Image

എഴുതാത്ത കഥകൾ (വിജയ് സി. എച്ച്)

Published on 31 January, 2024
എഴുതാത്ത കഥകൾ (വിജയ് സി. എച്ച്)

എം.ടി.വാസുദേവൻ നായരും, ബെന്യാമിനും, കെ.ആർ.മീരയും കഴിഞ്ഞെത്തുന്ന മലയാളം എഴുത്തുകാർക്കു ഭ്രമാത്മകതയുടെ രസതന്ത്രം മാത്രമല്ല, തങ്ങളുടെ ഭൂമികയിലെ അക്ഷര യാഥാർത്ഥ്യങ്ങളും നന്നായി അറിയാം! നോക്കിയാൽ അങ്ങോട്ടുമിങ്ങോട്ടും എല്ലാം കാണാവുന്നൊരു 'സീ-ത്രൂ' ലോകത്ത് ഒന്നും മറച്ചുവയ്ക്കാൻ കഴിയില്ലെന്നും അവർ വിശ്വസിക്കുന്നു.
കാൽപനിക രചനയുടെ പച്ചപ്പിൽ ജീവിയ്ക്കുന്നവർ ഒരു പക്ഷേ ഇതുവരെയും തുറന്നു പറയാൻ മടിച്ച കുറേ കാര്യങ്ങൾ, യുവ കഥാകൃത്തൃക്കളുടെ 'ക്രീം' എന്നു വിശേഷിപ്പിക്കാവുന്ന വിനു എബ്രഹാമും, വി.എസ് അജിത്തും, വിജിഷ വിജയനും പങ്കുവയ്ക്കുന്നു...

വിനു എബ്രഹാം

🟥 എഴുത്തൊരു പ്രതിപക്ഷ പ്രവർത്തനം
അടിസ്ഥാനപരമായി എഴുത്ത് എന്നതൊരു പ്രതിപക്ഷ പ്രവർത്തനമെന്നു ഞാൻ കരുതുന്നു. യഥാർത്ഥ എഴുത്ത് തനിയ്ക്ക് ലോക അവസ്ഥയോടും, അതിൻ്റ വിവിധ തലങ്ങളിൽ, സ്വജീവിതത്തോടുമുള്ള പല തരം അസ്വസ്ഥതകളിൽ നിന്നും കലഹങ്ങളിൽ നിന്നുമാണ് രൂപം കൊള്ളുന്നത്. ലോകത്തോടോ തന്നോട് തന്നെയോ ഒരു പ്രശ്നവുമില്ലങ്കിൽ പിന്നെ എഴുത്തിൻ്റെ വേദന ഏറ്റെടുക്കേണ്ട ഒരു കാര്യവുമില്ല. ആയിരിക്കുന്ന അവസ്ഥയിൽ തൃപ്തിയോടെ ജീവിച്ചാൽ മതി. ഇക്കാരണത്താൽ യഥാർത്ഥ എഴുത്തുകാരനു ഒരിക്കലും ഭരണകൂടത്തിനും ഭരണാധികാരികൾക്കുമുള്ള സ്തുതിപാഠകർ ആയിരിക്കാനാവില്ല. അത് ഏത് ഉടോപ്യൻ ഭരണ വ്യവസ്ഥയിലോ സമത്വസുന്ദര സ്വർഗത്തിലോ ആയാലും. മനുഷ്യർ ഭരിക്കുന്ന എത് അവസ്ഥയിലും അനീതികളും തെറ്റുകളും ഉണ്ടാവാതെ തരമില്ല. അവിടെ എഴുത്ത് പ്രാഥമികമായി പ്രതിപക്ഷ നിലയിൽ തന്നെ ആയെ പറ്റൂ.


🟥 എഴുത്തിൻ്റെ ശക്തി
എഴുത്ത് അതിൻ്റെ പല രൂപങ്ങളിലും മനുഷ്യരിൽ സ്വാധീനം ചെലുത്താൻ ശക്തിയുള്ള ഒന്ന് ആണെന്ന് എല്ലാ കാലത്തും ഭരണാധികാരികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വര മൊഴി വരും മുന്നേ വാ മൊഴിയായി സാഹിത്യം പ്രചരിച്ചിരുന്ന കാലം മുതൽ തന്നെ. തങ്ങളെക്കുറിച്ചുള്ള സ്തുതി ഗീതങ്ങൾ, കഥകൾ എഴുത്തുകാരെകൊണ്ടു പണ്ട് രാജാക്കന്മാർ എഴുതിച്ചിരുന്നത് ഈ തിരിച്ചറിവിൽ നിന്നാണ്. അതു പോലെ തന്നെ ശക്തമായ വിമർശനം തങ്ങളുടെ നിലനിൽപിനു ഭീഷണിയാണെന്നും അവർക്കറിയാം. അതിനാൽ അധികാരികൾ എഴുത്തുകാരെ തങ്ങളുടെ വരുതിക്ക് നിർത്താൻ ശ്രമിക്കുന്നു. അത് ഭീഷണി കൊണ്ടും പ്രീണനം കൊണ്ടും സാധ്യമാക്കാൻ നോക്കുന്നു. എഴുത്തിൻ്റെ ശക്തിയാണ് ഇത് തെളിയിക്കുന്നത്. എന്നാൽ എഴുത്തുകാർ പലപ്പോഴും ഇത് തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം. അവർ പലപ്പോഴും അധികാരികളെക്കാൾ വളരെ താഴ്ന്ന നിലയിൽ സ്വയം കാണുന്നു.


🟥 എഴുത്തിനോടുള്ള പ്രതിബദ്ധത
എതു കാലത്തും ഔദ്യോഗിക അംഗീകാരങ്ങൾ കലാകാരന്മാർക്ക് പ്രോത്സാഹനം എന്ന നിലയിൽ ലഭിച്ചിട്ടുണ്ട്. എഴുത്ത് അല്ലാതെ മറ്റൊരു ഉപജീവന മാർഗവും ഇല്ലാത്ത എഴുത്തുകാർക്ക് ഇത്തരം അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും ഒരു പക്ഷേ ജീവിക്കാൻ മറ്റ് ഉപാധികൾ ഉള്ളവരെക്കാൾ വളരെ പ്രധാനപ്പെട്ടതുമാണ്. ആ നിലയിൽ ഇതൊക്കെ എഴുത്തിൻ്റെ സ്വാതന്ത്ര്യത്തിനു മേലെയുള്ള വലിയ കുരുക്കുകളുമാണ്. തങ്ങൾ വിമർശന സ്വരവുമായി നിന്നാൽ, അംഗീകാരങ്ങൾ കിട്ടാതെ വരുമോ എന്നോർത്ത് ചില എഴുത്തുകാരെങ്കിലും ഭരണകൂട വിധേയർ ആകാൻ സാധ്യത ഉണ്ട്. എന്നാൽ, നിരവധി എഴുത്തുകാർ എതു കാലത്തും സ്വതന്ത്രമായി പ്രവർത്തിച്ചിട്ടുമുണ്ട്. അത് എത്രയോ ഭീകര സമഗ്രാധിപത്യ ഭരണ വ്യവസ്ഥകൾക്ക് കീഴിൽ പോലും നമ്മൾ കണ്ടിട്ടുണ്ട്. സർവാധിപത്യ ഭരണ കൂടങ്ങൾക്ക് കീഴിൽ എത്രയോ എഴുത്തുകാർ ധീരമായ ചെറുത്തുനിൽപ്പുകൾ ഇങ്ങനെ തങ്ങളുടെ കലയിലൂടെ നടത്തിയത് എഴുത്ത് എന്ന വ്യവഹാരത്തിൻ്റ സുവർണ നേട്ടങ്ങളായി നമുക്ക് കാണാം. എഴുത്തുകാരൻ്റ ആത്യന്തിക ദൗത്യവും പ്രതിബദ്ധതയും തൻ്റെ കലയോട് തന്നെയാകണം. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ ഇന്ത്യയിലെ കേന്ദ്ര ഭരണകൂടത്തെയും സംസ്ഥാന ഭരണത്തെയും എൻ്റെ സർഗ സൃഷ്ടികളിലും അല്ലാതെയും വിമർശിക്കുന്നുണ്ട്. ഒരു പ്രൊഫഷണൽ എഴുത്തുകാരൻ എന്ന നിലയിൽ ഔദ്യോഗിക അംഗീകാരങ്ങൾ വിലപ്പെട്ടത് ആയിരിക്കെ തന്നെ എഴുത്തിനോടുള്ള എൻ്റെ പ്രതിബദ്ധത ഇങ്ങനെ ഒരു നിലപാട് എടുക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നു. സർക്കാർ നിയമിക്കുന്ന എഴുത്തുകാരും കലാകാരന്മാരും നേതൃസ്ഥാനത്തു വരുന്ന കലാ-സാഹിത്യ-ചലച്ചിത്ര അക്കാദമികൾക്കു അധികൃതരെ വിമർശിക്കുവാനുള്ള അവരുടെ ബാധ്യത അങ്ങനെ ദുഷ്കരമായിത്തീരുന്നു.

വി. എസ്. അജിത്ത്

🟥 രാഷ്ട്രീയ ശരികൾ
ജ്ഞാനപീഠ ജേതാക്കളായ എസ്.കെ. പൊറ്റെക്കാടും, ഒ.എൻ.വി. കുറുപ്പും ഉൾപ്പെടെയുള്ളവർ ലോകസഭാ/നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. 1957-ലും, 1962-ലും പൊറ്റക്കാട് ഇലക്ഷനിൽ മത്സരിച്ചു. ഒ.എൻ.വി-യാകട്ടെ 1989 ലും. അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും കേരള സമൂഹത്തിൽ നിറഞ്ഞു നിന്നിരുന്ന പ്രക്ഷുബ്ധ യൗവനവും, പുസ്തകാനുരാഗവും, വായനയും, വായനശാലാ ചർച്ചകളും തൊണ്ണൂറോടെ അസ്തമിച്ചു. 1991-ൽ ഗ്ലോബലൈസഷൻ വന്നതോടെ മനുഷ്യർ ആർത്തിപ്പണ്ടാരങ്ങളായി മാറി. ഇത്തരമൊരു രാഷ്ട്രീയ അധോലോകത്താണ് ഇന്നത്തെ അർബൻ സാഹിത്യ മന്നന്മാർ വിരാചിക്കുന്നത്! രാഷ്ട്രീയ ഇടപെടലുകളിലൂടെ അവർ ലക്ഷ്യമിടുന്നത് ജനകീയ വേദികളും, മാധ്യമങ്ങളിൽ ഇടവും, തങ്ങൾ രചിച്ച പുസ്തകങ്ങളുടെ കച്ചവടവും, പുരസ്കാരങ്ങളും, സാംസ്കാരിക സ്ഥാപനങ്ങളിലെ സ്ഥാനങ്ങളുമാണ്. കുമിഞ്ഞുകൂടിയ സമ്പത്തിനെ മൂടിവയ്ക്കാൻ അവർ ദരിദ്രരുടെ മെലോഡ്രാമ പ്രമേയമാക്കി കഥകളെഴുതിയും, ഇന്നത്തെ അധികാര പ്രമത്തതയെ മറച്ചു പിടിയ്ക്കാൻ പണ്ട് അനുഭവിച്ച വിവേചനത്തിൻ്റെ കഥ പ്രസംഗിച്ചും നവലിബറലിസം നിരാലംബരെ പഠിപ്പിക്കുന്നു. ഇതാണത്രേ ഇന്നത്തെ രാഷ്ട്രീയ ശരികൾ!


🟥 അസാധാരണത്വം അനിവാര്യം
പുത്തനെഴുത്തുകാരുടെ പുസ്തകങ്ങളുടെ പേരുകളിൽ മുതൽ ആഖ്യാന രീതിയിൽ വരെ അസാധാരണത്വമുണ്ടെന്ന നിരീക്ഷണം ശരിയാണ്. ശരാശരി എന്നതിൻ്റെ എതിർപദമായി അതിനെ കാണണം. ആരുടെ കഥപറച്ചിലിനാണ് പുതുമയുള്ളത് അവരെയാണ് പുത്തനെഴുത്തുകാരെന്നു വിളിക്കേണ്ടത്. ആബ്സലിസൻസ് കണക്കിലെടുക്കാത്ത നവാഗതരുമുണ്ടല്ലോ. പ്രണയം, കാമം, പ്രതികാരം, ദാരിദ്ര്യം, രോഗം, മരണം മുതലായ നാൽപതോളം അവസ്ഥകളേ മനുഷ്യർക്കുള്ളൂവെന്നാണ് പ്രശസ്ത ഫ്രഞ്ച് സാഹിത്യവിമർശകനും ധൈഷണികനുമായ റൊളാൻഡ് ബാർത്ത് നിരീക്ഷിച്ചത്. ഈ മനുഷ്യാവസ്ഥകളെ കാളിദാസനും ഷേക്സ്പിയറും മുതൽ ഗബ്രിയേൽ മാർക്വേസും മാധവിക്കുട്ടിയും വരെയുള്ളവർ ആവിഷ്ക്കരിച്ചു കഴിഞ്ഞു. ഇനി ബാക്കിയുള്ളത് എഴുത്തിൻ്റെ ക്രാഫ്റ്റിൽ അപൂർവത കൊണ്ടുവരിക എന്നതു മാത്രമാണ്. എന്നാൽ, അത് കൃത്രിമമായി അനുഭവപ്പെടാനും പാടില്ല. എൻ്റെ തന്നെ 'പെൺഘടികാരം' എന്ന കഥാസമാഹാരത്തിൽ ഭീമൻ കല്യാണസൗഗന്ധികം പറിയ്ക്കാൻ പോയ കഥയ്ക്ക് 'ഹിഡഗിയം കൊറോണേറിയം' എന്നാണ് പേരിട്ടിരിക്കുന്നത്. മറ്റൊരു കഥയുടെ നാമം 'ഊന സെപ്പറാത്തിയോൺ ടോപ്പോഗ്രാഫിക്ക’ എന്നും! വായനക്കാർ മണ്ടന്മാരല്ല; എഴുത്താളൻ കൊടുത്ത വിചിത്രമായ പേര് കഥ വായിച്ചു കഴിയുമ്പോൾ നീതീകരിക്കപ്പെടണം. തകഴിയും കേശവദേവും എഴുതിയിരുന്ന കാലത്തുനിന്നു വ്യത്യസ്തമായി ഇന്ന് പരശ്ശതം ടി.വി ചാനലുകൾ, സ്മാർട്ട്ഫോൺ, സോഷ്യൽ മീഡിയ തുടങ്ങിയവയുടെ വിശാലമായ ലോകം അപ്പുറത്തു തുറന്നു കിടപ്പുണ്ട്. സമയം തുലോം തുച്ഛമാണു താനും. ആയതിനാൽ വായനക്കാരനെ തൻ്റെ കൃതിയിലേയ്ക്ക് ആകർഷിച്ചു കൊണ്ടുവരേണ്ട ബാധ്യത കാഥാകൃത്തിനുണ്ട്.


🟥 സ്ത്രീകളുടെ അശ്ലീലം ചൂടപ്പം
സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്നു ഒരു മുതിർന്ന സാഹിത്യകാരൻ ഈയിടെ പ്രസ്താവിച്ചിരുന്നു. എഴുത്തുകാരി സുന്ദരിയെങ്കിൽ പുസ്തകം ശ്രദ്ധിക്കപ്പെടുമെന്നു മറ്റൊരു മുതിർന്ന എഴുത്തുകാരനും അതിനു മുമ്പേ പറഞ്ഞിരുന്നു. സ്കാറ്റോളജിയും, ലൈംഗികതയും, തെറിവാക്കുകകളും സ്ത്രീകൾ എഴുതിയാൽ മലയാളി പുരുഷന്മാർക്ക് വല്ലാത്തൊരു കൗതുകം തൊന്നുന്നുണ്ടെന്നു നിരീക്ഷിച്ചിട്ടുണ്ട്. സ്ത്രീ അമ്മയാണ്, ദേവിയാണ്, തുളസിക്കതിരാണ് എന്നൊക്കെയുള്ള വരേണ്യവും പാട്രിയാർക്കി അധിഷ്ഠിതവുമായ പൊതുബോധ നിർമ്മിതിയാണ് ഇതിനു പിന്നിൽ. ഞാൻ അബുദാബിയിൽ പോയപ്പോൾ സാരിയുടുത്ത മലയാളി സ്ത്രീകൾ വെയ്ട്രസ്സായി ജോലി ചെയ്യുന്ന ബാർ സന്ദർശിക്കാനിടയായി. അവിടെ വലിയ വൃത്തിയോ വെടിപ്പോ രുചിയുള്ള ഭക്ഷണമോ ഇല്ല. സാരിയുടുത്ത മലയാളി സ്ത്രീകൾ ഓർഡർ എടുക്കുകയും സെർവ് ചെയ്യുകയും ചെയ്യുന്നുവെന്ന ഒറ്റക്കാരണത്താൽ സമാനമായ ഇതര ഭക്ഷണശാലകളെ അപേക്ഷിച്ചു നാലിരട്ടി വില കൊടുത്തു ഊണു കഴിക്കാൻ സാധാരണക്കാരായ തൊഴിലാളികൾ അവിടെ എത്തുന്നു. നോർത്ഈസ്റ്റ്കാരോ തായ്ലൻഡു സുന്ദരികളോ സെർവ് ചെയ്താൽ ഈ കൗതുകം ഇല്ല താനും! മലയാളി മങ്കയുടെ സ്ത്രീത്വത്തെ വിൽപനച്ചരക്കാക്കുകയാണ് (commodification) അവിടെ. ഇൻവെസ്റ്റ്മൻ്റ് ഇൻ സെക്ഷ്വൽ ക്യാപ്പിറ്റൽ! ഈ തന്ത്രം പ്രയോഗിക്കുന്ന എഡിറ്റർമാരും പ്രസിദ്ധീകരണങ്ങളും, മുതലെടുക്കുന്ന വനിതാ എഴുത്തുകാരുമുണ്ടെന്നു ഞാൻ കരുതുന്നു.

വിജിഷ വിജയൻ

🟥 സ്ത്രീകൾ പുറകിൽ
'സ്ത്രീജന്മവും', 'പുരുഷന്മാരില്ലാത്ത ലോക'വും രചിച്ച സരസ്വതിയമ്മയും, 'അഗ്നിസാക്ഷി'യെഴുതിയ ലളിതംബികാ അന്തർജനവും രേഖപ്പെടുത്തിയിട്ടുള്ള പെണ്ണിൻ്റെ ദുരവസ്ഥയിൽ നിന്ന് നാം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷിതത്വവും, അവകാശവും, തുല്ല്യനീതിയും ഉറപ്പുവരുത്തുന്നതിനായി ധാരാളം നിയമങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അതുവെച്ചു നോക്കുമ്പോൾ സ്ത്രീകൾ പുസ്കാര നിറവിൽ പിന്നിലാകേണ്ടവരല്ല. എന്നാൽ മറ്റു മേഖലകളിലെന്നപോലെ എഴുത്തിലും സ്ത്രീകൾ പുരുഷനൊപ്പം എത്തിയിട്ടില്ലെന്ന സൂചനകളാണ് കൊല്ലം തോറുമെത്തുന്ന കേരള സാഹിത്യഅക്കാദമി അവാർഡുകൾ ചൂണ്ടിക്കാട്ടുന്നത്. 2023-ൽ പ്രഖ്യാപിച്ച 21 പുരസ്കാരങ്ങളിൽ രണ്ടര എണ്ണം മാത്രമാണ് സ്ത്രീകൾക്കു ലഭിച്ചുള്ളൂ. സ്ത്രീയും, പുരുഷനും ബൗദ്ധികമായി തുല്യരാണെങ്കിലും ജീവശാസ്ത്രപരമായി കുറേ പരിമിതികൾ ആദ്യത്തെയാൾക്കുണ്ടല്ലോ. മാസമുറയും, ഗർഭധാരണവും, മുലയൂട്ടും, കുഞ്ഞുങ്ങളെ നോക്കിവളർത്തലുമെല്ലാം കഴിഞ്ഞുള്ള സമയമല്ലേ സർഗവീഥിയിൽ പെണ്ണിന് ലഭിക്കുന്നുള്ളു! കാലമെത്ര കഴിഞ്ഞാലും കാലഹരണപ്പെടാത്തതാണ് "അമ്മേ, വിശക്കുന്നു" എന്ന വാക്കുകൾ. ഏറെ തീക്ഷ്ണമാണ് മക്കളുടെ ആ ഓർമ്മപ്പെടുത്തൽ. അക്ഷരങ്ങളോടുള്ള പ്രണയം അടക്കി വെച്ചു വേണ്ടേ അവൾക്ക് അടുപ്പിൽ തീ പുകയ്ക്കാൻ. യാഥാർഥ്യങ്ങൾ ഇങ്ങനെ മുഖത്തു നോക്കി നിൽക്കുമ്പോൾ അക്കാദമി പുരസ്കാരങ്ങളിൽ പെണ്ണ് പിന്നിലാവുന്നതിൽ അതിശയമുണ്ടോ?സർഗധനരാണെങ്കിലും പേര് കേൾക്കപ്പെടാത്ത, ആരാലും പരിഗണിക്കപ്പെടാത്ത എത്രയോ എഴുത്തുകാർ നമുക്കിടയിലുണ്ട്. പറയട്ടെ, അവാർഡുകളുടെ നിറം കെടുത്തുന്നതാണ് അവരുടെ അവസ്ഥ. വളരാനും തളരാനും, അംഗീകരിക്കപ്പെടാനും, അവഗണിക്കപ്പെടാനും എളുപ്പമുള്ളൊരു ലോകത്താണ് നാമിന്ന് കഴിയുന്നത്.


🟥 പെണ്ണായതിനാൽ തഴയപ്പെടുന്നില്ല
പെണ്ണായി പിറന്നതുകൊണ്ട് തഴയപ്പെട്ടെന്ന് എനിയ്ക്ക് ഇതുവരെ തോന്നിയിട്ടില്ല. എന്നാൽ, സാഹചര്യങ്ങൾ പ്രതികൂലമാകാറുണ്ട്. കൂടെ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ രാത്രിയിലും ഇറങ്ങി നടക്കാമായിരുന്നല്ലോ. സ്വാതന്ത്ര്യം ഉണ്ടെങ്കിൽ പോലും അത് മറ്റാരുടെയോ കൈയ്യിലല്ലേ എന്നൊക്കെ ഇടയ്ക്കു തോന്നും. എന്നുവരികിലും പുരുഷനാൽ സ്ത്രീ രണ്ടാംകിടക്കാരിയായി എന്നു ഞാൻ കരുതുന്നില്ല. തൻ്റെയും തൻ്റെ കുഞ്ഞിൻ്റയും ജനനം സാധ്യമായതിനു പുറകിൽ യഥാക്രമം പിതാവെന്നും പതിയെന്നും സ്ഥാനനാമങ്ങളുള്ള പുരുഷന്മാരുണ്ടെന്ന് ഹൃദയം കൊണ്ടു ഗ്രഹിച്ചവൾക്ക് ഒരിക്കലും ഒരു പുരുഷവിദ്വേഷിയാകുവാൻ കഴിയുകയുമില്ല.


🟥 വരുന്നു പെൺവസന്തം
ഒന്നും രണ്ടും വനിതാ മുഖ്യമാരിമാർ അമരത്തിരുന്ന മറ്റു സംസ്ഥാനത്തെ സ്ത്രീകളേക്കാൾ ശാക്തീകരിക്കപ്പെട്ടവരാണ് പുരുഷ മുഖ്യമന്ത്രിമാർ മാത്രം ഭരിച്ച കേരളത്തിലെ പെണ്ണുങ്ങൾ. സത്യം ഇതാണെന്നിരിക്കെ, സമത്വം തെളിയിക്കുന്നതിനു മാത്രമാണോ പെണ്ണിനൊരു മുഖ്യമന്ത്രിപദം? ആൺപെൺ വ്യത്യാസമില്ലാതെ പ്രാപ്തിയുള്ളവർ ഭരണനേതൃത്വത്തിൽ വരട്ടെ. ഇന്ത്യയിലെ പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയ സംസ്ഥാനത്ത് കേവലം ഒരു പ്രാദേശിക പുരസ്കാരം പോലും സ്ത്രീയ്ക്ക് പ്രാപ്യമല്ലാതിരുന്ന ഒരു കാലവും ഉണ്ടായിരുന്നല്ലോ. ബാലാമണിയമ്മയ്ക്കും മാധവിക്കുട്ടിയ്ക്കും, സുഗതകുമാരിയ്ക്കും ജന്മം നൽകിയ ഈ മണ്ണിൽ ഇനി വരാനിരിക്കുന്നത് ഒരു പെൺവസന്തം. വിന്ധ്യനും കടന്നു ജ്ഞാനപീഠവുമായി ഇങ്ങെത്താൻ ആശാപൂർണ്ണദേവിയും, മഹാശ്വേതാദേവിയും നമുക്കുണ്ടാകും, തീർച്ച!
🟥 ലിംഗനീതി
അക്ഷരലോകത്ത് സ്ത്രീകളെ ഉയർത്തി കൊണ്ടുവന്നു ലിംഗനീതി പാലിക്കുവാൻ സർക്കാറിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും ചെയ്യാൻ കഴിയുന്നതായി പലതുമുണ്ട്. ഒത്തിരി കാര്യങ്ങൾ അധികൃതർ ചെയ്തുകൊണ്ടുമിരിക്കുന്നു. അധികം കഴിയേണ്ടി വരില്ല എഴുത്തുലോകത്തും സ്ത്രീകൾ ഒട്ടും പിന്നിലല്ലെന്ന അവസ്ഥയിലെത്താൻ. യോഗ്യതക്കനുസരിച്ച ഒരു ജോലിയും വരുമാനമാർഗവും അവൾക്കൊരു കരുത്താണ്. സർഗാത്മക രചനകളിൽ പരിശീനം കൊടുക്കുന്ന സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയാൽ അത് കൂടുതൽ സ്ത്രീകളെ എഴുത്തു മേഖലയിൽൽ ശോഭിയ്ക്കാൻ സഹായിക്കും.

🟥 പെണ്ണെഴുത്ത്
പെണ്ണെഴുത്ത്, ആണെഴുത്ത് എന്നിങ്ങനെ ഭാഷാസൃഷ്ടികളെ പൊതുവായി തരം തിരിക്കാൻ കഴിയില്ലെങ്കിലും, സ്വാനുഭവങ്ങൾക്ക് മൂർച്ചയും മൗലികതയും അധികമായതിനാൽ, അത്തരം എഴുത്തുകൾക്ക് ഒരു ലിംഗഭേദ നിറം ലഭിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, പെണ്ണിന് മാത്രമുള്ള അനുഭവങ്ങൾ അവൾക്ക് നന്നായി എഴുതാൻ കഴിയും എന്നതിനർഥം, അവൾക്ക് പുരുഷനെ കുറിച്ചും കുട്ടികളെക്കുറിച്ചും എഴുതാനാകില്ല എന്നല്ലല്ലോ. പെണ്ണെഴുത്ത് എന്നാൽ പെണ്ണുങ്ങളുടെ എഴുത്തായി മാത്രം കാണുന്നതിൽ വിയോജിപ്പുണ്ട്.
🟥 പ്രണയ കഥനങ്ങൾ
ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എൻ്റെ പുസ്തകമാണ് 'എൻ്റെ കടിഞ്ഞൂൽ പ്രണയകഥനങ്ങൾ'. അത് എഴുതണമെങ്കിൽ, ലേഖികയ്ക്ക് അത്രയും മനോഹരമായ പ്രണയം എന്തെന്നറിയണം. വാസ്തവത്തിൽ, അത്തരമൊരു പ്രണയം ഞാൻ അനുഭവിച്ചിട്ടേയില്ല. പെണ്ണ് ഒരു പ്രണയകൃതി രചിച്ചാൽ അതിന് കൂടുതൽ വായനക്കാരെ ലഭിക്കുമോ? ആരും വായിയ്ക്കാത്ത എത്രയോ പ്രണയകൃതികൾ സ്ത്രീകൾ എഴുതിയിട്ടില്ലേ? സ്ത്രീകൾ ഭൂതം പറയുമ്പോൾ അത് കേൾക്കാൻ ഒരുപക്ഷേ വായനക്കാർക്ക് കൂടുതൽ കൗതുകം ഉണ്ടായേക്കാം. അത്രത്തോളമേ പെണ്ണിൻ്റെ പ്രണയകഥയ്ക്കു സ്വീകാര്യതയുള്ളൂ. പുസ്തകത്തിൻ്റെ പേര് പുത്തൻ പ്രവണതകൾ പാലിച്ചുകൊണ്ടു നൽകിയതു തന്നെയാണെന്നു സമ്മതിക്കുന്നു.

എഴുതാത്ത കഥകൾ (വിജയ് സി. എച്ച്)
എഴുതാത്ത കഥകൾ (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക