Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം :4- സാംസി കൊടുമണ്‍)

Published on 31 January, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം :4- സാംസി കൊടുമണ്‍)

ചങ്ങലയില്‍ പൂട്ടിയ പൂര്‍വ്വികരെപ്പറ്റി.

ചങ്ങലയില്‍ പത്തു പുരുഷന്മാരും, ചങ്ങലയില്ലാത്ത രണ്ടു സ്ത്രീകളും അവരുടെ ഒക്കത്തു മുലകുടിമാറാത്ത രണ്ടു കുട്ടികളും പറ്റിച്ചേര്‍ന്നിരുപ്പുണ്ടായിരുന്നു. അവര്‍ പരസ്പരം നോക്കി. അവരുടെ ഉള്ളില്‍ പ്രതിക്ഷേതം ഇരമ്പി. കാരണം അവരുടെ മനസ്സില്‍ അവര്‍ അടിമകള്‍ ആയിരുന്നില്ല. എന്നാല്‍ അടിമക്കളരിയിലൂടെ ആണ് അവര്‍ കടന്നു പേകുന്നതെന്നവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. കുതിരക്കാരുടെ പിന്നാലെയുള്ള നടപ്പുതുടങ്ങിയിട്ട് മണിക്കൂറുകള്‍ ഏറെ കഴിഞ്ഞിരുന്നു. സൂര്യന്റെ ചൂടേറ്റ് കുതിരകള്‍ കിതയ്ക്കാന്‍ തുടങ്ങിയതു തിരിച്ചറിഞ്ഞ്, കുതിരകളെ കുടിപ്പിച്ച് ഒന്നു വിശ്രമിക്കാനുള്ള ഒരരുവിക്കായി യജമാനന്റെ ജീവനക്കാര്‍ നോക്കുന്നുണ്ടായിരുന്നു. അവര്‍ നടക്കുന്ന കുന്നിനടവാരത്തായി ഒഴുകുന്ന അരുവി തിരിച്ചറിഞ്ഞ് കുതിരയെ അവര്‍ അങ്ങോട്ടേക്കു നയിച്ചു. വെള്ളത്തിന്റെ ഒഴുക്കുകേട്ട സ്ത്രീകള്‍ കുട്ടികളുമായി വെള്ളത്തിനരുകിലേക്കോടി. പെട്ടന്നായിരുന്നു പുറകിലുള്ള കുതിരക്കാരന്റെ ചാട്ടാ സ്ത്രീകളെ ശീല്ക്കാരത്തോട് ചുറ്റിയത്. അവര്‍ കുട്ടികളുമായി നിലം പൊന്തി, ചാട്ടയുടെ നീറ്റലില്‍ നിലവിളിച്ചു.തങ്ങളുടെ സ്ത്രികളുടേയും കുട്ടികളുടേയും നിലവിളിയില്‍, ചങ്ങലയില്‍ കിടന്ന പുരുഷന്മാര്‍ കുതറാനും, ചങ്ങലപൊട്ടിക്കാനും ശ്രമിച്ചു. അവര്‍ക്കു നേരെയും മര്‍ദ്ദനത്തിന്റെ നീണ്ട ചാട്ടവാറുകള്‍ പുകഞ്ഞു. അതൊക്കെ തുടക്കം മാത്രമായിരുന്നു. അരുവിയില്‍ നിന്നും കുതിരകളെ കുടിപ്പിച്ച്,സ്വയം കുടിച്ച് ദാഹം തീര്‍ന്ന യജമാന്റെ സേവകര്‍ അടിമകളെ അരുവിയിലേക്കു നയിച്ചു. കരയില്‍ കിടന്നുകൊണ്ട് പട്ടിയെപ്പോലെ അവര്‍ വെള്ളം നക്കിക്കുടിച്ച് ദാഹം അടക്കി. അവര്‍ വീണ്ടും നടന്നു. കപ്പലിലെ ചൂരിനാല്‍ ഇത്രനാളും ഉള്ളില്‍ തളം കെട്ടിക്കിടന്ന മാലിന്യമൊക്കേയും, കുതിരച്ചാണകമെന്നപോലെ പുറത്തേക്കൊഴുകി. കന്നുകാലി ചാണകം ഇടുന്നപോലേ ഉടമയുടെ സേവകര്‍ കരുതിയുള്ളു. നേരം ഇരുട്ടിത്തുടങ്ങിയപ്പോഴേക്കും അവര്‍ ക്യു പ്ലാന്റേഷനില്‍ എത്തി. അവിടെ അവരേയും കാത്ത് യജമാനന്‍ ഉണ്ടായിരുന്നു. പ്ലാന്റേഷന്റെ പേരതുതന്നെയായിരുന്നോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷേ പേരെന്തായാലും അടിമയുടെ ജീവിതം എല്ലായിടത്തും ഒരുപോലെ ആയിരുന്നു.

പറഞ്ഞു കേട്ട കഥകളിലെ ക്രിത്യതയെക്കുറിച്ച് ഞാന്‍ തര്‍ക്കിക്കുന്നില്ല. എങ്കിലും ആ കാലത്തെക്കുറിച്ചുള്ള ചെറിയ അറിവുകളില്‍ കുറെ ശരികള്‍ ഉണ്ട് എന്നു തന്നെ ഞാന്‍ കരുതുന്നു. റീന നീ മറ്റുകഥകള്‍ കേട്ടിട്ടുണ്ടെങ്കില്‍ നിനക്ക് യുക്തിവിചാരം ചെയ്യാം. പക്ഷേ ഞങ്ങളുടെ കാലത്ത് ഒരടിമക്ക് മനസ്സും ചിന്തകളും ഇല്ലായിരുന്നു. അല്ലെങ്കില്‍ പാടില്ലായിരുന്നു. കാരണം യജമാനന്റെ മനസ്സല്‍ അവന്‍ അടിമയായിരുന്നു. ആത്മാവില്ലാത്ത അടിമ. ഇഷ്ടങ്ങളും സന്തോഷങ്ങളും ഇല്ലാത്ത അടിമ. ക്യു പ്ലന്റേഷനിലെ ഒന്നാം ദിവസം അവര്‍ക്കെങ്ങനെ ആയിരുന്നു. ഒരടിമക്ക് ഒന്നാം ദിവസവും രണ്ടാം ദിവസവും തമ്മില്‍ എന്തു വ്യത്യാസം.അടിമ എന്നും അടിമതന്നെ. അവന്റെ ദിവസങ്ങള്‍ രാവും പകലുമായി വേര്‍തിരിച്ചിട്ടില്ല. ഒരു പൂട്ടുകാളയോട് ആരെങ്കിലും ചോദിക്കുമോ ഇന്നലെ നിനക്കെങ്ങനെ ഉണ്ടായിരുന്നു എന്ന്. അടിമ ജീവിതവും അങ്ങനെതന്നെ. ആര്‍ക്കും അവരുടെ ജീവിതം എങ്ങനെ എന്നറിയണ്ട. യജമാനനു കൂലിയില്ലാതെ പണിയെടുക്കുന്ന വെറും മൃഗങ്ങള്‍ ആയിരുന്നവര്‍.

ആദ്യദിവസം തന്നെ,,, തിരുത്ത്; നമ്മുടെ പൂര്‍വ്വികരുടെ ജീവിതത്തില്‍ ആദ്യദിവസം ഒന്നില്ലായിരുന്നുവല്ലോ.... അവരെയെല്ലാം കുതിരാലയത്തിന്റെ മൂലയിലെ കച്ചിപ്പുരയില്‍ പൂട്ടി, ഒരോ തവി കോണ്‍ മീല്‍ ഒരു തകര പാത്രത്തില്‍ കൊടുത്ത്, കുതിരയ്ക്കു കുടിയ്ക്കാനുള്ള പാത്രത്തിലെ വെള്ളവും കാട്ടിക്കൊടുത്തു. വിലങ്ങുകളില്‍ അവര്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത വിധം ക്ഷീണിതരായിരുന്നു. കാലിലെ ഇരുമ്പു ചങ്ങല ഉരസി കാലാകെ പൊട്ടി വൃണമായതിന്റെ വേദന വിശപ്പിനാലും ക്ഷീണത്താലും അവര്‍ അറിഞ്ഞില്ല. പാത്രത്തിലെ അല്പാഹാരം അവര്‍ കുതിരയെപ്പോലെ കമ്മിത്തിന്ന് കുതിരകള്‍ക്കുള്ള വെള്ളവും കുടിച്ചു.കുതിരയ്ക്കുള്ള കച്ചിക്കൂനകളില്‍ അവര്‍ ഉറങ്ങി. ശവത്തിന്നി ഉറുമ്പുകള്‍ അവരെ പൊതിഞ്ഞു. പക്ഷേ ഉറുമ്പുകളൂടെ പ്രതിക്ഷേതം അവരെ ഉണര്‍ത്തിയില്ല. അവര്‍ മരിച്ചവരെപ്പോലെ ആയിരുന്നു എങ്കിലും അവരില്‍ ഒരു സ്വപ്നം ഉണര്‍ന്നു. വേട്ടമൃഗത്തിനു പിന്നാലെ ഓടുന്ന അമ്പും വില്ലുമുള്ള വേട്ടക്കാരന്റെ സ്വപ്നം. ഏറ്റവും വലിയ മൃഗത്തിനെ വേട്ടയാടി കൊണ്ടുവരുന്നവനെ എതിരേല്‍ക്കുന്ന ആര്‍പ്പുവിളികളും ചെണ്ടയുടെ താളവും. കരുത്തനായവനെ നോക്കുന്ന ഗ്രാമവാസികളായ പെണ്‍കുട്ടികളുടെ കണ്ണുകളിലെ പ്രേമം. ഗ്രാമവാസികള്‍ ഒന്നിച്ച് ആഴിക്കു ചുറ്റിനും ഇരുന്ന് ഇരയെ ചുട്ട്, പാട്ടും നൃത്തവുമായി ആഘോഷിക്കുന്ന രാവുകള്‍. പിന്നെ വേട്ടക്കാരനു ബോധിച്ചിവളേയും തോളിലേറ്റി നടക്കാനുള്ളവകാശം നേടിയവന്റെ ഗര്‍വ്വുമായി അടുത്തുള്ള ഇരുട്ടിന്റെ മറവിലേക്കു നടക്കവേ പുറത്തു നിന്നുള്ള ശബ്ദത്തില്‍ അവര്‍ ഉണര്‍ന്നു.

കുതിരാലയത്തിന്റെ വാതില്‍ തുറന്ന് ആരോ അട്ടഹസിക്കുന്നു. - സുഖിച്ചുറങ്ങിയതു മതി.എഴുനേക്കിനെട നാറിയ പട്ടികളെ....- അവര്‍ പറഞ്ഞതങ്ങനെ തന്നെ ആയിരുന്നുവോ...? അറിയില്ല. എന്തായാലും അതിലും മെച്ചമയതെന്തെങ്കിലും പറയും എന്നു ഞാന്‍ കരുതുന്നില്ല. ഒരടിമക്കതില്‍ കവിഞ്ഞ സ്വീകരണമൊന്നും കിട്ടുമെന്നു പ്രതീക്ഷിക്കാമോ. കഴിഞ്ഞ രാത്രിയില്‍ വേട്ടാക്കാരായിരുന്നവര്‍ ഇപ്പോള്‍ ഇരയായിരിക്കുന്നു. ആ കൂട്ടത്തില്‍ ആരെങ്കിലും ചിരിച്ചോ...? അവര്‍ ചിരിക്കാന്‍ മറന്നവരായിരുന്നു.സൂര്യന്‍ ഉദിച്ചിരുന്നില്ല എങ്കിലും വെളിച്ചം ഉണ്ടായിരുന്നു. ദേഹത്താകെ കടിച്ചു ചത്തിരിക്കുന്ന ഉറുമ്പുകളെ തുടച്ചു മാറ്റണമെന്നവര്‍ കരുതിയില്ല. കാര്യവിചാരകന്‍ അകത്തുകടന്ന് ഒരു വലിയ വടികൊണ്ടവരെ അടിച്ചെഴുനേല്പിച്ചു. സ്ത്രീകളുടെ നെഞ്ചത്ത് മുലയും കുടിച്ചു കിടന്ന കുട്ടികളെ അയാള്‍ വലിച്ചെറിഞ്ഞു. കച്ചിക്കൂനയില്‍ വീണകുട്ടികള്‍, പുതിയ ജീവിതത്തിന്റെ താളം തിരിച്ചറിഞ്ഞിട്ടെന്നവണ്ണം കരയാന്‍ മറന്നവരായി. എന്തു ചെയ്യണമെന്നറിയാതെ മലര്‍ന്നു കിടന്നൊരു നിമിക്ഷം അന്താളിച്ചവളുടെ നാഭിിയില്‍ വടികൊണ്ട് കുത്തി കാര്യവിചാരകന്‍ ഉറക്കെ ചിരിച്ചു. അപ്പോഴത്തെ അവന്റെ കണ്ണുകളിലെ അശ്ലീലം ഞാന്‍ തിരിച്ചറിയുന്നു. എന്റെ കയ്യില്‍ ഒരു വാളുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ അവന്റെ കൈകള്‍ നിശ്ചയമായും മുറിയ്ക്കുമായിരുന്നു. റീന നിനക്കെന്തു തോന്നുന്നു..... നീ കരയണ്ട സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്നു നിന്റെ തലമുറയ്ക്കറിയില്ല.

ഒരടിമജീവിതം സുഖമുള്ള ഓര്‍മ്മകളല്ല…. പകലിന്റെ മടിത്തട്ടിലേക്കിറങ്ങിയവര്‍ ചുറ്റിനും നോക്കി അന്ധാളിച്ചതെയുള്ളു.അവര്‍ ഒരു പുതിയ ജീവിതക്രമത്തിന്റെ പതാക വാഹകര്‍ ആകാന്‍ പോകുന്നു എന്ന ചിന്തയൊന്നും അവര്‍ക്കില്ലായിരുന്നു. ഇനിയുള്ള ജീവിതം എന്തെന്നവര്‍ക്കറിയില്ല.ഇന്നലെ വരെ നാളെ എത്തെന്നവര്‍ക്കു വേവലാതികള്‍ ഇല്ലായിരുന്നു. മുന്നിലെ കാട് അവരുടെ ദൈവമായിരുന്നു. വിശപ്പിനുമാത്രം വേട്ടയാടിപ്പിടിച്ച്, തിന്നും കുടിച്ചും ജീവിച്ചവര്‍ക്ക് ഇന്ന് ചങ്ങലയില്‍ എങ്ങോട്ടെന്നറിയാത്ത നാളകള്‍. മുറ്റത്തു വരിവരിയായി നിന്നവരെ യജമാനന്‍ നോക്കി. തന്റെ വ്യാപരമുതല്‍ ഇപ്പോഴേ ശരിക്കൊന്നു നോക്കികാണാന്‍ പറ്റിയുള്ളു എന്ന മട്ടില്‍. മൊത്തത്തില്‍ നഷ്ടമില്ല എന്ന ചിന്തയില്‍ ഒന്നു ചിരിച്ചു. സ്ത്രീകളിലും കുട്ടികളിലും ആയിരുന്നു അയാളുടെ കണ്ണുകള്‍. നാളെ പെറ്റുപെരുകാന്‍ പോകുന്ന അടിമകളുടെ തലമുറകളെ അയാള്‍ മുന്നില്‍ കാണുന്നപോലെ സ്വയം ചിരിച്ചു. രണ്ടു പെരുകി നാലാകും, നാല് എട്ടാകും. അടിമചന്തയില്‍ അവരുടെ വില... പെണ്ണിനെ വാങ്ങിയപ്പോള്‍ അടുത്ത പ്ലാന്റേഷന്‍കാരുടെ മുഖത്തെ പുശ്ചം കാണാതിരുന്നില്ല. പെറ്റുപെരുകുന്ന ആടുകളുടെ വില ഒരു ഇടയനുമാത്രമേ തിരിച്ചറിയാന്‍ കഴിയു എന്ന ചിന്തയായിരുന്നു ആ ചിരിയുടെ പൊരുള്‍.

ക്യു പ്ലാന്റേഷനില്‍ പേരുചേര്‍ക്കപ്പെട്ടവരുടെ ജീവിതം എന്തായിരുന്നു...? അവര്‍ക്കു രേഖപ്പെടുത്തേണ്ട ചരിത്രം ഉണ്ടോ...? മഹാന്മാര്‍ക്കു മാത്രമല്ലേ ചരിത്രമുള്ളു. പക്ഷേ അമേരിയ്ക്കയിലെ അടിമകളുടെ ചരിത്രത്തില്‍ ഇവര്‍ വേണം. അവരെ ചരിത്രത്തില്‍ ചേര്‍ക്കണമെങ്കില്‍ അവര്‍ക്കു പേരുവേണം. അവരുടെ പേരുകള്‍ എന്തായിരുന്നു. ആരും ചോദിച്ചില്ല. അവര്‍ പറഞ്ഞിരുന്നുവെങ്കിലും ആര്‍ക്കും മനസിലാകുമായിരുന്നില്ല. യജമാനന്‍ ഒരോരുത്തര്‍ക്കും പേരുകള്‍ ചാര്‍ത്തിക്കൊടുത്തു. അത് ഇംഗ്ലണ്ടില്‍ നിന്നും യജമാനന്‍ കൊണ്ടുവന്ന മതത്തിലെ പേരുകള്‍ ആയിരുന്നു. അങ്ങനെ അവരുടെ അറിവോ സമ്മതമോ കൂടാതെ അവരെ പുതിയ മതത്തിന്റെ നാമധാരികളാക്കി, സ്‌നാനപ്പെടുത്തി. ഒപ്പം യജമാനന്റെ പേരിന്റെ ആദ്യാക്ഷരം 'ക്യു' അവരുടെ പുറത്ത് മുദ്രകുത്തി യജമാനന്റെ വസ്തുവകകളില്‍ ചേര്‍ത്തു. ഇനി എന്നേക്കുംഅവര്‍ യജമാനന്റെ വസ്തുവായി. യജമാനന്റെ പഴയ വസ്ത്രക്കിറുകളാല്‍ അവരുടെ നഗ്നതയെ മറച്ച്, അപരിഷ്‌കൃതനായ ആഫ്രിക്കനില്‍ നിന്നും മോചിപ്പിച്ച്, ആധുനികതയുടെ അമേരിക്കനാക്കി.

ആദ്യ കപ്പലിലെ നാലുപേര്‍ അവര്‍ക്കു മുമ്പേ അവിടെയുണ്ടായിരുന്നു. അവരും അരയ്ക്കു ചുറ്റും തിരശീലയാല്‍ തങ്ങളുടെ നഗ്നത മറച്ച ആധുനികരായിരുന്നു. അവരെ കണ്ടപ്പോല്‍ പുതുതായി വന്നവരുടെ ഉള്ളില്‍ സ്വന്തം ജനതയെ കണ്ടതിന്റെ സന്തോഷം വിരിഞ്ഞു. അവര്‍ കോണ്‍ കൃഷിക്കുള്ള പാടങ്ങള്‍ ഒരുക്കുകയായിരുന്നു. അവര്‍ക്കിടയില്‍ ഒരോ തൂമ്പയുമായി പുതിയവരെ ഇടകലര്‍ത്തി, എങ്ങനെ പണിയെടുക്കണമെന്നു കാണിച്ചു കൊടുക്കാന്‍ നിര്‍ദേശിച്ച കങ്കാണിമാര്‍ കുതിരപ്പുറത്ത് ചാട്ടയുമായി നില്‍ക്കുന്നുണ്ടായിരുന്നു. പഴയവര്‍ അപ്പോഴേക്കും യജമാനന്റെ ഭാഷയും ഭാവവും മനസിലാക്കാന്‍ തുടങ്ങിയിരുന്നു. അവരുടെ കറുത്ത ശരീരത്തിലെ അനേകം മുറുവുകളുടെ പാടുകള്‍ പറയുന്ന വേദനയുടെ കഥകള്‍ പുതുതായി വന്നവര്‍ക്ക് പാഠങ്ങളായിരുന്നു. കാട്ടില്‍ നിന്നും പിടിച്ച ആനകളെ താപ്പാനകള്‍ ഇടം വലം നിന്നു മെരുക്കുന്നതിനെക്കുറിച്ചു വായിച്ചിട്ടില്ലെ... ഇതും അതുപോലെയായിരുന്നു. യജമാനന്റെ കയ്യില്‍ ഇരുമ്പിന്റെ തോട്ടിയുണ്ടായിരുന്നു. അതു പുറത്ത് വരഞ്ഞ് തൊലിപിളര്‍ന്ന് ചോരയൊലിക്കുമ്പോള്‍, പാപ്പാന്മാര്‍ ചിരിക്കുന്നു. ഇത് അടിമയെ മെരുക്കുന്ന വിധമാണ്. മുന്നമേ വന്നവരുടെ കാലിലെ ചങ്ങലയുടെ നീളം കാലുകളെ ചലിപ്പിക്കാന്‍ പാകത്തിലായിരുന്നു. അവര്‍ ഓടിപ്പോകില്ലെന്നുറപ്പാകുമ്പോള്‍ കിട്ടുന്ന ഔദാര്യം.

കൂട്ടത്തില്‍ ചെറുപ്പക്കാരനായ ഒരുവന്‍ മുടന്തി നടക്കുന്നു. അവന്‍ സ്വാതന്ത്ര്യം കൊതിച്ചതിന്റെ വിലയായിരുന്നു ആ മുടന്ത്. ഒരു ദിവസം പണിക്കിടയില്‍ അവന്‍ ചാടിപ്പോകാന്‍ ശ്രമിച്ചു. പിടിക്കപ്പെട്ടവന്‍ രണ്ടു ദിവസം തലകീഴായി തൂക്കുമരത്തില്‍ കിടന്നു. മൂന്നാം ദിവസം അവന്റെ ഒരു കാല്‍ ഒടിച്ചു. ഇത് ഇനിയും ഓടിപ്പോകാന്‍ കൊതിക്കുന്നവര്‍ക്കുള്ള ശിക്ഷകൂടിയാണന്നവര്‍ വിധിച്ചു. അടുത്തുള്ള പ്ലാന്റേഷനുകളിലേക്കും അവര്‍ വാര്‍ത്ത പരത്തി. അന്ന് അടുത്തുള്ള പ്ലാന്റേഷന്‍ ഉടമകളും അവരുടെ കിങ്കരന്മാരും ക്യു പ്ലാന്റേഷനില്‍ ഒത്തുകൂടി ആഘോഷിച്ചു. അടിമയുടെ സ്വാതന്ത്ര്യ വാഞ്ഛക്ക് അവന്‍ അടിമയായി പിടിക്കപ്പെട്ട ദിവസത്തോളം പഴക്കമുണ്ട്.അതു തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകര്‍ന്നു കൊണ്ടേ ഇരുന്നുവെങ്കിലും, അറ്റ്‌ലാന്റിക്ക് ഓഷനിലൂടെ വീണ്ടും അടിമകളെ നിറച്ച കപ്പലുകള്‍ വന്നുകൊണ്ടേ ഇരുന്നു.

ഒരോ കപ്പലുകള്‍ വരുമ്പോഴും ആവശ്യക്കാരുടെ എണ്ണം കൂടുകയും, അടിമകളുടെ വില വര്‍ദ്ധിക്കുകയും ചെയ്തു. അടിമക്കച്ചോടത്തിനായി കമ്പിനികള്‍ രൂപീരക്കപ്പെട്ടു. ഇടനിലക്കാരും ദല്ലാളന്മാരും അവരുടെ ഭാഗ്യം അടിമകളില്‍ കണ്ടു. പല തോട്ടങ്ങളും സ്ത്രീകളേയും കുട്ടികളേയും കൂടുതല്‍ വാങ്ങാന്‍ തുടങ്ങി. സ്ത്രികളില്‍ പലരും യജമാനന്റെ താല്പര്യങ്ങളുടെ ഇരയായിരുന്നു. വളരെ ക്രൂരമായ പീഡങ്ങളിലൂടെ അവരുടെ ദിവസങ്ങളുടെ നീളം കൂടി. യജമാനന്റെ തോട്ടത്തിലെ പണിക്കാര്‍ എന്നതിനുപരി അവരെഭോഗവസ്തുവായും കണ്ട് നേരവും കാലവും ഇല്ലാതെ യജമാനനും, മക്കളും, കാര്യസ്ഥരും അവരുടെ അധികാരം അവരില്‍ വിതച്ചു. സ്ത്രീകള്‍ ഒരു ലാഭകച്ചവടമായിരുന്നു. എല്ലാവര്‍ഷവും അനേകം അടിമക്കുട്ടികള്‍തങ്ങളുടെ യജമാനന്റെ ചരക്കുകളായി മാറുന്നു. പെറ്റുപെരുകുന്ന അടിമ വംശം. .

കാലം ചില മാറ്റങ്ങളെ കൊണ്ടുവരാറില്ലെ. റീന.. എന്റേയും നിന്റേയും കാലങ്ങള്‍ മാറിയ കാലങ്ങളാണ്.നിന്റെ കാലം എന്റെ കാലത്തേക്കാള്‍ ഏറെ മാറ്റങ്ങളെ വിതച്ചു. പക്ഷേ ആദ്യകാലത്തെ അടിമകള്‍ക്ക് അത്രയൊന്നും പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും അവര്‍ ചെറിയ ചെറുത്തു നില്‍പ്പുകളിലൂടെയും, പ്രതിക്ഷേധങ്ങളിലൂടെയും തലമുറകളെ പ്രസവിച്ചു. അവന്‍ വില്‍ക്കാനും വാങ്ങാനുമുള്ള ചരക്കു മാത്രമായിരുന്നു. ആദ്യം ക്യൂ പ്ലാന്റെഷനിലെത്തിയ രണ്ടു സ്ത്രീകളും ഏഴാം മാസത്തില്‍ പ്രസവിച്ചു. അതു കപ്പലില്‍ വെച്ചു സംഭവിച്ചതായിരിക്കണം. യജമാനന്‍ സന്തോഷിച്ചതെയുള്ളു. ഏഴാം മാസത്തില്‍ തന്നെ കച്ചവടത്തില്‍ ലാഭം കിട്ടാന്‍ തുടങ്ങിയതിലുള്ള സന്തോഷം. രണ്ടു പെണ്‍കുട്ടികള്‍. അവരുടെ നിറം കടും കറപ്പില്‍ നിന്നും അല്പം വെള്ളചെര്‍ന്ന കറുപ്പായിരുന്നു. അങ്ങനെ അവര്‍ നമ്മുടെ രക്തത്തിലും കലര്‍പ്പു ചേര്‍ത്തു. ആ രണ്ടു ഗോത്ര മാതാക്കളെ കപ്പലില്‍ വെച്ചുതന്നെ അവരുടെ പുരുഷന്മാരില്‍ നിന്നും വേര്‍തിരിച്ചു. പിന്നെ അവര്‍ അവരെ കണ്ടിട്ടില്ല. മറ്റേതെങ്കിലും തോട്ടങ്ങളില്‍ ഉണ്ടോ...അതോ അവര്‍ കടലിലെ സ്രാവുകള്‍ക്ക് ഭക്ഷണമായോ എന്നവര്‍ക്കറിയില്ല. അനേക നാളുകളായി സ്ത്രികളെ കാണാതിരുന്നവര്‍ അവരെ മാറി മാറി പങ്കാളികളാക്കി, അവരെ പൊതുമുതല്‍ എന്നു മുദ്രകൂത്തി. സ്ത്രികളുടെ വരവോട് ഇടഞ്ഞു നിന്നവരില്‍ ഒരു പുതുജീവന്‍ ഉണ്ടാകുകയും, പണിയില്‍ ഉത്സാഹികളാകുകയും ചെയ്തതായി യജമാനന്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ സ്ത്രീകളെ വിലയ്ക്കു വാങ്ങി.

അടിമകളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്ലാന്റേഷന്റെ വലുപ്പവും കൂടാന്‍ തുടങ്ങി. കോണ്‍കൃഷിക്കൊപ്പം, നെല്ലും, ഗോതമ്പും വിതച്ചെങ്കിലും, പുതിയ കൃഷിയേക്കുറിച്ചുള്ള കേട്ടറുവുകളില്‍ പുതിയവ പരീക്ഷിക്കാന്‍ യജമാനന്‍ തയ്യാറെടുത്തു.തടികള്‍ മുറിച്ചു വിറ്റും, വിറകാക്കിയും സ്ഥലം ഒരുക്കിക്കൊണ്ടിരുന്നു. പുകയിലയും, കോട്ടനും കൃഷി ചെയ്‌തെങ്കിലെ ഒരു നല്ല പ്ലന്റേഷന്‍ ഉടമയെന്ന അംഗീകാരവും ലാഭവും കിട്ടു എന്നുള്ള തിരിച്ചറിവും അതില്‍ ഉണ്ടായിരുന്നു. ബ്രിട്ടനിലും മറ്റും കോട്ടന്റെ ആവശ്യം കുതിച്ചുയരുകയായിരുന്നു. ബ്രിട്ടനില്‍ നിന്നുംകൃഷിമോഹവുമായി വന്ന ക്യുന്‍സിക്ക് ജീവിതം ഒരു വ്യാപാരമായിരുന്നു. അയാളതില്‍ വിജയിച്ചു എന്നു തന്നെ പറയാം. അപ്പോഴും അടിമയുടെ വിലാപം അയാള്‍ക്കു മേലുണ്ടായിരുന്നു.

അടിമസ്ത്രികളില്‍ ഉണ്ടാകുന്ന കുട്ടികളുടെ അവകാശം ആര്‍ക്കെന്ന ഒരു തര്‍ക്കം എങ്ങനെയോ ഉയര്‍ന്നു. അതു പ്രഭുക്കന്മാര്‍ക്കിടയില്‍ വാദപ്രതിവാദത്തിനിടയായി. ക്യുന്‍സിയുടെ വാദം പൊതുവെ അംഗികരിക്കപ്പെട്ടു. എന്റെ തോട്ടത്തില്‍ ഉണ്ടാകുന്ന ഒരു വാഴക്കുലക്ക് ആരാണവകാശി. പിന്നെ ആരും ഒന്നും പറഞ്ഞില്ല. പ്ലന്റേഷനില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ അഞ്ചുവയസുമുതല്‍ ജോലിചെയ്യാന്‍ നിയോഗിക്കപ്പെട്ടു. പെണ്‍കുട്ടികളില്‍ ആരോഗ്യമുള്ളതിനേയും, കാണാന്‍ കൊള്ളാവുന്നതിനേയും, യജമാനന്റെ വീട്ടിലെ പല ജോലികളില്‍ നിയോഗിച്ച് അവരെ വീട്ടു ജോലികളില്‍ പ്രാപ്തരാക്കുകയും. പ്രഭുകുടുംബങ്ങളുടെ ജീവിത രീതികള്‍ പഠിപ്പിക്കുകയും ചെയ്തു. അവരെ തങ്ങളുടെ അമ്മമാരെ കാണാന്‍ അനുവദിച്ചിരുന്നില്ല. അച്ഛന്‍ ആരെന്ന ചോദ്യവും ഇല്ല. അപ്പോഴേക്കും സ്ലേവുകളെ താമസിപ്പിക്കാനായി പ്ലാന്റേഷന്റെ പലഭാഗങ്ങളിലും സ്ലേവു ക്യബിനുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിരുന്നു. ഇത്തരം അടിമക്കുടിലുകളില്‍, അടിമക്ക് വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നുവെങ്കിലും, സ്ത്രിപുരുഷന്മാര്‍ ഒന്നിച്ചു താമസിക്കാന്‍ അനുവധിച്ചിരുന്നു. ഇത്തരക്കാരില്‍ വളരെക്കുറച്ചു പേരെങ്കിലും, തങ്ങളുടെ ഗോത്രാചാരപ്രകാരം ചൂലു ചാടിക്കടന്നാണ് തങ്ങളുടെ പുരുഷനെ സ്വീകരിച്ചത്.. ചൂലിന്റെ ആചാരം എന്തെന്നെന്നോടു ചോദിക്കതുത്. ഒരോ ഗോത്രത്തിനും ഒരോ ആചാരങ്ങള്‍ ഉണ്ട് എന്നു മാത്രം മനസിലാക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക