Image

സന്ധിസംഭാഷണം വേണ്ട വെല്ലുവിളികൾ ( നർമ്മം : എം ഡി കുതിരപ്പുറം)

Published on 10 February, 2024
സന്ധിസംഭാഷണം വേണ്ട വെല്ലുവിളികൾ (  നർമ്മം : എം ഡി കുതിരപ്പുറം)

ജീവിതം എന്ന് പറയുന്നത് നിരവധി വെല്ലുവിളികളുടെ ആകെ
തുകയാണ്  എന്ന് വിവരം ഉള്ള ആരും  തലകുലുക്കി സമ്മതിക്കും. 

അതിർത്തി തർക്കത്തിൽ അയൽക്കാരനുമായിട്ടുള്ള വെല്ലുവിളി,
ഇതേ കാര്യത്തിന് അയൽ രാജ്യങ്ങളുമായുള്ള വെല്ലുവിളി, വാഗ്ദാനം ചെയ്തത്ര സ്ത്രീധനം കിട്ടാഞ്ഞതിന് ഭാര്യയുടെ അച്ഛനുമായിട്ടുള്ള വെല്ലുവിളി,
മുദ്രാവാക്യം എഴുതാൻ വീടിന്റെ മതിൽ കൊടുത്തില്ലെങ്കിൽ,
"തന്നെ പിന്നെ കണ്ടോളാം "എന്ന രാഷ്ട്രീയക്കാരന്റെ വെല്ലുവിളി.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ
"ഞാൻ വീട്ടിൽപ്പോകും " എന്ന ഭാര്യയുടെ വെല്ലുവിളി,
എന്നെ വിദേശത്തു പഠിക്കാൻ വീട്ടില്ലെങ്കിൽ വീടുവിട്ടുപോകും എന്ന മകന്റെ വെല്ലുവിളി, കടമെടുത്ത കാശ് തിരിച്ചടച്ചില്ലെങ്കിൽ വീട് ജബ്തി ചെയ്യും എന്ന് ബാങ്കിന്റെ വെല്ലുവിളി ഇതെല്ലാം ഇതിന്റെ ഭാഗം മാത്രമാണ്.

ഈവക ആഫ്രിക്കൻപായലിനെ ഒക്കെ എങ്ങിനെയെങ്കിലും വകഞ്ഞുമാറ്റിയാണ് സാധാരണമനുഷ്യൻ ജീവിത നൗക മുന്നോട്ട് തുഴയുന്നത്.

അന്നേരമാണിപ്പോൾ നാട്ടിലെ വെല്ലുവിളികൾ പോരാഞ്ഞിട്ടാണ്
കാട്ടിൽ നിന്നും  കാട്ടുമൃഗങ്ങൾ നാട്ടിൽവന്ന് ഉയർത്തിക്കൊണ്ടിരിക്കുന്ന പുതിയ വെല്ലുവിളികൾ.

മുൻകാലങ്ങളിൽ ഒരാനയോ ഒരു പോത്തോ വഴിതെറ്റി നാട്ടിൽ വന്നാൽ "സോറി വഴി തെറ്റി വന്നതാണ് പൊക്കോളാം "എന്ന് പറഞ്ഞു  നാണിച്ചു വാലും ചുരുട്ടി കാട്ടിലേയ്ക്ക് തിരിച്ചു പോകുന്നതായിരുന്നു നമ്മളുടെ അനുഭവം.

ഇപ്പോൾ അങ്ങനെ അല്ലല്ലോ.
കാട്ടിലുള്ള എല്ലാ മൃഗങ്ങളും ഒന്നിനുപുറകെ നാട്ടിലോട്ട് ഇങ്ങു പോരുകല്ലേ?

ഈ ഒഴുക്ക് അവര് മനുഷ്യരിൽ നിന്നും പഠിച്ചതാണ് എന്നാണ് എന്റെ
സംശയം.
അല്ലെങ്കിൽ നിങ്ങൾ നോക്ക്.
ഒരാൾ ഒരു പുതിയ ദേശത്തേയ്ക്ക്
ജോലിക്ക് പോയാൽ ബാക്കിയുള്ള മനുഷ്യൻ അവരോട് ഫോൺ ചെയ്‌തു ചോദിക്കും,
" എടാ കൂവേ, നീ പോയിട്ട് അവിടെ എങ്ങിനെയുണ്ട്? "
അപ്പോൾ അവിടെ പോയ ആൾ എന്തുപറയും?

" നല്ല സ്ഥലം, നല്ല ചുറ്റുപാടും, കൊള്ളാം. "എന്ന്.

ഇതുകേൾക്കുന്ന അടുത്തയാളും ഉടനെ അങ്ങോട്ട് വണ്ടി കേറും.
ശരിയല്ലേ?
ഇതു തന്നെയാണ് ഇന്ന് കാട്ടുമൃഗങ്ങളുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മരണത്തിനു അപ്പുറം ജീവിതമില്ല എന്ന് നിരീശ്വരവാദി പഠിപ്പിക്കുന്നതുപോലെ കാട്ടു മൃഗങ്ങൾ ഇത്രയുംനാളും അവരുടെ മക്കളോട് പറഞ്ഞു പഠിപ്പിച്ചിരുന്നത് എന്താണ്?
" മക്കളെ, കാടിന് അപ്പുറം ഒരു ലോകമില്ല. " എന്നല്ലേ?

ആ വിശ്വാസം പൊളിച്ചത് പണ്ടേതോ താന്തോന്നിയായി നടന്ന ഒരു കൊമ്പനാനയാണ്.

അവനാണ് കാടിന്റെ അപ്പുറം നാട് ഉണ്ടെന്നു കണ്ടുപിടിച്ചതും,നാട്ടിൽ ഇറങ്ങി ചുറ്റി നടന്നു,
 " ഹ ഹാ മനോഹരം " എന്ന് കണ്ട് ഈ വിവരം കാട്ടിലെല്ലാം പട്ടാക്കിയതും.

ഇത് കേട്ടാണ് കൂടുതൽ ആനകൾ നാട്ടിലേക്ക് വന്നു തുടങ്ങിയത്..

കേരളം സ്വർഗം ആണ് എന്ന് ആദ്യം കണ്ടുപിടിച്ചത് ബംഗാളികൾ ആണ്.
അത് കേട്ടാണ് പുറകെ ബീഹാറിയും ആസാമിയും പരശൂരാമന്റെ നാട്ടിലേക്ക് ഒഴുകാൻ തുടങ്ങിയത്.

എന്റെ നോട്ടത്തിൽ വന്യ
മൃഗങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്.

നാട്ടിലേയ്ക്ക് ഇറങ്ങിയാൽ കുശാലാണ് എന്ന് കാട്ടിൽ പാട്ടായി.
ഇത് കേട്ട  ആന,കാട്ടുപന്നി, പോത്ത്, കടുവ, പുലി എല്ലാവരും ഇപ്പോൾ മലയാളി ദുബായ്യ്ക്ക് പോകുന്നപോലെ നാട്ടിൽ വിസിറ്റിംഗ് ന് വരികയല്ലേ?

അതിനു ഒരു കാട്ടാനയ്ക്കോ, ഒരു കടുവയ്ക്കോ മയക്കു വെടി വെച്ചാൽ എന്തു പരിഹാരം ഉണ്ടാവാനാണ്?

അതിലും നല്ലത് 
കാട്ടുമൃഗങ്ങളെ നാട്ടിൽ കണ്ടാൽ പേടിക്കാതിരിക്കാൻ മനുഷ്യൻമാരെ മയക്കുവെടി വയ്ക്കുകയാണ്.

ഇവിടെയാണ് നമ്മുടെ ബുദ്ധി ഉണരേണ്ടത്. ഈ വെല്ലുവിളിയെ എങ്ങിനെനേരിടാം?
ഗാന്ധിജി പഠിപ്പിച്ച സമാധാനത്തിന്റെ വഴിതന്നെ നോക്കാം.
ഒരു അനുരഞ്ജന ചർച്ച, അല്ലെങ്കിൽ സന്ധിസംഭാഷണം.

അതിനൊരു മധ്യസ്ഥൻ വേണം അല്ലെ?
ഉണ്ടല്ലോ, നമ്മുടെ കുങ്കിയാനകൾ.
അവരാകുമ്പോൾ നമ്മുടെ ഭാഷയറിയാം, കാട്ടുമൃഗത്തിന്റെ ഭാഷയും അറിയാം.

അവരെ കാട്ടിലേയ്ക്ക് വിട്ട്, കാട്ടു മൃഗങ്ങളുമായി  അവർ സംസാരിക്കട്ടെ.
എന്തൊക്കെയാണ് അവരുടെ ഡിമാൻഡുകൾ.
അതറിഞ്ഞാൽ പിന്നെ നമുക്കും
കാട്ടുമൃഗങ്ങൾക്കും തമ്മിൽ ഒരു
"ഷിംല കരാർ "ഉണ്ടാക്കിയാൽ പോരെ?

അസംബ്ലിയിലോ, ലോകാസഭയിലോ കാട്ടു മൃഗങ്ങൾക്കുംകൂടി സീറ്റ്‌ വേണം എന്ന് ഡിമാൻഡ് വരാതിരുന്നാൽ കാരറിനെ ഒരു രാഷ്ട്രീയപാർട്ടിയും
എതിർക്കുകയുമില്ല.

 

Join WhatsApp News
Yesoda 2024-02-10 15:29:26
ഞാൻ രാവിലേ ന്യൂസ്‌ കേട്ടപ്പോൾ തന്നെ ഉറപ്പിച്ചതാണ്, ഇപ്പോൾ കുതിരപ്പുറത്തിരുന്ന് എഴുതുകയായിരിക്കുമെന്ന്... I was not wrong 👌👌👌👌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക