ബ്രാംപ്ടണ്‍ : ജന്മദിനം ആഘോഷിക്കുന്നതിനിടെ അമിത വേഗത്തില്‍ ഓടിച്ച കാര്‍ കൂട്ടിയിടിച്ച് കാനഡയിലെ ബ്രാംപ്ടണില്‍ മൂന്ന് ഇന്ത്യന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബോവൈര്‍ഡ് ഡ്രൈവ് വെസ്റ്റിലെ ചിങ്ഗൂസി റോഡിലാണ് രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അന്ന് 23-ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന റീതിക് ഛബ്ര, സഹോദരന്‍ രോഹന്‍ ഛബ്ര (22), സുഹൃത്ത് ഗൗരവ് ഫാസ്ഗെ (24) എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
രണ്ട് പേര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയതായും മൂന്നാമനെ വാഹനത്തിന് പുറത്ത് കണ്ടെത്തിയതായും പീല്‍ പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഫോക്സ്വാഗണ്‍ ജെറ്റ പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ വാഹനം സമീപത്തെ പെട്രോള്‍ പമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവര്‍ അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് കസ്റ്റഡിയിലെടുത്തു.
മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ പണം സ്വരൂപിക്കുന്നതിനായി അപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ ബന്ധു GoFundMe പേജ് ആരംഭിച്ചിട്ടുണ്ട്.