Image

ഒരു ചിത്രകാരിയുടെ കരകൗശലങ്ങൾ (വിജയ് സിയെച്ച്)

Published on 29 January, 2024
ഒരു ചിത്രകാരിയുടെ കരകൗശലങ്ങൾ (വിജയ് സിയെച്ച്)

ലഹരിവിരുദ്ധ ബോധവൽകരണത്തിൻ്റെ ഭാഗമായി എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ സാമൂഹ്യ സന്ദേശങ്ങളുള്ള പടങ്ങൾ വരയ്ക്കുന്നതു വരെ, ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ സർഗധനയായ ഒരു ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, മയക്കുമരുന്നുകൾക്കെതിരെയുള്ള പോരാട്ടം രഞ്ജിനിയ്ക്കൊരു പുത്തൻ ഉണർവു നൽകി. വരയുടെ ലോകത്തെ വൈവിധ്യങ്ങൾ തേടാൻ അതവർക്കു പ്രചോദനവുമായി.


"കരകൗശല വസ്തുക്കൾ, പോട്ട് പെയ്ൻ്റിങ്, ചിത്രകമ്പളം (tapestry) മുതലായവ ചെയ്തുനോക്കിയപ്പോൾ, സൃഷ്‌ടിപരമായ സാധ്യതകൾ ആദ്യത്തെ രണ്ടിനുമാണ് അധികമെന്നു ബോധ്യപ്പെട്ടു. തുടർന്നു അതിനു യോജ്യമായ കുറെ സാധനങ്ങളും അലങ്കാരപാത്രങ്ങളും സിറ്റിയിൽ പോയി വാങ്ങി. സിറാമിക്കിലും ക്ലേയിലും കോട്ടണിലും മറ്റും നിർമിച്ച ഇത്തരം ഐറ്റങ്ങൾ ലഭിയ്ക്കുന്ന കടകൾ എറണാകുളം നോർത്തിലും, പനമ്പിള്ളി നഗറിലും ധാരാളമുണ്ട്. ഷോപ്പിങ് കഴിഞ്ഞു വീട്ടിലെത്തിയ ഉടനെ ഒരു സാധനം പണിയാൻ ആരംഭിച്ചു.

ഓരോന്നും ചെയ്തു തീരുമ്പോൾ, അടുത്തതിൻ്റെ പണി തുടങ്ങാൻ പൂർവാധികം ഉത്സാഹമായിരുന്നു," രഞ്ജിനി ആവേശത്തോടെ പറഞ്ഞു തുടങ്ങി.


ത്രിപ്പൂണിത്തുറയിലെ പ്രശസ്ത കലാസ്ഥാപനമായ ചിത്രാലയ സ്കൂൾ ഓഫ് ആർട്ട്സിൽ അഞ്ചു വർഷത്തെ (1993-98) പഠനത്തിനു ശേഷം വരയൊരു സപര്യയായി സ്വീകരിച്ച രഞ്ജിനി, കരകൗശല പണിയിലും പോട്ട് പെയ്ൻ്റിങിലും തുടക്കക്കാരി ആണെങ്കിലും, ചിത്രകലയിൽ കാൽ നൂറ്റാണ്ടു കാലം പിന്നിട്ടയാൾ! കരകൗശല വസ്തുക്കളുടെ നിർമിതിയിലും, പോട്ട് പെയ്ൻ്റിങിലും പൊതുവെയുള്ളത് വസ്തുക്കൾക്കു നിറപ്പകിട്ടു നൽകലാണല്ലൊ.
"കേരള ലളിതകലാ അക്കാദമിയുടെ കീഴിലുള്ള ദർബാർഹാൾ ആർട്ടു ഗാലറി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഞാൻ വരച്ച ചിത്രങ്ങളുടെ കുറേ പ്രദർശനങ്ങൾ നടത്തി. അതിലേറെ ഓപ്പൺ എയറും അല്ലാത്തതുമായ കേമ്പുകളിലും പങ്കെടുത്തു," രഞ്ജിനി ഓർത്തെടുത്തു.
കൊച്ചിൻ വേവ്സ് മ്യൂസിക്കൽ അക്കാദമി ഉൾപ്പെടെയുള്ള പേരെടുത്ത സ്ഥാപനങ്ങളിൽ ചിത്രരചനാ അധ്യാപികയായും, വിവിധ സ്വകാര്യ സംരംഭങ്ങളിൽ ആർട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ടെങ്കിലും, സ്ഥിരവരുമാനത്തിനൊരു സ്രോതസ്സില്ലാത്തത് രഞ്ജിനിയെ അലട്ടുന്നുണ്ട്.


എന്നാൽ, ജീവിത വ്യഗ്രതകൾക്കിടയിൽ, കടുത്ത സാമ്പത്തിക പിരിമുറുക്കങ്ങൾ അനുഭവിച്ചുകൊണ്ടു കലയും സാമൂഹ്യ പ്രതിബദ്ധതയും നെഞ്ചോടു ചേർത്തുപിടിയ്ക്കുക തന്നെ ചെയ്തതിൽ കലാകാരിയ്ക്ക് അഭിമാനമുണ്ട്.
"വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നവരുടെയും, പണക്കാരുടെയും മാത്രം വിനോദമാണ് ചിത്രംവരയെന്നു ഞാൻ കരുതുന്നില്ല," രഞ്ജിനി വ്യക്തമാക്കി.


മാത്രവുമല്ല, സമകാലീന സമൂഹത്തിൽ ചിത്രകലയിൽ താൽപര്യമുള്ളവരുടെ ഒരു ഫോറം രൂപീകരിച്ചു രഞ്ജിനി അതിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തു. ദേശീയ തലത്തിൽ വിഖ്യാതനായ കലാനിരൂപകനും എഴുത്തുകാരനുമായിരുന്ന വിജയകുമാർ മേനോനും, പ്രൊഫ. സി. ബി. സുധാകരനും ചേർന്നു വിലയിരുത്തിയ ചിത്രങ്ങൾ 2004-ൽ തൃപ്പൂണിത്തുറ മഹാലക്ഷ്മി കല്യാണ മണ്ഡപത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഈ ചിത്രപ്രദർശനം വൻ വിജയമായിത്തീർന്നതിലും, കലാവൃത്തങ്ങളിൽ ഇന്നും ഓർമിക്കപ്പെടുന്നതിലും ചിത്രകാരി വളരെ സന്തുഷ്ടയാണ്!
"ആദരണീയ ചിത്രകലാപണ്ഡിതനായിരുന്ന മേനോൻ സാറിൻ്റെ നിര്യാണം വര ലോകത്തിൻ്റെ തീരാനഷ്ടമാണ്," രഞ്ജിനി ഖേദം പ്രകടിപ്പിച്ചു.


എറണാകുളത്തെ എളമക്കരയിലാണ് മേനോൻ ജനിച്ചത്. മൈസൂർ കോളേജ് ഓഫ് വിഷ്വൽ ആർട്‌സ്, തൃപ്പൂണിത്തുറയിലെ ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ്, കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, തൃശൂർ കോളേജ് ഓഫ് ഫൈൻ ആർട്ട്സ്, ഗുരുവായൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിൻ്റിങ് എന്നിവിടങ്ങളിൽ മുതിർന്ന അധ്യാപകനായി സേവനമനുഷ്ടിച്ച മേനോൻ 2022 നവംബറിലാണ് അന്ത്യശ്വാസം വലിച്ചത്.
"കരകൗശല വസ്തുക്കൾ നിർമിക്കാനാണ് ഭാവനാശക്തി വേണ്ടുവോളം വേണ്ടത്. കൈവശമുള്ള കുറെ വസ്തുക്കൾ കലാപരതയോടെ ചേർത്തുവെയ്ക്കുമ്പോൾ, നമ്മളെത്തന്നെ അതിശയിപ്പിക്കുന്നൊരു രൂപം അതിനു ലഭിയ്ക്കുന്നു," രഞ്ജിനി പങ്കുവച്ചു.


മൂന്നു വലിപ്പങ്ങളിലുള്ള നാലു ചെടിച്ചട്ടികളുണ്ടെങ്കിൽ മനോഹരമായൊരു കൗതുകവസ്തു നിർമിയ്ക്കാം. തുല്യ വലിപ്പമുള്ള ഏറ്റവും ചെറിയ തരം ചട്ടികൾ രണ്ടെണ്ണം വേണം. വലിയ ചെടിച്ചട്ടികളുടെ അടിഭാഗങ്ങൾ ചേർത്തുവച്ചു പശയോ ഫെവികോളോ ഉപയോഗിച്ചു ഒട്ടിക്കുക. ഏറ്റവും വലിയത് മേൽഭാഗത്തും, രണ്ടാമത്തെ സൈസ് നടുഭാഗത്തും, ഏറ്റവും ചെറിയ രണ്ടെണ്ണം അടിഭാഗത്തും. ഇതൊരു മനുഷ്യനായി സങ്കൽപിച്ചാൽ, ചെടിച്ചട്ടികൾ യഥാക്രമം അയാളുടെ അരയുടെ മേൽഭാഗത്തെയും, കീഴ്ഭാഗത്തെയും, കാലുകളെയും പ്രതിനിധാനം ചെയ്യുന്നതായി നമുക്കു തോന്നും! വസ്ത്രത്തിൻ്റെ തൊങ്ങലുകളായി ഒന്നു രണ്ടു ബൾബുഹോൾഡറുകളും ഉപയോഗിയ്ക്കാം. അവയെ ബന്ധിയ്ക്കാൻ നിലവിളക്കിൽ തിരിയായി ഉപയോഗിക്കുന്ന നൂൽ ചൂടി മതി.


"ഇത്രയും സംഗതികൾ ക്രമപ്പെടുത്തിയെടുത്താൽ, നിർമാണത്തിലിരിക്കുന്ന വസ്തുവിൻ്റെ ഘടനാപരമായ ജോലി തീർന്നു. ബാക്കിയുള്ളതു പെയ്ൻ്റിങ്ങും അതിൽ വേണ്ട വരകളുമാണ്. ഓരോ ഭാഗത്തിനും ആകർഷകവും, അനുയോജ്യവുമായ നിറങ്ങൾ തിരഞ്ഞെടുക്കണം. അവസാനഘട്ട ജോലി മേൽഭാഗത്തെ ചട്ടിയ്ക്കു മനുഷ്യരൂപം നൽകുകയെന്നതാണ്. കണ്ണുകളും, കണ്ണടയും, മുടിയും, വായയുമെല്ലാം ലളിതമായ കുറച്ചു വരകളെക്കൊണ്ടു സാധിയ്ക്കും," ചിത്രകാരി തൻ്റെ കരകൗശല രീതികൾ വിശദീകരിച്ചു.
ഭാവനയ്ക്കും, നിർമാണസാമഗ്രികളുടെ ലഭ്യതയ്ക്കുമനുസരിച്ചു ഏതു തരം കൗതുക വസ്തുക്കളും അധികം ബുദ്ധിമുട്ടില്ലാതെ നിർമിയ്ക്കാമെന്നും, ഇത്തരം കരകൗശലങ്ങൾ നൽകുന്ന സംതൃപ്തി കൂടുതൽ കൂടുതൽ ആകർഷകമായ വർക്കുകൾ ഏറ്റെടുത്തു പൂർത്തീകരിക്കുവാൻ പ്രചോദനമാകുന്നുവെന്നും കലാകാരി എടുത്തുപറഞ്ഞു.
"പുതിയ വസ്തുക്കൾ ചേലോടെ രൂപപ്പെടുത്തി എടുക്കുന്നതിൻ്റെയത്ര ക്ലേശമോ സമയമോ വേണ്ടാത്ത കലാപരതയാണു പോട്ട് പെയ്ൻ്റിങ്. ഈ കലാശാഖയിൽ ഭാവനയെക്കാൾ മുഖ്യം കൈപ്പഴക്കത്തിനാണ്. ചിരകാലമായി ചെയ്തു കൊണ്ടിരിയ്ക്കുന്നൊരു പ്രവൃത്തി ഇപ്പോൾ പാത്രങ്ങളുടെ പരുപരുത്ത പ്രതലങ്ങളിൽ ചെയ്യണമെന്ന വ്യത്യാസമേയുള്ളൂ. പാറ്റേണുകളും, അവയുടെ നിറങ്ങളും അഭിരുചിയോടെ തിരഞ്ഞെടുത്താൽ നമ്മുടെ പോട്ട് പെയ്ൻ്റിങ് നമ്മെ തന്നെ അതിശയിപ്പിയ്ക്കും," ഏറെ രസകരം രഞ്ജിനിയുടെ വാക്ധോരണി!

 

ഒരു ചിത്രകാരിയുടെ കരകൗശലങ്ങൾ (വിജയ് സിയെച്ച്)
Join WhatsApp News
Victoria. 2024-02-06 08:34:05
Very intersting work aranjiniwish you all the best
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക