Image

ദീപാവലി സന്ധ്യ - 9 ( ജീവിതം ; അനുഭവം: സന )

Published on 12 February, 2024
ദീപാവലി സന്ധ്യ -  9 ( ജീവിതം ; അനുഭവം: സന )

"ഞാനിപ്പോ പോയിട്ടു കുറച്ചുകഴിഞ്ഞു തിരിച്ചു വന്നെന്നരിക്കട്ടെ...
അപ്പൊ നിങ്ങളൊക്കെ എന്തു ചെയ്യും?"

"എങ്ങോട്ട് പോയിട്ട്....?"

"മരിച്ചു പോയിട്ട്.  പത്തുവർഷം കഴിഞ്ഞു ഒരുനാൾ തിരികെവന്നാൽ എന്തൊരു ഷോക്കായിരിക്കും എല്ലാവർക്കും...? നീ ഓർത്തിട്ടുണ്ടോ....?"  ഉപ്പ സന്ദർഭം സരസമാക്കാനും ലളിതമാക്കാനും  പറയുന്നതാണെങ്കിലും മരണമെന്നത് പലപ്പോഴും  കൂടുതൽ ബാധിക്കുന്നതു ജീവിച്ചിരിക്കുന്നവരെയാണല്ലോ...

"പല വീടുകളിലും സാമ്പത്തികകാര്യങ്ങൾ നോക്കുന്ന ആളാണ്‌ ഗൃഹനാഥൻ. അയാൾ മരിച്ചാൽ അയാളിലൂടെ നടന്നുപോയിരുന്ന സാമ്പത്തിക സാമൂഹികവിഷയങ്ങളും കുടുംബത്തിന്റെ മറ്റു കാര്യങ്ങളും നിന്നുപോകുന്നു. ഇനിയെന്തു ചെയ്യും എന്ന  നിസ്സഹായതയിൽനിന്നുയരുന്നതാണ് പല നിലവിളികളും"  ഉപ്പ പറഞ്ഞുകൊണ്ടിരുന്നു.

ഞാനും ഓർത്തു. മരിച്ചു പോയവർ  ഒരു ദിവസത്തേക്കെങ്കിലും തിരികെ വന്നാൽ നാം എന്തു ചെയ്യും? അതൊരു ചോദ്യമാണ്.

ഇഷ്ടപ്പെട്ടവർ മരിച്ചുപോകുമ്പോഴാണ് ആ വില നമുക്ക് മനസ്സിലാവുക. അവർക്ക് കൊടുക്കേണ്ട പരിഗണന നാം കൊടുത്തില്ല എന്ന് തിരിച്ചറിയുക. ആ വിഷമം കുറേക്കഴിഞ്ഞാൽ മറന്നുതുടങ്ങും. ശൂന്യതയുണ്ടാകുമെങ്കിലും പതുക്കെ എല്ലാവരും സമരസപ്പെടും.
ആ ആശ്വാസത്തിലേക്ക്  ഒരു ദിവസത്തേങ്കിലും അവർ  ടൈം ട്രാവൽ ചെയ്തു മടങ്ങിവന്നാൽ.....

"മരിച്ചവരൊരു ദിനം തിരിച്ചു വന്നാൽ...
ചിലർക്കൊക്കെ രസിക്കും
ചിലർ പോയൊളിക്കും.... ചിലരപ്പോൾത്തന്നെ മരിക്കും..."
ഉപ്പ ഒരു പാട്ടിന്റെ വരികൾ ചൊല്ലി. പണ്ടത്തെ ഒരു സിനിമാഗാനമാണ്.
എനിക്കു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

ചിലർ പറയുന്നത് കേട്ടിട്ടുണ്ട്.
' തിരികെ വരണം.എനിക്ക് കുറേ കാര്യം പറയാനുണ്ട്. കുറേ ഭക്ഷണം ഉണ്ടാക്കികൊടുക്കണം. പോയെന് ശേഷം ഉണ്ടായ വിശേഷം പറയണം. കെട്ടിപ്പിടിച്ചുമ്മ വെയ്ക്കണം. മടിയിൽ കിടക്കണം.  പുള്ളി പോയെന് ശേഷം പുതിയ സാരി ഉടുത്തിട്ടേയില്ല. ആ സാരി ഉടുക്കണം."
വളരെ നിസ്സാരമെന്നു തോന്നുമെങ്കിലും എത്ര സന്തോഷമുള്ള കാര്യങ്ങളാണ്.
"എനിക്ക് കൈ നിറയെ മൈലാഞ്ചി ഇടണം. അവൻ പോയതിനു ശേഷം ഞാൻ മൈലാഞ്ചി ഇട്ടിട്ടില്ല."
ഇങ്ങനെ പറയുമ്പോൾ ചിലരുടെ മുഖം മൈലാഞ്ചിചോപ്പായി മാറുന്നു!

" എനിക്ക്  അവളുടെ കൈ പിടിച്ചു കുറേ നടക്കണം. ഇവിടെ ഉള്ളപ്പോൾ അതൊന്നും നടന്നില്ല. തിരക്കായിരുന്നു അന്ന്. ഇന്നിപ്പോ എനിക്ക് ഒട്ടും തിരക്കില്ല. അവൾ പോയപ്പോ തിരക്കും കൊണ്ടാ പോയത് "

ഇങ്ങനെ തിരിച്ചുവരവ് മഹോത്സവമാക്കി മാറ്റാൻ കാത്തിരിക്കുന്നവർ ഉണ്ട്. സന്തോഷിക്കുന്നവരെ നമുക്ക് മാറ്റിനിറുത്താം. കാരണം അവരുടെ ഹൃദയത്തിൽ നിറയെ മത്താപ്പും പൂത്തിരിയുമായിരിക്കും.
അവർക്ക് വേണ്ടി അവർ കാത്തിരിക്കുന്നവർ വരട്ടെ 💞

എന്നാൽ ചിലർ പോയൊളിക്കും.  ഒളിക്കാൻ വലിയ കാടുകൾ കണ്ടത്തേണ്ടിവരും. ചിലർ അപ്പോൾത്തന്നെ ഹൃദയം പൊട്ടി മരിക്കും. ഹോ എന്റെ ദൈവമേ.. ഈ അലവലാതി പോയതാണല്ലോ വീണ്ടും വന്നോ... 'കുടുങ്ങിയല്ലോ ദൈവമേ...' എന്ന ആധിയിൽ ഹൃദയസ്തംഭനമുണ്ടായേക്കാം.  ചിലർക്ക്‌ ചിലതരം മരണങ്ങൾ നൽകുന്ന ആശ്വാസം ചെറുതായിരിക്കില്ല. അതാണ്‌ തിരികെ വന്നിരിക്കുന്നത്. ഹൃദയം പൊട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

"അടുത്ത ജന്മം ആഗ്രഹിക്കുന്നുണ്ടോ...?" ഒരു റിട്ടയെർഡ് ജീഫ് ജസ്റ്റിസിനോട് പത്രക്കാർ ചോദിക്കുന്നു.
"യെസ് ആഗ്രഹിക്കുന്നു. എനിക്കു ഇതേ പൊസിഷനിൽ തന്നെ വരണമെന്നും ജീവിക്കണമെന്നും ഉണ്ട്. ഇതേ ഭാര്യയുടെ ഭർത്താവായി. മക്കളുടെ അച്ഛനായി... ഇതുപോലെ ഒരു ജന്മം കൂടി"  എല്ലാവരും കൈയടിച്ചു. എന്തൊരു സ്നേഹവാനായ ഭർത്താവ്! അച്ഛൻ!

സൽക്കാരം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ മക്കൾ അമ്മയോട് ചോദിച്ചു.
"അമ്മാ... അമ്മയ്ക്ക് അടുത്ത ജന്മവും ചാൻസുണ്ട്. അച്ഛന്റെ ഭാര്യയാവാൻ. അച്ഛനു അമ്മയെ എന്തിഷ്ടമാണ്. അമ്മ കേട്ടില്ലേ അച്ഛൻ പറഞ്ഞത്?"

ആ സ്ത്രീ തന്റെ മക്കളെ തുറിച്ചുനോക്കി.
"എന്താ അമ്മാ..." മകന് മനസ്സിലായില്ല.

അവർ ഒരാട്ടാട്ടി. പ്ഫാാ.... മകൻ ഞെട്ടിപ്പോയി.

"നീയൊക്കെ എന്താടാ കരുതിയത്?
നേരം പുലരുംമുൻപേ എണീറ്റു ബ്രഷിൽ പേസ്റ്റ് തേച്ച് കൊടുത്തു തുടങ്ങുന്നതാണ് എന്റെ ഒരു ദിവസം. കളിക്കാനുള്ള വെള്ളം ചൂടാക്കൽ, തലയിൽ ചൂടുള്ള എണ്ണ വെക്കൽ, കുളി കഴിഞ്ഞാൽ രസ്നാദിപൊടിയുടെ  എടുത്തു  തലയിൽ തിരുമ്മി കൊടുക്കൽ, ബ്രേക്ക്‌ഫാസ്റ്റ് നു കൃത്യമായ മെനു അതിലേക്കുള്ള കറികൾ....
ഉച്ചയ്ക്ക് പാത്രം നിറയെ ഭക്ഷണം പലതരം കറികൾ, ചൂടുവെള്ളം കുടിക്കാൻ...  ജീരകവെള്ളം തൊണ്ടവേദന വരാതിരിക്കാൻ. ഇതെല്ലാം കോടതിയിൽ പോകുമ്പോൾ  വേണം. വായിക്കാനുള്ള പേപ്പർ വരെ മടക്കി ബാഗിൽ വെയ്ക്കണം.
ആ കറികൾ ഒന്നുപോലും രാത്രിയിൽ പാടില്ല. രാത്രിക്ക് വേറെ ഭക്ഷണം.
അലക്കി തേച്ച ചുളിവ് വീഴാത്ത വസ്ത്രങ്ങളും ജീവിതവും. പാർട്ടികളും അതിഥികളും സൽക്കാരങ്ങളും ഇല്ലാത്ത ഒരു ദിവസവുമില്ല. മദ്യം നിറഞ്ഞ രാവുകൾ....
അതിനിടയിൽ നിങ്ങളുടെ ജനനം.... വളർച്ച... അസുഖം വന്നാൽ കിടക്കാൻപോലും നിമിഷങ്ങളില്ലാത്ത തിരക്ക്....
എന്റെ ജീവിതം ഒരു വേലക്കാരിയുടെയോ വീട്ടമ്മയുടെയോ ഭാര്യയുടെയോ അമ്മയുടെയോ അല്ലായിരുന്നു. അതിലും താഴെ... വളരെ താഴെ....
ഇഷ്ടമുള്ള പാട്ട് കേൾക്കാൻ പറ്റില്ല. ഉടനെ ടിവി യൊ റേഡിയോയൊ ചാനൽ മാറും. ഉറക്കെ ചിരിക്കാൻ പാടില്ല. എനിക്കിഷ്ടമുള്ള നിറത്തിൽ ഒരു സാരിയുടുത്തു പുറത്തു പോകാൻ പറ്റില്ല. എല്ലാത്തിനും പട്ടാളച്ചിട്ടയാണ്. നീ ഇന്നയാളുടെ ഭാര്യയാണ്. നീ അത് ചെയ്യരുത്. നീ ഇങ്ങനെ മുടി അഴിച്ചിടരുത്. നീ ആ ചെരിപ്പ് ഇടരുത്. നീ ഈ പെർഫ്യൂം ഉപയോഗിക്കരുത്. നീ അവിടെ പോകരുത്.. നീ ഇവിടെ പോകരുത്.... എനിക്കിത് ഇഷ്ടമില്ല.  ഈ നാൽപതു വർഷം ഞാൻ ജീവിച്ചു എന്നാണോ നീ കരുതുന്നത്. കാവൽ പട്ടിയെ വളർത്തുമ്പോലെ തിന്നാൻ തന്നു എന്നല്ലാതെ എനിക്ക് ജീവിതം ഉണ്ടായോ...?"  അവർ വല്ലാതെ കിതച്ചു.

"എനിക്ക് ഇനി ജന്മം വേണ്ട. ഉണ്ടെങ്കിൽ അത് എനിക്കിഷ്ടമുള്ളപോലെ ജീവിക്കാനുള്ളത് മതി. എനിക്കാരെയും വേണ്ട. നിങ്ങളെയും വേണ്ട. നിങ്ങളുടെ അച്ഛനെയും വേണ്ട. പോ... പോയി തുലയ്..."

ആ സ്ത്രീയുടെ ഗർജ്ജനം കേട്ട് ആ മകൻ പേടിച്ചുപോയി. എന്നും ആളിക്കത്തിക്കാൻ ഒരുപക്ഷെ ഇത്തരം നരകങ്ങളിൽ തീ ഉണ്ടായിരിക്കും.

ഇത്തരം ഒരു ആണോ പെണ്ണോ മരിച്ചാൽ ആ പാർട്ട്ണർ സ്വതന്ത്രയായി എന്നതാണ് സത്യം!

തമാശയായി തോന്നാമെങ്കിലും ചില സിനിമകൾ ഇത്തരം വൈരുദ്ധ്യങ്ങൾ സരസമായും സീരിയസായും ചിത്രീകരിച്ചിട്ടുണ്ട്.
എം ടി യുടെ സുകൃതം എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം മരിക്കുമെന്നോർത്തു ഭാര്യ വേറൊരു ജീവിതം സമാന്തരമായി ഉണ്ടാക്കുന്നു. രോഗവിമുക്തനായി മമ്മൂട്ടിയുടെ കഥാപാത്രം ജീവിതത്തിലേക്ക് തിരികെ വരുമ്പോൾ ഭാര്യയുടെ ജീവിതത്തിൽ അയാൾക്ക്‌ ഇടമില്ലാതെ പോകുന്നു. അയാൾ ആത്മഹത്യ ചെയ്യുകയാണ് ഒടുവിൽ. എന്തെങ്കിലും പ്രതീക്ഷയില്ലാതെ ആളുകൾ ജീവിക്കുന്നതെങ്ങനെ? പോയവർക്ക് പകരക്കാർ ചിലപ്പോൾ ഭൂമിയിൽ ഉണ്ടായിക്കഴിഞ്ഞിരിക്കും. അവരെ എന്തു ചെയ്യും?? വഴി മാറാതെ വയ്യ.

 പൌലോ കൊയ്‌ലോയുടെ  പുസ്തകത്തിലെ  ഒരു ഉദ്ധരണിയുണ്ട്.
"ഒരു വസന്തകാലത്തോട് നമുക്ക് പറയാനാവില്ല. എന്നും എന്റെ കൂടെ നിൽക്കൂ എന്ന്. നമുക്കിത്രമാത്രം പറയാം. വരൂ... നിനക്ക് കഴിയുന്നത്രകാലം എന്റെകൂടെ നിൽക്കൂ എന്ന്..."  ശരിയാണ്. എന്നും കൂടെനിൽക്കാൻ ഒരു പൂക്കാലത്തിനും ആവില്ല.

" ഞാൻ മരിച്ചാൽ നീ എന്തു ചെയ്യും? "
ഈ ചോദ്യം പരസ്പരം സ്നേഹമുള്ളവർ ചോദിക്കേണ്ടതാണ്. ഒറ്റയ്ക്കായാൽ എന്താണ് വേണ്ടതെന്നു ജീവിച്ചിരിക്കുമ്പോൾ ഒരിക്കലെങ്കിലും ചർച്ച ചെയ്തിരിക്കണം.  ഒഴുകിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്നു ഒഴുക്ക് നിലച്ചു വറ്റിവരണ്ട നദിയിലെ മത്സ്യത്തെപോലെ ശ്വാസം കിട്ടാതെ ആ മൽസ്യം ചാവാതെയിരിക്കാൻ ഒരിക്കലെങ്കിലും പരസ്പരം ഈ ചോദ്യം ചോദിക്കണം. 

ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും മരണം ആസന്നമാകുന്നത് ഉപ്പ അറിയുന്നുണ്ടായിരുന്നു.  അനിവാര്യമായതു നടക്കുകതന്നെ ചെയ്തു. ഉപ്പയുടെ മരണം... വളരെ വളരെ പതുക്കെ.....ഒരില, വളരെ വലിയ ഒരു മരത്തിന്റെ മുകളിൽനിന്നും ഞെട്ടറ്റു പതുക്കെ പതുക്കെ ഭൂമിയെ തൊടുമ്പോലെ ആയിരുന്നു..... ഒരു ബുദ്ധിമുട്ടും  കാണുന്നവർക്ക് തോന്നാതെ....പ്രകമ്പനം കൊള്ളിക്കാതെ വളരെ പതുക്കെ....

ഉപ്പ അവസാനം പറഞ്ഞത് എനിക്കൊരു കത്തെഴുതണം എന്നാണ്.
'ശരി... ഉപ്പ പറഞ്ഞോളൂ.... ഞാൻ എഴുതാം" എന്ന് ഞാൻ പറഞ്ഞു. പിന്നീട് ഉപ്പ അത് മറന്നുപോയി.

ഉപ്പയെ ബുദ്ധിമുട്ടിക്കാതെ  അടക്കിപ്പിടിച്ച നിലവിളികളോടെ എല്ലാവരും ആ വിട വാങ്ങൽ നോക്കിനിന്നു.
ഞാൻ ആദ്യമായി കണ്ട യാത്രയായിരുന്നു അത്.  ഇനി ഒരു മരണവും എനിക്ക് കാണേണ്ട.

നെഞ്ചിൽ കഠിനശില ഉറച്ചതുപോലെ എനിക്ക് കരയാനേ കഴിഞ്ഞില്ല. ആംബുലൻസിൽ ഉപ്പയുമായി പുലർച്ചെ നാലുമണിക്ക് മുൻപേ വീട്ടിലെത്തി. വീട്ടിൽ ഉപ്പ ജീവനോടെയല്ലാതെ ആദ്യമായും അവസാനമായും വരികയാണ്.  ആംബുലൻസ് ഡ്രൈവർ എനിക്കൊരു പുസ്തകം തന്നിട്ട് അതിൽ അഡ്രെസ്സ് എഴുതാൻ പറഞ്ഞു. ഞാൻ എന്റെ അഡ്രസ് എഴുതി.

അയാൾ പറഞ്ഞു. 'നിങ്ങളുടെ അല്ല മാഡം...' അയാൾ വണ്ടിയിലേക്ക് വിരൽ ചൂണ്ടി.
ഞാൻ എപ്പോഴും ഉപ്പയുടെ പേരും അഡ്രെസും എഴുതാറുണ്ട്. പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ ആവശ്യങ്ങൾക്കും  ഉപ്പയുടെ പേരും അഡ്രസ്സും ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഞങ്ങൾ മക്കളിൽ ഞാനായിരിക്കും.

ഇപ്പോൾ ഉപ്പ മുന്നിൽ കിടക്കുമ്പോൾ വീണ്ടും അവസാനമായി ആ പേരും അഡ്രസ്സും എഴുതേണ്ടി വന്നപ്പോൾ ശരിക്ക് എനിക്കോർമ്മ വന്നില്ല.
പേര്.... പേര്....പേരെന്താണ്....

അയാൾ വീണ്ടും പറഞ്ഞു.
മാഡം.... ഉപ്പയുടെ പേരാണ് എഴുതേണ്ടത്.

ശരീരത്തിലെ മാംസവും മജ്ജയും പറിഞ്ഞെറിയപ്പെടുമ്പോലെ ശക്തിയായി എന്റെ കൈകൾ  വിറച്ചു. കാറ്റത്തു വീശിയെറിഞ്ഞു പോകുമ്പോലെ തുള്ളുന്ന കൈകളെ പിടിച്ചു നിറുത്താനോ ഒതുക്കിപിടിക്കാനോ എനിക്കായില്ല. ആ ഡ്രൈവർ എന്റെ കൈകളിൽ മുറുകെ പിടിച്ചു.

ഇനി ഒരു മരണവും എനിക്ക് കാണേണ്ട. മരണമില്ലാത്ത ലോകത്തേക്ക് പോകുന്നവരെയും എനിക്ക് വേണ്ട. വേണ്ട.

വൈശാഖൻമാഷിന്റെ വരികൾ കടമെടുത്താൽ

ഇനിയൊരു പകലിൽ
ഇനിയൊരു രാത്രിയിൽ
ഇനിയൊരു പ്രഭാതസന്ധ്യയിൽ 
ഇനിയൊരു പ്രദോഷസന്ധ്യയിൽ
ഞാൻ ഉപ്പയുടെ കുട്ടിയായി ജനിക്കട്ടെ...
കുറച്ചുകൂടി നല്ലൊരു മകളാകാൻ
കുറച്ചുകൂടി നല്ലൊരു വ്യക്തിയാകാൻ
കുറച്ചുകൂടി നല്ലൊരു ജീവിതമുണ്ടാകാൻ
ഞാൻ അങ്ങയുടെ മകളായി തന്നെ ജനിക്കട്ടെ..
ശരത്കാല മേഘങ്ങൾ അലയുന്ന നീലാകാശത്തിന് താഴെ സമയകല്പനയിലെ എല്ലാ നിമിഷങ്ങളും ശുഭമുഹൂർത്തങ്ങൾ.

( തുടരും )

see more: https://emalayalee.com/writer/176

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക