പ്രതിപക്ഷത്തിന്റെയും ജനാധിപത്യ-മതേതര വിശ്വാസികളുടെയും ഒരേയൊരു പ്രതീക്ഷയായ ഇന്‍ഡ്യ മുന്നണിയില്‍ അനുദിനം പൊട്ടിത്തെറികളാണ്. ഓരോ പാര്‍ട്ടിക്കും സീറ്റുകളുടെ മുന്തിയ പങ്കുവേണം. തകരുന്ന ബന്ധങ്ങള്‍ നിത്യസംഭവം ആയിരിക്കുന്നു. ബീഹാര്‍ മുഖ്യമന്ത്രിയും ഇന്‍ഡ്യ മുന്നണിയുടെ സ്ഥാപക നേതാക്കന്മാരില്‍ പ്രധാനിയും ആയ നിതീഷ്‌കുമാര്‍(ജെ.ഡി.യു) ഇതിനിടെ സഖ്യം വി്ട്ടു. ജനങ്ങള്‍ തീര്‍ച്ചയായും ഇതെല്ലാം സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടാകും. ഇന്‍ഡ്യ മുന്നണി തകര്‍ച്ചയിലേക്ക് എന്ന വാര്‍ത്തയും മുന്നണി വിരുദ്ധര്‍ പ്രചരിപ്പിച്ചു. ശക്തമായ അടിത്തറ ഇല്ലാത്ത ഒരു മഹാസൗധം ആയിരുന്നോ ഇന്‍ഡ്യ മുന്നണി? ദേശീയ പ്രതിപക്ഷത്തിന്റെ നിലനില്‍പു തന്നെ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്ന ഒരേയൊരു അജണ്ടയുമായി നിലവില്‍ വന്ന ഒരു രാഷ്ട്രീയ പ്രതിഭാസം ആണോ ഇന്‍ഡ്യ മുന്നണി? അത് എന്തുകൊണ്ട് ഇനിയും കര്‍മ്മോന്മുഖം ആകുന്നില്ല? ജന്മനാ ഉള്ള അടിസ്ഥാനപരമായ വൈരുദ്ധ്യം ആണ് ഇതിനുള്ള ഒരു പ്രധാന കാരണം എന്നു പറയാമെങ്കിലും എന്തുകൊണ്ട് ഇതിനെയെല്ലാം മറികടന്ന് ഇന്‍ഡ്യ മുന്നണി ഒറ്റക്കെട്ടായി ഉയരുന്നില്ല എന്ന ചോദ്യം അപ്പോഴും നിലനില്‍ക്കുന്നു. കാരണം ഇന്‍ഡ്യമുന്നണിയുടെ മുമ്പിലുള്ള വെല്ലുവിളികളും രാഷ്ട്രീയ ഉത്തരവാദിത്വവും അത്ര ഗൗരവമേറിയതാണ്. മുന്നണിയുടെ പ്രധാന എതിരാളിയായ മോദിയും ബി.ജെ.പി.യും ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ടാകും.
തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘം ടെലിവിഷന്‍ ആങ്കര്‍മാരെ ബഹിഷ്‌ക്കരിച്ചതുകൊണ്ട് മുന്നണിയുടെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. മുന്നണിക്ക് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു അതിന് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്നും ഭരിക്കാമെന്നും. ഇതിന് ആദ്യമായി ഇതിലെ ഘടകക്ഷികള്‍ തന്നെ സ്വയം ബോദ്ധ്യപ്പെടേണ്ടിയിരിക്കുന്നു. മുന്നണിയുടെ പൊതു താല്‍പര്യത്തെ നേടിയെടുക്കുവാനായി രാഷ്ട്രീയ സ്വാര്‍ത്ഥ താല്‍പര്യങ്ങളെയും വ്യക്തിലാഭങ്ങളെയും ത്യജിച്ച് ജനങ്ങളുടെ പ്രതീക്ഷക്കൊപ്പം ഉയരുവാന്‍ ഇവര്‍ക്ക് സാധിക്കണം. ബി.ജെ.പി. ഭരണം നല്‍കുന്നതിനപ്പുറം എന്താണ് ഇന്‍ഡ്യമുന്നണിക്ക് ജനങ്ങള്‍ക്ക് നല്‍കുവാന്‍ സാധിക്കുകയെന്നത് വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇവയെ അക്കമിട്ടു നിരത്തി ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. മുന്നണിയുടെ മുഖ്യഘടകവും ദേശീയ പ്രതിപ്കഷവുമായ കോണ്‍ഗ്രസ് മധ്യപ്രദേശിലും രാജസ്ഥാനിലും ബംഗാളിലും ബീഹാറിലും ദല്‍ഹിയിലും പഞ്ചാബിലും ഭരണകക്ഷി അല്ലാതായി തീര്‍ന്നിരിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മുന്നണിയില്‍ എന്തു മേധാവിത്വം ആണ് അവകാശപ്പെടുവാനുള്ളത്. മമതബാനര്‍ജിയും (ത്രിണമൂല്‍ കോണ്‍ഗ്രസ്) അരവിന്ദ് കേജരിവാളും( ആം ആദ്മി പാര്‍ട്ടി) അഖിലേഷ് യാദവും(സമാജ് വാദി പാര്‍ട്ടി) സ്വന്തം വഴിയേ ആണ് ഒരു പരിധി വരെ. ഇന്‍ഡ്യ മുന്നണി പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് പറയാറായിട്ടില്ലെങ്കിലും അതിന് പ്രായോഗികമായ, വിശ്വാസ്യതയുള്ള ഒരു പ്രതിപക്ഷ ഭരണസഖ്യം ആകുവാന്‍ സാധിക്കണമെങ്കില്‍ ബഹുദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഈ ദൂരം പിന്നിടുവാന്‍ ഇന്‍ഡ്യ മുന്നണി എന്തു സമയം എടുക്കും? കാരണം പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുവാന്‍ ഇനി അധികദിവസങ്ങള്‍ ഇല്ല. ജെ.ഡി.യുവിന്റെയും നിതീഷ് കുമാറിന്റെയും അഭാവം വലിയൊരു ആഘാതമാണെങ്കിലും അതിനെ മറികടക്കുവാനും മുന്നണി ഇനി എന്തുചെയ്യുമെന്നതാണ് പ്രധാനം. മറ്റ് യാതൊരു ഗത്യന്തരവും ഇല്ലാത്തതുകൊണ്ട് തങ്ങള്‍ ഒരുമിച്ചു ചേര്‍ന്നതാണെന്ന ഒരു ചിത്രം ജനങ്ങള്‍ക്കു നല്‍കിയാല്‍ എല്ലാ വിശ്വാസ്യതയും ഇവിടെ ഇല്ലാതാകും. മുന്നണിയും തകരും ഒപ്പം വലിയ ആ 'ഇന്‍ഡ്യന്‍' സ്വപ്‌നങ്ങളും. കോണ്‍ഗ്രസിനും പ്രാദേശിക പാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്ന ഒരു മുന്നണി ആയിരിക്കണം ഇത്. കോണ്‍ഗ്രസിന്റെ പഴയ ഭരണപാരമ്പര്യം ശരി തന്നെ. പക്ഷേ, ഇപ്പോഴത്തെ യാഥാര്‍ത്ഥ അവസ്ഥ വേറെയാണ്. നിതീഷ് മുന്നണി വിടുന്ന ഒരു സാഹചര്യം സൃഷ്ടിക്കരുതായിരുന്നു. നിതീഷ് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു 'സംഭവം' ആണ്. അതിലേക്ക് വഴിയെ വരാം. വിവിധ പരസ്പര വിരുദ്ധ മുന്നണികളുടെ പിന്തുണയോടെ ഒമ്പതു പ്രാവശ്യം ബീഹാറിന്റെയും മുഖ്യമന്ത്രിയായതാണ് നിതീഷ്‌കുമാര്‍. യു.പി.എ. ഒരു തെരഞ്ഞെടുപ്പാനന്തരസഖ്യം ആയിരുന്നെങ്കില്‍ ഇന്‍ഡ്യാ മുന്നണി തെരഞ്ഞെടുപ്പിനു മുമ്പുള്ള ഒരു സഖ്യം ആണ്. അതുകൊണ്ട് ഇന്‍ഡ്യ മുന്നണിക്ക് അതിന്റേതായ വെല്ലുവിളികളും അഭിമുഖീകരിക്കുവാനുണ്ട്. ഇതില്‍ പ്രധാനം സീറ്റു വിഭജനം തന്നെ ആണ്. അയോദ്ധ്യയിലെ രാമമന്ദിരവും കാര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌നം നല്‍കിയതും ബി.ജെ.പി.ക്ക് മുന്‍ കൈ നേടികൊടുത്തിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കുറെയൊക്കെ കോണ്‍ഗ്രസിനെയും ഇന്‍ഡ്യമുന്നണിയെയും സഹായിച്ചേക്കാം. പക്ഷേ, പോര. നിതീഷ്‌കുമാറിന്റെ എന്‍.ഡി.എ.യില്‍ പേരല്‍ ബി.ജെ.പി.യുടെ സംഖ്യ വര്‍്ദധിപ്പിക്കും ലോകസഭയില്‍. സോഷ്യലിസ്റ്റ് കാര്‍പ്പൂരി ഠാക്കൂരിന്റെ ഭാരതരത്‌നം പിന്നോക്കവിഭാഗത്തെയും ഠാക്കൂറിന്റെ ആദ്യകാല സംവരണാനുകൂല നിലപാട് മറ്റു പിന്നോക്ക വിഭാഗത്തെയും എന്‍.ഡി.എ. സഖ്യത്തിലേക്ക് ആകര്‍ഷിക്കും. ഈ വിഭാഗങ്ങളും ഇന്‍ഡ്യ മുന്നണിയും തമ്മിലുള്ള പ്രധാനകണ്ണി നിതീഷ്‌കുമാര്‍ ആയിരുന്നു. ഇത് ഇപ്പോള്‍ ഇല്ലാതായി. നിതീഷ്‌കുമാറിനെ അനുനയിപ്പിച്ച് ഇന്‍ഡ്യ മുന്നണിയില്‍ നിര്‍ത്തുവാന്‍ പറ്റിയ നയചാതുര്യമുള്ള ആരും അതില്‍ ഉണ്ടായിരുന്നില്ല. പകരം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ മമതയും കേജരിവാളും ഒത്തുചേര്‍ന്ന് മുന്നണിയുടെ മുഖം ആക്കി. ഇത് നിതീഷിന്റെ പ്രധാനമന്ത്രി മോഹങ്ങള്‍ക്കേറ്റ ആഘാതം ആയിരുന്നു.
ഹിന്ദി ഹൃദയഭൂമയില്‍ മോദിയെയും ബി.ജെ.പി.യെയും നേരിടുവാന്‍ ഖാര്‍ഗെയിലും ഉചിതം നിതീഷ് തന്നെ ആയിരുന്നു. അവിടെ ഇന്‍ഡ്യ മുന്നണിയുടെ തന്ത്രം പാളി. അതോ ഇത് മനഃപൂര്‍വ്വം ആയിരുന്നോ? ഇതിനിടെ ലാലുപ്രസാദ് യാദവ് നിതീഷിന്റെ മുഖ്യമന്ത്രി കസേര മകന്‍ തേജ്വസി യാദവിനായി എടുക്കുവാനായി ശ്രമിക്കുകയായിരുന്നു. ഇതെല്ലാം നിതീഷ് എന്ന അവസരവാദിയായ രാഷ്ട്രീയക്കാരന്‍ മനസിലാക്കി പ്രവര്‍ത്തിച്ചു. നിതീഷിന്റെ മതേതതര്വം വെറും പാഴായ വാക്കാണ് ആദ്യം മുതലേ. അദ്ദേഹത്തിന് അധികാരവും വ്യക്തി താല്‍പര്യങ്ങളും ആണ് പരമപ്രധാനം. മോദിയോടൊപ്പം ഒരു ഫോട്ടോയില്‍പോലും വരുവാന്‍ വിസമ്മതിച്ചതാണ് നിതീഷ്. നിതീഷുമായി ഇനി ഒരിക്കലും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചതാണ് ബി.ജെ.പി. നേരത്തെ സഖ്യം തകര്‍ന്നപ്പോള്‍. ഇപ്പോള്‍ എല്ലാം മാറി. ഇതാണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ. നിതീഷ്-എന്‍.ഡി.എ. സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ ഫലം കൊയ്യുന്നത് ബി.ജെ.പി.യും മോദിയും ആയിരിക്കും. നഷ്ടം, അധികം താമസിക്കാതെ നിതീഷിനും. ഒപ്പം ഇന്‍ഡ്യ മുന്നണിയും. ഇനി ഇന്‍ഡ്യാ മുന്നണിയില്‍ ഉള്ള പാര്‍ട്ടികളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി സമാജ് വാദി പാര്‍ട്ടി എന്നിവ ഒരു ബ്ലോക്കായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഈ മൂന്ന് പാര്‍ട്ടികള്‍ക്കും കൂടെ ലോകസഭയില്‍ 150 സീറ്റുകള്‍ ആണ് ഉള്ളത് ആറ് സംസ്ഥാനങ്ങളിലായി- ഉത്തര്‍പ്രദേശ്, ബംഗാള്‍, ദല്‍ഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത്. കോണ്‍ഗ്രസിന് അമ്പതില്‍ ശിഷ്ടവും. ഈ മൂന്നു പാര്‍ട്ടികളും സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുവാന്‍ മടിച്ചു. കോണ്‍ഗ്രസ് ഇല്ലാതെ തനിച്ച് പോകുവാനാണ് അവരുടെ പരിപാടി. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. 370- ലേറെയും എന്‍.ഡി.എ. ഉള്‍പ്പെടെ 400 സീറ്റുകളും നേടുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ ലോകസഭ മുമ്പാകെയുള്ള പ്രഖ്യാപനം. കോണ്‍ഗ്രസ് പാര്‍ലിമെന്റിലെ സന്ദര്‍ശക ഗ്യാലറിയിലേക്ക് ചുരുങ്ങി പോകുമെന്നും മോദി പ്രവചിച്ചു. 2014-ല്‍ 282 സീറ്റും, 2019-ല്‍ 303 സീറ്റും ആണ് ബി.ജെ.പി. നേടിയത്. 2024 കാത്തിരുന്നു കാണാം. എ്ന്തായിരിക്കും ഇന്‍ഡ്യ മുന്നണിയുടെ അവസ്ഥയെന്നും കണ്ടറിയണം.