ഗാസയിലെ റഫയിൽ നിന്നു രണ്ടു ബന്ദികളെ ഞായറാഴ്ച്ച മോചിപ്പിച്ചതായി ഇസ്രയേലി സേന ഐ ഡി എഫ് അവകാശപ്പെട്ടു. ഫെർണാണ്ടോ സൈമൺ മർമൻ (60), ലൂയി ഹാർ (70) എന്നിവരെ രക്ഷിക്കാനുളള ശ്രമം മറച്ചു പിടിക്കാൻ റഫയിൽ കനത്ത ആക്രമണം നടത്തിയതായും അവർ വെളിപ്പെടുത്തി.
ആക്രമണത്തിൽ നൂറിലേറെ പലസ്തീൻകാർ മരിച്ചതായി ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. "കൂട്ടക്കൊല" എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്. തെക്കൻ ഗാസയിലെ ഏറ്റവും ജനത്തിരക്കുള്ള നഗരമാണ് ഈജിപ്ഷ്യൻ അതിർത്തിക്കടുത്തുള്ള റഫ. പത്തു ലക്ഷത്തോളം അഭയാർഥികൾ തന്നെയുണ്ട് അവിടെ ഇപ്പോൾ.
ഒക്ടോബർ 7നു ഇസ്രയേലിൽ കടന്നു ഹമാസ് നിരവധി പേരെ ബന്ദികളാക്കി കൊണ്ടുപോയ ശേഷം ഇതാദ്യമാണ് തുടർച്ചയായി ആക്രമണം നടത്തുന്ന ഐ ഡി എഫിന് ഗ്യാസയിൽ നിന്നു രണ്ടു ബന്ദികളെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞത്.
മോചിപ്പിച്ച ബന്ദികളെ ഹമാസ് നിർ യിത്സാക് എന്ന സ്ഥലത്തു നിന്നു പിടിച്ചതാണെന്നു ഐ ഡി എഫ് പറഞ്ഞു. അവരെ ടെൽ അവീവിൽ ആശുപത്രിയിലാക്കി.
Israel claims rescuing 2 hostages