കാലിഫോര്‍ണിയയിലെ, സാന്‍ ഹൊസെയില്‍ നിന്നും ജൂലൈ മാസത്തിലെ ഒരു മധ്യാഹ്നത്തില്‍ മൂന്നര മണിക്കൂര്‍ യാത്ര ചെയ്യേണ്ട, യോസെമെറ്റി നാഷണല്‍ പാര്‍ക്കിലേക്ക് ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഒരുമണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ പാതക്കിരുവശവും നിരനിരയായി നിലനില്‍ക്കുന്ന തവിട്ടു നിറത്തിലുള്ള മൊട്ട കുന്നുകള്‍ കാണാറായി. എന്തുകൊണ്ടായിരിക്കും വൃക്ഷ ലതാതികള്‍ ഒന്നും തന്നെ ഈ കുന്നുകളില്‍ വളരാത്തത്? പുഴകളും മലകളും പര്‍വ്വതങ്ങളുമുള്ള ഈപ്രദേശത്തിന്റെ ചരിത്രം അറിയാനായി വിവര സാങ്കേതിക ജാലകത്തില്‍ പരതിനോക്കി.
നാനൂറ് മൈല്‍ നീളത്തിലും അമ്പതു മൈല്‍ വീതിയിലും തെക്ക് വടക്കായി നീണ്ട് കിടക്കുന്ന കാലിഫോര്‍ണിയയിലെ സിയേറ നെവാദ പര്‍വ്വത നിരകളിലെ അത്യാകര്‍ഷകമായ വിനോദ സഞ്ചാരകേന്ദ്രമാണ് യൊസെമെറ്റി നാഷണല്‍പാര്‍ക്ക്. നൂറ് മില്ല്യണ്‍ (പത്തു കോടി) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ അന്തര്‍ഭാഗത്ത് ഗ്രാനൈറ്റ് പാറകള്‍ രൂപപ്പെട്ടു. അഞ്ചു മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രാനൈറ്റ് പാറകള്‍ക്കടിയില്‍ സ്ഥിതിചെയ്തിരുന്ന പ്ലേറ്റുകള്‍ നീങ്ങാന്‍ തുടങ്ങുകയും ഗ്രാനൈറ്റിനെ ഭൂമിക്ക് മുകളിലേക്ക് ഉയര്‍ത്തികൊണ്ടുവരുകയും ചെയ്തു. ചില പ്രദേശങ്ങളില്‍ ഗ്രാനൈറ്റിനോടൊപ്പം സ്വര്‍ണ്ണവും മുകളിലേക്ക് ഉയര്‍ന്നുവന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് അടി ഉയരത്തില്‍ പര്‍വ്വതങ്ങള്‍ രൂപപ്പെട്ടു. ഭൂമിയുടെ ഉപരിതലത്തിലൂടെ ഉയര്‍ന്നുവന്നതുമൂലം, മലകളുടെ മുകളില്‍ ആദ്യകാലങ്ങളില്‍ മേല്‍മണ്ണ് നിലനിന്നിരുന്നു. അതിനുമുകളില്‍ ശൈത്യ കാലത്ത് മഞ്ഞുപാളികള്‍ രൂപപ്പെടുകയും, വേനലാകുമ്പോള്‍ മഞ്ഞുപാളികള്‍ ഉരുകി താഴേക്ക് പതിക്കുകയുമുണ്ടായി. ഈ പ്രക്രിയ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ തുടര്‍ന്നു പോന്നപ്പോള്‍ മേല്‍മണ്ണ് മുഴുവന്‍ ഒഴുകിപോവുകയും, പര്‍വതങ്ങളുടെ മുകള്‍വശം ഗ്രാനൈറ്റ് പാറകള്‍ മാത്രമായിതതീരുകയും ചെയ്തു. 14505 അടി ഉയരത്തിലുള്ള മൗണ്ട് വിറ്റ്‌നിയാണ് ഈ മേഖലയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതം.
കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട്, മൈലുകള്‍ വീണ്ടും സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍, ചില മലകള്‍ക്കു മുകളില്‍, മനുഷ്യര്‍ അവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്ന് വിളിച്ചറിയിക്കാനായി, മേഘ പടലങ്ങളിലേക്ക് എത്തിനോക്കിനില്കുന്ന വിദ്യുച്ഛക്തി ടവറുകള്‍ കാണാന്‍ സാധിച്ചു . വീണ്ടും യാത്ര തുടര്‍ന്നപ്പോള്‍, മലയിടക്കുകള്‍ക്കിടയിലെ താഴ്വാരത്തിലൂടെ വളഞ്ഞു പുളഞ്ഞു മന്ദം മന്ദം നീങ്ങുന്ന ഒരു നദി. വിസ്തൃതമായ അടിവാരത്തില്‍ ഇടക്കിടക്ക് വലിയ തടാകങ്ങള്‍. തടാകങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ ചെറിയ അണക്കെട്ടുകളും വൈദ്യുതി നിലയങ്ങളും.
കുത്തനെ ചരിവുകളുള്ള മലകളില്‍ അമ്പതുമീറ്ററോളം വീതിയില്‍ മലയുടെ മുകളില്‍ നിന്നും താഴേവരെ കോണ്‍ക്രീറ്റ് ചെയ്തിട്ടിരിക്കുന്നു. പൊടുന്നനെ പേമാരികള്‍ സംഭവിക്കുമ്പോള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവാതിരിക്കാനാണ് മലയുടെ പാര്‍ശ്വങ്ങള്‍ ബലപ്പെടുത്തിയിരിക്കുന്നത്. തടസ്സം കൂടാതെ മലമുകളില്‍ നിന്നും വെള്ളം താഴേക്കൊഴുകിയെത്താനും ഈ കോണ്‍ക്രീറ്റ് മാര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു.
സമതലങ്ങളായി കാണപ്പെടുന്ന ചില പ്രദേശങ്ങളില്‍ കോണ്‍ക്രീറ്റിനാല്‍ നിര്‍മ്മിക്കപ്പെട്ട ചതുരാകൃതിയിലുള്ള വലിയ കുളങ്ങള്‍. മഴസമയത്ത് മാത്രം ഈ കുളങ്ങളില്‍ ജലം വന്നു നിറയുകയും അവിടെ നിന്നും ചെറിയ അളവില്‍ വെള്ളം താഴേക്ക് ഒഴുകുകയും ചെയ്യും. പെട്ടെന്നുണ്ടാകാന്‍ സാധ്യതയുള്ള പ്രളയത്തെ നിയന്ത്രിക്കാനാണ് ഇടക്കിടെ ജലസംഭരണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അന്നത്തെ യാത്ര മതിയാക്കി ദേശീയ ഉദ്യാനത്തിനടുത്തുള്ള ഹോട്ടലില്‍ സന്ധ്യ സമയത്ത് ചേക്കേറുമ്പോഴും, പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ അമേരിക്കക്കാര്‍ എടുക്കുന്ന മുന്‍കരുതലുകളെ കുറിച്ചോര്‍ത്ത് അത്ഭുതപ്പെട്ടുകൊണ്ടേയിരുന്നു.
അതിരാവിലെ ഹോട്ടലിനോട് വിടപറയുമ്പോള്‍ രണ്ട് പ്രദേശ വാസികള്‍ (കരടി കളുടെ പ്രതിമകള്‍) ഞങ്ങള്‍ ആ ഹോട്ടലില്‍ താമസിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് പുറത്തേക്കുള്ള റോഡിനരികില്‍ നില്കുന്നു. കരടികളോട് യാത്രപറഞ്ഞ്, പാര്‍ക്കിനുള്ളിലേക്കുള്ള യാത്ര ഞങ്ങള്‍ ആരംഭിച്ചു. രണ്ടു ടണലുകള്‍ക്കുള്ളിലൂടെ പോകുന്ന പാത, മലഞ്ചരുവുകളില്‍ വിനോദ സഞ്ചാരികളെ എതിരേല്‍ക്കാന്‍ നില്‍ക്കുന്ന പൈന്‍ മരങ്ങള്‍.
താഴ്വാരത്തില്‍ കാണപ്പെടുന്ന പുല്‍മേടുകള്‍, എല്ലാം വിവരണാതീതമായ അനുഭൂതി പകര്‍ന്നുനല്‍കി.
റോഡുപണി നടക്കുന്നതുകൊണ്ട് പതിനഞ്ചു മിനിറ്റോളം വാഹനം നിര്‍ത്തിയിടേണ്ടതായി വന്നു. റോഡില്‍ നിന്നും താഴ്വാരത്തിലേക്ക് കണ്ണോടിച്ചപ്പോള്‍, വിണ്ണിലെ അജ്ഞാത വാസം കഴിഞ്ഞ്, പ്രഭാത സവാരിക്കിറങ്ങിയ ഒരു മഴവില്ല്, ഞങ്ങള്‍ക്ക് സ്വാഗതം ഓതികൊണ്ട്, താഴ്വാരത്തില്‍, പരന്നുകിടക്കുന്ന പുല്‍പ്പരപ്പിനുമുകളില്‍ കണ്ണുപൊത്തി കളിക്കുന്നു. അപൂര്‍വമായി കാണാന്‍ സാധിക്കുന്ന മാരിവില്ലിന്റെ ദര്‍ശനം, ബാല്യകാലത്തില്‍ കേട്ടുമറന്ന, പൂവച്ചല്‍ ഖാദര്‍ രചിച്ച സിനിമാ ഗാനത്തെ ഓര്‍മ്മയിലേക്ക് ഓടിയെത്തിച്ചു.
'മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു
മണി മുകില്‍ തേരിലിറങ്ങീ
മരതക കിങ്ങിണി കാടുകള്‍ പുളകത്തിന്‍
മലരാട ചുറ്റിയൊരുങ്ങി'
പ്രകൃതി പകര്‍ന്നു നില്‍കിയ അനുഭൂതിക്കനുയോജ്യമായ വരികള്‍ ആവോളം നുണഞ്ഞുകൊണ്ട് വീണ്ടും യാത്ര തുടര്‍ന്നു. റോഡു പണിനടക്കുന്ന സ്ഥലത്തുകൂടി വാഹനം മെല്ലെ കടന്നുപോകുമ്പോള്‍ ട്രാഫിക് നിയന്ത്രിക്കാനായി നില്‍ക്കുന്ന റോഡുപണിക്കാരന്‍ വളരെ സന്തോഷത്തോടെ 'സഞ്ചാരികള്‍ക്ക് പാര്‍ക്കിലേക്ക് സ്വാഗതം' എന്ന് വിളിച്ചുപറയുന്നു.
ഏഴ് സ്‌ക്വയര്‍ മൈലില്‍ വ്യാപിച്ചു കിടക്കുന്ന പാര്‍ക്കിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ അനേകം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. ഒഴിവുള്ള ഒരു പാര്‍ക്കിങ്ങ് സ്ഥലം കണ്ടെത്തി. വാഹനം പാര്‍ക്ക് ചെയ്തതിനുശേഷം അവിടെനിന്നും ഷട്ടില്‍ ബസില്‍, ''വെര്‍ണല്‍ ഫാള്‍'' എന്ന ചെറിയ ഒരു വെള്ളച്ചാട്ടം കാണുവാനായി പുറപ്പെട്ടു. ഒന്നര മൈല്‍ കാട്ടരുവിയുടെ ഓരത്തിലൂടെ, ബാഷ്പ കണങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട കാട്ടുപാതയിലൂടെയുള്ള കയറ്റം ഒരു നൂതന അനുഭവമായിരുന്നു,
വലതുവശത്തുകൂടെ മദം പൊട്ടി ആര്‍ത്തട്ടഹസിച്ച് അതിവേഗത്തില്‍ പായുന്ന നദി. കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തു പെയ്ത മഴയാണ് അരുവിയെ അട്ടഹസിക്കുന്ന നദിയാക്കി മാറ്റിയത്. മലയിടുക്കുകളിലൂടെ ഒഴുകുന്ന നദികളില്‍ കാണപ്പെടുന്ന വലിയ പാറകള്‍ക്ക്, ഉരുണ്ട രൂപമായിരിക്കും. അനേകായിരം വര്‍ഷങ്ങളിലൂടെയുള്ള കുത്തൊഴുക്കിനാല്‍, പാറകളുടെ കൂര്‍ത്തുമൂര്‍ത്ത പ്രതലം അടര്‍ന്നടര്‍ന്ന് മിനുസപ്പെട്ട വൃത്താകൃതിയിലാവുന്നു. വെര്‍ണല്‍ ഫാളില്‍ നിന്നും ഉല്‍ഭവിക്കുന്ന നദിയില്‍ വളരെ അധികം മൂര്‍ച്ചയേറിയ പ്രതലങ്ങളുള്ള പാറക്കഷണങ്ങള്‍ കാണപ്പെട്ടു. അടുത്തസമയത്ത് ഉരുള്‍ പൊട്ടലുണ്ടായി നദിയില്‍ പതിച്ചതുകൊണ്ടായിരിക്കാം പാറകളുടെ പ്രതലങ്ങള്‍ ഇപ്പോഴും പരുപരുത്തിരിക്കുന്നത്. 'മിസ്‌ററ് ട്രെയില്‍' എന്നറിയപ്പെടുന്ന 400 അടി ഉയരത്തിലേക്കുള്ള കാട്ടുപാതയില്‍ ഒന്നര മൈല്‍ കയറികഴിയുമ്പോള്‍ ഒരു മരപ്പാലം ഉണ്ടെന്നും, അവിടെ നിന്നും വെര്‍ണല്‍ ഫാളിന്റെ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും എന്നും പാര്‍ക്കില്‍ നിന്നും ലഭിച്ച ലഘുലേഖയില്‍ സൂചിപ്പിച്ചിരുന്നു. ഇടക്കിടെ വിശ്രമം എടുത്ത്, ഏന്തിയും വലിഞ്ഞും ഒരുവിധത്തില്‍ പാലത്തില്‍ എത്തിച്ചേര്‍ന്നു. വെള്ളച്ചാട്ടത്തിന്റെ സമ്പൂര്‍ണ ദൃശ്യം, പൈന്‍ മരശാഖകള്‍കിടയിലൂടെ ഇടക്കിടെ എത്തുന്ന ശീത കാറ്റ് കാട്ടിത്തന്നു. അല്പസമയം പാലത്തില്‍ നിന്നപ്പോള്‍ മേല്‍വസ്ത്രങ്ങളില്‍ നിന്നും ജലകണങ്ങള്‍ ഇറ്റിറ്റു പതിക്കുവാന്‍ ആരംഭിച്ചു. നദിയില്‍ കാണപ്പെട്ട ശുദ്ധമായ വെള്ള നിറം, ഒഴുകുന്നത് ജലം തന്നെയോ, അതോ പാല്‍ നുര പതയോ എന്ന സംശയം ജനിപ്പിച്ചു. മലയുടെ മുകളില്‍ നിന്നും ആവേശത്തോടെ ഓടി എത്തി, പാറകള്‍ക്കു മുകളിലൂടെ ബാഷ്പകണങ്ങളായി ഉയര്‍ന്ന്, പാലത്തില്‍ നില്കുന്നു സന്ദര്‍ശകരെ ആശ്ലേഷിച്ച്, നാണം കുണുങ്ങി, താഴെയുള്ള വലിയ കല്ലില്‍ തടഞ്ഞ് ചുഴികള്‍ സൃഷ്ടിച്ച്, ഒളികണ്ണാല്‍ സന്ദര്‍ശകരെ തിരിഞ്ഞു നോക്കി, വിടപറയാന്‍ മടിയോടെ താഴേക്ക് ഗമിക്കുന്ന സുന്ദരിയായ കാട്ടരുവി!. പിന്നീട്,ചുറ്റുപാടുമുള്ള മലനിരകളില്‍ നിന്നും നിരവധി നീര്‍ച്ചാലുകള്‍ വന്നുചേര്‍ന്ന് കുത്തനെയുള്ള ഭാഗങ്ങളില്‍ എത്തുമ്പോള്‍ രൗദ്ര ഭാവം പൂണ്ട് അറഞ്ഞു തുള്ളുന്ന ഘോര രൂപിണിയായി മാറുന്നു. താഴേക്കിറങ്ങിയപ്പോള്‍ കാട്ടുപ്പാതയുടെ വശങ്ങളിലെ പാറകളും, മരത്തടികളും വിശ്രമ കേന്ദ്രങ്ങളാക്കി.
അങ്ങനെ, സമതലത്തിലെത്തിയപ്പോള്‍ അധികം ഉയരത്തിലേക്ക് കയറ്റമില്ലാത്ത, മറ്റൊരു ആകര്‍ഷണ കേന്ദ്രമായ, കണ്ണാടി തടാകത്തിലേക്ക് (മിറര്‍ ലേക്ക്) അടുത്തയാത്ര ആരംഭിച്ചു. ഷട്ടില്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നും ടെനയാ അരുവിയുടെ, അരികിലൂടെയുള്ള നടപ്പാതയിലൂടെ ഒരുമൈല്‍ ദൂരം പോയാല്‍ കണ്ണാടി തടാകം കാണുവാന്‍ സാധിക്കും. അധികവും നിരപ്പായ പ്രദേശത്തുകൂടിയാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. അവിടെ എത്തി തടാകത്തിലെ പ്രതിബിംബത്തിലേക്ക് നോക്കിയപ്പോള്‍,
'കണ്ണാടി ആദ്യമായെന്‍ ബാഹ്യരൂപം സ്വന്തമാക്കി'
എന്ന പരിഭവവുമായി ''ഹാഫ് ഡോം'' പര്‍വതത്തിന്റെ പ്രതിച്ഛായ ഞങ്ങളെ ഒളികണ്ണാല്‍ നോക്കുന്നു. പാര്‍ക്കില്‍ നിന്നും ലഭിച്ച ലഘു ലേഖയില്‍, പ്രദേശമാകെ നിറഞ്ഞു നിന്നിരുന്ന വലിയ തടാകമായിരുന്ന ''മിറര്‍ ലേക്ക്'' എന്നും, മണ്ണിടിച്ചല്‍ മൂലം ആഴം കുറഞ്ഞ്, കുറഞ്ഞ്, വേനല്‍കാലത്ത് വറ്റിപോകുന്ന ഒരു ചെറിയ ജലാശയമായി മാറി എന്നും എഴുതിയിരിക്കുന്നു. ചുറ്റുപാടുമുള്ള മലകളെ പൂര്‍ണരൂപത്തില്‍ പ്രതിഫലിപ്പിക്കുന്നത് കൊണ്ട് പത്താം നൂറ്റാണ്ടിലാണ് ഈ ജലാശയത്തിന് കണ്ണാടി തടാകം എന്ന്, തദ്ദേശ്ശ വാസികള്‍ നാമകരണം ചെയ്തത്. തടാകതീരത്ത് ''ഹാഫ് ഡോം'' പര്‍വതത്തെ ഇമവെട്ടാതെ നോക്കിയിരുന്നപ്പോള്‍ ആണ് അതുസംഭവിച്ചത്. ഹാഫ് ഡോമിന്റെ നിറം മദ്ധ്യാഹ്ന സൂര്യകിരണങ്ങളാല്‍ സ്വര്‍ണ്ണ വര്‍ണ്ണമാകുന്നു. കാലിഫോര്‍ണിയ സംസ്ഥാനം അറിയപ്പെടുന്നത് 'ഗോള്‍ഡന്‍ സ്റ്റേറ്റ് 'എന്നാകുന്നു. 1849 ലാണ് സ്വര്‍ണ്ണം കരസ്ഥമാക്കാന്‍ വളരെയേറെ ഭാഗ്യാന്വേഷികള്‍ കാലിഫോര്‍ണിയയില്‍ എത്തിച്ചേര്‍ന്നത്. എന്തായാലും ഹാഫ് ഡോമില്‍ ശരിക്കും സ്വര്‍ണ്ണമുണ്ടായിരുന്നു എങ്കില്‍ അവര്‍ സ്വര്‍ണ്ണം മുഴുവന്‍ പണ്ടേ കടത്തുമായിരുന്നു. ഇപ്പോള്‍ കാണുന്ന സ്വര്‍ണ്ണ നിറം സൂര്യകിരണങ്ങള്‍ മല മുകളില്‍ പതിപ്പിക്കുന്ന നിറഭേദം ആകുന്നു.
അടുത്തതായി പാര്‍ക്കിലെ ഏറ്റവും പ്രശസ്തമായ യോസെമെറ്റി വെള്ളച്ചാട്ടം കാണുവാനായി യാത്ര തിരിച്ചു. സമുദ്ര നിരപ്പില്‍ നിന്നും 7500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദേവലോകം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മനം മയക്കുന്ന ദൃശ്യങ്ങള്‍ മാത്രം. അനുഭവിച്ചറിയുന്ന ദൃശ്യ ചാരുത വിവരിക്കാന്‍ വാക്കുകളില്ലാതാവുന്നു. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലം.
കവികള്‍ ക്രാന്ത ദര്‍ശികര്‍ തന്നെ.
1976 ല്‍ യൂസഫലി കേച്ചേരി എങ്ങനെയാണ് അമേരിക്കയിലെ ഈ പ്രകൃതി സൗന്ദര്യം, ഒപ്പിയെടുത്ത വരികള്‍ എഴുതിയത്?
''സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീര്‍ത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയില്‍
അഴകെഴുന്നതത്രെയും
ഇവിടെയൊന്നു ചേര്‍ന്നലിഞ്ഞതോ. '
------------------------
'മനമറിയാതെ എന്‍ തനുവറിയാതെ
ഒരു ലഹരിയിലൊഴുകിടുന്നു ഞാന്‍
ഒരു ലഹരിയിലൊഴുകിടുന്നു ഞാന്‍''
അതെ--- ഈ പ്രകൃതി സൗന്ദര്യം, ലഹരിപിടിപ്പിച്ച് മനസ്സിനെ ഒരു ഉന്മാദ അവസ്ഥയിലേക്ക് എത്തിക്കുന്നു. ശരീരമനോബുദ്ധിഅഹങ്കാരങ്ങള്‍ക്കപ്പുറത്ത്, പ്രകൃതിയില്‍ അലിഞ്ഞു ചേരുന്നു. താന്‍ തന്നെയാണ് ഈ കാണുന്ന പ്രകൃതി എന്ന അവസ്ഥ.
ദൃഷ്ടിയും ദൃഷ്ടാവും ഒന്നാവുന്നു.
കണ്ണുകള്‍ അടച്ച് വെള്ളചാട്ടത്തിന്റെ ഹുങ്കാര ശബ്ദം ശ്രവിച്ച് ഒരു ധ്യാനാവസ്ഥയില്‍ എത്ര സമയം നിന്നു എന്ന് നിശ്ചയമില്ല.
വെള്ളച്ചാട്ടത്തിന്റെ ഉല്‍ഭവസ്ഥാനത്തിന് മുകളില്‍, മുന്നിലും, പിന്നിലുമൊക്കെയായി അനേകം മേഘശകലങ്ങള്‍ കൂട്ടം കൂടി നില്കുന്നു.
''മലയെടുത്തു മടിയില്‍ വെച്ച മേഘങ്ങള്‍''
മേഘങ്ങള്‍, ഹിമ ഗിരി ശൃംഗത്തി നെ മടിയിലിരുത്തി അമൃതജലം പാനം ചെയ്യിക്കുകയാണോ?
അതോ, നദിയാകുന്ന പുത്രിക്ക് ജന്മം കൊടുക്കാന്‍ തുടങ്ങുന്ന മലയുടെ പേറ്റുനോവിനെ മടിയിലിരുത്തി ആശ്വസിപ്പിക്കു കയാണോ?
വെള്ളച്ചാട്ടത്തിന്റെ താഴ്വാരത്തില്‍, ആയിരക്കണക്കിനടി താഴേക്കു വീണ് ചിന്നിച്ചിതറി തെറിച്ചുവരുന്ന ജലകണങ്ങള്‍.ശരീരമാകെ നനയിച്ചു.
പൈന്‍ മരങ്ങളുടെ ഇലകളെ ചലിപ്പിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിനപ്പുറം മറഞ്ഞിരുന്ന കൊച്ചുതെന്നല്‍, അടുത്തെത്തി കൂടുതല്‍ കുളിര്‍ പകര്‍ന്നപ്പോള്‍ , യൂസഫലി കേച്ചേരിയുടെ വരികള്‍ സംപൂര്‍ണ്ണമായി.
''കൊച്ചുതെന്നലേ മണിപ്പൂന്തെന്നലേ
കുളിരലകളിലൊഴുകി വരൂ നീ
കുളിരലകളിലൊഴുകി വരൂ നീ''
2425 അടിയാണ് വെള്ളച്ചാട്ടത്തിന്റെ ദൈര്‍ഘ്യം.1430 അടി ആദ്യത്തേതും 675 അടി നടുവിലും, 320 അടി താഴത്തേതും. പക്ഷെ താഴ്വാരത്തില്‍ നിന്നും നോക്കുമ്പോള്‍ രണ്ടു ഭാഗങ്ങളായി മാത്രമേ കാണുവാന്‍ സാധിക്കൂ.
വേനല്‍കാലാവസാനത്തില്‍ വെള്ളച്ചാട്ടത്തിലെ നീരുറവ നേര്‍ത്തുവരുകയും മഞ്ഞുകാലമാവുമ്പുഴേക്കും ജല പാത മുഴുവന്‍ മഞ്ഞുകട്ടകളാല്‍ നിശ്ചലമാവുകയും ചെയ്യും. വസന്ത കാലത്തിലെ അവസാന നാളുകളില്‍ ആണ് വെള്ളച്ചാട്ടം അതിന്റെ ഏറ്റവും തീവ്രമായ രൗദ്ര ഭാവം പുറത്തെടുക്കുക.
വെള്ളച്ചാട്ടത്തിന്റെ ഉത്ഭവസ്ഥാനം കാണുവാന്‍, നാലുമൈലോളം, രണ്ടായിരത്തി നാനൂറു അടി ഉയരത്തില്‍ കയറണമെന്ന് അവിടെ എഴുതിവെച്ചിരിക്കുന്നു. എട്ടു മണിക്കൂര്‍ കൊണ്ടേ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ആ സാഹസിക യാത്ര വരും തലമുറക്ക് വിട്ടുകൊടുത്തു.
ആഗോള താപനം മൂലം, മലമുകളില്‍ കുറഞ്ഞുവരുന്ന മഞ്ഞുപാളികളും, അടുത്തിടെ ഉണ്ടാവുന്ന പേമാരികളും, സമീപ പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, ഈ ദേശീയ ഉദ്യാനത്തിലെ ചാരു ശില്പങ്ങളില്‍ മാറ്റം വരുത്തികൊണ്ടിരിക്കുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം യോസെമെറ്റി നാഷണല്‍ പാര്‍ക്കിനോട് ദുഃഖത്തോടെയാണ് വിടപറഞ്ഞത്. അവിടെ ജോലിചെയ്യുന്ന പാര്‍ക്ക് റേഞ്ചേഴ്‌സ് എത്ര ഭാഗ്യവാന്‍മ്മാര്‍.
പ്രപഞ്ച ശില്പി, പണിതിട്ടും, പണിതിട്ടും, പണിതീരാത്ത അതിമോനോഹരമായ ഈ പ്രപഞ്ച മന്ദിരം, ദിവസവും ആസ്വദിക്കാന്‍ വേണ്ടിയാണല്ലോ അവര്‍ ഇവിടെ ജോലിചെയ്യാന്‍ സന്നദ്ധരായത്!