Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം-6: സാംസി കൊടുമണ്‍)

Published on 10 February, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം-6: സാംസി കൊടുമണ്‍)

അടിമകള്‍ ചരക്കുകള്‍ തന്നെ...

വെര്‍ജിനിയ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൃഷീടങ്ങളുള്ള ജോര്‍ജ്ജിയ, മെരിലന്റ് എന്നിവിടങ്ങളിലെ വലിയ തോട്ടങ്ങളിലേക്ക് അടിമകളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുക പതിവായിരുന്നു. ചിലപ്പോള്‍ അറ്റ്‌ലാന്റിക്ക് കടല്‍ കടന്നു വരുന്ന കപ്പലില്‍ അവരെ കൊണ്ടുവന്നു. അല്ലെങ്കില്‍ പ്ലാന്റേഷന്‍ ഉടമകള്‍ തങ്ങള്‍ക്കാവശ്യമില്ലാത്തവരെ വിറ്റു. തത്വത്തില്‍ അതു കാലിച്ചന്ത പോലെ ആയിരുന്നു. അടിമഒരു ക്രയവിക്രയ ചരക്കു മാത്രമായി മാറിയപ്പോള്‍, അടിമകളുടെ ഉള്ളില്‍ തുടികൊട്ടാന്‍ തുടങ്ങിയ അഭിമാന ബോധം, പ്രതികൂലമായ സാഹചര്യത്തില്‍ പുറത്തുവരാന്‍ കഴിയാതെ ഉള്ളിലിരുന്നു നീറി

ചെറിയ നിയമ ലംഘനങ്ങള്‍ക്കു പോലും യജമാനന്റെ ന്യായദണ്ഡു കല്പിച്ച ശിക്ഷ ഏറ്റുവാങ്ങുന്ന ഒരോ അടിമയുടെ ഉള്ളിലും ഒരു വിപ്ലവകാരി കൂടുപണിയാന്‍ തുടങ്ങും. എല്ലാ സമൂഹത്തിലും എന്നപോലെ യജമാനനെ സന്തോഷിപ്പിക്കുന്ന കരിങ്കാലികള്‍ അടിമകള്‍ക്കിടയിലും ഉണ്ടായിരുന്നു. ക്രമേണ അത്തരക്കാര്‍ യജമാനന്റെ വിശ്വസ്ഥരായി. തോട്ടത്തില്‍ നിന്നുും അടുക്കളയില്‍ കയറിപ്പറ്റിയവരില്‍ ചിലരെങ്കില്ലും അകത്തെ വിവരങ്ങള്‍ പുറത്തുള്ളവര്‍ക്കു കൈമാറി തങ്ങളുടെ കുറ്റബോധത്തെ അടക്കി. പെണ്ണാളരും യജമാനന്റെ കൊച്ചമ്മമാരുടെ പ്രധാന സേവകരായി. അവരെ തിരഞ്ഞെടുക്കുന്നതും വളരെ ശ്രദ്ധയോടെ ആയിരുന്നു. ഏറയും അവരവരുടെ തോട്ടങ്ങളില്‍ പെറ്റുവീണ കിടങ്ങളായിരിക്കും. അച്ഛന്‍ ആരെന്നറിയാത്ത പെണ്‍കുട്ടികള്‍. ചിലരൊക്കെ യജമാനന്റെ കുട്ടികള്‍ തന്നെയായിരുന്നെങ്കിലും. അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ഈ കുട്ടികളുടെ നിറവ്യത്യാസം അവരുടെ പിതൃത്വം അടയാളപ്പെടുത്തുന്നുണ്ട്.

മൂന്നു നാലുവയസുവരെ അവര്‍ പ്ലാന്റേഷനിലെ ചെടികളുടെ ഇടയിലും, മരത്തണലിലും അമ്മയുടെ ജോലിയും നോക്കിയിരിക്കും. കാര്യവിചാരകര്‍ എല്ലാം വെളുത്തവര്‍ ആയിരുന്നു. അവര്‍ യജമാനനൊപ്പം യുറോപ്പില്‍നിന്നും വന്നവരോ അവരുടെ തലമുറയോ ആയിരുന്നു. ബ്രിട്ടനില്‍ നിന്നും കൃഷിയില്‍ താല്പര്യമുള്ള പ്രഭുക്കന്മാരും, ഇടപ്രഭുക്കന്മാരും, പുതിയ കുടിയേറ്റഭൂമിയിലെ അനേകം ഏക്കറുകള്‍ സ്വന്തമാക്കുകയും, കുടുംബത്തോടൊപ്പം ആശ്രിതരായിരുന്നവരെയും കൂടെ കൂട്ടി. അവരും അവരുടെ സന്തതി പരമ്പരകളും ചുമതലക്കാരായി, കുതിരപ്പുറത്ത്, കൃഷിയിടങ്ങളിലും, കുറെക്കൂടി അടുപ്പമുള്ളവര്‍ വീട്ടു ഭരണത്തിന്റെ ചുമതലക്കാരുമായി. അവര്‍ എപ്പോഴും വിശ്വസ്ഥര്‍ ആയിരുന്നു. അവരായിരുന്നു പ്ലന്റേഷന്റെ ഭരണക്കാര്‍. എന്നതുകൊണ്ടു തന്നെ അടിമപ്പെണ്ണിന്റെ മേല്‍ അവരും ചില അവകാശങ്ങള്‍ ഒക്കെ സ്ഥാപിക്കും. അങ്ങനെ ഉണ്ടാകുന്ന കുട്ടികളും അസ്തിത്വം നഷ്ടപ്പെട്ടവാരയി, അടിമപ്പടയില്‍ അണിചേരുന്നു.

യജമാനന്റെ അടുക്കളപ്പുറത്തേക്കു വിളിക്കപ്പെടുന്ന കുട്ടികള്‍ പിന്നെ അവിടെയണു താമസം അവരെ പെരുമാറ്റചട്ടങ്ങള്‍ പഠിപ്പിച്ച്, തങ്ങള്‍ക്ക് പാകമാകാത്ത മറ്റാരുടെയോ വസ്ത്രങ്ങളില്‍ പുതുക്കി, ഏറയും അതെ പ്രായമുള്ള യജമാനന്റെ പുത്രിമാരുടെ പഴയ വസ്ത്രങ്ങള്‍, യജമാനത്തിയുടെ കരുണയുടെ ഭാഗം എന്നോണം കിട്ടുന്നതാണ്. ആദ്യമൊക്കെ തൂക്കാനും തുടയ്ക്കാനും പഠിപ്പിക്കുന്നു. പിന്നെ തങ്ങളെക്കാള്‍ പ്രായമുള്ളതും, ഇളയതുമായ യജാമാനന്റെ കുട്ടികളുടെ സൂക്ഷിപ്പുകാരയി ചുമതലപ്പെടുത്തുമ്പോള്‍, അവരുടെ മലവും മൂത്രവും വൃത്തിയാക്കാനും, അവരുടെ ചവിട്ടും, തൊഴിയും, കടിയും, പിച്ചും മാന്തും ഒക്കെ സഹിക്കാനും ഒരാള്‍ എന്നു തിരുത്തണം. കുട്ടികള്‍ കരയുകയോ, കയ്യില്‍ നിന്നു താഴെപോകുകയോ മറ്റോ ചെയ്താല്‍ അതിനുള്ള ശിക്ഷ വലുതായിരുന്നു. മനുഷ്യര്‍പലേ സ്വഭാവ ഗുണങ്ങളോടെ ജനിക്കുന്നവര്‍ എന്ന പ്രകൃതി നിയമം മറക്കാതെ പറയട്ടെ ചില യജമാനത്തികള്‍ നല്ലവരായിരുന്നു. അവര്‍ തങ്ങളുടെ ഒപ്പമുള്ള അടിമക്കുട്ടികളെ കുറച്ചുകൂടി മനുഷ്യത്വപരമായി പരിഗണിച്ചിരുന്നു എന്നുള്ളതും രേഖപ്പെടുത്തണം. അങ്ങനെ ഭാഗ്യം കിട്ടിയവര്‍ വളരെ കുറവായിരുന്നു എന്നാലും. കൂട്ടികള്‍ വളരുന്നതനുസരിച്ച് ചുമതലകളും മാറാറുണ്ട്. ചിലപ്പോള്‍ അടുക്കളയിലേക്ക്, അല്ലെങ്കില്‍ യജമാനത്തിയുടെ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുന്നവര്‍. ചിലര്‍ക്കൊക്കെ കുട്ടികള്‍ക്കൊപ്പം എഴുത്തും വായനയും പഠിക്കാനുള്ള അവസരവും ലഭിച്ചു.

റീനാ... ഞാന്‍ നിന്നോടു പറയുന്ന ഈ കഥകള്‍ ചിലപ്പോള്‍ ഇങ്ങനെ അല്ലായിരുന്നിരിക്കാം പറയേണ്ടിയിരുന്നത്. ഇതില്‍ വിട്ടുപോയിട്ടുള്ളതെന്തോ അതായിരിക്കും ഞാന്‍ ശരിക്കും പറയണമെന്നാഗ്രഹിച്ചത്.എണ്ണമില്ലാത്ത കരച്ചിലും, വേദനയും, വെറുപ്പും, പൊട്ടിത്തെറികളും, പ്രാക്കും, പ്രാര്‍ത്ഥനയും വിട്ടുപോയി. എനിക്കതിനെ കൂട്ടിയിണക്കാന്‍ കഴിയുന്നില്ല. ലെമാറും അവന്റെ സഹോദരന്മാരും എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നു. അതുകൊണ്ട് ഞാന്‍ പറഞ്ഞതും, പറയുന്നതുമായ കഥകളെ നീയും കൂട്ടരും ബോധിച്ചപോലെ വായിച്ചോ. പക്ഷേ അവരുടെ ജീവിതത്തെ നിങ്ങള്‍ കാണാതെ പോകരുത്. ഏഴാം വയസുനുമുമ്പേ പീഡിപ്പിക്കപ്പെടുന്ന ഒരു കുഞ്ഞിന്റെ മനസിന്റെ നിലവിളി കേള്‍ക്കണം. യജമാനന്റെ വകയായവയെ എങ്ങനെ ഉപയോഗിക്കണം എന്ന് ആരു പറയും. വയലിലും, വീട്ടിലും അവര്‍ പീഡിപ്പിക്കപ്പെടുന്നു. അടിമപ്പെണ്ണ്പൊതുമുതലായിരുന്നു. വീട്ടില്‍ ഉള്ളതിനെ യജമാനനും മക്കളും പീഡിപ്പിക്കുമ്പോള്‍- പീഡിപ്പിക്കുക എന്ന വാക്ക് അന്ന് ഉപയോഗത്തില്‍ ഇല്ലാതിരുന്നതിനാല്‍ എല്ലാം സാധാരണംഎന്നു പറയേണ്ടിയിരിക്കുന്നു.- പാടത്തുള്ളതിനെ കാര്യവിചാരകരും, കൈയ്യുക്കുള്ള ആണും വെച്ചനുഭവിക്കുന്ന ജംഗമങ്ങള്‍ എന്നു തിരുത്തി പറയാം.

എന്തായാലും മാനവ ചരിത്രത്തില്‍ ഈ ഇരുണ്ട കാലത്തെ എങ്ങനെ വായിക്കും എന്നു ഞാന്‍ സന്ദേഹിക്കുന്നു. സ്ലേവ് സ്റ്റേറ്റുകള്‍ എന്നു വിളിക്കപ്പെട്ടിരുന്ന സതേണ്‍-മിഡ്‌വെസ്റ്റ് സ്റ്റേറ്റുകളില്‍ അവരുടെ കുട്ടികളെ അടിമയുടെ മോചനചരിത്രം പഠിപ്പിക്കേണ്ടെന്നും, അടിമകളുടെ സഹന ചരിത്രംമായിച്ചു കളയേണ്ട ഒന്നാണന്നും അവര്‍ പറയുന്നു. അടിമകള്‍ക്ക് സ്വാതന്ത്ര്യവും, വോട്ടവകാശവും കൊടുത്തത് തെറ്റാണന്ന് വാദിക്കുന്ന സെനറ്റര്‍മാര്‍ ഇന്നും അധികാരത്തില്‍ ഉണ്ട് എന്നത് ഈ രാജ്യത്തിന്റെ ഭാവി എങ്ങനെ എന്നെന്നെ ചിന്തിപ്പിക്കുന്നു. പെന്‍സല്‍വേനിയാ യൂണിവേഴ്‌സിറ്റിലെ ഒരു പെണ്‍ പ്രൊഫസര്‍ പറഞ്ഞിരിക്കുന്നു; ഇനി ഇവിടെ വെളുത്ത തൊലിയുള്ളവരെ മാത്രം കുടിയേറ്റക്കാരായി മതിയെന്ന്. അവര്‍ ഹിറ്റലറുടെ അനുയായികളാണ്. എനിക്കു ഭയമുണ്ട്,നീഗ്രോയുടെ - അറിവും സമ്മതവും ഇല്ലാതെയാണെങ്കിലും- അവന്റെ വിയര്‍പ്പിലും, വിലാപത്തിലുമാണ് ഈ രാജ്യത്തിന്റെ സമ്പത്തത്രയും കെട്ടിപ്പടുത്തതെന്ന സത്യം തമസ്‌കരിക്കപ്പെടാന്‍ പോകുന്നുവോ...?അവന്റെ കറുത്ത തോല്‍ ഉരിച്ച് അവന്റെമേല്‍ നിറമില്ലാത്തവന്റെ ചരിത്രം എഴുതാന്‍ പോകുന്നുവോ…? ഭയക്കണം... ഇന്നലെ ഏതെല്ലാമോ മാളത്തിലായിരുന്ന സര്‍പ്പക്കുഞ്ഞുങ്ങള്‍ എല്ലാം പുറത്തിറങ്ങി വിഷം ചീറ്റുകയാണ്. ഇനിയും ഒരു കൂട്ടക്കുരുതിക്കുള്ള പുറപ്പാടാണെന്നു തോന്നുന്നു. ചരിത്രത്തില്‍ നിന്നും നാം ഒന്നും പഠിക്കുന്നില്ലായിരിക്കും.

എന്റെ കുട്ടി… ഞാനിപ്പോള്‍ ഒരു പൊട്ടക്കണ്ണനെപ്പോലെ ആണെന്നു നിനക്കു തോന്നുന്നുണ്ടോ...എങ്ങോട്ടാണ് നേര്‍ വഴി എന്നറിയാത്ത ഒരു പഥികന്‍. ചരിത്രത്തില്‍ ഇങ്ങനെയുള്ള പലേ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.നിങ്ങള്‍ തയ്യാറായിരിക്കുക. . നിയും നിന്റെ തലമുറയും നിങ്ങളുടെ അവകാശങ്ങള്‍ പൊരുതി തന്നെ നേടണം. ആരുടെയും ഔദാര്യം അല്ല. ഞാനും, എനിക്കു മുമ്പുള്ളവരും പൊരുതി നേടിയ വളരെ ചെറിയഅവകാശങ്ങള്‍ പോലും ഇന്ന് പലരേയും അസ്വസ്ഥരാക്കുന്നു. ഇനിയുള്ളതൊക്കെ നിങ്ങളുടെ ദിവസങ്ങണ്. ഇന്നലെ അവര്‍ ചാട്ടവാറുകൊണ്ട് നമ്മെ ഒതുക്കി. പിന്നെ തോക്കിന്‍ മുനയിലായിരുന്നു അവരുടെ അധികാരം. ഇപ്പോല്‍ നമ്മുടെ മുറ്റത്തു വന്നവര്‍ പറയുന്നു നിങ്ങള്‍ ഇവിടുത്തുകാരല്ല. എങ്ങോട്ടെങ്കിലും ഓടിപോകാന്‍.നമ്മുടെ രാജ്യവും സംസ്‌കാരവും അവരില്ലാതാക്കി. എന്നിട്ടും അവര്‍ക്കു കുറ്റബോധം ഇല്ല. ഒരു കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. നമ്മളെ ചങ്ങലക്കിട്ടു കൊണ്ടുവന്നപ്പോള്‍, അവരും അവരുടെ നാടുപേക്ഷിച്ച് കടന്നു കയറിയവരാണ്. നിങ്ങളുടെ തൊലിയുടെ നിറംനിങ്ങളെ സംപൂജ്യരാക്കുന്നുവോ...? ഇനി അതു സമ്മതിച്ചു തരാന്‍ ഞങ്ങള്‍ക്ക് സമ്മതമില്ല എന്നു നിങ്ങള്‍ പറയണം.

റീന നീ കരയാതിരിക്കു. നാനുറു വര്‍ഷങ്ങളോളം ചങ്ങലയില്‍ കിടന്നവരുടെ മോചനം ആരും ഇഷ്ടപ്പെടില്ല കുഞ്ഞെ... അങ്കിള്‍ ടോം ഒന്നു നിര്‍ത്തി റിനയുടെ തേങ്ങല്‍ അടങ്ങാനായി കാക്കുന്നതിനിടയില്‍ ചുറ്റുമൊന്നു നോക്കി. ലെമാറിന്റെ ശരീരം അടക്കാനായി മിക്കവരും പോയിരിക്കുന്നു. ചാവടക്കിന്റെ ചടങ്ങായി ആത്മാക്കള്‍ക്കായി വെച്ച വിസ്‌കിയില്‍ നിന്നും ഒരു ഷോട്ട് സാം കുടിച്ച്, ഒരു ഷോട്ടുമായി റീനയുടെ അരികിലേക്കു നടന്നു. ശരിയാണ്. നീ അതു കുടിക്കു. നിന്റെ തേങ്ങല്‍ ഒന്നടങ്ങട്ടെ... സ്വബോദമുള്ളവര്‍ ഇവിടെ വേണ്ട. ഈ രാജ്യം അതാണോ നമ്മോട് ആവശ്യപ്പെടുന്നത്. ആന്‍ഡ്രു അങ്കിള്‍ ടോമിന്റെ കഥ കേള്‍ക്കാനായി കാതോര്‍ത്തു.

ആരും ചോദ്യം ചെയ്യാനില്ലാതെ വാണവര്‍... അങ്കിള്‍ ടോം പറഞ്ഞു തുടങ്ങി ഡിസംബറോട് ഒരോ ഉടമയുടേയും തീന്മേശയില്‍ ചര്‍ച്ചകള്‍ ആരംഭിക്കും. ജനുവരിയിലെ പുത്തന്‍ കൃഷിയെക്കുറിച്ചാണു പറയുക. എത്ര ഏക്കര്‍ പുതുതായി ഒരുക്കണം. നിലവിലെ പണിക്കാരെ മതിയോ, പുതുതായി എത്രപേരെ വാങ്ങണം. എത്രപേരെ വില്‍ക്കണം... ഇങ്ങനെയുള്ള ചര്‍ച്ചകളില്‍ കുടുംബം മുഴുവന്‍ പങ്കു ചേരും. അനുസരണയില്ലാത്തവരേയും, പ്രായമായവരേയും ഒഴിവാക്കാനുള്ള പേരുകള്‍ കാര്യവിചാരകരില്‍ നിന്നും നേരത്തെ തന്നെ കിട്ടിയിട്ടുണ്ടാകും. അങ്ങനെ ജനുവരിയിലെ കൃഷിക്കുള്ള ഒരുക്കങ്ങള്‍ അവിടെ തുടങ്ങും. ഏറെ അടിമസ്ത്രികള്‍ പെറ്റ തോട്ട ഉടമ ഏറെ സന്തോഷിക്കും. ഒരു പത്തുപേരെ വിറ്റാല്‍ കൃഷിക്കുള്ള വകകണ്ടെത്താം. അങ്ങനെയുള്ള ചെറു തോട്ടക്കാര്‍ സ്ത്രീകളേയും കുട്ടികളെയുമാണ് ഏറെ വാങ്ങാറ്. അവരുടെ ലക്ഷ്യം ഒരോ വര്‍ഷവും പാകമാകുന്ന അടിമക്കുട്ടികളെ വില്‍ക്കുന്നതിലാണ്. ഒരടിമക്ക് അഞ്ചുമുതല്‍, നൂറ്റിയമ്പതുവരെ വിലകിട്ടിയിരുന്ന ഒരു കാലമായിരുന്നത്. പിന്നെ അത് അമ്പതുമുതല്‍, അഞ്ഞൂറുവരെയായി. കാരണം ആഫ്രിക്കയില്‍ നിന്നുള്ള വരവു കുറയുകയും, തോട്ടങ്ങളുടെ എണ്ണം കൂടുകയും ചെയ്തതാണ്. പരത്തികൃഷി ഒരു പുത്തന്‍ നാണ്യവിളയായി എല്ലാവരും പരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. യൂറോപ്പില്‍ എവിടെയും കോട്ടന്റെ ഉപയോഗം നിലവില്‍ വന്നതിനാല്‍ ബ്രിട്ടന്റെ കോളനികളായിരുന്നു കൃഷിയിടം.

ക്യുന്‍സി തോട്ടത്തില്‍ ഒരു തുടക്കം എന്ന നിലയില്‍ ഇരുനൂറേക്കറില്‍ പരുത്തിച്ചെടികള്‍ നടാന്‍ തീരുമാനമായി. ക്യുന്‍സി മൂന്നാമന്റെ കൊലപാതകത്തോട് രണ്ടു വര്‍ഷത്തോളം യജമാനന്‍ ഒരോ അടിമയോടും ക്രൂരമായിത്തന്നെ പെരുമാറി. അടിമകളായവരുടെ ഉള്ളില്‍ കലിയുടെ മൂര്‍ത്തികള്‍ ജീവന്‍ വെയ്ക്കാന്‍ തുടങ്ങി. അടിമയായിരിക്കുന്നതിന്റെ അപമാനത്തിനൊപ്പം കലിയുടെ ഗര്‍ഭം അനുകൂലമായ ഒരു സാഹചര്യം നോക്കി അവര്‍ക്കുള്ളില്‍ കുടികൊണ്ടു. ഗ്രെഗറി അവരുടെ ഉള്ളില്‍ അഭിമാനത്തിന്റെ പ്രതീകമായി. റോസിയേയും അവര്‍ മറന്നില്ല. റോസി ജോര്‍ജ്ജയില്‍ ഒരു പെണ്ണിനെ പെറ്റു. വെന്തു പോള്ളിയ നാഭിയും,കരിഞ്ഞ മുലയുമായി ഒറ്റമുലച്ചി റോസി എല്ലാ അടിമകളുടേയും മനസില്‍ സഹനത്തിന്റെ മാതാവായി ജീവിച്ചു. അവര്‍ എത്രനാള്‍ ജീവിച്ചു എന്നറിയില്ല. റോസിയുടെ പാരമ്പ്യര്യങ്ങളിലാണ് ലെമാറിന്റെ വേരുകള്‍ എന്നു പറയുന്നു. അനേകം മറിച്ചു വില്പനകളിലൂടെ ലെമാറിന്റെ അമ്മ വീണ്ടും ഈ തോട്ടത്തില്‍ എത്തി. അപ്പോഴേക്കും തോട്ടത്തിന്റെ ഉടമകളും തലമുറകളും മാറിയിരുന്നെങ്കിലും പേരതുതന്നെ ആയിരുന്നു.

Read more: https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക