Image

മനുഷ്യജീവന് വിലകല്പിക്കാത്ത ഭരണ സംവിധാനങ്ങള്‍ക്കെതിരെ ജനങ്ങൾ വിധിയെഴുതണം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Published on 12 February, 2024
മനുഷ്യജീവന് വിലകല്പിക്കാത്ത ഭരണ സംവിധാനങ്ങള്‍ക്കെതിരെ ജനങ്ങൾ വിധിയെഴുതണം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: മനുഷ്യജീവന് വില കല്പിക്കാത്ത ഭരണസംവിധാനങ്ങള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ പൊതുതെരഞ്ഞെടുപ്പില്‍ വിധിയെഴുതുവാന്‍ ജനങ്ങള്‍ ഉണരണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

വന്യജീവി അക്രമങ്ങളുടെപേരില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിവസംതോറും ഉയരുമ്പോള്‍ നിലവിലുള്ള നിയമം പോലും നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ്. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാത്ത ഭരണനേതൃത്വങ്ങള്‍ മനുഷ്യമൃഗങ്ങള്‍ക്ക് തുല്യരായി ഭരണഘടനയെ അവഹേളിക്കുന്നു. കാട്ടുമൃഗങ്ങള്‍ മനുഷ്യജീവനെടുക്കുമ്പോള്‍ മുതലക്കണ്ണീര്‍ പൊഴിച്ച് ഒളിച്ചോടുന്ന ജനപ്രതിനിധികള്‍ ജനദ്രോഹികളാണ്. പാര്‍ലമെന്റിലും നിയമസഭയിലും ജനദ്രോഹ നിയമങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളേയും വന്യമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കുവാന്‍ പരാജയപ്പെടുന്ന ഉദ്യോഗസ്ഥരേയും, ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കളക്ടര്‍മാര്‍ ഉള്‍പ്പെടെ റവന്യു അധികൃതരെയും പ്രതികളാക്കി കൊലക്കുറ്റത്തിന് കേസെടുക്കുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാകണം.

കേരളത്തിന്റെ മലയോരമേഖലയിലൊന്നാകെ വയനാട്ടിലെ പടമലയില്‍ സംഭവിച്ചതുപോലെ സമാനമായ വന്യമൃഗ അക്രമങ്ങള്‍ ദിനംതോറും ആവര്‍ത്തിക്കുമ്പോള്‍ അടിയന്തര നടപടികൾക്കുപോലും ശ്രമിക്കാത്ത സര്‍ക്കാര്‍ കെടുകാര്യസ്ഥതയും അനാസ്ഥയും, ജീവിക്കാനും, ജീവൻറെ സംരക്ഷണത്തിനുമായി നിയമം കൈയിലെടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കും. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 909 പേര്‍ വന്യജീവി അക്രമത്തിലൂടെ മരണപ്പെട്ടിട്ടും കണ്ണുതുറക്കാത്ത അധികാര ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യം അതിരുകടക്കുന്നു.

സിആര്‍പിസി 133 (എഫ്) വന്യജീവി സംരക്ഷണ നിയമം 11(1) എന്നീ വകുപ്പുകള്‍ പ്രകാരം അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചുകൊല്ലുവാന്‍ ഉത്തരവിറക്കി നടപ്പിലാക്കാൻ വകുപ്പുകളുണ്ടന്നിരിക്കെ, അതിനു ശ്രമിക്കാതെ മനുഷ്യജീവനെ  വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന ഭരണ ഭീകരതയ്‌ക്കെതിരെ സമൂഹം സംഘടിച്ച് പ്രതികരിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Chevalier Adv V C Sebastian
Secretary, Council for Laity
Catholic Bishops' Conference of  India (CBCI)
New Delhi
Mbl : +91 9447355512
Tel  : +91 4828234056

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക