Image

രാജമലയിലെ സായിപ്പ് കണ്ട വരയാട് ( മൂന്നാർ യാത്ര - 2  : പി. സീമ)

Published on 01 February, 2024
രാജമലയിലെ സായിപ്പ് കണ്ട വരയാട് ( മൂന്നാർ യാത്ര - 2  : പി. സീമ)
 
 
നേർത്ത വെയിൽ ഉണ്ടെങ്കിലും വിട്ടു മാറാത്ത തണുപ്പിൽ കുളിർന്നു മല കയറ്റത്തിൽ എല്ലാവരും സജീവമായി.
 
"നീ എവിടേയ്ക്കാ പോണത്" എന്ന്   കാൽമുട്ട് ചോദിച്ചതിനാൽ കുറെ ദൂരം കഴിഞ്ഞു ഒരു മരച്ചുവട്ടിൽ കണ്ട പാറയിൽ ഇരുന്നു ഞാൻ വിദൂര ചക്രവാളത്തിലേക്കു നോക്കി.
മൊബൈൽ ക്യാമറ  മലനിരകളെ മുകരുന്ന മേഘങ്ങളുടെ പ്രണയം ഒപ്പിയെടുത്തു  ഏതു പാതിരാവിലും പൂ മാല കൊരുത്തു തരുന്ന കൂട്ടുകാരിയും കിതപ്പ് കാരണം   എന്റെ കൂടെ വിശ്രമിച്ചു. കയറ്റം കയറി പോയവർ അപ്രത്യക്ഷരായി. ഞങ്ങൾ   വീണ്ടും ഒരു വളവും കയറ്റവും താണ്ടിയപ്പോൾ ചിലർ മടങ്ങി വന്നു.
 
ഒരു കോഫി കുടിച്ച നേരത്ത് മുകളിൽ പോയവർ അവിടെ കണ്ട വരയാടുകളെ കുറിച്ച് വർണ്ണിച്ചു. കാണാൻ പറ്റിയില്ലല്ലോ എന്ന് നിരാശപ്പെട്ടു നിന്നപ്പോഴാണ് "ഞാൻ ഇതാ വന്നു കാണാത്തവർ കണ്ടോ "എന്ന് പറഞ്ഞു ഒരു വരയാട് മുകളിൽ നിന്ന്    ചാടി ഇറങ്ങി പക്കാവടയോ മുളക് ബജ്ജിയോ  ഒക്കെ നോക്കി കൊതിച്ചു നിന്നത്. കാര്യമൊക്കെ കൊള്ളാമെങ്കിലും നല്ല മൂർച്ച തോന്നിച്ച ആ കൊമ്പ് കൊണ്ടുള്ള ഒരു കുത്തു കൊണ്ടാൽ പിറ്റേന്ന് പത്രത്തിൽ ചരമക്കോളത്തിൽ പടം വരാൻ സാധ്യത ഉണ്ട്.
 
സെക്യൂരിറ്റി പെട്ടെന്ന് തന്നെ അതിനെ ഓടിച്ചു വിട്ടു.  മനസില്ലാ മനസ്സോടെ അത് പോയി. ഇനി താഴേക്കു ട്രിപ്പ്‌ അടിക്കുന്ന ബസിൽ കയറണം. അപ്പോൾ ആണ് കൂടെ ഉള്ള രണ്ടു ചേച്ചിമാരെ കാണാനില്ലെന്നു മനസിലായത്. വീണ്ടും കാത്തു നിൽപ്പിന്റെ മുറുമുറുപ്പ്. മൈക്ക് ഉണ്ടേൽ പേര് വിളിച്ചു പറഞ്ഞു വരാൻ അഭ്യർത്ഥിക്കാമായിരുന്നു. ആ സംവിധാനം അവിടില്ല. അവർ മുകളിൽ തന്നെ നിൽക്കുകയാണോ എന്നറിയാൻ ഇനി കയറ്റി വിടുകയും ഇല്ല.ഞങ്ങൾ ത്രിശങ്കു സ്വർഗത്തിൽ പെട്ട് നിന്ന നേരത്ത്  താഴേക്കുള്ള രണ്ടു ബസുകൾ കടന്നു പോയി.
 
അപ്പോൾ ആണ് ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങി വന്ന കൂട്ടുകാരി അവർ" റ്റാറ്റാ" പറഞ്ഞു ഒരു ബസിൽ കേറി പോയെന്നു പറഞ്ഞത്. ആ തണുപ്പിലും ചിലരിൽ രോഷം തിളച്ചു പൊന്തി.
 
പിന്നെ ഒന്ന് തണുത്തു ബസിൽ കയറി .താഴെ എത്തിയപ്പോൾ കാണാതെ പോയ രണ്ടു ചേച്ചിമാരും നീല കമ്പിളി തൊപ്പിയും വെച്ചു ഒറ്റപ്പെട്ടു പോയതിൽ ടെൻഷൻ അടിച്ചു ബസുകളിലേക്ക് നോക്കി  കണ്ണ് മിഴിച്ച് നിൽക്കുന്നതാണ് കണ്ടത്.
 
ലീഡർ ഒന്ന് കൂടി തിളച്ചു മറിഞ്ഞു. ഒടുവിൽ ഞങ്ങൾ വണ്ടിയിൽ കയറി യാത്ര തുടർന്നതിനിടയിൽ ആണ് ചിരിച്ചു ശ്വാസം മുട്ടിച്ച ആ തമാശ എന്റെ വലതു വശത്തെ സീറ്റിൽ  പേരക്കുട്ടിയുമായി ഇരുന്ന കൂട്ടുകാരി പറഞ്ഞത്. 
 
അല്പവസ്ത്രം ധരിച്ച ഒരു മദാമ്മയും സായിപ്പും വഴിയരികിൽ നിൽക്കുന്നു. സായിപ്പ് വളരെ സൂക്ഷ്മതയോടെ മൊബൈലിൽ പാറക്കല്ലിന്റെ അടിയിൽ കണ്ട എന്തിന്റെയോ ഫോട്ടോ എടുക്കുന്നു.മദാമ്മയോട് പറയുന്നു..
 
 "See This is the small baby of that varayaatu "കൂട്ടുകാരി നോക്കിയപ്പോൾ കണ്ടത് ഒരു ചെറിയ അരണയെ. ഇംഗ്ലീഷും മലയാളവും കൂട്ടി കലർത്തി അവൾ പൊടുന്നനെ പറഞ്ഞു
 
"നോ.. This is അരണ.not വരയാട് ബേബി "
 
"വാട്ട്‌.. അ.. ര.. ണ."  സായിപ്പ് സംശയാലു ആയി.
 
"യെസ് ദിസ്‌ ഈസ്‌   കേരളാസ് അരണ"  സായിപ്പ് കൂടുതൽ ഇംഗ്ലീഷ് പൊട്ടിക്കും മുൻപ്  അവൾ   കാര്യം തീർപ്പാക്കി സ്ഥലം വിട്ടു.അത്   കേട്ടവർ ഒക്കെ ചിരിച്ചു മറിഞ്ഞു.
 
എന്നാലും ഒരു വരയാടിന്റെ കുഞ്ഞ് അരണയോളമേ വരൂ എന്ന് വിചാരിക്കാൻ മാത്രം ബുദ്ധിയെ ആ സായിപ്പിന് ഉള്ളോ എന്ന് ആശ്ചര്യത്തോടെ എല്ലാവരും ചിന്തിച്ച നേരത്താണ് അരണ യുടെ ഇംഗ്ലീഷ് എന്തെന്ന് ഞാൻ ചിന്തിച്ചത്. ചോക്ലേറ്റ് ബേബി lizard എന്ന് പറഞ്ഞു. ഓന്തിനും lizard എന്നാണെന്നു പറഞ്ഞു. ഞാൻ അർത്ഥം തിരക്കിയ പുസ്തകപ്രസാധക സുഹൃത്ത്‌ ആദ്യം അങ്ങനെ പറഞ്ഞെങ്കിലും പിന്നെ തിരുത്തി" skink" എന്ന് പറഞ്ഞു തന്നു. പരിഭാഷ ചെയ്യാറുള്ള എനിക്ക് അരണയുടെ ഇംഗ്ലീഷ് പദം അറിയില്ലായിരുന്നു. അത് skink എന്ന് പഠിക്കാൻ അവസരം തന്ന സായിപ്പിന് ഞാൻ  മനസാ നന്ദി പറഞ്ഞു യാത്ര തുടർന്നു.
 
വഴിയോരത്തു നിന്ന്  കോഴിയെ പുഴുങ്ങി ചേർത്ത ഒരു വ്യാജൻ തലശ്ശേരി ബിരിയാണി വിശക്കുന്ന കുടലുകൾ  ഒരു രുചിയും ഇല്ലാതെ നിർവികാരതയോടെ ഏറ്റു വാങ്ങി. ശരീരത്തിന്റെ വിളിയിൽ വിശപ്പിന്റെ വിളിക്കും പ്രാധാന്യം ഏറെ ഉണ്ടല്ലോ "തലശ്ശേരി ബിരിയാണി" എന്ന് എഴുതി വെച്ചവന്റെ തല കല്ലെറിഞ്ഞു പൊട്ടിക്കാൻ തോന്നി എങ്കിലും കിട്ടിയത്  എല്ലാവരും കഴിച്ചു.
 
പിന്നീട് Echo pointil എത്തി. കൂവിയാൽ തിരികെ echo കിട്ടും അതല്പം ദൂരെ ആണ് കൂവാൻ തോന്നുന്നവർക്ക്‌   പോയി ചുമ്മാ ഒന്ന് കൂവീട്ടു പോരാം. ആരും പോയില്ലെങ്കിലും വഴിയോരത്തു പാർക്ക്‌ ചെയ്ത കാറിന്റെ മറവിൽ നിന്ന് വന്ന രണ്ടു ചേച്ചിമാർ ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്തി...കാര്യം ചോദിച്ചപ്പോൾ  അവർ പറഞ്ഞു 
 
"ആണുങ്ങൾ മുണ്ടും പൊക്കി വഴിയോരത്തു നിന്ന് സ്വതന്ത്രമായി ചെയ്യുന്ന കാര്യം പെണ്ണുങ്ങളും ഒരു മറ ഉണ്ടേൽ ചെയ്തെന്നു വരും."എന്ന്.
 
"അപ്പോൾ ആ കാർ വിട്ടു പോയിരുന്നേൽ എന്ത് ചെയ്തേനെ" എന്ന ചോദ്യത്തിന് "പോയേൽ പോകും ഞങ്ങൾ കാര്യം സാധിക്കും" എന്ന് അവർ ധൈര്യത്തോടെ പറഞ്ഞു.  അതാണ്‌ പെണ്ണുങ്ങൾ.ഒട്ടും ഭയമില്ലാതെ .സ്ത്രീ പുരുഷ സമത്വം  വഴിയോരത്തു നടപ്പിലാക്കിയവർ . 
 
പിന്നെ കണ്ട പൂക്കളുടെ പറുദീസ ആയ റോസ് ഗാർഡൻ വല്ലാതങ്ങു കൊതിപ്പിച്ചു. മടക്ക യാത്രയിൽ ഇടയ്ക്കിടെ ചോക്ലേറ്റ് ബേബിയെ വാൾ വെയ്ക്കുമെന്ന ചിന്ത ഉപദ്രവിക്കുകയും വേറെ ചിലരും വാളു വെയ്ക്കാൻ പുറത്തിറങ്ങിയതും ഒഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഛർദി കണ്ടു ബേബിയുടെ മുത്തശ്ശിയും ഒരു ശക്തമായ വാൾ വെക്കുകയും അത് കണ്ടു ഹോട്ടലിന്റെ  പിന്നിലെ മുറ്റത്തിരുന്ന പൂച്ചക്ക് വയറിളകിയതും ഞങ്ങൾ രണ്ടു മൂന്ന് പേരെ കണ്ടുള്ളു.
 
അങ്ങനെ പതിനൊന്നു മണിയോടെ തിരികെ കൃഷ്ണന്റെ കാരുണ്യം  എല്ലാവരെയും ബസ് ഇറക്കി. കൂട്ടുകാരി അമ്പലപ്പറമ്പിലൂടെ   വീട് വരെ വന്നപ്പോഴും ഇടയ്ക്ക് എപ്പോൾ മുതലോ പിന്തുടരാൻ തുടങ്ങിയ ഒരാൾ നിലാവിരലാൽ  തൊട്ടു ചോദിച്ചു
 
"യാത്ര സുഖം അല്ലായിരുന്നോ "?
 
ആരായിരിക്കും അതെന്നു പറയുന്നവർക്ക് സമ്മാനം...
 
ചട്ടിയിൽ ഉണ്ട്‌ കുട്ടിയിൽ ഇല്ല
ഇന്ദ്രനിൽ ഉണ്ട് നന്ദനിൽ ഇല്ല.
മാനിൽ ഉണ്ട് മയിലിൽ ഇല്ല.
താമസം ഭൂമിയിൽ അല്ല.
 
അറിയാമെങ്കിൽ കമന്റ്‌ ബോക്സിൽ വരൂ..ഇഷ്ടപ്പെട്ടെങ്കിൽ ചൂണ്ടു വിരൽ കൊണ്ടു ആ തള്ള വിരൽ ബട്ടൺ ഒന്നമർത്തുക. കാണുമ്പോൾ "ചേച്ചീ എഴുത്ത് ഒരുപാട് ഇഷ്ടം ആണ്..ഞങ്ങൾ വായിക്കാറുണ്ട് "എന്ന് പലരും പറയാറുണ്ടെങ്കിലും ലൈക്‌ അടിയ്ക്കാതെ  പോകുന്നതിനാൽ ആരൊക്കെ വായിച്ചു എന്ന്  പലപ്പോഴും അറിയാനും പറ്റാറില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക