Image

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു

Published on 12 February, 2024
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.

ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നാനാ പഠോളയ്ക്കാണ് ചവാന്‍ രാജിക്കത്ത് നല്‍കിയത്.

അശോക് ചവാന്‍ ബിജെപിയിലേക്ക് മാറുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി എംപിയായി രാജ്യസഭയിലേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്. അതേസമയം പിസിസി അധ്യക്ഷന്‍ നാനാ പഠോളയുമായുള്ള അഭിപ്രായ ഭിന്നതകളാണ് ചവാന്റെ രാജിക്ക് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.

മഹാരാഷ്ട്ര മുന്‍ പിസിസി അധ്യക്ഷനാണ് അശോക് ചവാന്‍. 1987 മുതല്‍ 1989 വരെ ലോക്സഭാ എംപിയായിരുന്നു. 2014ല്‍ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1986 മുതല്‍ 1995 വരെയുള്ള കാലയളവില്‍ മഹാരാഷ്ട്ര പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ചവാന്‍ നന്ദേഡ് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

1999 മുതല്‍ 2014 മെയ് വരെ അദ്ദേഹം മൂന്ന് തവണ മഹാരാഷ്ട്ര നിയമസഭയിലുണ്ടായിരുന്നു. 2008ഡിസംബര്‍ 8 മുതല്‍ 2010 നവംബര്‍ 9 വരെ അദ്ദേഹം മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പേരില്‍ 2010 നവംബര്‍ 9 ന് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടു.

2022 ൽ  ജൂലൈയിൽ ഏകനാഥ് ഷിൻഡെ സർക്കാരിനെതിരായ വിശ്വാസവോട്ടെടുപ്പിൽ ഏഴ് എം എൽ എ മാരോടൊപ്പം ചവാൻ വിട്ട് നിന്നിരുന്നു. വൈകിയെത്തിയതിനാൽ നിയമസഭയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ചവാൻ അന്ന് നൽകിയ വിശദീകരണം. 

 മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശങ്കര്‍റാവു ചവാന്റെ മകനാണ്. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ ചവാന്റെ രാജി വലിയ പ്രത്യഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.

ചവാന്റെ അടുത്ത നീക്കം കാത്തിരുന്ന് കാണാമെന്നു ബി ജെ പി നേതാവും മഹാരാഷട്ര ഉപ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദീഖ്, മിലിന്ദ് ദിയോറ എന്നിവര്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് ചവാന്റെ ഈ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക