Image

നീ ക പുസ്തകോത്സവത്തിനു പോണില്ലേ (പി.സീമ)

Published on 03 February, 2024
നീ ക പുസ്തകോത്സവത്തിനു പോണില്ലേ (പി.സീമ)
 
നീ ക പുസ്തകോൽസവത്തിനു പോണില്ലേ....?
പോകാൻ വിവരമുള്ള ആൾക്കാർ ഒക്കെ പറയുന്നുണ്ട്.. പ്രതിഭാശാലികളായ ഒരുപാട് പേര് വരികയും മിണ്ടിപ്പറഞ്ഞി രിക്കുകേം ഒക്കെ ചെയ്യുന്ന ഉത്സവം.. അതിലൊക്കെ പോകാനും വേണ്ടി പ്രതിഭ ഒന്നും നിയ്ക്കില്ല."
 
"നിന്റെ പ്രതിഭ ഒക്കെ എങ്ങോട്ട് പോയി.? നീ ഏതാണ്ടൊക്കെ എഴുതാറുണ്ടാരുന്നല്ലോ കഥയോ കവിതയോ വിവർത്തനോ ഒക്കെ."
 
"എന്റെ പ്രതിഭ ഒക്കെ ഞാൻ 19 വയസ്സില് അടുക്കളേൽ കേറി അടുപ്പിൽ ഇട്ടു കത്തിച്ചു മത്തി വറുത്തില്ലേ . അതിന്റെ  ബാക്കി പൊക ആണ് ഇപ്പൊ  കാണുന്നത് ഒക്കെ "
 
"കത്തിക്കാൻ നിന്നോടു ആരാ പറഞ്ഞെ?. അച്ഛൻ മഹാരാജാസ് കോളേജിൽ കൊണ്ടു പോയ്‌  മലയാളം പഠിക്കാൻ ചേർത്ത നീ പഠിച്ചു ചെങ്കോലും കിരീടവും ഒക്കെ ഉള്ള രാജകുമാരി ആകേണ്ടത് അല്ലാരുന്നോ... കഷ്ടായി."
 
"അതേ ഇപ്പൊ ചെങ്കോലും ല്ല്യ കിരീടോം  ല്ല്യ... മുത്തശ്ശിയുടെ കടകോൽ മാത്രം ണ്ട്.,"
 
"എന്നാപ്പിന്നെ തൈര് കടഞ്ഞു വെണ്ണ എടുത്തു കൃഷ്ണന് കൊണ്ടു പോയി കൊടുക്ക്...19 വയസ്സ് മൊതല് അയൽക്കാരി ആയതല്ലേ.. വേണേൽ ഈ വീട് പൊളിച്ചു ഒരു അമ്പലം പണിയാൻ പറയ്... ഇനീപ്പോ അതേ നടപ്പുള്ളൂന്നാ തോന്നുന്നേ അമ്പലത്തിന്റെ അടുത്തു ദോഷം ദോഷം എന്നല്ലേ   വിൽക്കാതെ ഇരിയ്ക്കാൻ ആൾക്കാരുടെ ഒരൂട്ടം വർത്താനം .. അതല്ലേ വിൽക്കാൻ പറ്റാത്തത് "
 
"എന്ത് ദോഷമാ...എന്റെ പ്രതിഭ കത്തി പോയെങ്കിലും  അതിന്റെ പൊക ബാക്കി  ഉണ്ടല്ലോ. നിയ്ക്കു അത് മതി. പിന്നെ കുട്ട്യോൾക്ക് അതുങ്ങളുടെ കുടുംബം പട്ടിണിക്കിട്ടിട്ടു ഇത്രേം വല്യ കടം വീട്ടാനുള്ള എമണ്ടൻ ജോലി ഒന്നുമില്ല്യ. കൈക്കൂലി കള്ളക്കടത്ത് ഒന്നും അറിയാനും മേല."
 
"നിന്നോട് ആരാ ഈ 19 വയസ്സിൽ ഒക്കെ പോയി താലിച്ചരടിൽ കെട്ടി തൂങ്ങാൻ പറഞ്ഞെ.  പൊട്ടി "
 
"അത് ഇനി പറഞ്ഞിട്ടും കാര്യോല്ല്യ .. ന്റെ അച്ഛൻ പറഞ്ഞതാ അവള് ചെറുതാ ശരീരം പോലും  മുഴുവൻ വളർന്നിട്ടില്ല .. അമ്മയോട് "നിന്റെ അനുജത്തിയെ കൊണ്ടു കാണിക്കാം ഈ ചെക്കനെ" എന്ന്. അപ്പൊ അമ്മയല്ലേ പറഞ്ഞെ ഇവിടെ അടുത്തല്ലേ കടലാസ്സ് നിർമ്മാണ ഫാക്ടറിയിൽ അല്ലേ ചെക്കന്റെ ജോലി. അവള് ദൂരെ പോകൂല്ല അടുത്തു കിടന്നോളും... എന്നൊക്കെ "
 
"ചുരുക്കം പറഞ്ഞാൽ  ഇരുപതിൽ പെറ്റു മൂക്കാതെ കുരുട്ടടച്ചു പോയല്ലേ ജീവിതോം ശരീരോം ഒക്കെ. ഏതായാലും നിന്റെ കുഞ്ഞമ്മ രക്ഷപെട്ടു.അല്ലേൽ ഇപ്പോൾ  കടലാസ്സു പോലെ  പൊകഞ്ഞു ല്ല്യാണ്ടായേനെ പാവം."
 
"ന്റെ കുഞ്ഞമ്മയ്ക്ക് ഗജകേസരി യോഗം ഒള്ളതാ...ഇങ്ങനൊന്നും വരൂല്ല... ന്റെ   ഈ ആയില്ല്യ മഹാ യോഗം ന്താന്ന് ആലോചിച്ചിട്ട്   നിയ്ക്കു ഒരു പിടീം ല്ല്യ..പാമ്പൻ മാർക്ക് അറിയാമാരിക്കും.  നിയ്ക്കു ഇങ്ങനെ ഒരു യോഗം ഉണ്ടാകാൻ ആവും ന്റെ പുള്ളിക്കാരൻ കപ്പല് നിർമ്മാണശാലേന്ന് എപ്പോ വേണേലും പൊകഞ്ഞു തീരാവുന്ന ഈ കടലാസ്സ് കമ്പനിലേയ്ക്ക് വന്നത്... ല്ലേ...ആള് പോയ്‌... ഇപ്പൊ കുറച്ച് അക്ഷരം മാത്രം എന്റെ കയ്യിലുണ്ട്.. അത് ചുമ്മാ കൊടുക്കൂല്ല.. വിറ്റു കാശാക്കണം ."
 
"നന്നായി ഇപ്പോൾ എങ്കിലും ഒരു ഊർജ്ജം വന്നല്ലോ.. ആ ആഞ്ചല മേരി പുസ്തകം ഇപ്പോഴും ബാക്കി ണ്ടല്ലോ.. ആൾക്കാര് ചുണ ഉള്ളോർ പുസ്തകം ഇറക്കുന്നതും ഫേസ്ബുക്കിൽ പരസ്യം കൊടുക്കണ തും ഒക്കെ കണ്ടു പഠിക്ക് അങ്ങനെയാ പ്രതിഭ വളർത്തുന്നേ..അല്ലാതെ വീട്ടിൽ കുത്തി ഇരുന്നിട്ടല്ല."
 
"അതൊക്കെ നിയ്ക്കു അറിയാം.. ഞാൻ ഇങ്ങനെ അങ്ങ് ഒതുങ്ങി കൂടുന്നതല്ലേ. ഇതൊക്കെ പോരേ?"
 
"നീ നന്നാവൂല്ല. കഴിഞ്ഞ കൊല്ലം തിരുവന്തോരത്ത് മന്ത്രി നിന്റെ വിവർത്തനപുസ്തകം പ്രകാശിപ്പിച്ചിട്ടും നീ പോയില്ലല്ലോ... ഫിറട്ട് സുനൽ   ട്രാൻസ്ലേറ്റർ ആയ നിന്നെ തിരക്കീല്ലേ...ഒർജിനൽ എഴുത്തുകാരൻ..അപ്പോ നീ  ആരും കൂട്ടില്ലെന്നും പറഞ്ഞു വീട്ടിൽ കുത്തിയിരുക്കുവല്ലാരുന്നോ. ഒറ്റയ്ക്ക് പോയാ ന്താത്ര കൊഴപ്പം .കുറുക്കൻ പിടിച്ചോണ്ട് പോകുവോ?."
 
"ഒർജിനൽ ആൾ ഇംഗ്ലീഷിൽ ഒക്കെ വല്ലതും ചോദിച്ചിരുന്നേൽ ഞാൻ മംഗ്ലീഷ് ആയേനെ..ഇങ്ങോട്ട് എല്ലാം മനസ്സിലാകും ങ്കിലും അങ്ങോട്ട് കൊഞ്ചം കൊഞ്ചം ഇംഗ്ലീഷ് വരുള്ളൂ ട്ടോ . ന്നാലും പറയും...  നീ ആരാ എന്റെ കാര്യം ഒക്കെ ഇത്ര കൃത്യമായി പറയാൻ ജ്യോൽസ്യനോ "
 
"ഞാൻ നിന്റെ കൂടെ   ഉണ്ടാരുന്നതാ കുറെ കാലം. നിന്റെ അമ്മ ഇവിടെ എന്നെ കൊല്ലാൻ വരണുണ്ട്.. "അവള് അവിടിരുന്നോട്ടെ പെണ്ണുങ്ങള് വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നാ മതി.. ഒറ്റയ്ക്കിപ്പോ എങ്ങടും പോണ്ട അതിനല്ലേ ഞാൻ അവളുടെ കാൽ മുട്ട് തേച്ചു കളഞ്ഞത്  " എന്നൊക്കെ പറയുന്നു ണ്ട് "
 
"അതല്ലേ അന്ന് ഞാൻ ഒരാള് നോക്കി ഒന്നു ചിരിച്ചപ്പോ തന്നെ വേലി ചാടി കണ്ടത്തിലൂടെ ഓടി ഒടുക്കം ഇപ്പൊ തോട്ടിൽ പോയത്.. അമ്മയ്ക്ക് അങ്ങനെ തന്നെ വേണം ന്നു പറഞ്ഞേര്... ന്നാലും നീ ആരാന്നു പറഞ്ഞില്ലല്ലോ."
 
"അത് എന്റെ ഒറിജിനൽ ഭാഷ കേൾക്കുമ്പോ നിനക്ക് മനസ്സിലാകും. കേട്ടോ ബൗ... ബൗ.. ബൗ...ഇതാ ന്റെ ഭാഷ.. ആ ശ്രീരാമേട്ടൻ ഒരു മാൾട്ടീനെ കുറിച്ച് എഴുതണത് കാണുമ്പോങ്കിലും നീ എന്നെ കുറിച്ച് എഴുതും ന്നോർത്തു.."
 
"നല്ല ചേലായി ശ്രീരാമേട്ടൻ ആരാ.. സിൽമാ നടൻ അല്ലേ.. അത് പോലെ ആണോ ഈ വീട്ടിൽ കുത്തീരിക്കണ ഞ്യാൻ.."
 
"അതല്ലേ പറഞ്ഞെ ആ "ക" പുസ്തകോത്സവത്തിൽ പോകാനും നാലാളെ കാണാനും ഒക്കെ.. ക യുടെ കൂടെ ഒരു ഥ ചേർത്താൽ നീ എഴുതണ ഒരൂട്ടം ആയില്ലേ..കഥ...മാത്രൂമീല് ഒന്നും വന്നില്ലേലും സാരല്യ.. എഴുതിക്കോ.. ചുമ്മാ.. എങ്ങോട്ടെങ്കിലും ഒക്കെ അയക്ക്.."
 
"നീ എന്റെ ചിന്നൻ പോം ആണ് ല്ലേ..അന്ന് കൂട്ടിൽ കിടക്കാൻ മടി പിടിച്ചു വാശിയിൽ കുരച്ചു കുരച്ചല്ലേ നിനക്ക് ചുമ വന്നു ചത്തു പോയത്... സങ്കടമാ... നിയ്ക്കു നിന്നെ ഓർക്കുമ്പോ....സ്വർഗ്ഗത്തിലെ ഭാഷ മലയാളം ആണ് ല്ലേ.. നിനക്കും.."
 
"അതേ  ഏതു രാജ്യത്തിൽ പോയാലും സ്വപ്നം കാണുന്നത് പോലും മലയാളത്തിൽ വേണം ന്നല്ലേ എം. ടി സാറ് പറഞ്ഞേക്കുന്നെ...ഭൂമീല് ആയിരുന്നപ്പോ ഞാൻ ഭൗ ഭൗ ബൗ എന്നൊക്കെ എത്ര പ്രാവശ്യം കുരച്ചതാ.. അതിന്റെ അർത്ഥം ന്താന്ന് നിനക്ക് മനസ്സിലായും ല്ല്യ."
 
"ന്താ അർത്ഥം.. നിയ്ക്കു അറീല്ലല്ലോ ഭൂമീലെ നിന്റെ ഭാഷ."
 
"അത് പെണ്ണ് കെട്ടണം കെട്ടണം കെട്ടണം.. ന്നായിരുന്നു.. ചാകുവോളം ഞാൻ ഒരു പെണ്ണിനെ തൊട്ടിട്ടുണ്ടോ..കൊതി ആയിരുന്നു.പെണ്ണ് കെട്ടാൻ....നീ ദുഷ്ടയാ പരമ ദുഷ്ട.."
 
"നേരാ ഞാൻ ഓർത്തിട്ടുണ്ട്.. പക്ഷെ നടത്താൻ പറ്റീല്ല്യ.. സോറി ഡാ.. അവിടൊക്കെ നല്ല ബൗ ബൗ പെണ്ണുങ്ങൾ ഇല്ലേ "
 
"ഒണ്ട്.. ന്നാലും നിക്ക് ഇഷ്ടം ആ മാൾടീനെ പോലെ ഒരെണ്ണത്തിനെ വേണം ന്നാ എന്ത് ബുദ്ധിയാ അവൾക്കു.. എന്ത് ലോക കാര്യങ്ങളാ അവള് പറയണത്... അങ്ങനെ ബുദ്ധി ഉള്ള ഒരെണ്ണം വേണം "
 
"ശ്രീരാമേട്ടൻ കേൾക്കണ്ട ട്ടോ നിന്നെ ഓടിക്കും.. അവൾക്കു വേറെ കല്യാണം ഒക്കെ ആലോചിക്കുന്നുണ്ട്."
 
"അല്ലേലും പോയേക്കുവാ അപ്പൊ നീ ആലോചിച്ചിട്ട് ആ ക പുസ്തകം ഉത്സവത്തിൽ പോ.. ഇല്ലേൽ വീട്ടിൽ ഇരുന്നിരുന്നു വെറും ഠ ആയി പോകും ട യുടെ അപ്പുറത്തെ ഠ അല്ല 10   ലെ വട്ടപ്പൂജ്യം."
 
"ന്നാ പോകാം ട്ടോ അതെന്താ അവിടുന്നു "ട്ടേ "എന്നൊരു ഒച്ച കേട്ടത്.. പടക്കം പൊട്ടിച്ച പോലെ ?"
 
"അത് നിന്റമ്മ തല്ലിയതാ... നിന്നോട് ഓരോന്ന് പറഞ്ഞു എരിപിരി കേറ്റിയ തിന്.. നടുമ്പുറത്തിട്ടാ  തല്ലിയത് വടി ഒടിഞ്ഞു ന്നാ തോന്നണേ... അതോ എന്റെ നടുവോ .. ഭൗ..ബൗ ബൗ..പോയിട്ട്  ഇനി പിന്നെ  വരാം ട്ടോ.. ഇനീം നിന്നാൽ നിന്റമ്മ എന്നെ തല്ലി കൊല്ലും. ഒന്നും കൂടി ചാകേണ്ടി വരും.. "
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക