ഭൂമിക്ക് പ്രണയമുണ്ടോ?
ഭൂമി എന്റെ ചോദ്യം കേട്ടമട്ട് കാണിക്കാതെ മുകളിലേക്ക് നോക്കി നിൽക്കുകയാണ്. ഞാൻ പിന്നെയും ചോദിച്ചു ഭൂമീ... നീ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?
എവിടെ.. ഒരനക്കവുമില്ല..
പെട്ടെന്നാണ് മഴ പെയ്തത്. രാത്രിയിൽ നക്ഷത്രങ്ങളെ എണ്ണിത്തിട്ടപ്പെടുത്താൻ വെളിയിലിറങ്ങിയതായിരുന്നു ഞാൻ. നനയാതിരിക്കാൻ ഞാൻ ഓടി വീടിനുള്ളിൽ കയറി. ഭൂമിക്ക് അതുവരെ ഇല്ലാത്ത താളം, ആനന്തം.അവൾ എന്നോട് ഒന്നുംപറഞ്ഞില്ല എങ്കിലും അവളെപ്പറ്റി എനിക്ക് അറിയണമെന്ന് തോന്നി. ഞാൻ ജനൽപ്പടിയിൽ ഇരുന്നുകൊണ്ട് മഴ പതിച്ചപ്പോൾ ഭൂമിക്ക് വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചു.
അത് എന്താണെന്ന് വിശദമാക്കാം:
കുളിർമഴ പെയ്തിറങ്ങി. മഴ പെയ്യുന്നത് കണ്ടിട്ടും അവളെ നനയ്ക്കുമെന്നറിഞ്ഞിട്ടും അവൾ എങ്ങും ഓടി മറഞ്ഞില്ല. എങ്ങും ഓടി ഒളിച്ചില്ല. പോട്ടെ...ഈ മഴ..! എന്നുപോലും പറഞ്ഞില്ല. മഴ ഭൂമിയെ തൊട്ടപ്പോൾ അതാ സംഗീതമുണ്ടായി. മഴക്ക് ഗന്ധർവ്വ നൃത്തം ചെയ്ത് ഒഴുകിനടക്കാനും തളരുമ്പോൾ വിശ്രമിക്കാനുമുള്ള സൗകര്യം അവളിൽ ഉണ്ടായിരുന്നു. മഴയുടെ സ്പർശനത്താൽ അവളിൽ ശൈത്യം കണക്കേ തണുപ്പ് അനുഭവപ്പെട്ടു. എനിക്കും തണുത്തു. എന്തിന് പറയണം സകല ജീവ-അജീവ വസ്തുക്കളും തണുത്തു വിറച്ചു.
നിന്നെ കണ്ട മാത്രയിൽത്തന്നെ അവൾ നിന്നെസ്നേഹിക്കാൻ തുടങ്ങിയോ ? ‘നീ എന്തിനാണ് എന്റെ അടുത്തു വന്നത്’ എന്നവൾ ആദ്യ ദർശനത്തിൽ ചോദിച്ചിരുന്നോ? നീ അവളുടെ ഇഷ്ട്ടം അറിഞ്ഞോ?എങ്ങനെയായിരുന്നു നിങ്ങളുടെ പ്രേമം മോട്ടിട്ടു തുടങ്ങിയത്?
കുസൃതികാട്ടി നീ അവളെ തഴുകി ഒഴുകിയപ്പോൾ, കുറുമ്പുകാട്ടിയപ്പോൾ അവൾ നിന്നെ നോക്കി ദെഹിപ്പിച്ചോ?
നിനക്ക് ഒഴുകി നടക്കാൻ കഴിയും. എവിടെയും കയറിച്ചെല്ലാൻ കഴിയും.നീ ദ്രാവക രൂപത്തിലാണ്. അങ്ങനെ നീ ചോദിക്കാതെയും പറയാതെയും അവളിലേക്ക് തണുപ്പ് വാരിയിട്ടു അവളിലെ ആഴങ്ങളിലേക്ക് കയറിച്ചെന്നപ്പോൾ... കയറിച്ചെന്നപ്പോൾ അപ്പോഴായിരിക്കാം അവൾ നിന്നെ സ്നേഹിച്ചുതുടങ്ങിയത്.
ഭൂമിയുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കാൻ മഴയ്ക്ക് മാത്രമേ കഴിയൂ. ഭൂമിയെ അറിയാൻ മഴയ്ക്ക് മാത്രമേ കഴിയൂ.
മുന്നറിയിപ്പില്ലാതെയുള്ള വരവാണ് എങ്കിലും മഴ വന്നത് വെറുംകൈയോടെ ആയിരുന്നില്ല. അവളെ മഴ പൂക്കൾക്കൊണ്ടും ഇലകൾക്കൊണ്ടും സുന്ദരിയാക്കി. മഴ ഇല്ലാത്തപ്പോൾ പൂവും ഇലകളും ചെടിക്കും മരത്തിനും സ്വന്തം. ഇടയ്ക്ക് കാറ്റടിച്ചു വീണാലായി. എന്നാലും മിക്കവാറും വീഴുന്നത് ഉണങ്ങാറായവയാകും. ഇപ്പോളിതാ പല വർണ്ണങ്ങളാൽ മഴ അവളെ പുടവയുടുപ്പിച്ചില്ലേ!
മഴ അങ്ങനെയാണ്. മഴ ഒരു ഉത്സവമാണ്. മഴ ആനന്തമാണ്. മഴയുടെ സമ്മതം ചോദിക്കാതെയുള്ള ഈ അധികാരം കാട്ടൽ അവളിൽ അഭിനിവേശം ഉണ്ടാക്കി. വേർപിരിയാൻ കഴിയാത്തപോലെ അവർ സ്നേഹിച്ചു.
പുലർച്ചയായത് അവർ അറിഞ്ഞില്ല. അവർ അപ്പോഴും സ്നേഹിച്ചുകൊണ്ടിരുന്നു.
സൂര്യരശ്മികൾ കനത്തു തുടങ്ങി. അവരെ രണ്ടാക്കാൻ സൂര്യൻ ആജ്ഞാപിച്ചു. മഴയെ നീരാവിയാക്കിമാറ്റി അവളിൽനിന്നും അകറ്റാൻ തുടങ്ങി. അവർക്ക് ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. മഴ നീരാവിയായി രൂപം മാറി. ഭൂമിയിൽനിന്നും ഉയർന്നു പൊങ്ങി. അവളിൽ നനവായി വന്ന്, നീരാവിയായി എങ്ങോ മാഞ്ഞു.അവൻ വീണ്ടും മഴയായി വരുന്നതും കാത്ത് മാനം നോക്കി നിൽക്കുകയാണ് ഭൂമി.
ഞാൻ ഇത്രയും നാൾ കരുതിയിരുന്നത് പോലെ അവൾ നക്ഷത്രങ്ങളെ എണ്ണുകയായിരുന്നില്ല.അവൾ നോക്കിനിന്നത് സൂര്യനേയുമല്ല ചന്ദ്രനേയുമല്ല. അവൾ മഴയുടെ മുന്നറിയിപ്പില്ലാത്ത വരവിനായി കൊതിച്ചു നിൽക്കുകയായിരുന്നു.
പാവം ഭൂമി. ഞാൻ ഒരുപിടി മണ്ണെടുത്ത് അവൾക്കൊരു മുത്തം കൊടുത്തു.