ബ്രാംപ്ടണിലെ രാജ്യാന്തര വിദ്യാർത്ഥികൾക്കിടയിൽ ഭക്ഷണവും വസ്ത്രവും താമസ സ്ഥലവും ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട് .കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് സഹായമഭ്യര്ഥിച്ചുള്ള അപേക്ഷകൾ തങ്ങൾക്ക് ലഭിക്കുന്നതെന്ന് അന്താരാഷ്ട്ര ചാരിറ്റിയുടെ കനേഡിയൻ ശാഖയായ ഖൽസ എയ്ഡ് പറയുന്നു. രാജ്യത്ത് ഭക്ഷണവും വസ്ത്രവും താമസ സ്ഥലവും ലഭിക്കാതെ ബുദ്ധിമുട്ടുന്ന 8200 ലധികം വിദ്യാർഥികളിലേക്ക് സഹായമെത്തിക്കാൻ സർക്കാരും പോസ്റ്റ് സെക്കന്ററി സ്ഥാപനങ്ങളും കൂടുതൽ ഇടപെടലുകൾ നടത്തേണ്ടത് ആവശ്യമാണെന്നും ഖൽസ എയ്ഡ് പറയുന്നു.
ഗ്രെയ്റ്റർ ടൊറന്റോയിൽ മാത്രം ഏകദേശം 500 ,000 ത്തോളം വിദേശ വിദ്യാർത്ഥികളാണ് താമസിക്കുന്നത്. ഇതിനാൽ തന്നെ ഇത്രയധികം വിദ്യാർഥികളിലേക്ക് സഹായമെത്തിക്കാൻ നിലവിൽ അനുവദിച്ചിരിക്കുന്ന സാമ്പത്തിക വിഹിതം മതിയാവില്ലെന്ന് ഖൽസ എയ്ഡ് ദേശീയ ഡയറക്ടർ ജിന്ദി സിങ് വ്യക്തമാക്കി. പോസ്റ്റ് സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ക്രോണിക് ഫണ്ടിങ്ങും പ്രതിസന്ധിയിലേക്ക് നയിച്ചതായി അഭിഭാഷകർ പറയുന്നു.നിലവിലെ സാഹചര്യം മുതലെടുത്ത് സ്ഥാപനങ്ങൾ വൻ സാമ്പത്തിക ലാഭമുണ്ടാക്കുന്നതായും ജിന്ദി സിംഗ് കുറ്റപ്പെടുത്തി .മിക്ക വിദ്യാർത്ഥികൾക്കും യാതൊരുവിധത്തിലുള്ള സേവനങ്ങളുടെ പരിരക്ഷയും ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്വം പോസ്റ്റ് സെക്കന്ററി സ്ഥാപനങ്ങളും സർക്കാരും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു