പലസ്തീൻ അഭയാർഥികൾക്കു വേണ്ടി യുഎൻ നടത്തുന്ന യുഎൻ ആർ ഡബ്ലിയു എ ഏജൻസിയുടെ ഗാസ സിറ്റിയിലെ ആസ്ഥാനത്തിന് അടിയിൽ ഹമാസിന്റെ ടണൽ കണ്ടെത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. ഈ തുരങ്കത്തിൽ നിന്നു ഹമാസ് ഭീകരർ വൈദ്യുതി നേരിട്ട് എടുക്കുന്നുണ്ടെന്നും ഇസ്രയേൽ പറഞ്ഞു.
അറുപതടി ആഴത്തിൽ അര മൈൽ നീളത്തിലാണ് ടണൽ എന്നു എക്‌സിൽ കയറ്റിയ ദൃശ്യം ചൂണ്ടിക്കാട്ടി ഇസ്രയേലി സേന ഐ ഡി എഫ് പറയുന്നു. അകത്തു കടക്കാനുള്ള 10 വഴികളിൽ ഒരെണ്ണം യുഎൻ ആർ ഡബ്ലിയു എ ഏജൻസി നടത്തുന്ന സ്കൂളിന് സമീപമാണ്.
ഈ രീതിയിൽ ഹമാസ് വൈദ്യുതി ചോർത്തുന്നത് ഗാസയിലെ ആശുപത്രികളിലും ചില കെട്ടിടങ്ങളിലും കണ്ടെത്തിയിരുന്നുവെന്നു ഐ ഡി എഫ് പറയുന്നുണ്ട്.
ഒക്ടോബർ 7നു ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ യുഎൻ ഏജൻസിയുടെ ജീവനക്കാർ പങ്കെടുത്തുവെന്നു ആരോപണമുണ്ട്. അതിന്റെ പേരിൽ യുഎൻ 12 ജീവനക്കാരെ നീക്കം ചെയ്തു. അന്വേഷണം നടത്തുന്നുണ്ട്.
ഏജൻസിയുടെ ആസ്ഥാനത്തു നിന്നു റൈഫിളുകൾ, വെടിയുണ്ടകൾ, ഗ്രെനേഡ്, സ്‌ഫോടക വസ്തുക്കൾ ഇവയൊക്കെ കണ്ടെടുത്തതായി ഐ ഡി എഫ് അവകാശപ്പെട്ടു.
എന്നാൽ ഹമാസ് ഭീകരർ ഈ ടണലുകളിൽ സജീവമായി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവ് നൽകാൻ ഐ ഡി എഫിനു കഴിഞ്ഞില്ലെന്നു അവിടം സന്ദർശിച്ച മാധ്യമ പ്രവർത്തകരെ ഉദ്ധരിച്ചു 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.
അങ്ങിനെയൊരു തുരങ്കം ഉള്ളതായി യാതൊരു വിവരവും ഇല്ലെന്നു യുഎൻ ഏജൻസി കമ്മിഷണർ-ജനറൽ ഫിലിപ്പെ ലസാരിനി പറഞ്ഞു. എന്നാൽ അതേപ്പറ്റി സ്വതന്ത്രമായ അന്വേഷണം നടത്താവുന്നതാണ്.
സെപ്റ്റംബറിൽ ഏജൻസിയുടെ ആസ്ഥാനം പരിശോധിച്ചതാണ്. ഹമാസിന്റെ എന്തെങ്കിലും സാന്നിധ്യം അന്നു കണ്ടില്ല.
അദ്ദേഹം എക്‌സിൽ കുറിച്ചു: "യുഎൻ ആർ ഡബ്ലിയു എ ഒരു മാനുഷിക സഹായ-വികസന ഏജൻസിയാണ്. അതിനു സൈനികമായ പരിശോധനകൾ നടത്താനുള്ള വൈദഗ്ധ്യമോ കഴിവോ ഇല്ല."
ഏജൻസി പരിസരത്തു ടണലുകൾ കണ്ടാൽ ഇസ്രയേലിനെ അറിയിച്ചിരുന്നുവെന്നു ലസാരിനി പറഞ്ഞു. ആ വിവരം പരസ്യമാക്കിയിട്ടുമുണ്ട്. ഇപ്പോൾ കണ്ടെത്തിയെന്നു പറയുന്ന ടണലിനെ കുറിച്ച് പക്ഷെ ഇസ്രയേൽ ഏജൻസിക്കു വിവരമൊന്നും നൽകിയില്ല. മാധ്യമങ്ങളിൽ നിന്നാണ് അറിയുന്നത്.
മരണ സംഖ്യ 28,000 കടന്നു
ഗാസയിൽ ഇസ്രയേലി ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 28,176 ആയെന്നു ഗാസ ആരോഗ്യ വകുപ്പ് ഞായറാഴ്ച അറിയിച്ചു. പരുക്കേറ്റവർ 67,784 ആയി.
ശനിയാഴ്ചയും ഞായറാഴ്ചയുമായി 112 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയിലെ ഒരു വീട്ടിൽ ഇസ്രയേൽ ബോംബിട്ടുവെന്നു പലസ്തീൻ വാർത്താ ഏജൻസി വഫ പറഞ്ഞു. മരിച്ചത് 25 പേർ.
ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ ഐ ഡി എഫ് ജോലി തീർത്തിട്ടില്ലെന്നു മേധാവി ഹെർസി ഹാലെവി പറയുന്നു. കൂടുതൽ രൂക്ഷമായ ആക്രമണങ്ങൾ ഉണ്ടാവാം എന്നാണ് സൂചന.
റഫയിൽ ആക്രമണം നടത്തിയാൽ ബന്ദികളെ വിടാനുള്ള ചർച്ചകളിൽ ഇനി പങ്കെടുക്കില്ലെന്നു ഹമാസ് താക്കീതു നൽകി. കഴിഞ്ഞ 96 മണിക്കൂറിൽ ഗാസയിലെ ഇസ്രയേലി ആക്രമണത്തിൽ രണ്ടു ഇസ്രയേലി ബന്ദികൾ മരിച്ചതായും ഹമാസിന്റെ അക്സ ടെലിവിഷൻ പറഞ്ഞു.
യുദ്ധത്തിൽ വീടും കുടിയും നഷ്ടപ്പെട്ടവരിൽ ഭൂരിപക്ഷവും കഴിയുന്ന റഫയിൽ ശക്തമായ ആക്രമണം നടത്താൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ ഉത്തരവിട്ടിട്ടുണ്ട്.
Israel claims finding Hamas tunnel under UNRWA HQ