Image

ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന, ആനയെ ട്രാക്ക് ചെയ്തു; ജാഗ്രതാ നിര്‍ദേശം

Published on 12 February, 2024
ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന, ആനയെ ട്രാക്ക് ചെയ്തു; ജാഗ്രതാ നിര്‍ദേശം

മാനന്തവാടി: വയനാട്ടില്‍ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയെ വനംവകുപ്പ് ട്രാക്ക് ചെയ്തു. ബേലൂര്‍ മഖ്ന എന്ന ആന ഇന്നലെ കണ്ട മണ്ണുണ്ടി വനത്തില്‍ തന്നെയുണ്ടെന്ന് നോർത്ത് വയനാട് ഡിഎഫ്‌ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.

സാഹചര്യം അനുകൂലമായാല്‍ മയക്കുവെടി വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ 13 ടീമുകളാണ് ആനയെ നിരീക്ഷിച്ച്‌ നിലയുറപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ ആന പുറത്തേക്ക് ഇറങ്ങുന്നത് തടയാന്‍ കഴിഞ്ഞു. പൊലീസും സ്ഥലത്തുണ്ട്. ആനയെ ലൊക്കേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ട്രാക്കിങ് ടീം വനത്തിലുണ്ട്. മരത്തിന് മുകളില്‍ കയറി നിന്ന് ആനയെ മയക്കുവെടി വെക്കാന്‍ കഴിയുമോയെന്നു ശ്രമിക്കുന്നുണ്ട്.

ഇന്നലെ കുങ്കിയാനകളെ വെച്ച്‌ ആനയെ പിടികൂടാനായിരുന്നു ശ്രമിച്ചിരുന്നത്. അതിനുള്ള ശ്രമവും നടത്തുമെന്ന് ഡിഎഫ്‌ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, ദൗത്യസംഘത്തിന്റെ നിര്‍ദേശങ്ങളോട് സഹകരിക്കണമെന്നും ഡിഎഫ്‌ഒ ആവശ്യപ്പെട്ടു.

അതേസമയം ദൗത്യസംഘം ആനയെ കണ്ടെത്തിയെങ്കിലും മറ്റ് ആനകള്‍ കൂടെയുള്ളതിനാല്‍ വെടിവെക്കുക ദുഷ്‌കരമാകുമെന്നാണ് റിപ്പോര്‍ട്ട്.

കുങ്കിയാനകളുടെ സാന്നിധ്യത്തിലാകും വെടിവെക്കുക. അതിനാല്‍ കുങ്കിയാനകളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി. ആന അക്രമാസക്തനാകാന്‍ സാധ്യതയുള്ളതായി ഡിഎഫ്‌ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. വെടിവെക്കുന്നയാളുടെ നേരെ ആന പാഞ്ഞടുക്കാന്‍ സാധ്യതയുണ്ട് എന്നതു കണക്കിലെടുത്താണ് മരത്തില്‍ കയറി നിന്ന് വെടിവെക്കുന്നത് പരിഗണിക്കുന്നത്. ആന മണ്ണുണ്ടി ആദിവാസി കോളനിക്ക് പിന്നിലായാണ് നിലയുറപ്പിച്ചിട്ടുള്ളത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക