ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷൻ - ഗാമയുടെ ഈ വർഷത്തെ പരിപാടികൾ മലയാളികളുടെ ഇഷ്ട ചീട്ടുകളി വിനോദം ആയ റമ്മി ടൂര്ണമെന്റോടുകൂടി ജനുവരി 20 ന് തുടക്കം കുറിച്ചു.
പ്രസിഡണ്ട് സജി പിള്ള മത്സരാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ ഏഴ് മണിക്കൂറിലേറെ നീണ്ടുനിന്ന മത്സരം അമ്പതില്പരം കാണികളും കളിക്കാരും കേരളത്തിന്റെ തനതായ ശൈലിയിൽ ഉണ്ടാക്കിയ ലഘു ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് ആസ്വദിച്ചു.
നാൽപ്പതിലേറെ മത്സരാർത്ഥികൾ പങ്കെടുത്ത അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ നിതിൻ രമേശ് ഒന്നാം സ്ഥാനത്തിനുള്ള ഗാമയുടെ റോളിങ്ങ് ട്രോഫി നേടിയപ്പോൾ ഹീരാജ് രാജൻ രണ്ടാം സ്ഥാനത്തെത്തി. പ്രസിഡണ്ട് സജി പിള്ള, ജോയിന്റ് സെക്രട്ടറി അനിൽ പിള്ള എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
സ്പോർട്സ് ചെയർ ബിനീഷ് ആന്റണി നന്ദി രേഖപ്പെടുത്തി. ഗാമയുടെ ഈ വർഷത്തെ വിവിധങ്ങളായ കാര്യപരിപാടികളുടെ ഒരു നല്ല തുടക്കം ആണിതെന്ന് സെക്രട്ടറി സുബി ബാബു പറഞ്ഞു.