ഫിലാഡല്‍ഫിയാ, യു.എസ്.എ.: സാങ്കല്പിക സുഖാനുഭൂതിയ്ക്കും ഉല്ലാസ സല്ലാപത്തിനുംവേണ്ടി കൊളംബിയായിലെ മെഡല്ലിന്‍ നഗരം ഉത്തമ ഉദ്യാനമെന്ന മൂഡപ്രതീക്ഷയില്‍ എത്തിച്ചേരുന്ന അമേരിക്കയടക്കമുള്ള വിദേശ യുവാക്കളില്‍ പലരുടേയും ദുരന്തമായ അന്ത്യവും യാതനകളും വിഭാവനയിലും വിദൂരതയില്‍ ആയതായി വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കോപോലാമിന്റെ വകഭേദമായ 'ഡെവിള്‍സ് ബ്രീത്ത്' എന്ന അപരനാമത്തോടെ അറിയപ്പെടുന്ന മയക്കുമരുന്നിന്റെ സുലഭമായ ലഭ്യത തീവ്രമായ നിബന്ധനകള്‍ ഇല്ലാത്ത മെഡല്ലിനിലേക്കു മയക്കുമരുന്ന് തത്പ്പരരെ ആകര്‍ഷിക്കുന്നു.
2023-ലെ ആദ്യ 10 മാസത്തിനുള്ളില്‍ 12 അമേരിക്കന്‍സും 3 ബ്രിട്ടീഷ് പൗരന്‍മാരും അടക്കം 32 വിദേശികള്‍ വേശ്യകെണിയില്‍പ്പെട്ടും മയക്കുമരുന്നു ഉപയോഗിച്ചും മരിച്ചതായി മെഡല്ലിന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരീക്ഷണ പ്രസ്താവനയില്‍ പറയുന്നു.
ചൈനയിലെ ഹമോംഗ് കമ്മ്യൂണിറ്റി പ്രവര്‍ത്തകനും മിന്നെസോട്ട സ്ഥിരവാസിയും അറിയപ്പെടുന്ന വിനോദ നടനുമായ ടോഗര്‍ സിയോംഗ് സംശയാസ്പദമായ സാഹചര്യത്തില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മരണപ്പെട്ടു. മെഡല്ലിനില്‍ എത്തിയശേഷം സിയോംഗ് ഒരു സ്ത്രീയുമായി സല്ലാപം ആരംഭിച്ച് കൂടുതല്‍ വ്യാജ സൗഹൃദത്തിലായി. അമേരിക്കയിലുള്ള സഹോദരനില്‍നിന്നും അത്യാവശ്യമായി 2000 ഡോളര്‍ ഓണ്‍ലൈനില്‍ വരുത്തിയ അടുത്ത ദിവസംതന്നെ കൊല്ലപ്പെട്ടു. ദൂരത്തായുള്ള വനാന്തരത്തില്‍നിന്നും മൃതദേഹം ദിവസങ്ങള്‍ക്കുശേഷം കണ്ടെടുത്തു.
കൊളംബിയായിലെ അമേരിക്കന്‍ എംബസ്സി ശക്തമായ മുന്നറിയിപ്പായി കൊടും കുറ്റവാളികള്‍ നടത്തുന്ന 'ഡേറ്റിംഗ് ആപ്‌സ്'ലും 'ഹണി ട്രാപ്' കെണികളിലും പെടരുതെന്നും, മ്ലേഛമായ കാപാലികകളുടെ ദുര്‍മാര്‍ഗ്ഗ വലയത്തില്‍ വീഴരുതെന്നും ഉള്ള പ്രസ്താവന പരസ്യമായി പുറപ്പെടുവിച്ചു. ടൂറിസ്റ്റായി എത്തി വാടകയ്‌ക്കെടുത്ത ഹോട്ടല്‍ മുറിയില്‍ വിശാലമനസ്‌കനും ആരുമായും സൗഹൃദം സ്ഥാപിക്കാന്‍ സന്നദ്ധനുമായ അമേരിയ്ക്കന്‍ പൗരനായ ജെഫ് ഹെവിറ്റ് കൊള്ളക്കാരുമായുള്ള മല്‍പിടുത്തത്തില്‍ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംങ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 45-ാമത്തെ ജന്മദിനം ആഘോഷത്തിനായി മെഡല്ലിനില്‍ എത്തിയ ഹെവിറ്റിന്റെ സകല ചലനങ്ങളും 'ഡേറ്റിംങ് ആപ്‌സ്'ലൂടെ സൗഹൃദത്തിലായ കാപാലിക തന്നെ ചുവര്‍ത്തി മോഷ്ടാക്കള്‍ക്ക് നല്‍കിയതായി ലോക്കല്‍ ന്യൂസ് പേപ്പര്‍ 'എല്‍ കൊളംബിനോ' റിപ്പോര്‍ട്ട് ചെയ്തു.
അടുത്തനാളുകളില്‍ കൊളംബിയായില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് പ്രവാഹവും കുറ്റകൃത്യങ്ങളും പൈശാചികമായ കൊലപാതകങ്ങളും നിശേഷം അവസാനിപ്പിക്കണമെന്നുള്ള പോലീസ് തലത്തിലും ഗവര്‍മെന്റ് തലത്തിലുമുള്ള ആഗ്രഹം സഫലീകരിയ്ക്കുക ഇപ്പോള്‍ അസാദ്ധ്യമായി അനുഭവപ്പെടുന്നു. വിദേശികളെ ടൂറിസ്റ്റ് കേന്ദ്രമായ മെഡല്ലിനിലേക്ക് എത്തിയ്ക്കുവാന്‍ സുരക്ഷിതത്വവും സമാധാന അന്തരീക്ഷവും ഉറപ്പായി ഉണ്ടായിരിയ്ക്കണം.
മയക്കുമരുന്നുപയോഗവും വ്യഭിചാരവും നിയമാനുസരണമായി കൊളംബിയന്‍ ഗവര്‍മെന്റ് അംഗീകരിച്ചതിലുള്ള ആനന്ദത്തിലാണ് അനേകം യുവാക്കള്‍ മെഡിലിനിലേക്ക് ടൂറിസ്റ്റ് വ്യാജേന എത്തിച്ചേരുന്നത്. 'ഹണിട്രാപ്പി'ലൂടെ ഇരകളെ തേടിപ്പിടിച്ച് അപായപ്പെടുത്തി പണവും ആഭരങ്ങളും മോഷ്ടിക്കുന്ന വേശ്യചൂതാട്ടം യാതൊരു നിയന്ത്രണവും നിബന്ധനയുമില്ലാതെ മെഡില്ലിനില്‍ നടക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ വീണ്ടും വായനക്കാരെ അറിയിച്ചു.
ചതിവിലൂടെ കൊല്ലപ്പെട്ടവരില്‍ വന്‍ ഭൂരിഭാഗവും പുരുഷന്‍മാര്‍
ആയിരുന്നതായി ടൂറിസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് വാക്താവ് ജനുവരി 20ന് പുറപ്പെടുവിച്ച പ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതജീവിത നിലവാരം പുലര്‍ത്തി സകല സുഖസമാധാന സന്തുഷ്ടിയോടെ ജീവിച്ചവരുടെ ശോകമായ ദാരുണ മരണത്തില്‍ വേദനിയ്ക്കുന്ന കൂട്ടരും കൂട്ടുകാരും കൊളംബിയന്‍ ഗവര്‍മെന്റിനോട് ശക്തമായ നടപടിക്രമങ്ങള്‍ കുറ്റവാളിയിന്‍മേല്‍ ചുമത്തി ശിക്ഷിക്കണമെന്നാവശ്യപ്പടുന്നതായും ബി.ബി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ മലയാളി യുവതി അടങ്ങിയ മൂന്നഗ സംഘം ചേര്‍ന്ന് നടത്തിയ ഹണിട്രാപ്പിന്റെ നീചത്വം മാദ്ധ്യമങ്ങളില്‍ മായാതെ നില്‍ക്കുന്നു. കേരളീയരുടെ സാമ്പത്തിക മുന്നേറ്റവും യാത്രാഭൂതിയും ചിലരുടെ ചിന്താകുഴപ്പവും നശ്വര ചിന്തവിട്ട് അന്തസും ആഭിജാത്യവും ആത്മാഭിമാനവും ഉള്ള പ്രവര്‍ത്തിക്കുള്ള മാര്‍ഗ്ഗമായി മാറട്ടെ.