വാഷിംഗ്‌ടൺ: റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള പ്രൈമറികൾ രണ്ടു പാർട്ടികളും നടത്തുകയാണ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ആകാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 1968 ഡെലിഗേറ്റകളെയും റിപ്പബ്ലിക്കൻ നോമിനേഷൻ നേടാൻ 1215 ഡെലിഗേറ്റുകളെയും സ്വന്തമാക്കണം.
ഇത് വരെ നടന്ന പ്രൈമറികളിലും കാക്കസുകളിലും നിന്ന് ഡെമോക്രാറ്റിക് പാർട്ടിയിൽ പ്രസിഡന്റ് ജോ ബൈഡൻ 91 പ്രതിനിധികളെ സ്വന്തമാക്കി. പാർട്ടിയിൽ നിന്ന് മറ്റാർക്കും ഒരു പ്രതിനിധിയെ പോലും നേടാൻ കഴിഞ്ഞില്ല.
റിപ്പബ്ലിക്കൻ പാർട്ടിയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇത് വരെ 63 ഡെലിഗേറ്റുകളെയും മുൻ യു എൻ അംബാസിഡർ നിക്കി ഹേലിക്കു17 പ്രതിനിധികളെയും ഇപ്പോൾ മത്സരരംഗത്തു നിന്ന് പിന്മാറിയിരിക്കുന്ന ഫ്ലോറിഡ ഗവർണ്ണർ റോൺ ഡി സാന്റിസിനു 9 പേരെയും നേടാൻ കഴിഞ്ഞു. ട്രമ്പിൾ നിന്ന് ബഹു ദൂരം പിന്നിലാണെങ്കിലും താൻ പിന്മാറുന്ന പ്രശനം ഇല്ലെന്നു ഹേലി പറഞ്ഞു.
ഇതിനിടയിൽ ട്രമ്പിന്റെ പേര് ബലോട്ടിൽ നിന്ന് ഒഴിവാക്കാൻ കൊളറാഡോ സുപ്രീം കോടതി ആദ്യം വിധിച്ചു. മറ്റു ചില സംസ്ഥാന സുപ്രീം കോടതികളുടെ വിധികളും പിന്നീട് ഉണ്ടായി. ഈ വിധികൾക്കെതിരെ യു എസ് സുപ്രീം കോടതയിൽ ട്രംപ് നൽകിയിരിക്കുന്ന അപ്പീലിൽ വാദം തുടരുകയാണ്. വാദം കേൾക്കുമ്പോൾ സുപ്രീം കോടതി ജഡ്‌ജിമാർ ഉന്നയിച്ച ചില ചോദ്യങ്ങൾ ട്രംപിന് അനുകൂലം ആയിരുന്നു. അവയിൽ പ്രധാനം, സംസ്ഥാന കോടതിയുടെ വിധിക്കു പിന്നീട് വരുന്ന കോടതി കേസുകളെ ബാധിക്കാൻ കഴിയും എന്ന നിരീക്ഷണം ആയിരുന്നു. അമേരിക്കയിലെ അൻപതിനടുത്ത സംസ്ഥാന സുപ്രീം കോടതികൾ ബലോട്ടിൽ നിന്ന് സ്ഥാനാർത്ഥിയുടെ പേര് നീക്കം ചെയ്താൽ എന്ത് സംഭവിക്കും എന്ന് കോടതി നിരീക്ഷിച്ചു.
ബലോട്ടിൽ പേര് ഇല്ലാത്ത അവസ്ഥയിൽ പേര് എഴുതി ചേർക്കാൻ ഭരണഘടനയും തിരെഞ്ഞെടുപ്പ് നിയമങ്ങളും അനുവദിക്കുന്നുണ്ട്. ന്യൂ ഹാംപ്‌ഷെർ ഡെമോക്രാറ്റിക് പ്രൈമറി ബലോട്ടിൽ ബൈഡന്റെ പേര് ഉണ്ടായിരുന്നില്ല. എന്നിട്ടും ബൈഡന്റെ പേര് അനുകൂലികൾ എഴുതിച്ചേർക്കുകയും 80 % വോട്ടുകൾ നൽകുകയും ചെയ്തു. ഇങ്ങനെ നിശ്ചയിച്ചു ഉറപ്പിച്ചു വരുന്ന വോട്ടർമാർക്ക് പേര് എഴുതിചേർക്കുക വിഷമം ഉള്ള കാര്യം അല്ല. പക്ഷെ സൃഷ്ടിക്കാവുന്ന സമയനഷ്ടവും ആശയക്കുഴപ്പവും ചിന്തനീയം ആണ്.
യു എസ് സുപ്രീം കോടതി വിധി എപ്രകാരം ആയിരിക്കും എന്ന് പറയാനാവില്ല. വിധിക്കു വേണ്ടി കാത്തിരിക്കാം.