വാഷിംഗ്ടണ്‍: നാറ്റോ സഖ്യകക്ഷികള്‍ അവരുടെ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റിയില്ലെങ്കില്‍ റഷ്യയോട് ആക്രമിക്കാന്‍ പറയുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
നാറ്റോയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ നല്‍കേണ്ട പണം നല്‍കാത്തവരെ റഷ്യ ആക്രമിച്ചാല്‍ സഹായിക്കാന്‍ അമേരിക്ക ഉണ്ടാകില്ലെന്ന് താന്‍ സഖ്യത്തിന്റെ ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് സൗത്ത് കരോലിനയിലെ പ്രസംഗത്തിനിടെ പറഞ്ഞു. യുക്രെയ്ന് നല്‍കുന്ന സാമ്പത്തിക സഹായവും നാറ്റോയുടെ നിലനില്പിനെയും ട്രംപ് പലപ്പോഴായി ചോദ്യം ചെയ്തിരുന്നു.
യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ജോ ബൈഡന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച നിയമനിര്‍മാണം കോണ്‍ഗ്രസില്‍ പരാജയപ്പെട്ടതും ട്രംപ് ആഘോഷിച്ചു. താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ ദിവസംതന്നെ വലിയൊരു നാടുകടത്തല്‍ ഉണ്ടാകുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു.
രണ്ടാം തവണയും അമേരിക്കയുടെ പ്രസിഡന്റ് പദം ലക്ഷ്യം വയ്ക്കുന്ന റിപ്പബ്ലിക്കന്‍ നേതാവാണ് ഡോണള്‍ഡ് ട്രംപ്. ഈ മാസം പ്രൈമറി നടക്കുന്ന സൗത്ത് കരോലിനയില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.