ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 14ന് ഖത്തര്‍ സന്ദര്‍ശിക്കും. ഖത്തറില്‍ തടവിലായിരുന്ന മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചതിനു പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനം.
ഖത്തര്‍ അമീറിനെ നേരിട്ട് കണ്ട് പ്രധാനമന്ത്രി നന്ദി അറിയിക്കും. നാളെ (ഫെബ്രുവരി 13) യു.എ.ഇയിലേക്ക് പോകുന്ന പ്രധാനമന്ത്രി തൊട്ടടുത്ത ദിവസമാണ് ഖത്തറില്‍ എത്തുക. വിദേശകാര്യ സെക്രട്ടറി വിനയ് ഖത്ര ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെത്തുന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഖത്തര്‍ അമീറുമായി വിശദമായി ചര്‍ച്ച നടത്തും. ഒന്നര വര്‍ഷത്തോളമായി ഖത്തറില്‍ തടവിലായിരുന്ന മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞദിവസം മോചിപ്പിച്ചത്.
മോചിതരായവരില്‍ ഏഴുപേര്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു. ബാക്കിയുള്ള ഒരാള്‍ കൂടി ഉടന്‍ തിരിച്ചെത്തും. ഖത്തറില്‍ തടവിലായ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് പ്രധാനമന്ത്രി മോദി നേരിട്ട് മേല്‍നോട്ടം വഹിച്ചതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 8.4 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറില്‍ താമസിക്കുന്നത്. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ചര്‍ച്ച നടത്തുമെന്നും വിനയ് ഖത്ര അറിയിച്ചു.
ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ നാവികര്‍ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് ഖത്തറിലെ പ്രഥമ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അപ്പീലിനെ തുടര്‍ന്ന് ഡിസംബര്‍ 28ന് അപ്പീല്‍ കോടതി വിധിയില്‍ ഇളവു നല്‍കി. ഇതിനൊടുവിലാണ് ഞായറാഴ്ച രാത്രിയോടെ മോചനം സാധ്യമായി നാട്ടിലേക്ക് മടങ്ങിയത്.