Image

ബൈഡന്റെ ഓർമക്കുറവ് വിഷയമാക്കിയ ഹ്യുർ  റിപ്പോർട്ട് രാഷ്ട്രീയമെന്നു ഹാരിസ് (പിപിഎം) 

Published on 11 February, 2024
ബൈഡന്റെ ഓർമക്കുറവ് വിഷയമാക്കിയ ഹ്യുർ  റിപ്പോർട്ട് രാഷ്ട്രീയമെന്നു ഹാരിസ് (പിപിഎം) 

പ്രസിഡന്റ് ജോ ബൈഡനു ഓർമക്കുറവുണ്ടെന്ന സ്പെഷ്യൽ കൗൺസൽ റിപ്പോർട്ടിനു മറുപടിയുമായി വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ആഫ്രിക്കൻ അമേരിക്കൻ-ഏഷ്യൻ-ഹിസ്പാനിക് സമൂഹങ്ങൾക്കിടയിൽ തന്റെ സ്വാധീനം പ്രയോജനപ്പെടുത്തിയാണ് ബൈഡന്റെ വലംകൈയായി നിൽക്കുന്ന ഹാരിസ് മറുപടി നൽകിയത്. 

വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്തു കൈയ്യിൽ വന്ന ചില രഹസ്യ രേഖകൾ ബൈഡൻ ആർകൈവ്സിൽ ഏൽപ്പിക്കാതെ വീട്ടിൽ കൊണ്ടുപോയി എന്ന ആരോപണം അന്വേഷിച്ച റോബർട്ട് ഹ്യൂർ കഴിഞ്ഞ ദിവസം അറ്റോണി ജനറലിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ബൈഡനെ നാണം കെടുത്തുന്ന പരാമര്ശങ്ങൾ നടത്തിയത്. 
 
യാതൊരു കാരണവും കൂടാതെ ഹ്യുർ നടത്തിയ പരാമർശങ്ങൾ മുൻപു പ്രോസിക്യൂട്ടർ കൂടി ആയിരുന്ന താൻ നിരസിക്കുന്നുവെന്നു കലിഫോർണിയ അറ്റോണി ജനറൽ ആയിരുന്ന ഹാരിസ് പറഞ്ഞു. "അവ കൃത്യമല്ല, അനുചിതവുമാണ്. പ്രസിഡന്റിന്റെ പെരുമാറ്റ രീതികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ വസ്തുതകളുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നില്ല. അതു വ്യക്തമായും രാഷ്ട്രീയ പ്രേരിതമാണ്."

ഡൊണാൾഡ് ട്രംപ് ആണ് ഹ്യുറിനെ നിയമിച്ചതെന്ന വസ്തുത ബാക്കി നിൽക്കുന്നു. 

പ്രത്യുല്പാദന അവകാശം കാർഡാക്കി പ്രചാരണ രംഗത്തു ബൈഡന്റെ മുഖ്യ പോരാളിയായി മാറിയ ഹാരിസ് ഗണ്യമായ ജനപിന്തുണയാണു നേടുന്നതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 തിരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കു നഷ്ടമായത് ഈ വിഷയത്തിലാണ്. 

ഹ്യുറിന്റെ ആരോപണങ്ങൾ വൈറ്റ് ഹൗസ് കൗൺസൽ വക്താവ് ഇയാൻ സാംസും നിരസിച്ചു. "റിപ്പോർട്ടിൽ മുഴുവൻ ബൈഡന്റെ ഓർമയെ കുറിച്ചുള്ള പരാമർശം എന്തിനെന്നു മനസിലാക്കാൻ കഴിയുന്നില്ല." 

നവംബറിൽ 81 വയസായ ബൈഡൻ ആരോപണങ്ങളെ രോഷത്തോടെയാണ് നേരിട്ടത്. സ്വന്തം മകന്റെ മരണ തീയതി ബൈഡനു ഓർമയില്ലെന്ന പരാമർശമാണ് അദ്ദേഹത്ത ഏറ്റവും കുപിതനാക്കിയത്. "എന്റെ ഓർമയ്ക്ക് കുഴപ്പമൊന്നുമില്ല," അദ്ദേഹം തറപ്പിച്ചു പറഞ്ഞു. 

Harris hits back at Hur 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക