ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി.
തമിഴിൽ പ്രസംഗം ആരംഭിച്ച ഗവർണർ പ്രസംഗം ആരംഭിക്കുമ്പോൾ ദേശീയ ഗാനം ആലപിക്കാത്തിൽ പ്രതിഷേധം അറിയിച്ചു. സമ്മേളനം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോളും ദേശീയഗാനം ആലപിക്കണമെന്നും അദ്ദേഹം സഭയെ അറിയിച്ചു നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പല ഭാഗങ്ങളും വസ്തുതാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ്. സഭയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കി പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ഗവര്‍ണര്‍ നിയമസഭയിലെ ഇരിപ്പിടത്തില്‍ ഇരുന്നു. ഏതാണ്ട് മൂന്നു മിനിറ്റ് മാത്രമാണ് ഗവര്‍ണര്‍ നിയമസഭയില്‍ പ്രസംഗിച്ചത്. എംഎല്‍എമാര്‍ അമ്ബരന്നു നില്‍ക്കെ, ഗവര്‍ണറെ സഭയിലിരുത്തി സ്പീക്കര്‍ നിയമസഭയില്‍ നയപ്രഖ്യാപനം വായിച്ചു. തമിഴിലാണ് സ്പീക്കര്‍ നയപ്രഖ്യാപന പ്രസംഗം വായിച്ചത്.
പല നിയമസഭകളിലും നയപ്രഖ്യാപന പ്രസംഗത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഗവർണർ നയപ്രഖ്യാപനത്തിലെ ഏതാനും ഭാഗങ്ങള്‍ വായിക്കാതെ ഒഴിവാക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഗവർണർ വായിക്കാതിരുന്ന നയപ്രഖ്യാപനപ്രസംഗം അദ്ദേഹത്തെ സാക്ഷിയാക്കി സ്പീക്കർ വായിക്കുന്നത് നടാടെയാണെന്നാണ് റിപ്പോർട്ടുകള്‍. കേരളത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം വായിക്കാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു.