Image

എന്റെ കുറിപ്പുകൾ 2024 (ഭാഗം-3: സോയ നായര്‍)

Published on 12 February, 2024
എന്റെ കുറിപ്പുകൾ 2024 (ഭാഗം-3: സോയ നായര്‍)

5.Happy Birthday Son & Mom❤️

മാത്യത്വം എന്നത്‌ മനസ്സും ശരീരവും തമ്മിൽ പൊരുത്തപ്പെട്ട്‌ വരുമ്പോഴാണു കൂടുതൽ സുന്ദരമാകുക.. അങ്ങനെ പ്ലാൻ ചെയ്ത്‌ ആദ്യ ഗർഭം എത്തുമ്പോൾ എല്ലാവരെപ്പോലെ ആകാംക്ഷ, പേടി ഇതൊക്കെ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു എന്നതാണു സത്യം. മാസം ചെല്ലുന്തോറും വീർത്തു വരുന്ന വയറും നോക്കി, വാവയുടെ കുതിച്ചുചാട്ടവും ആസ്വദിച്ച്‌, പാമ്പിൻപടം പോലെ വയറിൽ അങ്ങിങ്ങായി പ്രത്യക്ഷപ്പെടുന്ന  സ്റ്റ്രെച്ച്‌ മാർക്കുകളും ഒക്കെയായി ഒരു ഗർഭകാലം. കൂട്ടത്തിൽ മറ്റ്‌ ശാരീരിക ബുദ്ധിമുട്ടുകളും.. ഓരോ ചെക്ക്‌ അപ്പിനു പോകുമ്പോഴും അവിടെ വച്ച്‌ ആ കുഞ്ഞ്‌ ഹ്യദയമിടിപ്പ്‌ കേൾക്കുമ്പോഴും ഉള്ളിലുണ്ടാകുന്ന സന്തോഷം അത്‌ ഒരു പ്രത്യേക ആനന്ദം തന്നെയായിരുന്നു. 

അവസാന ആഴ്ചത്തെ ആ ചെക്കപ്പ്‌ ദിവസവും കഴിഞ്ഞ്‌ ഡെലിവറി ഡേറ്റ്‌ നോക്കി കാത്തിരിക്കുന്ന ഞങ്ങൾ. ജനുവരി 15 ആയിരുന്നു ഡോക്ടർ പറഞ്ഞിരുന്ന ഡേറ്റ്‌.ജനുവരി 13 രാവിലെ ആയപ്പോൾ ഒരു മൂത്രശങ്ക തോന്നി ഞാൻ ബാത്‌റൂമിലേക്ക്‌ പോയി. ശങ്ക തീർത്ത്‌ തിരികെ കിടക്കാൻ വന്നപ്പോൾ വീണ്ടും അതേ അവസ്ഥ. ഇങ്ങനെ ഒരു 2 തവണ പോയിക്കഴിഞ്ഞപ്പോഴാണു നിറവ്യത്യാസവും പോകണമെന്നുള്ള്തിന്റെ തീവ്രതയും കൂടിക്കൂടി വന്നത്‌. ആദ്യത്തെ അനുഭവം ആയത്‌ കൊണ്ട്‌ തന്നെ അതിനെ കുറിച്ച്‌ ഒരു ഐഡിയായും ഇല്ല താനും. ഉടൻ തന്നെ ഡോക്ടറെ വിളിച്ച്‌ കാര്യം പറഞ്ഞപ്പോഴേക്കും വാട്ടർ ബ്രേക്ക്‌ ആയത്‌ ആകും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക്‌ വരൂ എന്ന നിർദേശവും കിട്ടി. അങ്ങനെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അന്നു വെളുപ്പിനെ ഒരു 5-530 മണിക്കാണു ഞങ്ങൾ അവിടെ എത്തുന്നത്‌. അതിന്റെ കൂടെ തന്നെ ചെറുതായി വേദനയും തുടങ്ങിയിരുന്നു. പിന്നെ വേദന കൂടുന്നതനുസരിച്ച്‌ എന്റെ സൗണ്ട്‌ സിസ്റ്റം നല്ലോണം പ്രവർത്തിക്കാനും തുടങ്ങി. ഐസ്‌ കട്ട തിന്നോണ്ട്‌ ശ്വാസം ഉള്ളിലേക്കും പിന്നീട്‌ പുറത്തേക്കും വിട്ടാൽ വേദനിക്കില്ലാ ന്നു പറഞ്ഞു നർസ്സ്‌ ചേച്ചി ഒരു വശത്ത്‌.. ആകെ മൊത്തം ഞാൻ അലമ്പാക്കി നിന്നപ്പോൾ ഡോക്ടർ വന്നു. പുഷ്‌ പുഷ്‌ എന്നും പറഞ്ഞ്‌ എന്റെ സർവ്വശക്തിയുമെടുത്ത്‌പുഷപ്പ്‌ ചെയ്ത്‌ വെളിയിൽ വരുത്തിയ മുതലാണീ ആശാൻ.. വെളിയിൽ വന്ന് പിന്നീട്‌ ആശാൻ കാണിച്ചു കൂട്ടിയതും തൂറ്റിയതും പെടുത്തതുമൊക്കെ വേറെ കഥകൾ. 

കൗമാരക്കാരന്റെ അമ്മ എന്നതാണു ഒരു കൊച്ചുകുട്ടിയുടെ അമ്മ എന്നതിനേക്കാൾ ഭീകരം. കൊച്ചുങ്ങളാകുമ്പോൾ വിരട്ടിയാൽ അധികം മറുത്ത്‌ പറയാതെ ഒരിടത്ത്‌ അടങ്ങി ഇരിക്കും.. ഇതിപ്പോ വളരുന്നതിനനുസരിച്ച്‌ ചോദ്യങ്ങളും മറുത്തുപറച്ചിലും കൗമാരക്കാരന്റെ ആവശ്യങ്ങളും ഒക്കെക്കൂടി ആകെ മൊത്തം മാറ്റം. കുഞ്ഞ് എന്ന ആ നിഷ്കളങ്കത മാറി മുതിർന്ന കുട്ടി എന്ന പക്വതയിലെത്തുമ്പോൾ, ചില നേരത്തെ സംസാരം കേൾക്കുമ്പോൾ ഒക്കെ എപ്പോഴും അമ്മയുമായ്‌ ഒരു അകലം ഉണ്ടാകുന്നു എന്നത്‌ സങ്കടം തന്നെയാണു. പക്ഷെ അമ്മയ്ക്ക്‌ എങനെ വളരാതിരിക്കൂ മകനേ എന്ന് പറയാൻ കഴിയും.. എത്ര വളർന്നാലും ആ കുഞ്ഞ്മുഖം എന്നും മനസ്സിൽ അതേപോലെ കാണും.. 

ഒരായുസ്സിന്റെ ഏറിയപങ്കും മക്കളാണു അമ്മമാർക്ക്‌ എല്ലാം.. അവരുടെ സ്നേഹമാണു അവർ കൊതിക്കുന്നതും. മക്കൾ അകലാൻ എത്ര ശ്രമിച്ചാലും അമ്മമാർ വീണ്ടും ആ മക്കളിലേക്ക്‌ എത്തുന്നതും ആ മാത്വത്യമഹത്വം കൊണ്ടാണു. അമ്മയുടെ സ്നേഹം ഒരു പണത്തിനും നൽകാൻ കഴിയില്ല. അമ്മയിൽ നിന്നും അകലരുത്‌, അമ്മയെ നീ സ്നേഹിക്കുകയും വേണം‌. അമ്മ എന്ന അനുഭൂതിനിറവെന്നിലിറ്റിച്ച എന്റെ കണ്മണീ, നീ നല്ല മനുഷ്യനായ്‌ നന്മയുള്ളവനായ്‌ നന്ദിയുള്ളവനായ്‌ എല്ലാവരെയും സ്നേഹിക്കുക..JAN 13 എന്ന പ്രഭാതം എനിക്കത്ര മേൽ പ്രിയപ്പെട്ടതാണു..!

6. Clear your Mind, ready for a change! 

വളരെ മോശമായ രീതിയിൽ പെരുമാറുകയും അങ്ങേയറ്റം നമ്മളെ വെറുപ്പിക്കുകയും ചെയ്യുന്ന ഒരു   മനുഷ്യനെ സ്നേഹിക്കണമെന്നുണ്ടെങ്കിൽ തീർച്ചയായും നമുക്ക്‌ അത്രയും മനക്കട്ടിയുള്ള ഒരു മനസ്സുണ്ടാകണം. ശരിയല്ലേ. എന്നാൽ ആ മനുഷ്യനെ നല്ല വഴിക്ക്‌ നടത്താൻ, അയാളെ നന്നാക്കാൻ പരിശ്രമിക്കുന്ന നമ്മളൊക്കെ എന്തേ പലപ്പോഴും പരാജയപ്പെടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?? ഓരോ മനുഷ്യരുടെയും മനസ്സ്‌ അത്‌ മോശപ്പെടുത്തുന്നതിനും  നല്ല ചിന്തകളാൽ നിറയ്ക്കുന്നതിനും ഒക്കെ നമ്മളൊക്കെ തന്നെയാണു കാരണക്കാർ. ഒരാളുടെ മനസ്സിൽ ഒരു കരടുണ്ടെങ്കിൽ അത്‌ നീക്കം ചെയ്യാൻ അയാൾ തന്നെ ശ്രമിക്കണം. മലീമസമായ മനസ്സ്‌ കൊണ്ട്‌ നടക്കുമ്പോൾ  എന്ത്‌ മാത്രം നെഗറ്റീവ്‌ എനർജ്ജിയാകും നമുക്കുള്ളിൽ നിറയുക. കാഴ്ചക്കാരായി ചുറ്റും നിൽക്കുന്ന നമ്മളിലേക്കും കൂടിയല്ലേ അത്‌ വ്യാപിക്കുക. എന്നാൽ നമുക്കൊന്നും ചെയ്യാനും പറ്റില്ല. സ്വന്തമായി ജീവിതത്തിൽ നാം എടുക്കുന്ന ചില തീരുമാനങ്ങളാണു നമ്മളുടെ മനസ്സിനെ നിയന്ത്രിക്കുന്നത്‌. അത്‌  നന്നാവണം എന്ന തീരുമാനം ആണെങ്കിൽ പോലും നമ്മൾ തന്നെ അതിനു മനസ്സു വക്കണം.

ഇനി എനിക്കൊരു മാറ്റം വേണം വേണം എന്ന് പറയുന്നതിലും ഞാൻ ഇനി നന്നാകും എന്ന് വെറും വാക്കു പറയുന്നതിലും യാതൊരു അർത്ഥമില്ല. ആ മാറ്റം എന്തൊക്കെയാകണം, എങ്ങനെയാകണമെന്ന് സ്വയം തോന്നി ചെയ്യുന്നവർക്ക്‌ മാത്രമാണു നല്ല ഫലം കിട്ടുക. അതു കൊണ്ട്‌ തന്നെ ഒരിക്കലും നമ്മൾക്ക്‌ മറ്റൊരു മനുഷ്യന്റെ മനസ്സ്‌ ശുദ്ധിയാക്കാൻ പറ്റില്ല. അത്‌ വീണ്ടും വീണ്ടും നമ്മളെ പരാജയത്തിലേ എത്തിക്കയുള്ളൂ. സ്വയം നന്നാകണം എന്ന ചിന്തയുണ്ടാകാത്തിടത്തോളം കാലം തനിച്ച്‌ അവർ പരാജയങ്ങൾ ഏറ്റുവാങ്ങും. അനുഭവം ആണല്ലോ പലതിനും ഗുരു...മാറ്റം വേണമെന്ന് ഉറച്ച തീരുമാനമെടുക്കാൻ, മനസ്സിനെ നല്ല ചിന്തകളാൽ നിറച്ച്‌ നന്മയുള്ളവരായി തീരാൻ എല്ലാവർക്കും കഴിയട്ടെ.. അത്‌ മൂലം കരടുകൾ നീക്കി മനസ്സിനെ പളുങ്കാക്കാൻ, പുതിയ മാറ്റങ്ങൾക്ക്‌ സാധിക്കട്ടെ..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക