Image

മാളോരെ മാളോരെ മുത്തുണ്ടോ മാളോരെ (ലേഖനം: ഷുക്കൂര്‍ ഉഗ്രപുരം)

Published on 28 January, 2024
മാളോരെ മാളോരെ മുത്തുണ്ടോ മാളോരെ (ലേഖനം: ഷുക്കൂര്‍ ഉഗ്രപുരം)

ഓർമ്മയിൽ ഗിത്താർ മീട്ടുന്ന "മാളോരെ മാളോരെ മുത്തുണ്ടോ മാളോരെ" എന്ന ഗാനശകലം... ചാലിയാർ നദി നിർഗ്ഗളമായങ്ങനെ ഒഴുകുന്നു. തലമുറയിൽ നിന്നും തലമുറയിലേക്ക് മനുഷ്യ സംസ്കൃതിയെ വഹിച്ചു കൊണ്ടാണത് പോകുന്നത്. നാട്ടിലെ ചാലിയാറിൻ്റെ ഓരത്തുള്ള ചെറിയ നമസ്ക്കാരപ്പള്ളി (സ്രാമ്പ്യ എന്ന് നാട്ടുഭാഷ) വിപുലീകരിക്കാൻ ഒരു കഥാപ്രസംഗം സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി സ്രാമ്പ്യയോട് ചേർന്നുള്ള സ്ഥലത്താണ് പ്രോഗ്രാം നടക്കുന്നത്. ജാതി മത വർഗ്ഗ ഭേദമന്യേ ഗ്രാമീണരെല്ലാം കഥാപ്രസംഗം ആസ്വദിക്കാൻ അവിടെ ഒരുമിച്ചു കൂടും. നന്മയുടെ ക്രിയാത്മക നിർമിതിക്ക് എന്നും കൂട്ടുണ്ടായിരുന്നത് സർഗ്ഗാത്മക ആവിശ്ക്കാരങ്ങളായിരുന്നുവല്ലൊ.

തൊണ്ണൂറ് കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത്. രാത്രിയിൽ അയൽക്കാരോടൊന്നിച്ച് ഏതാണ്ട് എട്ടര മണിയാകുമ്പോൾ വിരിപ്പും തലയിണയും കൊറിക്കാൻ കടലയോ മിക്സച്ചറൊ വാട്ടപ്പൂളയോ ചുട്ടപുളിങ്കുരുവോ അതുമല്ലങ്കിൽ മാങ്ങ ചെത്തി കുരുമുളക് പൊടിയും ഉപ്പും ചേർത്ത് Mix ചെയ്ത് പഴയ അമൂല്ല്യയുടെ അളുക്കിൽ നിറച്ചതോ അതുമല്ലങ്കിൽ ഉണക്കിയ മാങ്ങാതൊലിയൊ കൂടെ കരുതി കഥാപ്രസംഗം കേൾക്കാൻ മുതിർന്നവരുടെ കൂടെ ഞങ്ങൾ നടന്നു പോകുമായിരുന്നു. അരപ്പട്ടിണിക്കാലത്ത് അതിൻ്റെയൊക്കൊ രുചി അത് കഴിച്ചവർക്ക് മാത്രമെ മനസ്സിലാകൂ.   ഇന്നത്തെപ്പോലെ കറൻ്റും വെളിച്ചവും അത്ര വ്യാപകമായിരുന്നില്ല. എങ്കിലും മനുഷ്യരുടെ ഹൃദയം അന്ന് അത്രമേൽ പ്രകാശപൂരിതമായിരുന്നു. അതിനാൽ തന്നെ സമൂഹത്തിൽ ഒരു ഇരുട്ടിനും വേരിറക്കാൻ സാധിച്ചിരുന്നില്ല. 

അയൽപക്കത്തെ ഏതെങ്കിലും ഒരു വീട്ടുകാരുടെ കയ്യിൽ വെളിച്ചമുണ്ടാകും. ഇത് ടോർച്ചൊ (നെക്ക് വിളക്കെന്ന് ഏറനാടൻ വാമൊഴി. ഗൾഫുകാരൻ്റെ വീടാണെങ്കിൽ മിക്കവാറും ചുവന്ന കറൻ്റ് ടോർച്ചായിരിക്കും ഉണ്ടാക്കുക. അതിനാണ് കൂടുതൽ ഗമയും ലഭിക്കുക) വിളക്കൊ സുറൂങ്കുറ്റിയൊ (Kerosene lamp എന്ന് പറഞ്ഞാൽ Newgen guys ന് ഗ്രാഹ്യമാകും) ഓലക്കൊടി ചൂട്ടോ അതുമല്ലങ്കിൽ ചിരട്ടയിൽ കാറ്റേൽക്കാതിരിക്കാൻ കരുതലോടെ മെഴുകിനാൽ ഒട്ടിപ്പിടിപ്പിച്ച മെഴുകുതിരിയോ ആയിരിക്കും. All roads lead to Mecca എന്ന് പറഞ്ഞ പോലെ ആ വെളിച്ചത്തിൽ എല്ലാ ഊടുവഴികളും കഥാപ്രസംഗ വേദിയിലേക്ക് നയിക്കപ്പെട്ടു.

ഞങ്ങളുടെ വീട്ടുമുറ്റം അക്കാലത്ത് ഒരു പ്രധാന നടപ്പുവഴിയാണ്. കിഴക്കുഭാഗത്തുള്ളവർ പടിഞ്ഞാറോട്ട് അങ്ങാടികളിലേക്കും പുഴയിലേക്കും പള്ളികളിലേക്കും മദ്റസയിലേക്കും പടിഞ്ഞാറുള്ളവർ കിഴക്കോട്ട് ഹൈസ്കൂളിലേക്കും റേഷൻ കടയിലേക്കും ഉത്സവങ്ങൾക്കും കള്ളുഷാപ്പിലേക്കും കൂലിവേലക്കും അങ്ങനെ ഒരുപാടൊരുപാട് ജീവിതാവശ്യങ്ങൾക്കും വേണ്ടി നിത്യവും നടന്നുകൊണ്ടിരുന്നു. ഇന്നത്തെപ്പോലെ സ്വന്തമായി വാഹനങ്ങളൊ റോഡുകളൊ ഇല്ലാത്ത കാലത്ത് മനുഷ്യൻ്റെ നന്മയാലുള്ള പങ്കുവെക്കപ്പെടലുകളിലൂടെ ജീവിച്ച ഒരു സുകൃത കാലം. 

ത്രിസന്ധ്യയിൽ വീടിൻ്റെ തായേരയിൽ (പൂമുഖം എന്നൊക്കെ നിഘണ്ടു ഭാഷയിൽ പറയാമെങ്കിലും പദം സമ്പൂർണ്ണമല്ല)  മഅ്രിബ് ബാങ്ക് വിളിച്ചതു മുതൽ ഇരുട്ടകറ്റാൻ ഒരു വിളക്ക് ഉറക്കം തൂങ്ങിയനെ വെളിച്ചം പൊഴിക്കും. അതിൻ്റെയടുത്ത് മൂന്നൊ നാലൊ ഓലച്ചൂട്ടുകളുമുണ്ടാകും. വെളിച്ചമില്ലാതെ വരുന്ന വഴിപോക്കൻമാർക്ക് ഒരു ചൂട്ടെടുത്ത് കത്തിച്ച് തെളിഞ്ഞ വഴിയിലൂടെ നടന്നു പോകാം. ആ മനുഷ്യരൊക്കെ വെളിച്ചം കത്തിച്ച് നടന്നു നീങ്ങിയത് നന്മയുടെ നല്ലകാല  ഓർമ്മച്ചെപ്പിലേക്കാണ്. ബാപ്പയും ഉമ്മയും അന്ന് ഓലക്കൊടി വെട്ടിത്തറച്ചു വൃത്തിയിൽ മനോഹരമായി കെട്ടിവെച്ച് ഫ്രീയായി വീട്ടുമുറ്റത്തെ വഴിയിലൂടെ പോകുന്നവർക്ക് നൽകിയതിൻ്റെ പിന്നിലെ കാരണം സുകൃത വിശ്വാമല്ലാതെ മറ്റൊന്നുമല്ല. പടച്ചോൻ്റെ ഖജാനയിൽ നിന്നും റഹ്മത്ത് ലഭിക്കണെ എന്ന ഒരു പ്രാർത്ഥനയും. 

അങ്ങനെ കഥാപ്രസംഗം കഴിഞ്ഞു വരുന്ന ഒരു രാത്രിയിൽ വീട്ടുമുറ്റത്തെ വഴിയിൽ നിന്നും അന്തിക്കള്ളിൻ്റെ മത്തിൽ ചെള്ളിയേട്ടൻ സങ്കടത്തോടെ പാടിത്തുടങ്ങി - "മാളോരെ മാളോരെ മുത്തുണ്ടോ മാളോരെ". നീറുന്ന ഗദ്ഗദത്തോടെ പാട്ട് അവസാനിപ്പിച്ച് ചെള്ളിയേട്ടൻ വിളിച്ചു - ഇണ്ണ്യോയോ ഇണ്ണ്യോയോ... ആ രാജാവ് എന്തോര് കടുപ്പാണ് കാട്ട്യത്. എത്ര കസ്റ്റപ്പെട്ട് (കഷ്ടപ്പെട്ട്) ഓൻ വെറക് കീറി പറഞ്ഞപോലെ കരാറ് പാലിച്ച് വന്നിട്ടും... ചെള്ളിയേട്ടൻ കണ്ണീർ തുടക്കുന്നു. ഓന് എത്ര കിർവ്വ (കൃപ) യോടെ ഓളെ നോക്കാന്ന് പറഞ്ഞതാണ്. ഇന്നട്ടും (എന്നിട്ടും) രാജാവ് കെട്ടിച്ചു കൊടുക്കൂല എന്ന് പറഞ്ഞ് മര്യാദക്കേട് കാട്ടി. ചെള്ളിയേട്ടൻ്റെ കണ്ണീർ നിറഞ്ഞൊഴുകുന്നു. 

"ചെള്ള്യേ... ഇജ്ജ് നൊലോളിക്കല്ലെ (കരയല്ലെ). അതൊരു കഥാപ്രസംഗമല്ലെ, ഇയ്യ് (നീ) കരഞ്ഞിട്ടെന്താ കാര്യം. ആത്തേക്ക് (അകത്തേക്ക്) കേറിയിരിക്ക് (കയറിയിരിക്ക്). ചോറ് തിന്നിട്ട് പോകാം. - മൂത്താപ്പ പറഞ്ഞു. 

ഇല്ല മാപ്പളെ (മാപ്പിള) കേറുന്നില്ല. അതും പറഞ്ഞു ചെള്ളിയേട്ടൻ തിണ്ടിലിരുന്നു. ഒരു ഗ്ലാസ് നല്ല ചായയും ഒരു കെട്ടുബീഡിയിയും നൽകി മൂത്താപ്പ. ചായയും ബീഡിയും ആസ്വദിച്ചു കഴിഞ്ഞ് നേരം കുറെ കഴിഞ്ഞപ്പോൾ ചെളിയേട്ടൻ ചൂട്ടുമിന്നി പാട്ടുപാടി അദ്ദേഹത്തിൻ്റെ വീട്ടിലേക്കായി വഴിയിലൂടെ നടന്നകന്നു. 

സത്യത്തിൽ ആ കഥയിലെ നായകൻ ചെള്ളിയേട്ടൻ തന്നെയായിരുന്നിരിക്കും അദ്ദേഹത്തിൻറെ മനസ്സിൽ. ആ കഥയുടെ ഇതിവൃത്തം ആലോചിച്ചപ്പോൾ അത്രയൊന്നും വ്യക്തത കിട്ടിയില്ല. "ഒരു രാജ്യത്തെ രാജാവിൻെറ അതീവ സുന്ദരിയായ മകൾക്ക് വിവാഹമന്വേഷിക്കുന്നു. വിവാഹ അന്വേഷണത്തിന്റെ ഭാഗമായി മരം മുറിക്കാരനായ യുവാവും കൊട്ടാരത്തിലെത്തി. അപ്പോൾ കൊട്ടാരത്തിൽ നിന്നും പറഞ്ഞു; ഞങ്ങൾക്ക് ജോലിയും പദവിയും ഒന്നും പ്രശ്നമില്ല. ഞങ്ങളുടെ മോൾക്ക് ഇഷ്ടമായാൽ അവരെ ഞങ്ങൾ കെട്ടിച്ചു കൊടുക്കും എന്ന്. വളരെ സുമുഖനും മാന്യനുമായ വിറകുവെട്ടുക്കാരനെ ഇഷ്ടപ്പെടുന്നുവെന്ന് രാജാവിന്റെ മകൾ പറഞ്ഞപ്പോൾ സൈന്യം ആ മരം വെട്ടുകാരനെ പിടിച്ചു.

അദ്ദേഹത്തിന് കെട്ടിച്ചു കൊടുക്കണമെങ്കിൽ പരീക്ഷണാർത്ഥം വേറെയും ചില ജോലികളിൽ മുഴുകാൻ പറഞ്ഞു അവർ. രണ്ടുവർഷം കൃത്യമായി ജോലി ചെയ്ത് സമ്പത്തുമായി വന്നാൽ താങ്കൾക്ക് കല്യാണം കഴിപ്പിച്ച് തരാം എന്ന് പറഞ്ഞു പട്ടാളക്കാർ. മറുപടിക്കാരൻ പറഞ്ഞതുപോലെ കരാറെല്ലാം പൂർത്തീകരിച്ച് ചെന്നപ്പോൾ അദ്ദേഹത്തിന് രാജകുമാരിയെ കെട്ടിച്ചു കൊടുക്കില്ല എന്നായി. രാജാവിന്റെ അതീവസുന്ദരിയായ മകൾക്കും ഒരുപാട് ഇഷ്ടമായിരുന്നു മരം വെട്ടുകാരനെ. അകത്ത് കിടക്കുന്ന അന്തിക്കള്ളിന്റെ ലഹരിയിൽ ചെള്ളിയേട്ടൻ നായകനായി അവിടെ കൊട്ടാരത്തിൽ കയറിച്ചെന്ന് ചോദിച്ചപ്പോ അവരുടെ പ്രതികരണം കണ്ടതിൽ ആയിരിക്കാം അദ്ദേഹം പ്രകടിപ്പിക്കുന്നത്. 

അങ്ങനെ പിറ്റേന്നും പതിവുപോലെ സൂര്യൻ ഉദിച്ചു. ചാലിയാർ പതിവ് പോലെ ഒഴുകി,  നേരം സായാഹ്നമായി. പിറ്റേദിവസം കഥാപ്രസംഗത്തിന്റെ തുടർ ഭാഗം കേൾക്കാൻ എല്ലാവരും സ്രാമ്പ്യയിലേക്ക് നടന്നു. കഥാപ്രസംഗം ഒക്കെ ആസ്വദിച്ച് ആളുകൾ അവരവരുടെ വീടുകളിലേക്ക് പോയിക്കൊണ്ടിരുന്നു. പിറ്റേദിവസം ചെള്ളിയേട്ടൻ കഥാപ്രസംഗം കഴിഞ്ഞ് വൈകിയാണ് അതുവഴി വന്നത്. പക്ഷേ ഇന്ന് അന്തിക്കള്ളില്ല. അതിനുപകരം വളരെ വലിയ സന്തോഷത്തിലായിരിന്നു ചെള്ളിയേട്ടൻ. അതിന് കാരണമുണ്ട് കഥാപ്രസംഗത്തിലെ മരം വെട്ടുകാരൻ നായകന് രാജാവ് അവന്റെ നന്മയെ കണ്ടുകൊണ്ട് തന്റെ  പുത്രിയെ മരം വെട്ടുകാരനെ വിവാഹം ചെയ്തു നൽകാൻ തീരുമാനിക്കുകയായിരുന്നു. 

ഞാൻ പറഞ്ഞുവരുന്നതിലെ ഒരു പ്രധാന കാര്യം അന്നത്തെ കഥാപ്രസംഗത്തിൽ രണ്ട് രൂപ മസ്ജിദ് വിപുലീകരണത്തിന് ചെള്ളിയേട്ടനും നൽകിയിരുന്നു. യഥാർത്ഥത്തിൽ ഇങ്ങനെയുള്ള ഇടകലർന്നു ജീവിക്കുന്ന പാരസ്പര്യത്തിന്റെ ഒരു മനോഹര സംസ്കാരമാണ് നമ്മുടെ നാടിനുള്ളത്. അവയെ  വേണമെങ്കിൽ ജീവൻ നൽകിയും സംരക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. നന്മ വരട്ടെ...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക