ഞങ്ങൾ പരുമല കാൻസർ കെയർ സെന്ററിലെ ക്യാന്റീനിൽ വെള്ളയപ്പത്തിനും മൊട്ടക്കറിക്കും മൂന്ന് വിതൗട്ട് ചായക്കും ഓർഡർ കൊടുത്തിട്ട് ഭക്ഷണം കാത്തിരിക്കുകയാണ്. ഭക്ഷണം ഓർഡർ കൊടുക്കാൻ അത്യാവശ്യം രണ്ട് നീണ്ട നിരയുമുണ്ട്. ആർക്കും ഒരു ധിറുതിയുമില്ല. ശാന്തമായി ഭക്ഷണം ആസ്വദിച്ചു കഴിക്കുകയാണ്കുറേപ്പേർ . ഞങ്ങൾക്ക് ചുറുചുറുക്കുള്ള ഒരു സ്ത്രീ ഭക്ഷണം മുന്നിൽ കൊണ്ടുവെച്ചു തന്നു. നല്ല രുചിയുള്ള ഭക്ഷണം. സുന്ദരമായ ചായ. ഞങ്ങൾക്കും നല്ല തൃപ്തി. കാന്റീനിലെ ജോലിക്കാരെ എല്ലാം ശ്രദ്ധിച്ചു. എല്ലാവരും ഉന്മേഷവാന്മാർ. ഭക്ഷണം ഉണ്ടാക്കിയവർ പാചക വിദഗ്ധരാണ് എന്ന് മനസ്സിലായി.തൃപ്തി ക്യാന്റീനിൽ എങ്ങും തൃപ്തി. ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റപ്പോൾ ക്യാന്റീനിൽ ഭക്ഷണം കാത്തിരിക്കേ ഒരാൾ ഒരു വലിയ പുസ്തകം തുറന്ന് വായിക്കാൻ പോകുന്നതു മമ്മി കണ്ടു. എന്നിട്ട് ആംഗ്യ ഭാഷയിൽ അയാളെ നോക്കാൻ എന്നോട് പറഞ്ഞു. അയാളുടെ കയ്യിൽ കാനുല കുത്തിയിരുന്നത് ശ്രദ്ധിച്ചു. ഒറ്റനോട്ടത്തിൽ എഴുത്തുകാരനാണെന്നേ തോന്നൂ. എന്തോ അസുഖം ഉണ്ടെങ്കിലും പുള്ളിയുടെ വായനക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. അദ്ദേഹം എന്തോ സാഹസികതയ്ക്കുള്ള തയ്യാറെടുപ്പ് നടത്തുംപോലെയായിരുന്നു ആ പുസ്തകം തുറന്നപ്പോഴുണ്ടായിരുന്നത്. ഞങ്ങൾ കൈ കഴുകി മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര തന്റെ മരിച്ചു പോയ മകളുടെ ഓർമ്മയ്ക്ക് വേണ്ടി പണികഴിപ്പിച്ച നന്ദന കീമോ വാർഡിലേക്ക് നടന്നു.
മമ്മി ബ്ലഡ് ടെസ്റ്റിന് കൊടുത്തിട്ടു കീമോ പേഷ്യൻസിന് മാത്രം പ്രവേശനമുള്ള വലിയ വാതിലുകളുള്ള മുറിക്കുമുന്നിൽ ചെരുപ്പ് ഊരിയിട്ടിട്ട് അകത്തേക്ക്കടന്നു. ഞാനും ഡാഡിയും അവിടെയുള്ള കസേരകളിൽ മറ്റുള്ളവരെപ്പോലെ ഇടം പിടിച്ചു. നീണ്ട കാത്തിരിപ്പിന്റെ ആരംഭമായിരുന്നു അത്. ഡോക്ടർ റൗണ്ട്സ് കഴിഞ്ഞേ കീമോ എടുക്കേണ്ടുന്ന പേഷ്യന്റ്സിന്റെ അടുത്തു വരികയുള്ളു. പുറത്ത് കാത്തിരിക്കുന്നവർക്കായി ടിവി ശബ്ദമില്ലാതെ പ്രവർത്തിക്കുന്നു.24 ന്യൂസായിരുന്നു അപ്പോൾ ഓടിക്കൊണ്ടിരുന്നത്. പുറത്ത് കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയുമുണ്ട്. അവൻ അവന്റെ അപ്പന്റെകൂടെയാണ് ഇരിക്കുന്നത്. അവന് ഇന്ന് സ്കൂളിൽ പോകേണ്ടേ എന്ന് ഞാൻ ആലോചിച്ചു. ഹോംവർക്ക് എന്തേലും ചെയ്യാൻ ഉണ്ടാകും അതാണ് ചെക്കൻ കീമോ വാർഡിൽ വന്നിരിക്കുന്നത്! അകത്തു കിടക്കുന്നത് അവന്റെ അപ്പച്ഛനാണ് എന്ന് ‘കെ സി പാപ്പച്ചന്റെ കൂടെ ആരാ വന്നത്‘ എന്ന് സിസ്റ്റർ വിളിച്ചു ചോദിച്ചപ്പോൾ മനസിലായി. മൂക്കിൽക്കൂടി കുഴൽ ഇട്ട് കുഴലിന്റെ മറ്റേ അറ്റം പോക്കറ്റിലും ഇട്ട് ഒരു അപ്പച്ചനും കൂടെ പരിവാരങ്ങളും കസേരകളിൽ ഇടം പിടിച്ചിരുന്നു. ഞാനും ഡാഡിയും ഭിത്തിയോട് ചേർന്നുള്ള കസേരകളിലായിരുന്നു ഇരുന്നിരുന്നത്. ഉറങ്ങാൻ അതാ സൗകര്യം എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഡാഡി എനിക്ക് നിർദേശം നൽകിയിരുന്നു. ഡാഡിയുടെ അടുത്തിരുന്ന ചെറുക്കൻ മൂക്ക് ചീറ്റുന്നുണ്ടായിരുന്നു. ഞാൻ ഡാഡിയോട് പെതുക്കെപ്പറഞ്ഞു ‘ ഡാഡി ഇങ്ങോട്ട് തിരിഞ്ഞിരിക്ക് ആ ചെക്കന് പനിയാ. മാസ്ക് ഊരല്ലേ ഡാഡി ’. ഡാഡി അതുകേട്ട് ജാഗരൂകനായി. വീണ്ടും കോവിഡ് പടരുന്നു എന്ന് ഒരാഴ്ച്ച മുന്നേ കേട്ട ന്യൂസിന്റെ ബലത്തിൽ തട്ടിവിട്ടിട്ട് ഗമയ്ക്ക് ഒരാളുടെ ജീവൻ രക്ഷിച്ച പവറിൽ ഞാൻ മനോരമ ന്യൂസ് പേപ്പർ നിവർത്തി വായിക്കാൻ തുടങ്ങി.
ഹൂതികൾക്ക് നേരെ ചെങ്കടലിൽ അമേരിക്കയും ബ്രിട്ടനും നടത്തുന്ന അക്രമണത്തെപ്പറ്റി ശ്രദ്ധയോടെ വായിച്ചു. എം ടി വാസുദേവൻ നായരുടെയും എം മുകുന്ദന്റെയും അധികാരദുർവിനിയോഗത്തിനും നേതൃപൂജയ്ക്കും എതിരെയുള്ള പ്രസ്താവനകളും അതിന് താങ്ങാകുന്ന തമാശനിറഞ്ഞ ലേഖനങ്ങളും വായിച്ചു കൊണ്ട് എന്റെ അറിവുകൾ വർധിപ്പിക്കുന്ന ജോലിയിൽ ഞാനും ഏർപ്പെട്ടു.
കീമോ വാർഡിനോട് ചേർന്നാണ് പ്രസവ വാർഡ്. കുഞ്ഞുങ്ങൾ ഒരിടത്ത് ജനിച്ചു വീഴുന്നു. മറ്റേ ഇടത്ത് ജീവൻ നിലനിർത്താനുള്ള ഓട്ടവും കാത്തിരിപ്പും.
ആൺകുഞ്ഞാണ്.., ചുണ്ടുകൾ രണ്ടറ്റത്തേക്ക് വലിച്ചു നീട്ടിക്കൊണ്ട് പുതുതായി കാണാൻവന്നവരോട് സാരിയുടെ തുമ്പിനാൽ ചുണ്ടിനു മുകളിലെ വിയർപ്പു തുടച്ചുകൊണ്ട് ഒരമ്മച്ചി പറഞ്ഞു. അവിടെ ആ അമ്മച്ചിയുടെ വീട്ടുകാർ വന്നുകൂടിക്കൊണ്ടിരിക്കുകയാണ്. അപ്പച്ചൻ വീടും പൂട്ടി ആശുപത്രിയിൽ വരാൻ കുറച്ചു വൈകി. പല്ലുകൾ പുറത്തുകാട്ടി കുടുംബക്കാരുടെ അടുത്തേക്ക് അപ്പച്ചൻ കിതച്ചുകൊണ്ട് നടന്നടുത്തു. ‘കൊച്ചുമകൻ സുന്ദരനാണ്. അപ്പച്ചനെ കാണുന്നപോലെ ’,ഒരു സ്ത്രീ തട്ടിവിട്ടു.അപ്പച്ചന്റെ പല്ലുകളെല്ലാം അതുകേട്ടപ്പോഴേക്കും പുറത്തേക്ക് ചാടി. കണ്ണുകളും പല്ലുകളും അന്തരീക്ഷത്തിലേക്കു തെറിച്ചു വീഴാൻ വെമ്പിനിൽക്കുംപോലെ രൂപമുള്ള ഒരപ്പച്ചനായിരുന്നു അത്. ഞാൻ എന്ത് പറഞ്ഞാലും അപ്പച്ചന്റെ സൗന്ദര്യത്തിൽ അപ്പച്ചന് നല്ല മതിപ്പുണ്ടായിരുന്നുവെന്ന് മനസ്സിലായിക്കാണുമെല്ലോ!
‘വിദ്യയുടെ കുഞ്ഞിന് മാറാൻ തുണിവേണം’,സിസ്റ്റർ വിളിച്ചു പറഞ്ഞു. വിദ്യയുടെ ഭർത്താവ് പറക്കും വേഗത്തിൽ ഒരു സഞ്ചി സിസ്റ്ററിനെ ഏൽപ്പിച്ചു. അവരുടെ കൂടെ എട്ട് വയസ്സ് തോന്നുന്ന ഒരു ചെറുക്കൻ എന്തോ പിണക്കം മനസ്സിൽ വെച്ചുകൊണ്ട് ഓരോരുത്തരുടെ മേലിൽ ചാരിയും മടിയിൽ വാടി ഇരുന്നും വരുന്നവരെയും പോകുന്നവരെയും നോക്കുന്നുണ്ട്. ആരും എന്നെ ഇനി മുതൽ ശ്രദ്ധിക്കില്ലേ എന്ന തോന്നലാകാം അവന്റെയുള്ളിൽ വേവുന്നത്.
കീമോ വാർഡിൽ കാത്തിരിക്കുന്നവർക്കായി ചായവണ്ടി വന്നു. ചായവേണോ മോളെ, പ്രസവ വാർഡിലെ സന്തോഷങ്ങൾ നോക്കിയിരിക്കുന്ന എന്നോട് ഡാഡി ചോദിച്ചു. ഓഹോ ചായയൊക്കെ കിട്ടുമോ! ഒരു വിതൗട്ട് ചായ എനിക്കും വേണം ഡാഡി, ഞാൻ പറഞ്ഞു. ചായയ്ക്കുവേണ്ടി ജീവിതത്തിൽ ഇന്നേവരെ കാത്തിരിക്കാത്തപോലെ ഞാനും ഡാഡിയും അടുത്ത രണ്ടുദിവസം കാത്തിരിക്കാനുള്ള ആദ്യ പടിയായിരുന്നു അത്. ചായക്ക് കാശ് കൊടുക്കണം. കാശ് കൊടുത്ത് വേണ്ടുന്നവരൊക്കെ ചായ വാങ്ങിക്കുടിച്ചു. ആ പനിക്കാരൻ ഞാൻ ചായ കുടിക്കുന്നത് നോക്കി. അവന് വേണമായിരുന്നോ എന്തോ! അവന് തൊണ്ടവേദന ഉണ്ടായിരിക്കുമോ? പക്ഷെ അവൻ വാങ്ങിയില്ല. ഞാൻ പത്രാസിൽ ചായ കുടിച്ചു.
എത്ര നേരം ഒരേ ഇരുപ്പിരിക്കും! രണ്ടു വശത്തായി ഇരിക്കുന്ന ആളുകളെ സിപ് ഇട്ട് ഒന്നിപ്പിക്കുമ്പോലെ അവരുടെ ശ്രദ്ധയെ അതുവഴി വാഷ്‌റൂമിലും ഫാർമസിയിലും പോയ ഞാൻ ആകർഷിച്ചു.ഞാൻ നടക്കുമ്പോൾ എന്റെ കാലിലോട്ടു ആളുകൾ നോട്ടംതുടങ്ങി. ടക് ടക് ശബ്ദമാണ് ആദ്യം അവർ ശ്രദ്ധിക്കുന്നത്.ആ നാട്ടിലൊന്നും കാണാത്ത വലിയ ഹീൽസ്, അവിടെങ്ങുമില്ലാത്ത സ്റ്റൈൽ! കാലിൽ തുടങ്ങി മുകൾ വരെ നോക്കും. തോളിൽ നിന്ന് തുടങ്ങി കൈവിരൽ വരെ ആടി ആടി കിടക്കുന്ന നീളൻ വള്ളിയുള്ള ബാഗ് നോക്കും.പെണ്ണുങ്ങൾ വെള്ളം വിഴുങ്ങി. ഹമ്പട ഇതെന്ത് ചെരുപ്പ്! ഇതെന്തു ബാഗ്! ഇതേത് പെണ്ണ്! ഞാൻ അവരെയും നോക്കി. ചിലർ ചിരിച്ചു. ഞാനും. അവർക്കും എനിക്കും അതൊരു നേരമ്പോക്കായി. ഞാൻ അവിടെയുള്ളവരുടെ ചെരുപ്പും ബാഗും നോക്കി.ഒന്നും കൊള്ളില്ല. പിന്നെ വഴിയേ പോകുന്നവരുടെയും പ്രസവ വാർഡിൽ ഉള്ളവരുടെയും സിസ്റ്റർമാരുടെയും ഡോക്ടര്സിന്റെയും നോക്കി. ഒന്നും കൊള്ളില്ല. കേരളത്തിൽ ആവശ്യമുള്ളവർക്ക് നല്ല ചെരുപ്പും ബാഗും വാങ്ങാനുള്ള കടകളില്ല എന്ന് ഞാൻ വിധി എഴുതി.ഞാൻ എന്നെ ആ സമയം അതിവേഗം ബുദ്ധി പ്രവർത്തിപ്പിക്കുന്ന ഒരു മാർക്കറ്റ് അനലിസ്റ്റായി കണ്ടു.
നേരം കടന്നു കടന്നു പോയി. ‘ഡോക്ടർ വന്നു’, ഡാഡി അത് പറഞ്ഞിട്ട് കസേരയിൽനിന്ന് ചാടി എഴുന്നേറ്റു. ഡോക്ടറും പരിവാരങ്ങളും ആ വലിയ കവാടം തുറന്ന് അകത്തേക്ക് കയറിപ്പോയി. ഡോക്ടർ ഇനി വേണം അവിടെക്കിടക്കുന്ന ഓരോരുത്തരേയും നോക്കാൻ. എന്നിട്ട് ഓരോ രോഗികളുടെ കൂടെവന്നവരോട് സംസാരിക്കും. മമ്മിക്കു കീമോ രണ്ടു ദിവസംകൊണ്ടാണ് എടുക്കുന്നത് എന്ന് ഡോക്ടർ നേരത്തേ ഞങ്ങളോട് പറഞ്ഞിരുന്നു. എങ്കിലും മമ്മിയുടെ ബ്ലഡ് റിപ്പോർട്ട് നോക്കിയിട്ടേ എന്തൊക്കെ ചെയ്യണം എന്ന് എഴുതൂ.റൂമും അപ്പോഴേ കിട്ടൂ. ഞങ്ങളും മറ്റ് ആൾക്കാരും സിസ്റ്റർ പേരു വിളിക്കാൻ കാത്തിരുന്നു. അവസാനം സിസ്റ്റർ കൂടെവന്നവരെ വിളിച്ചു. ഞങ്ങൾ കീമോ റൂമിന്റെ അടുത്തു ഭിത്തിയും ചാരി നിൽപ്പായി. ഡോക്ടർ ഓരോ രോഗികളുടെയും പേര് വിളിക്കുമ്പോൾ അവരുടെ കൂടെവന്നവർ കർട്ടൻ മറ നീക്കി അകത്തേക്ക് പോകും. കർട്ടൻ കൊണ്ട് മറച്ചേക്കുന്ന മുറി റിസപ്ഷന്റെ ഒരു ഭാഗമാണ്. അവിടെനിന്നും കീമോ മുറിയിലേക്ക് ഒരു വാതിലുണ്ട്. ആ വാതിൽ കടന്നാണ് ഡോക്ടർ സംസാരിക്കാൻ കർട്ടൻ മറയുള്ള റിസപ്ഷൻ ഭാഗത്തേക്ക് വരുന്നത്. അങ്ങനെ ഡോക്ടർ ഞങ്ങളെ വിളിച്ചു. ഡാഡി അകത്തേക്ക് പോയി.കൂടെ ഞാനും. ഡോക്ടർ ഒരു കസേരയിൽ ഇരിക്കുകയാണ്.ഡാഡിയും അവിടെയുള്ള ഒരു കസേയിൽ ഇരുന്നു. കീമോ രണ്ടു ദിവസമായി എടുക്കാം. കീമോക്ക് മുൻപ് പൊട്ടാസ്സിയം സോഡിയം മുതലായവയുടെ ഡ്രിപ്സ് എടുക്കണം. കിഡ്നിക്കും മറ്റും ഒന്നും സംഭവിക്കാതിരിക്കാനാണ് അത്. പിന്നെ കീമോ. ഇടയ്ക്കിടയ്ക്ക് ഫ്ലഷും കയറ്റണം. ഇപ്പോൾ കുറേ നാളായില്ലേ കീമോ എടുക്കുന്നു. മൂന്ന് കീമോ കഴിഞ്ഞേലെ എന്തെങ്കിലും പറയാൻ പറ്റൂ. നമുക്ക് നോക്കാം.വിഷമിക്കരുത്. ഡാഡി എല്ലാം കേട്ടു എന്നിട്ട് പുറത്തിറങ്ങി. നമുക്ക് നോക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ ആകെ വിഷമിച്ചു. അപ്പോഴാണ് ഡാഡി പറയുന്നത് ഇത് ഡോക്ടർ സ്ഥിരം പറയുന്ന കാര്യങ്ങളാണ് എന്ന്. എനിക്ക് അതുകേട്ട് സമാധാനമായി. അനിയത്തിയും ഇത് തന്നെ പറഞ്ഞു, ‘ എടോ ഇത് ഡോക്ടർ സ്ഥിരം പറയുന്നതാ,ഞെട്ടാൻ ഒന്നുമില്ല ’.
അങ്ങനെ മമ്മിക്കു കീമോ ഡ്രിപ്സ്ന് മുന്നേയുള്ള ഡ്രിപ്സ് തുടങ്ങി. ഞാനും ഡാഡിയും ബാഗുകളുമായി ക്യാന്റീനിൽ ഊണുകഴിക്കാൻ പോയി. ഫിഷ് കറി മീൽസ് കഴിച്ചിട്ട് ഞങ്ങൾക്ക് കിട്ടിയ മുറിയിൽ വന്നുകിടന്നു സുഖമായി ഉറങ്ങി.
ഉറക്കമുണർന്നപ്പോൾ നാലുമണി. ഞങ്ങൾ മൂന്നാം നിലയിലാണ്. തുറക്കാൻ കഴിയാത്ത ഗ്ലാസ്സിട്ട ജനലാണ് മുറിയിൽ. താഴേക്ക് നോക്കുമ്പോൾ വലിയ മൈതാനം നിറയെ നിരന്നു കിടക്കുന്ന വണ്ടികൾ. എല്ലാം ഈ ഹോസ്പിറ്റലിൽ വന്നവരുടേതാണ്. ആകെ മടുപ്പ്. ചായ വരാൻ നേരമായി എന്ന് ഡാഡി പറഞ്ഞു. ഞങ്ങൾ ചായയും കാത്ത് കോറിഡോറിൽ ഞങ്ങളുടെ മുറിയിലെ കട്ടളയും ചാരി നിൽപ്പുതുടങ്ങി. മുന്നിലെ മുറിയിലേക്ക് വീൽചെയറിൽ ഇരുത്തി ഒരു അറുപത്തിയഞ്ചു വയസ്സുതോന്നിക്കുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു. അവരുടെ കൂടെ അവരുടെ മകളുണ്ട്. ചുരിദാറിട്ടു കുറിതൊട്ട് താഴെവരെ മുടി പിന്നിയിട്ട മെലിഞ്ഞ മകൾ. അവർ റിസപ്ഷനിൽ ഏൽപ്പിച്ചിരുന്ന താക്കോൽ എടുത്ത് മുറി തുറന്നു. അവളുടെ അമ്മ ഒരു തോർത്തുകൊണ്ട് തല മൂടിയിരുന്നു. അവർ റേഡിയേഷൻ എടുത്തിട്ട് വരുകയാണ് എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞു. ആ അമ്മയുടെ ശരീരത്തിലെ സുഷിരങ്ങളിൽനിന്നും ശക്തമായ തരംഗങ്ങൾ പുറത്തേക്ക് പ്രവഹിക്കുന്നതായി തോന്നി. അവർ വെന്തുരുകുകയാണ്. അവർക്ക് ആദ്യമായാണ് കാൻസർ വരുന്നത്. ഇനി ഒൻപത് റേഡിയേഷൻ കൂടെ എടുക്കണം. ബ്രെസ്റ്റ് കാൻസർ ആണ്. കാൻസറുള്ള ബ്രെസ്റ്റ് എടുത്തു കളഞ്ഞിട്ടാണ് റേഡിയേഷൻ തെറാപ്പി തുടങ്ങിയത് എന്ന് ആ മകൾ പറഞ്ഞു. അവർ ഞങ്ങളെപ്പറ്റിയും ചോദിച്ചു. പിന്നെ ഓക്കേ എന്ന മട്ടിൽ അവർ തലയാട്ടി ചിരിച്ചിട്ട് വാതിലടച്ചു. ഞാനും തലയാട്ടി ചിരിച്ചിട്ട് ഈ ചായവണ്ടി എന്താ വരാത്തത് എന്ന് അത്ഭുതപ്പെട്ടു. സമയം നാലേമുക്കാൽ കഴിഞ്ഞിരുന്നു. ആശുപത്രി വൃത്തിയാക്കുന്ന ഒരു ചേച്ചി അതുവഴി പോയി. അവർ പറഞ്ഞു,‘ചായവണ്ടി അങ്ങുനിന്നു കറങ്ങി വരുന്നുണ്ട്. സമയമെടുക്കും‘!
’ഇങ്ങു വരുമ്പോഴേക്കും ചായ തീരുമായിരിക്കുമെല്ലോ‘, ഞാൻ ചോദിച്ചു.അവർ ഒന്നും മിണ്ടാതെ പോയി.
ഞങ്ങൾ കഴിക്കാനായി ഒന്നും കരുതിയിട്ടില്ലായിരുന്നു. അപ്പോഴാണ് ഓറഞ്ച് പൊളിച്ചുകൊണ്ട് തൊലികളയാൻ ഒരമ്മച്ചി ഞങ്ങളുടെ അടുത്ത മുറിയിൽനിന്ന് പുറത്തേക്ക് വന്നത്. അവർ ഓറഞ്ച് കഴിക്കുന്നത് കണ്ടു എന്റെ വായിൽ വെള്ളമൂറി.
ഈ ഓറഞ്ച്... ഞാൻ പാതി വഴി നിർത്തി.
ഇത് ഞാൻ കൊണ്ടുവന്ന എന്റെ ഓറഞ്ച്..
ഓ..ഞാൻ കരുതി ഇവിടെ വാങ്ങാൻ കിട്ടുമെന്ന്.. ഞാൻ എന്റെ കൊതി മറച്ചിട്ട് പത്രാസ്സ് വീണ്ടെടുത്തു.
ആരെക്കൊണ്ട് വന്നതാ, അമ്മച്ചി ചോദിച്ചു.
മമ്മിയെ, എന്റെ വായിൽ ഊറി വന്ന് എങ്ങോട്ടും പോകാൻ കഴിയാതെ പെട്ടുപോലെ വെള്ളം അവർ കാണാതെ ഇറക്കിക്കൊണ്ട് പറഞ്ഞു.
എന്താ അസുഖം.
കാൻസർ.
എവിടെയാണ്?
ഓവറിയിൽ തുടങ്ങിയതാ.. പിന്നെയങ്ങു പടർന്നു.
എന്റെ ഭർത്താവിനും പ്രൊസ്റ്റേറ്റ് കാൻസർ ആയിരുന്നു. അതങ്ങു പടർന്നു, അമ്മച്ചി പറഞ്ഞു.
ഒത്തിരി രൂപയായിക്കാണുമെല്ലോ,അമ്മച്ചി ചോദിച്ചു.
ഒരുകോടിയിൽ മുകളിലായിട്ടുണ്ട്, എല്ലേ ഡാഡി..
ആയിട്ടുണ്ട്, ഡാഡി പറഞ്ഞു.
എന്റെ ഭർത്താവ് മിലിറ്ററിയിൽ ആയിരുന്നത്കൊണ്ട് ചികിത്സ സൗജന്യമാണ്..
ഹൊ...ഒരു ചിലവുമില്ലേ? ഞാൻ ചോദിച്ചു.
മുറി വാടകയുടെ പകുതി കൊടുക്കണം. പിന്നെ ഡയപ്പർ വാങ്ങിക്കുവാണേൽ അതിന്റെ പകുതി, അമ്മച്ചി ഏണിൽ കൈവെച്ചു. അവരുടെ കാൽ മാറി മാറി ശരീരം താങ്ങി നിന്നു.
ഇനി ഒന്നും ചെയ്യാനില്ല. ഐസിയുവിൽ കിടത്തിയേക്കുവാ. മാത്യൂസ് ജോസ് ഡോക്ടറിന്റെ ചികിത്സയിലാണ്. ‘സ്വന്തം പപ്പയെ നോക്കുന്നപോലെ ഞാൻ നോക്കുന്നുണ്ട്’ എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്നവർ പറഞ്ഞു.
പാലിയേറ്റീവ് കെയർ ആണോ, ഞാൻ ചോദിച്ചു.
അമ്മച്ചി ആലോചിച്ചു, നാക്കുകൊണ്ട് പല്ല് വൃത്തിയാക്കി, എന്നെ ആകെയൊന്നു നോക്കി.
എനിക്ക് അവിടെയെങ്ങും കൊണ്ടിടാൻ മനസ്സ് വരത്തില്ല. ഇവിടെ നേഴ്‌സ്സുമാർ നല്ലപോലെ നോക്കുന്നുണ്ട്!
അമ്മച്ചി കരുതിയത് അനാഥാലയം പോലെ എവിടെയോ അപ്പച്ചനെക്കൊണ്ട് തള്ളുന്ന കാര്യമാണ് ഞാൻ പറഞ്ഞത് എന്നാണ്.
മിലിറ്ററിയിൽ ഏത് പോസ്റ്റിൽ ഇരുന്നാണ് റിട്ടയർ ആയത്? ഞാൻ വീണ്ടും ചോദിച്ചു.
അമ്മച്ചി അതുകേട്ട് ഭിത്തിയിൽ ചാരി നിന്നു.
പോസ്റ്റ് ഏതാണ് എന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ കഴിയുമോ?
പിന്നേ.. ഞാൻ വിട്ടുകൊടുത്തില്ല. പൊങ്ങച്ചമടിക്കാൻ പറ്റിയ അവസരം... ഞാൻ തുടർന്നു, ഡാഡിയുടെ പപ്പാ മിലിറ്ററിയിൽ ആയിരുന്നു. വലിയ വല്യപ്പച്ചൻ ‘ഇങ്ങു വാടാ മോനേ’ എന്ന് വിളിച്ചതുകൊണ്ട് അപ്പച്ചൻ തിരിച്ചുവന്ന് നീലഗിരി എസ്റ്റേറ്റിൽ മാനേജറായി. എന്റെ വലിയ പപ്പാ ആർമി മേജർ ആയാണ് റിട്ടയർ ചെയ്തത്.
അവരുടെ പുച്ഛഭാവം തീർന്നു.
എന്റെ ഭർത്താവ് ക്യാപ്റ്റൻ ആയാണ് റിട്ടയർ ചെയ്തത്, അവർ പറഞ്ഞു.
പവർ ഞങ്ങളുടെ സൈഡിലായിരുന്നു. അവർക്ക് എന്നെ തീരെ പിടിച്ചില്ല എന്നെനിക്ക് മനസ്സിലായിരുന്നു.
മക്കളിൽ ആൺമക്കളുണ്ടോ? ഡാഡിയോടായിരുന്നു ചോദ്യം.
ഒരു മോൻ ഉണ്ട്.. ഡാഡി പറഞ്ഞു.
പ്രയോജനമുള്ളവനാണോ?
ങേ.. ചോദ്യം വിശ്വസിക്കാനാകാതെ ഡാഡി നിന്നു..എന്നിട്ട് പറഞ്ഞു. .. മനസിലായില്ല..
അല്ല എനിക്കൊരു മകനുണ്ട്. ഒമാനിലാ.. വയ്യാത്ത ഞാൻ മാത്രമുണ്ട് എല്ലാത്തിനും.. ഹും.. അവർ എന്നെ അടിമുടിനോക്കിയേച്ചു മുറിക്കുള്ളിലേക്ക് പോയി.
സമയം അഞ്ചുപതിനഞ്ചു കഴിഞ്ഞു. ചായ ഞങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞു വരുന്നത് കണ്ടു. ഞാനും ഡാഡിയും ചായവണ്ടിയുടെ അടുത്തേക്ക് പോയി. രണ്ട് ചായ വാങ്ങി. ഉഴുന്നുവട പരിപ്പുവട മമ്മിക്കുവേണ്ടി ബോണ്ട എന്നിവ വാങ്ങി. ഞങ്ങൾ മുറിലേക്ക് വന്നു. ചായവണ്ടി മുറികൾ കടന്ന് ഞങ്ങളുടെ ഭാഗത്തെത്തിയപ്പോഴേക്കും ചായയും കടിയും തീർന്നിരുന്നു. ‘ഇപ്പോൾ ചായ എത്തും’, ചായക്കാരി അവിടെ ചായ നോക്കി നിന്ന ആളുകളോട് പറഞ്ഞു. കുറച്ചു കഴിഞ്ഞ് ചായ എത്തി. ‘കഴിക്കാനൊന്നുമില്ലേ’, അവർ ചോദിച്ചു.
തീർന്നു പോയി..
നോക്കി നിന്നവർ നിരാശരായി. ചായയും കടിയും കിട്ടിയതിൽ ഞാൻ സമാധാനിച്ചു.
മുറിയിലേക്ക് അന്ന് രാത്രിയിലത്തെയും പിറ്റേന്ന് രാവിലത്തെയും ഭക്ഷണം ഓർഡർ എടുക്കാൻ ആള് വന്നു. അപ്പത്തിനുള്ള കറിയുടെ നീണ്ട ലിസ്റ്റ് അവൻ നിരത്തി.
പനീർ മതി എനിക്ക്, ഞാൻ പറഞ്ഞു.
അവന്റെ മുഖത്ത് ‘പനീറോ’! എന്ന ഭാവം.
‘കൊള്ളാമോ പനീർ’, അവൻ ഒന്നും മിണ്ടിയില്ല.
തക്കാളിക്കറിയോ?
അത് നല്ലതാ..
ഓഹോ അപ്പോൾ മിണ്ടും!. എന്നാൽ എനിക്ക് തക്കാളിക്കറി മതി.
ഡാഡി മഷ്‌റൂം കറി പറഞ്ഞു. മമ്മിക്ക് വെജിറ്റബിൾ കുറുമയും.
മൂന്ന് വിത്തൌട്ട് ചായയുംചേർത്ത് ഓർഡർ കൊടുത്തു.
അപ്പച്ചനെ ഞാൻ നേരത്തേ കണ്ടിട്ടുണ്ട്, അവൻ പരിചയം പുതുക്കി. പക്ഷേ ചേച്ചിയെ ഇവിടെങ്ങും കണ്ടിട്ടില്ല.
ചേച്ചിയെ അങ്ങനൊന്നും കാണത്തില്ല!, ഞാൻ ചിരിച്ചു.
അവൻ യാത്ര പറഞ്ഞു പോയി.ഞങ്ങൾ പിന്നെയും കുറേ നേരം വരാന്തയിൽ കറങ്ങി നിന്നു.
മമ്മിയെ മുറിയിലേക്ക് കൊണ്ടുവന്നു. ഞങ്ങൾ അപ്പോഴേക്കും ചപ്പാത്തിയും കറിയും വാങ്ങിവെച്ചിരുന്നു. മമ്മിക്ക് നല്ലപോലെ വിശന്നിരുന്നു. റൂമിലേക്ക് മാറ്റാൻ സിസ്റ്റർമാരോട് മമ്മി ആവശ്യപ്പെട്ടതനുസരിച്ചു അവർ ഷിഫ്റ്റ് കഴിഞ്ഞു പോകും മുൻപ് മമ്മിയെ മാറ്റി. മമ്മി ഭക്ഷണം ആർത്തിയോടെ കഴിച്ചു. ഞങ്ങളും കഴിച്ചു. അപ്പോഴേക്കും സമയം എട്ട് എട്ടരയായിരുന്നു. എക്സ്ട്രാ പറഞ്ഞ കട്ടിലും മെത്തയും മുറിയിലേക്ക് വരാൻ ക്ലീനിങ് സൂപ്പർവൈസറെ ചെന്ന് കാണേണ്ടിവന്നു. ഞങ്ങൾ കട്ടിൽ അടുപ്പിച്ചിട്ടു. അന്ന് രാത്രി കല്ലുപോലുള്ള മെത്തയിൽ കിടന്നാൽ ഉറങ്ങുമോ എന്നായിരുന്നു എന്റെ സംശയം. കിടന്നതേ ഓർമ്മയുള്ളൂ. പിന്നെ അടുത്ത ദിവസം ആറു മണിക്കാണ് എഴുന്നേൽക്കുന്നത്.
രാവിലെ തന്നെ അപ്പുറത്തെ മുറിയിൽനിന്നും ഉറക്കെയുള്ള സംസാരങ്ങൾ കേൾക്കാമായിരുന്നു . മിലിറ്ററി അപ്പച്ചന്റെ കാന്താരി ഭാര്യ ഒരു പുരുഷനോടാണ് ഉറക്കെ സംസാരിക്കുന്നത്...!
ഏതാണവൻ..! ഞാൻ ഓടി പുറത്തെ വാതിലും ചാരിനിന്നു.
മമ്മി എന്നെപ്പറ്റി ഇല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നാൽ കുടുംബക്കാർ എന്ത് വിചാരിക്കും? കുറ്റം പറഞ്ഞു നടക്കുന്നത് നല്ലതാണെന്നാണോ വിചാരം?
ഓഹോ അപ്പോൾ ഒമാനിലുള്ള മകൻ വന്നോ, ഞാൻ ചിന്തിച്ചു.
എന്റെ മോനേ..മോനെപ്പറ്റി ഒരു കുറ്റവും മമ്മി പറഞ്ഞു നടന്നിട്ടില്ല. നമ്മളെ തമ്മിൽ തെറ്റിക്കാൻ ആരോ മനപ്പൂർവം പറഞ്ഞുണ്ടാക്കുന്നതാ..
എന്റെ ദൈവമേ ഭയങ്കരി.. ഇന്നലെ കണ്ട ഞങ്ങളോടും കുറ്റം പോലെ തോന്നിക്കുന്ന എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്..!
ഞാൻ അവരെക്കുറിച്ച് മമ്മിയോട് പറഞ്ഞു. അതൊക്കെ മമ്മിക്ക് രസിച്ചു.
‘മോനേ, മോന്റെ പപ്പാ പറയുവാ മുറിയിൽ ആരാണ്ടൊക്കെ ഉണ്ട്.. ഒരു സാത്താൻ ഉണ്ട് എന്നൊക്കെ..ആ മനുഷ്യൻ പിച്ചും പേയും പറയുവാ മോനേ. നല്ലകാലത്തു പള്ളിയിൽ പോയിട്ടില്ല. ഇപ്പോൾ പിശാചിനെയാ കാണുന്നത്. നരകത്തിലോട്ടാകും.. അയ്യോ എന്റെ ദൈവമേ..‘
‘മമ്മി ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ.. ആവശ്യമില്ലാത്തതേ പറയത്തൊള്ളൂ..‘
ഞാൻ വരാന്തയിൽ ചായ നോക്കി നിൽക്കുന്നത് പോലെ നിന്ന് എല്ലാം കേട്ട് രസിക്കുകയായിരുന്നു. ശബ്ദം കുറച്ചു സംസാരിക്കാൻ അവരോട് സിസ്റ്റർ വന്നുപറഞ്ഞു.
ഛെ. .. നശിപ്പിച്ചു. .
ഞാൻ മുറിക്കുള്ളിൽപോയി.
സിസ്റ്റർ രാവിലെതന്നെ മമ്മിക്ക് ഡ്രിപ്സിട്ടു.. പയ്യെ പയ്യെ തുള്ളി തുള്ളിയായി മരുന്ന് വീഴുന്നു.
മുന്നിലുള്ള മുറിയിലെ റേഡിയേഷൻ എടുക്കേണ്ടുന്ന അമ്മയെക്കൊണ്ട് പോകാൻ വീൽചെയർ വന്നു. അവരുടെ കൂടെ പോകാൻ മകൾ കതകടച്ചു.
‘ഇന്ന് പൂട്ടുന്നില്ലേ ’, ഞാൻ ചോദിച്ചു.
ഇല്ല..ഇയാൾ ഇവിടെ എപ്പോഴും നിൽക്കുവെല്ലേ..
ആഹാ..അത് കൊള്ളാം.. ഞാൻ പറഞ്ഞു.
‘അടുത്ത പ്രാവശ്യം വരുമ്പോൾ ഫ്രൂട്ട്സ് വാങ്ങിക്കൊണ്ടേ വരാവൂ കേട്ടോ’, ഞാൻ ഡാഡിയെ ഓര്മപ്പെടുത്തി. അടുത്ത പ്രാവശ്യം അവർ വരുമ്പോൾ ഞാൻ ദുബായിലാണ്.
എന്തൊക്കെയോ തമാശകൾ ഉണ്ടാക്കിപ്പറഞ്ഞു ഞാൻ മമ്മിയെയും ഡാഡിയെയും സന്തോഷിപ്പിച്ചു. അതിനിടയിൽ ഡോക്ടർ റൗണ്ട്സിനു വന്നു. സിസ്റ്റർമാരോട് നിർദേശങ്ങൾ കൊടുത്തു. ‘
ഇപ്പോൾ കീമോ എടുക്കാം കേട്ടോ..‘,ഡോക്ടർ മമ്മിയുടെ തോളിൽ തട്ടി.
‘ഡോക്ടറിനെ ഫോൺ ചെയ്താൽ ഫോൺ എടുക്കുമോ ’? ഞാൻ ചോദിച്ചു.
എടുക്കുമെല്ലോ..
‘മമ്മി പറഞ്ഞു ഫോൺ ചെയ്താൽ പേഷ്യന്റ് ഏതാണ് എന്ന് ഡോക്ടറിനു മനസിലായില്ല എന്ന് പറയുമെന്ന്’!
അത്ഒരേപേരുള്ളപലർഉണ്ടല്ലോ!
എന്നാൽനമുക്ക് കോഡ് ഭാഷ വെച്ചാലോ?
ഹ ഹ ഹ, ഡോക്ടർ അട്ടഹസിച്ചു..
ഒരു കാര്യം ചെയ്.. കോഡ് ഭാഷ വെച്ചാലോ എന്ന് ചോദിച്ച ആൾ ആണ് എന്ന് പറഞ്ഞാൽ മതി..
ഓക്കേ ഡോക്ടർ,,ഞാൻ പറഞ്ഞു.
സമയം കടന്നു പോയി. നീങ്ങി നിരങ്ങിയാണ് എന്ന് മാത്രം. ഞാനും ഡാഡിയും വരാന്തയിലും തെക്കുവടക്കും വായിന്നോക്കി നിന്നു.. നടന്നു.. ഭക്ഷണം കഴിച്ചു..ഉറങ്ങി.. മമ്മി മാത്രം ഒരേ കിടപ്പ്. ഡ്രിപ്സിന് ആകുന്നത്ര വേഗത കൂട്ടാൻ ഒരു സിസ്റ്റർ ശ്രമിച്ചു. അവർക്ക് ഞങ്ങളെ അന്ന് വീട്ടിൽ വിടണം എന്ന് ഉണ്ടായിരുന്നു.
സിസ്റ്ററുടെ വീട് എവിടാ.. ഡാഡി ചോദിച്ചു..
പരുമലയിൽ തന്നെയാണ്..
എത്രെ ദൂരമുണ്ട്..
പതിനഞ്ചു മിനിറ്റ്..
സിസ്റ്ററിന് സ്‌കൂട്ടർ ഉണ്ടോ, ഡാഡിയുടെ ചോദ്യം കേട്ട് ഞാൻ അമ്പരന്നു.. എന്തൊക്കെ അറിയണം ഡാഡിക്ക്. .!
സ്‌കൂട്ടർ ഇല്ല.. അതൊക്കെയോടിച്ചാൽ ഞാൻ പടമാകാൻ അധികം താമസിക്കില്ല.. ഞാൻ ബസ്സിലാ പോവാറ്..
ഹും.. ഞാൻ ഡാഡിയെ നോക്കി തലയാട്ടി ചിരിച്ചു.. അയ്യടാ എന്തൊക്കെ അറിയണം എന്ന മട്ടിൽ.
രാത്രി എട്ടര വരെയെടുത്തു മരുന്നുകൾ കയറ്റിക്കഴിഞ്ഞപ്പോഴേക്കും.. ഞങ്ങൾ തളർന്നു പോയിരുന്നു. കാറിൽ കയറിയിരുന്നു. ഡ്രൈവർ ഉമേഷും ഉച്ച മുതൽ ഞങ്ങളെ നോക്കി ഹിസ്‌പിറ്റലിൽ നിൽപ്പാണ്..
കഴിക്കാൻ എവിടാ നിർത്തേണ്ടുന്നേ.. ഉമേഷ് ചോദിച്ചു.
ഞങ്ങൾ തലയാട്ടി.. വേണ്ട വേണ്ട.. ഒരാഴ്ചത്തേക്കുള്ള ഭക്ഷണം ഞങ്ങൾ ഈ രണ്ടു ദിവസം കൊണ്ട് കഴിച്ചിട്ടുണ്ട്.. ഇനി ഭക്ഷണത്തെപ്പറ്റി ഒന്നും ഓർമിപ്പിക്കല്ലേ...
ഉമേഷിന് വേണമെങ്കിൽ എവിടെങ്കിലും നിർത്തിക്കഴിച്ചോ..
ഉമേഷ് എന്നെ എയർപോർട്ടിൽ നിന്ന് കൊണ്ടുവന്ന ദിവസം ഒന്നും സംസാരിക്കാത്ത മുരടനായിരുന്നു.. എല്ലാത്തിന്റെയും കൂടെ എല്ലിയോ ഉമേഷേ എല്ലിയോ ഉമേഷേ എന്ന് ഞാൻ പറഞ്ഞു പറഞ്ഞു പുള്ളിക്ക് നല്ല സ്നേഹവും സംസാരവും കരുതലുമായി.
അങ്ങനെ ഉമേഷ് ഞങ്ങളെ വീട്ടിൽക്കൊണ്ടെത്തിച്ചു.
വീട്ടിൽ എത്തിയപ്പോൾ ഞാൻ മമമ്മിയോട് ചോദിച്ചു, ആശുപത്രിയിൽ കിടന്നപ്പോൾ മമ്മിക്ക് വീട്ടിൽ വരാൻ കൊതിയായില്ലേ?
ആയി..
അപ്പോൾ അസുഖമാണ്. . കാൻസറാണ് എന്നൊന്നും അല്ലല്ലോ മമ്മി ഓർത്തത്.. വീട്ടിൽ വരാൻ മാത്രമെല്ലേ. .?
അതെ..
കണ്ടോ അപ്പോൾ കാൻസർ ഉള്ളപ്പോൾ പോലും അതൊന്നുമോർക്കാതെ വീട്ടിൽ വന്നാൽ മതി എന്ന് മാത്രമായിരുന്നു മമ്മിക്ക്.. എന്ന് വെച്ചാൽ ഒത്തിരിയേറെ സന്തോഷം തരുന്ന കാര്യങ്ങൾ കാൻസറിന് മേലേയുണ്ട് എന്ന് അർത്ഥം.. ഉള്ളസമയം സന്തോഷമായി ഇരുന്നാൽ മതി.. ആരും ഈ ലോകം അവസാനിക്കും വരെ ജീവിക്കുകയുമില്ല.
ഈ പ്രാവശ്യം ദുബായ്ക്ക് തിരിച്ചു വരാൻ നേരം മമ്മി പതിവില്ലാതെ കരഞ്ഞു.
‘ഞാൻ വരും ജൂലൈയിൽ. നമ്മൾ കാണും‘,ഞാൻ ഉറപ്പുകൊടുത്തു.
മമ്മി എന്നെ ജനൽ വഴി നോക്കി ഇരുന്നു. നല്ല ഭംഗിയായിരുന്നു അത് കാണാൻ. കാറിൽ ഇരുന്നുകൊണ്ട് മമ്മി അങ്ങനെ ഇരിക്കുന്ന ഫോട്ടോ എടുത്തു.
ആശുപത്രിയിൽ വെച്ച് പലതരം മനുഷ്യരെ കണ്ടു. ദുഃഖത്തിലും അവർ സന്തോഷം കണ്ടെത്തുന്നുണ്ടായിരുന്നു. ജീവജാലങ്ങൾ അങ്ങനെയാണ്. പ്രതീക്ഷയുടെ ഒരു കുഞ്ഞൻ വെളിച്ചം മതി അവർക്ക് ജീവിക്കാൻ.
കുറേക്കഴിയുമ്പോൾ ഈ ഓർമ്മകൾ ജീവിതത്തിലെവിടെയെങ്കിലും ഭംഗി പകരാതിരിക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു. ഉറപ്പാണ്.
കാൻസർ പനിപോലെ മാറുന്ന കാലം വരും എന്ന് വിശ്വസിച്ചുകൊണ്ട്...
നിർത്തുന്നു..