Image

നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ ബല്ലേ (ഒരു മൂന്നാർ യാത്ര (1) : പി. സീമ)

Published on 30 January, 2024
നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ ബല്ലേ (ഒരു മൂന്നാർ യാത്ര (1) : പി. സീമ)

ഇതു നാലാം തവണ ആയിരുന്നു  എന്റെ മൂന്നാർ യാത്ര . ആദ്യയാത്ര കുഞ്ഞമ്മയുടെ മകൾ അമ്പിളിയുടെയും ടാറ്റാ ടീ കമ്പനിയിൽ ജോലി ചെയ്തിരുന്ന അവളുടെ ഭർത്താവ് സാജുവിന്റെയും ക്വാർട്ടേഴ്‌സിലേക്ക് ആയിരുന്നു.  കോട്ടയം മാതൃഭൂമി ഗൃഹലക്ഷ്മി വേദിയിൽ നിന്ന് ആയിരുന്നു രണ്ടാം യാത്ര..

പിന്നീട് അദ്ദേഹത്തിന്റെ വർക്ക്‌ സംബന്ധമായി 2018 ൽ ആയിരുന്നു അവസാനം ഞങ്ങൾ പോയത്. അന്ന് പെരുമഴ തകർത്തു പെയ്തു  നിറം മങ്ങി കാണപ്പെട്ട മൂന്നാർ കാഴ്ച്ചകൾക്കിടയിലും ഭംഗിയുള്ള ഒരു റിസോർട്ടിൽ തെളിഞ്ഞു കിടന്നിരുന്ന ആരെയും മോഹിപ്പിക്കുന്ന അലങ്കാരവിളക്കുകൾ അദ്ദേഹത്തിന്റെ എറണാകുളത്തുള്ള Litez  Creations എന്ന ഷോ റൂമിലേതായിരുന്നു എന്ന്  ഇന്നും അഭിമാനത്തോടെ ഓർക്കുന്നു

 റിസോർട്ടിന്റെ പേരും ഉടമയുടെ പേരും ഓർമ്മയിൽ ഉണ്ട്. പറയുന്നില്ല .( പക്ഷെ തൃശൂർകാരനായ ആ റിസോർട്ട് ഉടമ ഇനിയും തരാനുണ്ട് ഒന്നര ലക്ഷം രൂപയോളം. അതൊക്കെ ഇനി പറഞ്ഞിട്ട് കാര്യമില്ല എങ്കിലും ഇത്തരം കടങ്ങൾ എത്ര ഉണ്ടെന്നു  ഇനിയും അറിയില്ലല്ലോ എന്ന ചിന്ത നോവിക്കാറുണ്ട്. വീട്ടിൽ ഒന്നും പറയാൻ കൂട്ടാക്കാത്ത അദ്ദേഹം നടത്തിയ സ്ഥാപനത്തിന്റെ പതനവും തുടങ്ങിയത് ഇങ്ങനെ ആകണം.)

ഇന്നത്തെ  ഈ എഴുത്തുമായി ഇക്കാര്യത്തിനു ഒരു ബന്ധവും ഇല്ല കേട്ടോ.  പറഞ്ഞു എന്നേയുള്ളു.

 പതിനേഴു പേർക്ക് പോകാവുന്ന വണ്ടിയിൽ സീറ്റ്‌ ഒഴിവുണ്ട് എന്ന് കൂട്ടുകാരി പറഞ്ഞപ്പോൾ   ഞാൻ ചാടി പുറപ്പെട്ടതാണ്..ഇത്രയേറെ ചിരിപ്പിച്ച ഒരു യാത്ര ഉണ്ടായിട്ടില്ലാത്തതിനാൽ അവ ഇതിൽ രണ്ടു മൂന്ന് തവണകളായി പങ്കു വെക്കാം എന്ന് കരുതുന്നു.ഒറ്റ എഴുത്തിൽ ഒന്നും തീരില്ല. ധാരാളം പറയാനുണ്ട് 

കൃത്യം നാലര മണിക്ക് വണ്ടി പുറപ്പെടും എന്ന തിരിച്ചറിവ്  ഉള്ളതിനാൽ മൂന്നര മണിക്ക് ഉണരണം എന്ന ചിന്തയിൽ 3.20 നു മൊബൈൽ അലാറം set ചെയ്തു വെച്ച ഞാൻ അലാറം അടിക്കാതെ  തന്നെ ഒരു മണിക്ക് ചാടി എണീറ്റു മൊബൈലിനെ   കുത്തി ഉണർത്തി സമയം നോക്കി "പോയി കിടന്നുറങ്ങു..പെണ്ണേ...3.20 നു തന്നെ നിന്നെ ഉണർത്തിക്കൊള്ളാം ദയവു ചെയ്തു ഇനി വന്നു ഞെക്കരുത്" എന്ന് പറഞ്ഞു മൊബൈൽ കണ്ണടച്ചുറങ്ങി. കുറച്ച് നേരം കഴിഞ്ഞു ഞാനും പാതിഉറങ്ങി കൃത്യം മൂന്ന് ഇരുപതിനു തന്നെ എന്നെ വിളിച്ചുണർത്തിയ  മൊബൈലിനെ തൊട്ടു നമിച്ചു. (കൃഷ്ണൻ  തമ്പുരാൻ താഴെ ഇരിപ്പുണ്ട് എന്നാലും ചിലപ്പോ മൊബൈൽ   തന്നെ ദൈവവും സൂക്ഷിച്ചില്ല എങ്കിൽ പിശാചും ആകുമല്ലോ.)

തലേന്ന് പറഞ്ഞത് പ്രകാരം അടുത്ത വീട്ടിലെ കൂട്ടുകാരി അമ്പലപ്പറമ്പിൽ എത്തി മൊബൈലിൽ വിളിച്ചു. (ഭൂതം പ്രേതം പിശാച് എന്നിവരെയോ യക്ഷിയേയോ ഗന്ധർവ്വനെയോ ഭയമില്ല. ഇന്ന് വരെ കണ്ടിട്ടുമില്ല. എങ്കിലും ഒറ്റയ്ക്ക് ഒരു സ്ത്രീ രാവിരുട്ടിൽ സുരക്ഷിത അല്ലെന്ന ചിന്തയിൽ... ഈ യുഗം കലിയുഗം..ബാക്കി അറിയാവുന്നവർ പാടിക്കോ )

ഞങ്ങൾ പമ്പ് ഹൌസ് ജംഗ്ഷനിൽ ചെന്നപ്പോഴേ വണ്ടി വന്നു. വലതു കാൽ വെച്ചു "കൃഷ്ണാ കാത്തോളണേ ഇതു പോലെ  തന്നെ തിരിച്ചു കൊണ്ടു വന്നേക്കണേ 'എന്ന് പ്രാർത്ഥിച്ചു കയറി.(പുള്ളിക്കാരൻ കുറുമ്പൻ ആണേലും പറഞ്ഞാൽ അത് പോലെ കേൾക്കും.രാത്രി കൃത്യം പതിനൊന്നു മണിയോടെ എല്ലാരേയും തിരികെ കൊണ്ടു വന്നു )

തെക്കോട്ടുള്ള വഴിയിൽ "കൊച്ചപ്പന്റെ കവല" യിൽ എന്നിട്ടും കാത്തിരിപ്പിന്റെ കാലതാമസം. ചിലർ ഒക്കെ വന്നണ ഞ്ഞു എങ്കിലും രണ്ടു പേരെ കാണ്മാനില്ല. നേതൃത്വം നൽകുന്ന കൂട്ടുകാരി തേടി ചെന്നപ്പോൾ സാരിയുടുത്തു കട്ടൻ ചായ ഊതി കുടിച്ചു   ഒരു ചേച്ചി  അഞ്ച് മണി ആകാനുള്ള കാത്തിരിപ്പിന്റെ ഊഞ്ഞാലിൽ...😲.

"കൃത്യം നാലരയ്ക്ക് എത്തിക്കോളണം" എന്ന്   ലീഡർ അയച്ച voice message  എല്ലാരും കേൾക്കെ സാക്ഷ്യം പറഞ്ഞപ്പോൾ പുള്ളിക്കാരി  അത്   ഇതു വരെ കേട്ടിട്ടില്ല.😀 ഈ അഞ്ചുമണിയുടെ ഉറവിടം ആരിൽ നിന്നെന്നെ  ചൂടുള്ള ചർച്ചയോടെ  പമ്പാവാസനെ  പാട്ടിൽ നിറച്ചു വണ്ടി യാത്ര സമാരംഭിച്ചു.(ഞാൻ ഒന്ന് കൂടി കൃഷ്ണനെയും രാമനെയും വിളിച്ചു) എന്റെ നേരെ വലതു വശത്തെ സീറ്റിൽ ഈ പ്രായത്തിലും ഊർജസ്വലതയോടെ ഞങ്ങളുടെ മെമ്പർ ആയിരുന്ന കൂട്ടുകാരിയും പേരക്കുട്ടി  സുന്ദരൻ ചോക്ലറ്റ് ബേബിയും.

"അടിമാലി ചെന്നു  അകത്തേക്ക് ഇന്ധനം നിറച്ചിട്ടു വേണം പാട്ടും ഡാൻസും"  എന്ന് നൃത്ത സ്നേഹിയായ ഒരു കൂട്ടുകാരി പറഞ്ഞപ്പോൾ പ്രതീക്ഷയ്ക്കു വക.  "ടോയ്ലറ്റ് കൂടി ഉള്ള കൊള്ളാവുന്ന ഹോട്ടലിന് മുന്നിൽ നിർത്തണേ "എന്ന് ശരീരത്തിന്റെ,. പ്രകൃതിയുടെ വിളി   എല്ലാവരിലും തുടങ്ങിയിരുന്നു.(പെൺ യാത്രകളിൽ ഏറെ സമയവും അപഹരിക്കുന്നത് ഈ പ്രകൃതിയുടെ വിളി ആണല്ലോ. ഒരു പരിധി വിട്ടാൽ   ഒരു പ്രായം കഴിഞ്ഞാൽ ചിലർക്ക് ദൈവം വിചാരിച്ചാൽ പോലും പിടിച്ചു നിർത്താനാകാത്ത ശരീരത്തിന്റെ വിളി   ഉണ്ടാകും ) 

മുട്ട് വഴങ്ങാത്തവർ യൂറോപ്യൻ ക്ലോസെറ്റ് ഭഗവാനെ ധ്യാനിച്ചു കാര്യം സാധിച്ചു. അല്ലാത്തവർ സാദാ ക്ലോസെറ്റിനെയും. പിന്നെ ഭക്ഷണം. എളുപ്പത്തിന് വിളമ്പാൻ പാകത്തിൽ എല്ലാവരും തന്നെ "ജയ ജയ ഹേ" ഇടി യപ്പം എന്ന് ഒരേ തീരുമാനം. യാത്രയിൽ non veg ഒഴിവാക്കുന്ന എന്റെ പാത്രത്തിൽ ഗ്രീൻ പീസ് ക്യാരറ്റ് കറി...  ...മറ്റുള്ളവർക്ക് മുട്ട കറി. പച്ചക്കറി അരികിലേക്ക് മാറ്റി വെച്ചു സാമ്പാറിന്റെ ചാറു മാത്രം കൂട്ടും പോലെ എന്റെ കറികഷണങ്ങൾ ഇവിടെയും ബാക്കി.. "ചേച്ചി വിഷമിക്കണ്ട ഞാനില്ലേ അടുത്തു "എന്ന് കൂട്ടുകാരിയുടെ ഫലിതം.

തിരികെ എല്ലാവരും വർദ്ധിത വീര്യത്തോടെ വണ്ടിയിലേക്ക് കയറി വണ്ടിയിൽ പാട്ട് നൃത്തം കൈകൊട്ട് എന്നിവ വളരെ ഊർജത്തോടെ തകർത്തു

"മിണ്ടാതെ അവിടിരുന്നോളണം.. എന്നെ നീ തേയ്മാനം വരുത്തി തേച്ചു കളഞ്ഞില്ലേ. തുള്ളിയാൽ കാണിച്ചു തരാം "

എന്ന മുട്ടിന്റെ മുറുമുറുപ്പിലും ഞാൻ മനസ്സ് കൊണ്ടു നൃത്തം ചെയ്തു.

 ജാസിയുടെ "മിഴിമുന കൊണ്ടെന്റെ  നെഞ്ചിലൊരു ബല്ലേ ബല്ലേ"യും, "ഹവ്വാ ഹവ്വ"യും കഴിഞ്ഞപ്പോൾ കൈയടി യുടെ  ബലം കുറഞ്ഞു. നർത്തകികൾ സീറ്റിൽ ഇരുന്നു. അനക്കം കേൾക്കാതായി...ഇടയ്ക്ക് പ്ലാസ്റ്റിക് കവറുകൾ പുറത്തേക്ക് പാറുന്നത് കണ്ടു.. സംഗതി വാളാണ് എന്ന് മനസ്സിലായി. "മുർഗി കാ അണ്ടാ" അല്ലേ വെറുതെ വയറ്റിൽ കിടക്കില്ലല്ലോ ...🤣🤣.അത് നേരെ പുറത്തേക്ക്  കൊക്കിയും കാറിയും കൊക്കരക്കോ 🤣

അടിമാലി നിന്ന് വണ്ടി അങ്ങനെ വാളുമായി രാജമല എത്തി.200 രൂപ പാസിൽ ഒരു ബസിൽ  കയറി വന്നാൽ വരയാടുകളെ കാണിക്കാമെന്നു മല മാടി വിളിച്ചു. ആ ബസിൽ മുകളിൽ ചെന്നപ്പോൾ അവിടുന്നു ബഹുദൂരം മുകളിലേക്കു നടന്നു കയറാൻ ഉണ്ടെന്നറിഞ്ഞു.

ചിലരിൽ വീണ്ടും ശരീരത്തിന്റെ വിളി ആരംഭിച്ചു. "ഈ വെയിലിനു എന്തൊരു സുഖമാ" എന്ന് പറഞ്ഞു   വെയിൽ കാഞ്ഞും  തണുത്തു വിറച്ചും വീണ്ടും ടോയ്‌ലെറ്റിലേക്ക്. ഓരോരുത്തരായി ക്യു നിന്ന് കയറിയപ്പോൾ ഒരു ചേച്ചി  വിനീതമായി  എന്നോട് പറഞ്ഞു "വേണേൽ കയറിക്കോ. ഞാൻ കേറിയാൽ ഇത്തിരി താമസിക്കും  വെളുപ്പിനെ പോന്നതല്ലേ "എന്ന്. അതിലെ പരോക്ഷ സൂചന എനിക്ക് മനസ്സിലായി.

കക്കൂസ് ഭഗവാൻ അനുഗ്രഹിക്കുന്നവർക്ക് മാത്രമല്ലേ വെറും വയറ്റിലോ കട്ടൻ കാപ്പിയിലോ ഒക്കെ വിരേചന സുഖം കിട്ടു.പ്രഭാത ഭക്ഷണം കഴിഞ്ഞു നേരെ കക്കൂസിൽ പോകുന്നവരും ഉണ്ട്.അതൊരു പ്രശ്നവും ആണ് ഇത്തരം യാത്രയിൽ."രാവിലെ വയറ്റിൽ നിന്ന് പോകാത്തവൻ രോഗി ആണ്" എന്ന് ഒരു വൈദ്യൻ പറഞ്ഞത് ഓർക്കുന്നു.

ഏതായാലും   ആ ചേച്ചി ഒന്നിനും രണ്ടിനും കൂടി ചിലവഴിച്ച സമയത്തിന്റെ   നീണ്ട ഇടവേളയിൽ കാത്തു നിന്നപ്പോൾ മല കയറ്റം വൈകുന്നു എന്ന്  ഇടയ്ക്കിടെ മുറു മുറുപ്പ് ഉണ്ടായി.

ഞങ്ങൾക്ക് മീതെ അപാരമായ നീലാകാശത്തിലേക്കു ഉയർന്നു നിൽക്കുന്ന രാജമല "വേഗം വാ പെണ്ണുങ്ങളെ വരയാടിനെ കാണിച്ചു തരാം "എന്ന് ക്ഷണിക്കും പോലെ ഒരു തണുപ്പൻ കാറ്റിനെ ഞങ്ങൾക്കരികിലേക്ക് പറഞ്ഞയച്ചു.  ഞങ്ങൾ ഒന്ന് കൂടി വെയിലേക്ക് നീങ്ങി നിന്ന് കുളിർന്നു.  ആദ്യമായി സൂര്യനോട് പ്രണയം തോന്നിയ പെണ്ണുങ്ങളുടെ നിമിഷങ്ങൾ  .(കുന്തി ദേവി അറിഞ്ഞാൽ കൊല്ലും കാതിലൂടെ  കർണ്ണനെ പെറ്റവൾ  പെണ്ണുങ്ങളുടെ മൂക്കിൽ പിടിച്ചു "ക്ഷ" എഴുതിക്കും )🤣  എന്ന് മാത്രമല്ല എന്റെ "ജയ ജയ ഹേ" ഇടിയപ്പം  ഇതു എഴുതി കൊണ്ടിരുന്നതിൽ അക്ഷമയോടെ കുക്കറിലെ വെള്ളം  ആവിയാക്കി വറ്റിച്ചു ഇപ്പോൾ കരിഞ്ഞു പോകയും ചെയ്തിരിക്കുന്നു..ചെല്ലട്ടെ. അടുക്കള വിളിക്കുന്നു.

(രാജമല വിശേഷങ്ങളും ഒരു സായിപ്പ് നൽകിയ  സൂപ്പർ ഫലിതവുമായി അടുത്ത എഴുത്തിൽ വീണ്ടും കാണാം 😊.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക