തീൻ മേശ ഭക്ഷണം കഴിക്കാൻ മാത്രമുളള ഒരിടമല്ല
സംഭാഷണങ്ങളും വാദപ്രതിവാദങ്ങളും
മഴ പോലെ പെയ്യുന്നൊരിടം കൂടിയാണു.
ചിലപ്പോൾ കുറ്റങ്ങളക്കമിട്ടു നിരത്തും വിചാരണക്കോടതി
പ്രതിക്കൂട്ടിൽ തലതാഴ്ത്തി നിൽപ്പൊണ്ടൊരുവൾ
സ്വപ്നങ്ങൾ കരിഞ്ഞ കണ്ണിലുറക്കച്ചടവ് മെയ്യാസകലം വേദന വിയർപ്പ് നടുവേദനിച്ച്.. കറിയ്ക്കുപ്പില്ലെരിവില്ല പുളി കൂടുതൽ
ചായ മഹാമോശം ചൂടാറി മധുരമില്ല
മകുടം ചാർത്തി മറ്റൊരപരാധം
നൂൽ പുട്ടിനൊപ്പമാവികേറ്റിയ നീളൻ തലമുടി ഒരെണ്ണം...
തൊണ്ടി മുതലായ്...
ആർത്തിരമ്പിയ മനസ്സടക്കി മറുവാക്കു ചവയ്ക്കാതെ വിഴുങ്ങി
ശാന്ത സ്വരൂപിണിയവൾ പ്രതികൂട്ടിൽ നിശ്ചലം...
കോടതി പിരിഞ്ഞു പ്രതി പാഞ്ഞു
കുളിമുറി രോഷാവിഷ്ക്കാര താണ്ഡവമാടി
ആളൊന്നിനു മൂന്നിടി
പ്രാകൽ , നിലവിളി. ചീത്തവിളി...
അപ്പനേം മക്കളേം ഒരേ പോലെ...
അവളൊരു സോഷ്യലിസ്റ്റായ്...
പാവം ചുവരുകൾ കൂറുമാറാത്ത സാക്ഷികൾ..
ആരോടെങ്കിലും മെക്കിട്ടു കേറിയാ പാവം രോഷാഗ്‌നി എരിയ്ക്കട്ടെ... ഭ്രാന്തിയാവാതിരിക്കട്ടെ യാ
പഞ്ചായത്തു പ്രസിഡന്റൊരഞ്ചു കൊല്ലം തികച്ചോട്ടെ !!
സ്വീകരണ മുറി.. പൊങ്ങച്ചങ്ങളാനപ്പുറത്തേറി വരുന്നേരം
കാപട്യം വെഞ്ചാമരം വീശുന്നൊരിടം...
പണ്ടു കുട്ടിപ്രായത്തിലോടിക്കിട്ടിയ കുഞ്ഞു ട്രോഫി
വല്യപ്പന്റെ പിത്തളച്ചുറ്റുള്ളൂന്നു വടി
കടൽ കടന്നുവന്ന പിഞ്ഞാണങ്ങൾ പാവകൾ പൂവുകൾ......
എല്ലാം കുത്തിനിറച്ചൊരു ഷോ കേസ്
അസമയത്താരാനുമെത്തിയാൽ
നീരസം തെല്ലും കാട്ടാതെ
ചായയോ കാപ്പിയോ
തണുത്തതോയെന്നു ചോദിച്ചു
ചിരിയുടെ മുഖം മൂടിയണിഞ്ഞു നിൽക്കുന്നൊരിടം
കിടപ്പുമുറി, അതു കിടന്നുറങ്ങാൻ മാത്രമുള്ളയിടമല്ല
മക്കളറിയാതങ്കം വെട്ടുന്നൊരങ്കക്കളരി
പരസ്പരം പഴിചാരി വലതുമാറി ഇടതുമാറി
കലഹിച്ചു കലഹിച്ചു പ്രണയ മധുപാത്രം നിറയെ ചെളിനിറയ്ക്കുന്നൊരിടമെങ്കിലും
എന്നോ ഹൃത്തിലൊളിപ്പിച്ച പ്രണയാഗ്നിയൊരു മാത്രയാളിയുണരുമ്പോൾ
രതികൂജനങ്ങളുയർത്തിത്തളർന്നു
വീണെല്ലാം മറന്നുറങ്ങുന്നൊരിടം
ചിലപ്പോൾ കുന്നുകൾക്കപ്പുറത്തു നിന്നു
പുലരിയിഴഞ്ഞേറിയെത്തുo വരെ
കഥകൾ പറയുന്നൊരിടം...
കഥകൾ കേൾക്കുന്നൊരിടം
ഒരു വീട്ടിലങ്ങനെ
എത്രയോ ഇടങ്ങൾ..!