ഷൈല നെൽസൺൻ്റെ കാവ്യങ്ങൾ വീണ്ടും വായിക്കപ്പെടുകയാണ്! പ്രശസ്ത കവിയും സാമൂഹിക-പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ഒടുവിൽ അവതാരികയെഴുതിയ ഷൈലയുടെ 'ആത്മരാഗങ്ങൾ' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടതു കോവിഡു കാലത്തായിരുന്നതിനാൽ അതു വേണ്ടത്ര ജനശ്രദ്ധ നേടിയില്ല.
കോവിഡു ബാധയെത്തുടർന്നു 2020, ഡിസംബറിൽ സുഗതകുമാരി മരണത്തിനു കീഴടങ്ങിയപ്പോൾ അതു ഷൈലയുടെ ആത്മവീര്യം വീണ്ടും കെടുത്തി. പിന്നീടവർ 'ആത്മരാഗങ്ങ'ളുടെ പ്രചാരണത്തിനായി ഒന്നും ചെയ്തില്ല. എന്നാൽ, ചില സഹൃദയർ മുൻകൈ എടുത്തു ഷൈലയുടെ കവിതാസമാഹാരം വീണ്ടും വായനക്കാരുടെ കൈകളിൽ എത്തുകയാണ്.
ഒരു വ്യക്തിയുടെ, പ്രത്യേകിച്ചു ഒരു സാധാരണ സ്ത്രീയുടെ ദുഃഖവും, ചിന്തകളും, ഭക്തിയും, വിഷമങ്ങളുമെല്ലാം വാക്കുകളിലൂടെ വാരിവിതറുന്നതാണ് ഷൈല നെൽസൺ എന്നവരുടെ കവിതകളെന്ന് സുഗതകുമാരി അവതാരികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
"ഒരു സ്ത്രീയ്ക്കു തൻ്റെ ജോലിഭാരവും, കുടുംബഭാരവും, സാമൂഹികമായ കടമകളുടെ ഭാരവും ചുമക്കേണ്ടി വരുമ്പോൾ, മടുപ്പ് തോന്നുന്നത് സ്വാഭാവികമാണ്. ആ മടുപ്പ് വിഷാദമായോ, ദുശ്ശീലമായോ പ്രകാശിക്കപ്പെടാം. പക്ഷേ, ഈ സാധാരണ സ്ത്രീ തിരഞ്ഞെടുത്തത് വാക്കുകളിലൂടെയുള്ള സ്വയംപ്രകാശനമാണ്," ഷൈലയെക്കുറിച്ചു സുഗതകുമാരി ഇത്രയും കൂടി പറയുമ്പോൾ, സമാഹാരത്തിലെ കവിതകളായ 'ഹൃദയാക്ഷരങ്ങൾ', 'മൗനഭാഷണം', 'സ്ത്രീമാനസം', 'ഒരു വിലാപം', 'അമ്മ മലയാളം' മുതലായവ അനുവാചകർ ഹൃദയംകൊണ്ടു വായിച്ചില്ലെങ്കിലേ അതിശയമുള്ളൂ!
മഴയും മഞ്ഞും ഋതുക്കളുടെ വ്യതിയാനങ്ങളും തെളിച്ചു കാണിക്കുന്ന വണ്ടിപ്പെരിയാർ ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ മലയോരപ്രദേശം. അവിടത്തെ പഞ്ചായത്തു ഹൈസ്ക്കൂളിലെ മലയാളം അധ്യാപകൻ്റെ വാക്കുകൾ മാതൃഭാഷയെ സ്നേഹിക്കുവാൻ ഷൈലയ്ക്കു പ്രചോദനമായി. മറ്റൊരദ്ധ്യാപകൻ്റെ മേൽനോട്ടത്തിൽ ഒരുക്കിയ കൈയ്യെഴുത്തു മാസികയിൽ ഷൈല ഒരു കൊച്ചു കവിത എഴുതി. പക്ഷേ, പഠനത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന പലരുടെയും ഉപദേശങ്ങൾക്ക് ചെവി കൊടുക്കേണ്ടിവന്നപ്പോൾ, ഷൈലയ്ക്ക് എഴുത്തുവഴികളോട് വിട പറയേണ്ടിവന്നു.
"പാലയിലെ അൽഫോൻസാ വനിതാ കോളേജിൽനിന്ന് പ്രീഡിഗ്രി പാസ്സായപ്പോൾ, ഒരു ദിവ്യ അനുശാസനം പോലെയാണ് നേഴ്സിംഗ് പഠിയ്ക്കാൻ തീരുമാനിച്ചത്. നാഗർകോവിലിലെ കേതറിൻ ബൂത്ത് മിഷൻ ഹോസ്പിറ്റലിൽ അവർ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു. തീരെ നിനക്കാതിരുന്നപ്പോൾ എത്തിയ ഒരു ഹൃദയ സ്തംഭനത്തിനു പിതാവിൻ്റെ ജീവൻ വേണമായിരുന്നു. തുടർന്നു എന്നെ തേടിയെത്തിയത് അഞ്ചു സഹോദരിമാരുടെയും ഒരു സഹോദരൻ്റെയും അത്താണിയാവുക എന്ന നിയോഗമാണ്. നിരാലംബയായ മാതാവിൻ്റെ വലതുകരമായി നിന്നു കുടുംബം പുലർത്തുകയെന്ന ചുമതല ഏറ്റെടുക്കുകതന്നെ ചെയ്തു. ഞാൻ പിന്നെ അതിജീവനത്തിൻ്റെ ബദ്ധപ്പാടിലായി. താമസിയാതെ വിവാഹിതയായി; ജോലിതേടി ഗൾഫിലേയ്ക്കു തിരിച്ചു. ഭർത്താവ് സെലിൻ നെൽസൺ ജോലി ചെയ്തിരുന്ന കുവൈറ്റിലെ ഹെൽത്ത് മിനിസ്ട്രിയിൽ എനിയ്ക്കും ജോലി ലഭിച്ചു," എല്ലാം ഓർത്തെടുക്കുകയായിരുന്നു ഷൈല.
അതിനുശേഷം ഷൈലയും നെൽസണും നാട്ടിലെ ഒരു കുടുംബത്തിൻ്റെ നെടുംതൂണായി നാളിതുവരെ ജീവിച്ചു. എല്ലാവരും നല്ല നിലയിലെത്തി. തങ്ങളുടെ രണ്ടു മക്കൾക്കും നല്ല വിദ്യാഭ്യാസം കൊടുത്തു. തലമുറകൾ പുരോഗതിയുടെ പാതയിലാണ്. എല്ലാം കണ്ടു മനസ്സു നിറഞ്ഞ് ഷൈലയുടെ മാതാവും!
"അതിൻ്റെ പേരിൽ ഞാൻ ഒന്നും അവകാശപ്പെടുന്നില്ല. ഇതെല്ലാം ഒരു നിയോഗമാണ്. സന്തോഷത്തോടെ, ഈശ്വരനു നന്ദി പറയുന്നു. ഒരു നല്ല വാക്കു പോലും ആരിൽ നിന്നും തിരിച്ചു പ്രതീക്ഷിക്കാത്തതിനാൽ ഒന്നിലും യാതൊരു വിഷമവുമില്ലതാനും," ഷൈലയുടെ വാക്കുകളിൽ ശോകം കലർന്നിരുന്നു.
കർമബന്ധങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ ഏകദേശം പൂർത്തിയായപ്പോൾ, റിട്ടയർമെൻ്റിനു
കാത്തു നിൽക്കാതെ, ഷൈലയും നെൽസണും ഗൾഫുജീവിതത്തോടു യാത്ര പറഞ്ഞു. നെൻസൺൻ്റെ ജന്മനാടായ തിരുവനന്തപുരത്തെ വഴുതക്കാട് പണിതീർത്ത ഭവനത്തിൽ പുതിയൊരു ജീവിതം ആരംഭിച്ചു.
ഇടുക്കിയിലെ സ്കൂൾ ദിനങ്ങളിൾ ഷൈലയ്ക്കു ഉപേക്ഷിക്കേണ്ടിവന്ന സർഗചിന്തകളുടെ വിത്തുകൾക്ക് അനന്തപുരിയിലെ അനുകൂലമായ മണ്ണിൽ വീണ്ടും മുളകൾ പൊട്ടാൻ തുടങ്ങി.
"സ്വയം തീർത്ത വല്മീകത്തിലൊളിക്കാൻ എനിയ്ക്കു കഴിഞ്ഞില്ല. മകൾ സമ്മാനിച്ച ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കാൻ ഞാൻ മെല്ലെ മെല്ലെ പഠിച്ചു. മകനും മരുമകളും ചേർന്നു മൊബൈലിൽ എങ്ങനെ മലയാളം എഴുതണമെന്നു പഠിപ്പിച്ചുതന്നു. താമസിയാതെ മുഖപുസ്തകം എനിയ്ക്ക് വഴങ്ങിത്തുടങ്ങി," ഷൈല ആവേശംകൊണ്ടു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മുറിവു കെട്ടലും, മരുന്നു കുത്തിവെയ്ക്കലും, രക്തസമ്മർദ്ദം നോക്കലും, താപനിലയും പൾസ് റേറ്റും സേമ്പിളുകൾ എടുക്കലും മറ്റും പത്തുമുപ്പതു കൊല്ലം ചെയ്തുശീലിച്ച ഷൈലയ്ക്കു ഇ-ലോകവും, അതിലെ നവമാധ്യമങ്ങളും, ഏറെ കൗതുകം ഉണർത്തുന്ന പുതിയ അറിവുകളായിരുന്നു.
തുറന്നുകിട്ടിയ പുതിയ സാങ്കേതിക സൗകര്യങ്ങൾ ഷൈലയുടെ ഭാവനകൾക്കു അകമ്പടി നിന്നു. അനിയത്തി സജിനിയും, ബാല്യകാല കൂട്ടുകാരി സേതുവും, കുട്ടിക്കാലത്ത് താനൊരു കൊച്ചു കവയിത്രി ആയിരുന്നെന്ന് ഷൈലയെ ഓർമ്മപ്പെടുത്തി. ഈ വാക്കുകൾ ഷൈല ശ്രവിച്ചതു ഉള്ളുകൊണ്ടായിരുന്നു. തുടർന്നെത്തിയ നാളുകൾ കണ്ടത് ജീവിതഗന്ധികളായ കവിതകൾ തുരുതുരാ പിറവികൊള്ളുന്നതാണ്!
"അടുത്തുതന്നെ താമസിക്കുന്ന സുഗതകുമാരി ടീച്ചറെ ഒരു ദിവസം ചെന്നു കണ്ടു. കുത്തിക്കുറിച്ചത് ആർക്കെങ്കിലും കാണിക്കേണ്ടേ!" ഒരു പുഞ്ചിരിയോടെ ഷൈല പറഞ്ഞു. വൃത്തവും, പ്രാസവും, അലങ്കാരവുമൊന്നുമില്ലാത്ത തൻ്റെ സൃഷ്ടികൾ ടീച്ചറെ കാണിക്കാൻ ഷൈലയ്ക്ക് ജാള്യത തോന്നിയിരുന്നു.
"എൻ്റെ മനസ്സു പറഞ്ഞതായിരുന്നല്ലോ എൻ്റെ എഴുത്ത്. വിമർശനങ്ങളാൽ അതിനെ മുളയിലേ നുള്ളാൻ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ, വളരെ പെട്ടെന്ന് ഒരമ്മയുടെ സൗമ്യവും, ശക്തവുമായ സാമീപ്യമായി മാറുകയായിരുന്നു സുഗതകുമാരി ടീച്ചർ. എഴുത്തു വഴിയിൽ വേണ്ട ഉപദേശങ്ങൾ നല്കി അവർ എന്നെ മുന്നോട്ടു നയിച്ചു," ഷൈല കൂട്ടിച്ചേർത്തു.
വെറുതെ എഴുതി കൂട്ടാതെ, എഴുതുന്നതെല്ലാം ഒരു പുസ്തകമാക്കണമെന്ന് ഷൈലയെ ആദ്യമായി ഓർമ്മപ്പെടുത്തിയത് കവി ശിവശങ്കരൻ കരവിലാണ്. മാധവ് K. വാസുദേവൻ, നൗമാമണി, C.M. അലിയാർ മാഷ്, ജോയി ഗുരുവായൂർ, സുഷമ അമ്മൻകോടുമന എന്നീ കവി സുഹൃത്തുക്കൾ സൃഷ്ടിപരമായ പിൻതാങ്ങായി.
തിരുവനന്തപുരത്തെ പ്രഭാത് ബുക്ക് ഹൗസ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. വാർദ്ധക്യത്തിൻ്റെയും, അനാരോഗ്യത്തിൻ്റെയും അസ്ക്യത ഉണ്ടായിരുന്നുവെങ്കിലും, സുഗതകുമാരി ടീച്ചർ 'ആത്മരാഗങ്ങൾ'ക്ക് ആമുഖമെഴുതി.
അവരുടെ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും, സമൂഹമാധ്യമത്തിലെ സുഹൃത്തുക്കളും കൂടെ ഇല്ലായിരുവെങ്കിൽ, കവിതാപുസ്തകം ഒരു യാഥാർത്ഥ്യമാകുമായിരുന്നില്ലെന്നു ഷൈല എടുത്തുപറഞ്ഞു.
"കോവിഡ് മൂലമുണ്ടായ ടീച്ചറുടെ മരണം എന്നെ വല്ലാതെ തളർത്തി. കവി പ്രഭാവർമ നിർവഹിക്കാമെന്നു ഏറ്റിരുന്ന പുസ്തകപ്രകാശനവും കാലൻ കൊറോണ കൊണ്ടുപോയി," ഷൈലയുടെ ശബ്ദം ഇടറി.
"എന്നിരുന്നാലും, കാവ്യവീഥിയിലെ ചില നിസ്വാർത്ഥ മിത്രങ്ങളുടെ പരിശ്രമഫലമായി 'ആത്മരാഗങ്ങൾ' വീണ്ടും അനുവാചകരിലേയ്ക്ക് എത്തുന്നതിൽ അളവറ്റ സന്തോഷമുണ്ട്," ഷൈലയുടെ വാക്കുകളിൽ പൂർണ സംതൃപ്തി.
പ്രശസ്ത ചിത്രകാരൻ T.C. രാജൻ മുഖചിത്രം വരച്ച തൻ്റെ പുസ്തകത്തിൻ്റെ പിൻചട്ടയിൽ അച്ചടിച്ചിരിക്കുന്ന സുഗതകുമാരി ടീച്ചറുടെ മരിക്കാത്ത വാക്കുകൾ ഷൈല ഇടയ്ക്കിടെ വയിക്കാറുണ്ട്: "ഓരോ പക്ഷിയ്ക്കും ഓരോ നാദമുണ്ട്. അതുപോലെ തന്നെയാണ് ഓരോ വ്യക്തിയ്ക്കും. അങ്ങനെ ഷൈല എന്ന സ്ത്രീയുടെ ഹൃദയത്തിൻ്റെ ആവലാതികളാണിവ."