Image

പാക്ക് തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്നു യുഎസ്; ഫലങ്ങൾ അംഗീകരിക്കരുതെന്നു  കോൺഗ്രസ് അംഗങ്ങൾ ബൈഡനോട് (പിപിഎം) 

Published on 11 February, 2024
പാക്ക് തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്നു യുഎസ്; ഫലങ്ങൾ അംഗീകരിക്കരുതെന്നു  കോൺഗ്രസ് അംഗങ്ങൾ ബൈഡനോട് (പിപിഎം) 

പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നു യുഎസ് ചൂണ്ടിക്കാട്ടി. "തിരഞ്ഞെടുപ്പു തട്ടിപ്പുകളെ കുറിച്ചുള്ള ആരോപണങ്ങൾ പൂർണമായും അന്വേഷിക്കണം," സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് വെള്ളിയാഴ്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

ഒട്ടേറെ ക്രമക്കേടുകൾ നടന്നതായി ആരോപണമുണ്ട്. "അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ കൂട്ടം ചേരലും അനാവശ്യമായി നിയന്ത്രിച്ചുവെന്നു അന്താരാഷ്ട്ര, പ്രാദേശിക നിരീക്ഷകരുടെ വിശ്വസനീയമായ ആരോപണമുണ്ട്." 

തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കരുതെന്നു പല യുഎസ് ജനപ്രതിനിധികളും പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. ഒട്ടേറെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. 

വിദേശകാര്യ കമ്മിറ്റി ചെയർമാൻ മൈക്കൽ മക്കോൾ, റാങ്കിങ് മെംബർ ഗ്രിഗറി മീക്സ് എന്നിവരും മറ്റു പ്രമുഖ സാമാജികരും ശക്തമായ രീതിയിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. "വോട്ടെണ്ണലിൽ നടന്ന ക്രമക്കേടുകളും ബാലറ്റിൽ നടന്ന കൃത്രിമങ്ങളും അന്വേഷിക്കണമെന്നു ബൈഡൻ ഭരണകൂടത്തോടും കോൺഗ്രസിനോടും ആവശ്യപ്പെടുന്നു."  

കമ്മിറ്റിയിലെ മുതിർന്ന അംഗമായ ബ്രാഡ് ഷെർമാൻ പറഞ്ഞു: "പാക്കിസ്ഥാനിലെ മാധ്യമ സംഘടനകൾക്കു വോട്ടെണ്ണൽ കൃത്യമായി നിരീക്ഷിച്ചു റിപ്പോർട്ട് ചെയ്യാൻ കഴിയണം. ഫലപ്രഖ്യാപനത്തിൽ അനാവശ്യമായ കാലതാമസം ഉണ്ടാവാൻ പാടില്ല." 

പാക്ക് പട്ടാളം അവരുടെ സ്ഥാനാർഥികളെ ജയിപ്പിക്കാനും ഇമ്രാൻ ഖാന്റെ പാർട്ടിയെ തോൽപ്പിക്കാനും തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടത്തിയെന്നു ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റെപ്. റോ ഖന്ന പറഞ്ഞു. ഇമ്രാന്റെ പാർട്ടിക്കാണ് ജനങ്ങൾ വിജയം നൽകിയത്, പക്ഷെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പാക്ക് മുസ്ലിം ലീഗ്-നവാസ് (പി എം എൽ-എൻ) പാർട്ടിയെ ജയിപ്പിക്കാനാണ് പട്ടാളം ശ്രമിക്കുന്നത്. 

"യുഎസ് പാക്കിസ്ഥാനിലെ നിയമവിരുദ്ധ ഭരണത്തെ അംഗീകരിക്കരുത്," ഖന്ന പറഞ്ഞു. "നമ്മൾ യഥാർഥ ജനാധിപത്യത്തിന്റെ ഭാഗത്തു നിൽക്കണം." 

കോൺഗ്രസ് അംഗമായ റെപ്. റാഷിദ തലൈബ് പറഞ്ഞു: "നമ്മൾ പാക്ക് ജനതയുടെ കൂടെ നിൽക്കണം, അവിടെ ജനാധിപത്യം ഗൗരവമായ അപകടത്തിലാണ്." 

അനൗദ്യോഗിക ഫലങ്ങൾ അനുസരിച്ചു ഇമ്രാന്റെ പി ടി ഐ പാർട്ടിയുടെ സ്വതന്ത്രർ ആണ് ഏറ്റവുമധികം സീറ്റ് നേടിയത്: 95. എട്ടു സീറ്റിന്റെ ഫലം ബാക്കി നിൽക്കെ 336 അംഗ പാർലമെന്റിൽ ആർക്കും ഭൂരിപക്ഷം കിട്ടില്ല എന്ന നിലയാണ്. പട്ടാളത്തിന്റെ താല്പര്യം  പി എം എൽ-എൻ  ഭരിക്കണം എന്നാണ്. എന്നാൽ അവർ 78 സീറ്റുമായി പിന്നിലാണ്. അവർക്കൊപ്പം ഭരിച്ചിരുന്ന പാക്ക് പീപ്പിൾസ് പാർട്ടിക്കു (പി പി പി) കിട്ടിയത് 54. ഇരുവരും ചേർന്നു ഭരിക്കാൻ ധാരണ ആയെങ്കിലും ഭൂരിപക്ഷത്തിനു വേണ്ട 169 എത്തുന്നില്ല എന്ന നിലയാണ്. എം ക്യൂ എം 17 സീറ്റ് നേടി. അവരെയും മറ്റു ചില്ലറ പാർട്ടികളെയും സ്വതന്ത്രരെയും കൂട്ടു പിടിച്ചു ഭരണം കൈയടക്കാനാണ് പി എം എൽ-എൻ, പി പി പി എന്നിവർ ശ്രമിക്കുന്നത്.  

ബിലാവൽ ഭരിക്കട്ടെയെന്നു സർദാറി 

കൂട്ടുകക്ഷി ഭരണമുണ്ടായാൽ ബിലാവൽ ഭുട്ടോയെ പ്രധാനമന്ത്രിയാക്കണമെന്നു പിതാവും മുൻ പ്രസിഡന്റുമായ ആസിഫ് അലി സർദാറി ആവശ്യപ്പെട്ടു. വധിക്കപ്പെട്ട പ്രധാനമന്ത്രി ബേനസീർ ബുട്ടോയുടെ മകൻ കഴിഞ്ഞ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി ആയിരുന്നു. സർദാറി ആവശ്യം ഉന്നയിച്ചതായി മുസ്ലിം ലീഗ് നവാസ് പക്ഷം നേതാവും പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫ് ആണ് വെളിപ്പെടുത്തിയത്.  

പകരം പഞ്ചാബ് ഭരണം പിടിക്കാൻ നവാസ് പക്ഷത്തെ പി പി പി പിന്തുണയ്ക്കും. നവാസ് ഷരീഫിന്റെ പുത്രി മറിയം നവാസ്  മുഖ്യമന്ത്രിയാകും. 

അപ്രതീക്ഷിത ഫലങ്ങൾ പി എം എൽ-എൻ പാർട്ടിയെയും പട്ടാളത്തെയും അമ്പരപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. അനായാസം ജയിക്കാമെന്ന പ്രതീക്ഷയിൽ ആയിരുന്നു അവർ.  

US cites fraud in Pak election 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക