റെക്കോർഡിട്ട ചൂടിനു ശേഷം ന്യൂ യോർക്ക് നഗരം ശൈത്യകാലത്തിന്റെ അനുഭവത്തിലേക്കെന്നു കാലാവസ്ഥാ നിരീക്ഷകർ. ചൊവാഴ്ച മഞ്ഞു വീഴുമെന്നാണ് പ്രവചനം. ഒരിഞ്ചു മുതൽ ഒട്ടേറെ ഇഞ്ചുകൾ വരെ കനത്തിൽ നഗര മേഖലയിലും ന്യൂ ജഴ്സിയിലും ഹഡ്‌സൺ വാലിയിലും.
വടക്കു കിഴക്കൻ ശീതക്കാറ്റ് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച രാത്രി മുതൽ ആരംഭിച്ചു ചൊവാഴ്ചയിലേക്കു നീളുന്ന മഞ്ഞു വീഴ്ച നഗര മേഖലയിൽ നാലിഞ്ചു വരെ കനത്തിൽ മഞ്ഞു പൊഴിക്കും.
ന്യൂ യോർക്കിൽ 700 ദിവസത്തിനു ശേഷമാണു ജനുവരി 16നു മഞ്ഞുവീഴ്ച ഉണ്ടായത്. എന്നാൽ ഈ വർഷവും കനത്ത മഞ്ഞുണ്ടായില്ല. മഴയിൽ നിന്നു മഞ്ഞിലേക്കു മാറുന്ന കാറ്റ് വടക്കോട്ടു പോകുമ്പോൾ എത്രമാത്രം തണുപ്പ് വലിച്ചെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ചൊവാഴ്ചത്തെ മഞ്ഞിന്റെ കനം.
കാറ്റിനു ശക്തി കൂടുമ്പോൾ അത് തണുത്ത വായു വലിച്ചെടുക്കയും മഴയെ മഞ്ഞാക്കി മാറ്റുകയും ചെയ്യും. കാലാവസ്ഥാ നിരീക്ഷകർ ആ മാറ്റമാണു ശ്രദ്ധിക്കുന്നത്. പെൻസിൽവേനിയ മുതൽ മാസച്ചുസെറ്റ്സ് വരെ വ്യാപകമായ മഴ ഉണ്ടാവുമെന്ന് അവർ കരുതുന്നു.
ക്യാറ്സ്കിൽസിലും ഹഡ്‌സൺ വാലിയിലും ആറിഞ്ചു വരെ മഞ്ഞു വീഴുന്ന ശക്തമായ കാറ്റുണ്ടാവാം. ഹണ്ടർഡൺ, മോറിസ്, സസെക്‌സ്, വാറൻ എന്നിവിടങ്ങളിലും ന്യൂ ജഴ്സിയിലെ ബെർഗൻ, പാസായിക് കൗണ്ടികളുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഏഴിഞ്ചു മുതൽ 12 ഇഞ്ച് വരെ മഞ്ഞു കനക്കും.
ന്യൂ യോർക്ക് നഗരത്തിൽ ചൊവാഴ്ച പുലർച്ചെ നാലു മണിയോടെ ആരംഭിക്കാം. ഉച്ച തിരിഞ്ഞും തുടരും. നല്ല കനത്തിൽ മഞ്ഞു വീണാൽ അഞ്ചു ബറോകളിലും ലോങ്ങ് ഐലൻഡിലും നിരവധി ഇഞ്ചുകൾ കനത്തിൽ പ്രതീക്ഷിക്കാം.
വാലൻന്റൈൻസ് ഡേ എത്തുമ്പോഴേക്ക് ഊഷ്മാവ് 40 ഡിഗ്രിക്കടുത്തു നിൽക്കും.
ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ ശനിയാഴ്ച 60 ഡിഗ്രി എത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ 56 ഡിഗ്രിയുടെ റെക്കോർഡ് അതു തകർത്തു. സെൻട്രൽ പാർക്കിൽ 59 വരെ എത്തി.
Nor’easter to dump snow in NYC