ഡാൻസർ ഭവാനിദേവി അന്തരിച്ചു. "ചെല്ലപ്പൻ ഭവാനി, ഭാരതീയ നൃത്ത കലാലയം തിരുനക്കര "- ഇത് തിരുനക്കരയിൽ ഞങ്ങളുടെ വീടിനടുത്തുള്ള ഏറ്റവും പ്രസിദ്ധമായ മേൽവിലാസമായിരുന്നു.
വടക്കൻപാട്ടുകഥകളുടെ, രാമായണ കഥകളുടെ മഹാഭാരതകഥകളുടെ ഒക്കെ നൃത്താവിഷ്കാരവുമായി, ക്ഷേത്രോത്സവകാലങ്ങളിൽ കേരളമൊട്ടാകെ സഞ്ചരിക്കുന്ന ആ ബാലേ ട്രൂപ്പിലെ അംഗങ്ങളൊക്കെ ഞങ്ങളുടെ അയൽപക്കത്തു നിന്നുള്ളവരായിരുന്നു.
ചെല്ലപ്പൻ - ഭവാനി യിലെ ഭവാനി സാർ എന്നും ചെല്ലപ്പൻ ഭവാനി യിലെ ചെല്ലപ്പൻ സാർ എന്നും അർദ്ധനാരീശ്വരരായി അവർ അറിയപ്പെട്ടു.
എൻ്റെ അമ്മുമ്മക്ക് മകളായിരുന്നു ഭവാനിസാർ. ഡാൻസ് പരിപാടികളുമായി ചെന്നൈയിൽ ആയിരിക്കുമ്പോൾ അവർ കത്തുകളയക്കുന്നത് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാനാണ് ഉറക്കെ വായിച്ചിരുന്നത്. കത്തിനടിയിൽ 'എന്ന് സ്വന്തം മകൾ ഭവാനീ ദേവി ' എന്നെഴുതി ഒപ്പിടുന്നത് ഓർമ്മ. ഗുരുഗോപിനാഥിൻ്റെ അനന്തിരവൻ ചെല്ലപ്പനും ശിഷ്യ ഭവാനീദേവിയും അന്ന്, കേരളത്തിന് ലളിത പത്മിനി രാഗിണിമാരെങ്ങനെയോ അങ്ങനെ കോട്ടയത്തിൻ്റെ അഭിമാനമായിരുന്നു.
ബാലെയുടെ പാട്ടും സ്ക്രിപ്റ്റും തയ്യാറാക്കുമ്പോൾ ആദ്യ വായനക്കാരി അമ്മുമ്മയായിരുന്നു. രാവണപുത്രി ബാലെയിൽ രാവണൻ ചെല്ലപ്പനും, രാവണൻ ഹിമവൽസാനുവിൽ കണ്ടു മോഹിച്ച അപ്സരസ്സ് വേദവതി ഭവാനീദേവിയുമായിരുന്നു.
ഭഗവത് ഗീതയിൽ അർജ്ജുനൻ ചെല്ലപ്പനും ശ്രീകൃഷ്ണൻ ഭവാനിയുമായി.
ഉണ്ണിയാർച്ചയിൽ ആരോമൽ ചേകവർ ചെല്ലപ്പനും ഉണ്ണിയാർച്ച ഭവാനിയുമായിരുന്നു.
ചന്തുവായി വന്ന മുണ്ടക്കയം സുരേന്ദ്രൻ അന്ന് വലിയ ജനപ്രീതി നേടിയിരുന്നു. സുമുഖനായിരുന്നു. ട്രൂപ്പിൽ നിന്ന് അകന്ന് അയാൾ മറ്റൊരു ട്രൂപ്പുണ്ടാക്കി ആദ്യമിറക്കിയ ബാലേ തച്ചോളിച്ചന്തു തിരുനക്കരയിൽ കളിച്ചപ്പോൾ ഭവാനി സാറും ചെല്ലപ്പൻ സാറും 'അവനും നന്നായി വരട്ടെ ' എന്ന് കണ്ണു നിറഞ്ഞ് അമ്മുമ്മയോട് പറഞ്ഞു. 'പരിഭവമാണോ പ്രിയനേ അങ്ങീ പ്രണയിനി തന്നോടു മിണ്ടില്ലേ' എന്ന ഒരു പാട്ട് ആ ബാലേയിൽ ഉണ്ടായിരുന്നു. എന്നോടെന്തിനി പ്പിണക്കം എന്ന പിൽക്കാല ചലിച്ചിത്ര ഗാനം കേൾക്കുമ്പോഴെല്ലാം ആ ഗാനവും ഞാനോർമ്മിക്കും.
ദീപാവലി ബാലെയിൽ നരകാസുരൻ ചെല്ലപ്പനും ശ്രീകൃഷ്ണൻ ഭവാനിയുമായിരുന്നു. നരകാസുരൻ്റെ നെഞ്ചത്തിരുന്ന് ശ്രീകൃഷ്ണൻ ചങ്കു തല്ലിപ്പിളർന്നു. ശ്രീകൃഷ്ണചരിതത്തിൽ ഭവാനി സാർ മോഹിനിയും പൂതനയുമായി.
ഞങ്ങളുടെ വീട്ടിലെ പുരാണിക് എൻസൈക്ലോപീഡിയ പലപ്പോഴും അവരുടെ വീട്ടിലായിരുന്നു. പുരണത്തിലേക്ക് ,വടക്കൻ പാട്ടിലേക്ക് ഒക്കെ കുഞ്ചാക്കോയും, പി. സുബ്രഹ്മണ്യവും കൊണ്ടുപോകുന്നതിനു മുൻപായിരിക്കണം ഇതൊക്കെ. അങ്കത്തട്ട് എന്ന സിനിമ കാണുമ്പോൾ ചെല്ലപ്പൻ ഭവാനി മാർ ഞങ്ങൾക്കൊപ്പം തീയേറ്ററിലുണ്ടായിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ അമ്മ എന്നെ കടയിൽ പറഞ്ഞു വിട്ടു. വെളിച്ചെണ്ണ വാങ്ങാൻ. ഭാരതീയ നൃത്ത കലാലയത്തിനു മുന്നിലൂടെ താഴോട്ടിറങ്ങി വേണം രാജപ്പൻ്റെ കടയിലെത്താൻ . പുതിയ ബാലേ പ്രാക്ടീസ് നടക്കുന്നുണ്ടവിടെ. കൊട്ടും മേളവും യുദ്ധവും അട്ടഹാസവും കേൾക്കാം. റോഡ് സൈഡിൽ അൽപം കുമ്പിട്ടിരുന്നാൽ എനിക്ക് ഓലമറക്കിടയിലൂടെ കുറെശ്ശേ ഡാൻസ് കാണാം. ഞാനത് കണ്ടുകണ്ടിരുന്ന് സന്ധ്യ കഴിഞ്ഞതറിഞ്ഞില്ല. മകളെ കാണാഞ്ഞ് അമ്മ പരിഭ്രമിച്ചു. ഞാൻ നൃത്തത്തിൽ മുഴുകി റോഡരികിൽ കുത്തിയിരിക്കുകയാണ്.ഒരു വടിയുമായി വന്ന് അമ്മ വീടു വരെ തല്ലിയത് ഇന്നും ഓർമ്മ.
ഒരു പൂപ്പാത്രം നിറയെ പൂവുമായി തിരുനക്കര ക്ഷേത്രത്തിലേക്ക് കടന്നു വരുന്ന ചെല്ലപ്പൻ ഭവാനി എത്ര നാളത്തെ സ്ഥിരം കാഴ്ചയായിരുന്നു.
ഭവാനി സാറിൻ്റെ ഓർമ്മകൾക്കു മുന്നിൽ ദീർഘ നമസ്കാരം
എസ്. ശാരദക്കുട്ടി