്‍ നിന്റെ പുനര്‍ജന്മത്തിനായി ഞാന്‍ കാത്തു നിൽക്കുന്നു .എന്റെ സ്വപ്നങ്ങളില്‍ ഞാൻ കണ്ട ചിത്രവുമായി, നീ പാടിയ വരികളുടെ ഈണവുമായി, നീ എനിക്ക് നല്‍കിയ സ്നേഹത്തിന്റെ നിറങ്ങളുമായി ഞാന്‍ കാത്തിരിക്കാം...എന്റെ മനസ്സില്‍ ഞാന്‍ എഴുതിയ വരികളിലെ, വിട്ടു പോയ അക്ഷരങ്ങളുമായി നീ എന്നെ തേടി വരുകയാണെങ്കില്‍..., എന്റെ സ്വപ്നങ്ങളെ വര്‍ണങ്ങള്‍ ആക്കി നിനക്കായി ഞാന്‍ ഒരു മഴവില്ല് സമ്മാനിക്കാം..ഞാനും എൻ്റെ സ്വപ്‌നങ്ങളും കൂടുകൂട്ടി കാത്തിരിക്കും...
ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും വെറുതെ ഉള്ള കാത്തിരിപ്പ് ... നഷ്ടബോധത്തിന്റെ വേദനയില്‍ ചാലിച്ച ഓര്‍മ്മകളും ദ്രവിച്ചു തീരാറായ മനസ്സുമായി ഞാന്‍ പിന്നെയും കാത്തിരിക്കുന്നു....