Image

ആഗ്രഹമുണ്ടായിട്ടും വായിക്കാതെ അടച്ചു വച്ച പുസ്തകങ്ങൾ : ജിസ ജോസ്

Published on 11 February, 2024
ആഗ്രഹമുണ്ടായിട്ടും വായിക്കാതെ അടച്ചു വച്ച പുസ്തകങ്ങൾ : ജിസ ജോസ്

വായിക്കാൻ പുസ്തകം കിട്ടിയാൽ മറ്റെല്ലാം മറക്കുമായിരുന്നു. വായിച്ചു തീർന്നാലേ സമാധാനമാവൂ. ഭക്ഷണം കഴിക്കുമ്പോഴും ഇടതുവശത്ത് പുസ്തകം നിവർത്തിവെച്ചിരിക്കും. അതിനു വഴക്കു കേൾക്കുമ്പോൾ വേഗം കഴിച്ചുതീർത്ത്‌ ഓടിപ്പോവും 

ഒരുദിവസം
" ആദ്യം എണീറ്റാൽ സ്വന്തം പാത്രം മാത്രമല്ലേ കഴുകേണ്ടൂ ...  നിൻ്റെ  സൂത്രം മനസ്സിലായി "
 എന്ന് അമ്മ പറഞ്ഞപ്പോൾ അമ്പരന്നു..

വൈകുന്നേരം പുഴുക്കുണ്ടാക്കാൻ ചക്ക വെട്ടിക്കീറിവെച്ചിരിക്കുന്നു.
ആ സമയത്താണ് ഏതോ ആഴ്ചപ്പതിപ്പ് കൈയ്യിലെത്തിയത്. അപ്പോത്തന്നെ വായിക്കണം. അതുമെടുത്ത് പറമ്പിലെ മരത്തണലിലേക്കോടി.ഉടൻ വിളിയെത്തി.തിരിച്ചു ചെന്നപ്പോൾ കളിയാക്കലും പരിഭവവും. 
"എന്നാലും എങ്ങനെ മനസ്സുവന്നു ,ചക്ക മുറിച്ചു വെച്ചതു കണ്ടിട്ടു മുങ്ങിക്കളയാൻ ? ഭയങ്കരി തന്നെ."
കുരുവും ചവിണിയും നീക്കി ചക്കച്ചുള അരിയാൻ പാകത്തിൽ വൃത്തിയാക്കിക്കൊടുക്കണമായിരുന്നു.അതു ചെയ്യാൻ മടിച്ച് സ്ഥലംവിട്ടതല്ല ,വായിക്കാനുള്ള കൊതി കൊണ്ടാണെന്നു പറഞ്ഞിട്ടു കാര്യമുണ്ടായില്ല...

തറവാട്ടിലെ വരാന്തയിൽ കസേരയിലിരുന്നു ഏതോ പുസ്തകം ലയിച്ചു വായിക്കുകയായിരുന്നു. വല്യപ്പൻ കേറിവന്നതറിഞ്ഞില്ല.
" പെമ്പിള്ളേര് മുൻവശത്ത് പുസ്തകോം വായിച്ച് കസേരയിലിരിക്കുക ,വല്യപ്പൻ കേറി വന്നിട്ടുപോലും എണീക്കാതിരിക്കുക... എന്തു ധിക്കാരമാണിത്."
എന്ന വഴക്കു കേട്ടപ്പോൾ കരച്ചിൽ വന്നു. ഒരു നുള്ളു കൂടി കിട്ടിയപ്പോൾ ശരിക്കു കരഞ്ഞു.

പ്രസവിച്ചു കിടക്കുന്ന സമയത്ത് "ഏതു സമയോം പുസ്തകോം വായിച്ചിരുന്നോ ,ആ കൊച്ചിനെയൊന്നു ശ്രദ്ധിക്കരുത്. " എന്ന ശാസന. അതിനിപ്പോ കുഞ്ഞുറങ്ങുകയല്ലേ എന്നു തിരിച്ചു ചോദിച്ചിട്ടു കാര്യമില്ല. അമ്മ 24 മണിക്കൂറും കുഞ്ഞിനെ നോക്കിക്കൊള്ളണം.

കുട്ടികളുള്ളതുകൊണ്ടു വായിക്കാൻ സമയം കിട്ടുന്നില്ലെന്നു സങ്കടപ്പെടുന്ന സഹപ്രവർത്തകരോട് നാളെ അമ്മയ്ക്കു ഒരു  പരീക്ഷയുണ്ട്  ,കുറച്ചുനേരം ശല്യപ്പെടുത്തരുത് എന്നു മക്കളോടു പറഞ്ഞിട്ടാണു വായിക്കുകയെന്നും കുഞ്ഞുങ്ങൾ അതനുസരിക്കുമെന്നും  പറഞ്ഞപ്പോൾ അത്ര നിഷ്ഠുരയാവാൻ കഴിയുന്നതെങ്ങനെയെന്ന് അവർ ചോദിക്കാതെ ചോദിക്കുന്നു.

പിന്നെയുമെത്രയോ ഓർമ്മകൾ !
അവളുടെ ഒരു വായന! അവളൊരു വായനക്കാരി ന്നൊക്കെ പരിഹാസവും ദേഷ്യവും നീരസവും തുളുമ്പുന്ന വാക്കുകൾ. ചിലത് കേട്ടിട്ടുണ്ട്.
ചിലത് മുഖഭാവങ്ങളിലൂടെ ഊഹിച്ചിട്ടുണ്ട് .... 
'അവനൊരു പുസ്തകം കിട്ടിയാൽ മതി ,പിന്നൊന്നും വേണ്ട " എന്നു അഭിമാനത്തോടെയും 
" അവൾക്കൊരു പുസ്തകം കിട്ടിയാൽ തീർന്നു ,വേറൊരു കാര്യവും ശ്രദ്ധിക്കാതെ അതും കൊണ്ടിരിക്കും " എന്നു നീരസത്തോടെയുമുള്ള താരതമ്യങ്ങളും സുപരിചിതം. 

ഏതോ കാലത്തെ ഈ അനുഭവങ്ങൾ 
ഓർമ്മ വന്നത് 
ഒരു സാഹിത്യസമ്മേളനത്തിൽ നടന്ന വായനയുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രശസ്തനായ എഴുത്തുകാരൻ തൻ്റെ അതിവിപുലമായ വായനയെക്കുറിച്ച് അഭിമാനത്തോടെ പറയുന്നതു കേട്ടപ്പോഴാണ്. സദസ്സിൽ നിന്നുള്ള ഏതോ ചോദ്യത്തിനു മറുപടിയായി തൻ്റെ വായനാശീലം ഇഷ്ടമല്ലാത്തതു ഭാര്യയ്ക്കു മാത്രമായിരിക്കും എന്നദ്ദേഹം തമാശ പറയുന്നു ,സദസ്സ് ഇളകിമറിഞ്ഞു ചിരിക്കുന്നു.

അതെ ,ഭർത്താവു സദാസമയവും വായിച്ചു കൊണ്ടിരിക്കുന്നത് ഭാര്യക്കിഷ്ടമല്ല .അവൾക്കു കിട്ടേണ്ട സമയം കൂടി അയാൾ പുസ്തകങ്ങൾക്കു കൊടുക്കുന്നത് അവളെ ക്ഷുഭിതയാക്കും.
എത്ര മുൻവിധിയോടെയുള്ള പരാമർശം! എത്ര അരാഷ്ടീയമായ പ്രഖ്യാപനം!

തിരിച്ചുചോദിക്കാം ,എപ്പോഴും വായിച്ചു കൊണ്ടിരിക്കുന്ന ,സദാ പുസ്തകങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു ഭാര്യയെ നിങ്ങൾക്കിഷ്ടമാണോ? 
ആയിരിക്കില്ല.
കല്യാണം കഴിക്കുന്നത് ബൗദ്ധിക സംവാദങ്ങൾക്കും പുസ്തക ചർച്ചയ്ക്കുമല്ലല്ലോ.

അപ്പോൾ വായനക്കാരായ പുരുഷന്മാരേ ,നിങ്ങളുടെ വിശാലവും വിപുലവുമായ വായനകൾക്കു പുറകിൽ നിങ്ങളുടെ ഭാര്യ വായിക്കാതെ അടച്ചുവെച്ച പുസ്തകങ്ങളുണ്ട്.  ആഗ്രഹമുണ്ടായിട്ടും വായിക്കാൻ ശ്രമിക്കാതെ  മാറ്റി വെച്ചവ !

അവളെ പരിഹസിക്കുമ്പോൾ അതുമോർക്കണം... ....

( ചിത്രം ഗൂഗിൾ )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക