കേരള ഗാനവുമായി ബന്ധപ്പെട്ട് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും തമ്മില്‍ ഉണ്ടായത് അനാവശ്യ വിവാദമായിരുന്നു എന്ന് സാഹിത്യകാരന്‍ സേതു. ''സച്ചിദാനന്ദനും ശ്രീകുമാരന്‍ തമ്പിയും എന്റെ സുഹൃത്തുക്കളാണ്. തമ്പി വളരെ സെന്‍സിറ്റീവായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വരികള്‍ ക്ലീഷേ ആണെന്ന് പറയേണ്ട കാര്യമില്ലായിരുന്നു. ഒരു കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ സംസ്ഥാന ഗാനം തെരഞ്ഞെടുക്കൂ എന്ന് അവര്‍ അദ്ദേഹത്തെ അറിയിച്ചിരുന്നെങ്കില്‍, തമ്പി ഒരിക്കലും ആ വാഗ്ദാനം സ്വീകരിക്കുമായിരുന്നില്ല. അദ്ദേഹം ഒരു ഇതിഹാസമാണ്, അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അനശ്വരമാണ് '-സേതു പറഞ്ഞു. ഇതോടൊപ്പം, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വാക്കുകള്‍ സത്യസന്ധമാണെന്നും. ഇന്നും എഴുത്തുകാരുടെ മൂല്യം തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും സമയം വിലപ്പെട്ടതാണ്. എഴുത്തുകാര്‍ നഷ്ടപരിഹാരം അര്‍ഹിക്കുന്നു. വിദേശ രാജ്യങ്ങളില്‍, ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് പ്രസംഗകര്‍ക്ക് പണം ലഭിക്കുന്നത് സാധാരണമാണ്. ആധികാരികമായ ഒരു പ്രസംഗം നടത്താന്‍, വളരെയധികം തയ്യാറെടുപ്പ് ആവശ്യമാണ്. ഇന്ന്, അത്തരം പ്രസംഗങ്ങള്‍ വളരെ വിരളമാണ് എന്നും സിനിമാ- സീരിയല്‍ താരങ്ങള്‍, മിമിക്രിക്കാര്‍, പാട്ടുകാര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന പരിഗണന കവികള്‍ക്ക് കിട്ടുന്നില്ല എന്ന വിമര്‍ശനത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നിലപാടിനെ സേതു പിന്തുണയ്ക്കുകയും ചെയ്തു.
ഒപ്പം വിമര്‍ശനം എന്ന നിലയില്‍ അദ്ദേഹം, സാഹിത്യകാരന്മാര്‍ക്ക് പല ചടങ്ങുകളിലും ചുറ്റിക്കറങ്ങാനുള്ള വ്യഗ്രത കേരളത്തില്‍ കൂടുതലാണെന്ന സാഹിത്യകാരന്‍ കെ. പി. അപ്പന്റെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു.