Image

എന്റെ കുറിപ്പുകൾ 2024 (ഭാഗം-4: സോയ നായര്‍) 

Published on 14 February, 2024
എന്റെ കുറിപ്പുകൾ 2024 (ഭാഗം-4: സോയ നായര്‍) 

7. Love the One’s who deserves your Love instead of wasting your time..!

നമ്മളെ ഇഷ്ടപ്പെടുന്നവർ ചുറ്റും ഒത്തിരിയുണ്ടെങ്കിലും നമ്മൾ എപ്പോഴും പ്രാധാന്യം കൊടുക്കുന്നതും ചിന്തിക്കുന്നതുമാരെക്കുറിച്ചാണെന്നറിയാമോ? നമ്മളെ ഇഷ്ടപ്പെടാത്തവരെക്കുറിച്ചോർത്ത്‌. അവർ എന്ത്‌ കൊണ്ട്‌ നമ്മളെ ഇഷ്ടപ്പെടുന്നില്ല, അവരെന്താ അങ്ങനെ പറഞ്ഞത്‌, മോശമായി ഞാൻ എന്തെങ്കിലും പറഞ്ഞോ,അവരെന്തേ എന്നോട്‌ മിണ്ടാത്തേ ..etc ഈ ഒരു ഇഷ്ടക്കേടു വരുമ്പോഴോ അതുവരെ അവർ ചെയ്ത നന്മകൾ, പിന്തുണ ഒക്കെ കാണാതെ പോകും. പിന്നീട്‌ ആ ആളെപ്പറ്റി പറയാനും ഉണ്ടാകുക കുറ്റങ്ങളുടെ മാത്രം ഘോഷയാത്രയാകും . എന്നിട്ടവസാനം നമ്മളോ കിട്ടാത്ത ആ സ്നേഹത്തിനു പിന്നാലെ നെഗറ്റീവടിച്ച്‌ പായും. 

ഇങ്ങനെ ഇങ്ങനെ കുറെ  ദുഷ്‌ചിന്തകൾ കൊണ്ട്‌ നമ്മൾ ആകെ സംഘർഷത്തിലാകുമ്പോൾ കാണാതെ പോകുന്നത്‌ ശരിക്കും നമ്മളെ സ്നേഹിക്കുന്നവരുടെ സ്നേഹമല്ലേ. നമുക്ക്‌ ചുറ്റും എത്രയോ പേർ നമ്മളെ കരുതുന്നു, സ്നേഹിക്കുന്നു, അന്വേഷിക്കുന്നു. എന്നാൽ ഒരിക്കലെങ്കിലും അവരോട്‌ അതേ സ്നേഹത്തിൽ പെരുമാറാൻ നമ്മൾക്ക്‌ കഴിയുന്നുണ്ടോ? അവരെ വിളിക്കാൻ ശ്രമിക്കാറുണ്ടോ? അവരോട്‌ മിണ്ടാറുണ്ടോ? മിക്കവരും അവരെ അവഗണിക്കും. അവർ അവിടെയുണ്ടല്ലോ എന്ന് സ്വയം സമാധാനിപ്പിച്ചിട്ട്‌ നടക്കും. അവസാനം ആപത്ഘട്ടത്തിൽ ആശ്രയിക്കാൻ വേറെയാരും ഇല്ലാത്തപ്പോൾ ഇത്രയും നാൾ അവരെ അവഗ്ഗണിച്ചുവല്ലോ എന്നോർത്ത്‌ ഓർത്ത്‌ സങ്കടപ്പെടുകയും ചെയ്യും. 

ആലോചിച്ചാൽ, നമ്മളെ സ്നേഹിക്കാൻ മാത്രമായി ‌ ദൈവം ഭൂമിയിലേക്ക്‌ കുറെപേരെ പറഞ്ഞു വിട്ടിട്ടില്ലേ. ആ സ്നേഹത്തെ പരമാവധി അവഗണിച്ച്‌ കുറേയേറെ കാലങ്ങൾ കഴിഞ്ഞു അവരുടെ മരണശേഷം സ്നേഹിക്കാനായില്ലല്ലോ എന്ന് ഓർത്ത്‌ വിലപിക്കുന്നതിനെക്കാൾ നല്ലത്‌ അവരെയെല്ലാം ദൈവം തിരിച്ചു അദ്ധേഹത്തിന്റെ അടുത്തേക്ക്‌ വിളിക്കുന്നതിനു മുന്നേ സ്നേഹിക്കുക എന്നതല്ലേ.. കുറ്റം, കുറവുകൾ, ദേഷ്യം ഇതൊക്കെ എല്ലാവരിലും ഉണ്ട്‌.. എന്നാൽ അതൊക്കെ ക്ഷമിക്കാനും കൂടി കഴിഞ്ഞാൽ ആണു നാമൊക്കെ ഉയർച്ചയിലെത്തുക. സ്നേഹം കൊടുക്കേണ്ട സമയത്ത്‌ അവർക്ക്‌ സ്നേഹം കൊടുത്ത്‌ സ്നേഹിക്കുക.നാളെ ഒരു കാലത്ത്‌ ഇത്തരമൊരു അവസ്ഥ നമുക്കുമുണ്ടാകില്ല എന്ന 100% ഉറപ്പ്‌ ആർക്കെങ്കിലുമുണ്ടോ???എല്ലാരും മനുഷ്യനല്ലേ .എന്തുറപ്പ്‌! 

സുപ്രഭാതം ചങ്ങാതിമാരേ😊 🌞 

8. Beware, it’s your life.

എരിതീയിൽ എണ്ണ ഒഴിക്കുവാൻ സാമർത്ഥ്യമുള്ള കൂട്ടുകാരെ കൂടെ കൂട്ടിയിട്ടുണ്ടോ.. എങ്കിൽ ജീവിതം സ്വാഹ.. സൗഹ്യദം സ്ഥാപിച്ച്‌ കൂടെ കൂടിയിട്ട്‌ അവസരം കിട്ടുമ്പോൾ നിങ്ങളെ ഇകഴ്ത്തി പറഞ്ഞും മറ്റുള്ളവരോട്‌ നിങ്ങളെ പറ്റി മോശം പറഞ്ഞും നടക്കുന്ന കൂട്ടുകാരുണ്ടേൽ ഒന്ന് സൂക്ഷിച്ചോളു ട്ടോ. നിങ്ങൾക്കുള്ള നല്ല സൗഹ്യദബന്ധങ്ങളിൽ നുഴഞ്ഞു കയറി നല്ലോണം എണ്ണ ഒഴിച്ച്‌ ആ ബന്ധത്തെ ആളിക്കത്തിച്ച്‌ നിങ്ങൾ രണ്ടു കൂട്ടരുടെയും ബന്ധത്തിന്റെ പുക കണ്ട്‌ സംത്യപ്തിയടയുക എന്നത്‌ മാത്രമാണു ഇവരുടെ ലക്ഷ്യം. അത്തരക്കാർ ശരിക്കും നമ്മൾക്ക്‌ ട്രോമാ സ്റ്റേറ്റ്‌ വരെ സമ്മാനിക്കാൻ മിടുക്കരാ. അങ്ങനെ കുറച്ചു പേർ ഉള്ളതാണു നിങ്ങളുടെ സന്തോഷത്തിനു വിലങ്ങുതടി..ഒരിക്കൽ അത്തരക്കാരെ മനസ്സിലാക്കിയാൽ അപ്പോൾ തന്നെ ആ സൗഹ്യദത്തിൽ നിന്നും മാറി നടക്കുക. അവരവരുടെ തെറ്റുകൾ മറയ്ക്കാനുള്ള കരുവായി നിങ്ങളെ തെരഞ്ഞെടുക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും മോശപ്പെട്ട വ്യക്‌തി ചിലപ്പോൾ നിങ്ങളായി തീരും.. ഇത്‌ നിങ്ങളുടെ ജീവിതമാണു.. സൂക്ഷിക്കേണ്ടതും നിങ്ങൾ തന്നെ..!

9. Don’t bring yourself down, self respect plus give respect is important !!

നമ്മൾ പറയുന്നതും എഴുതുന്നതും ഒക്കെ ഏതൊക്കെ രീതിയിൽ ആണു ആൾക്കാർ മനസ്സിലാക്കുന്നതെന്ന് അറിഞ്ഞിട്ട്‌ വേണം ഇനി എന്തേലും പറയാനും എഴുതാനും എന്ന് കുറെ സംഭവങ്ങൾ എന്നെ ഇടയ്ക്കിടെ ഓർമ്മപ്പെടുത്താറുണ്ട്‌. പക്ഷേ, മറ്റുള്ളവരുടെ ആരുടെയും മനസ്സ്‌ വായിക്കാനുള്ള ആ കഴിവ്‌ എനിക്കില്ലാത്തതു കൊണ്ട്‌ വീണ്ടും ഞാൻ പഴി എരന്നു വാങ്ങിക്കും😂😂. 

വാർത്ത വായിച്ച്‌ ഒരു കുറിപ്പെഴുതിയാൽ, സ്വന്തം അനുഭവം തുറന്നെഴുതിയാൽ, മറ്റുള്ളവരുടെ സ്വന്തം അനുഭവങ്ങൾ വളരെ സങ്കടത്തോടെ കേട്ടിരിക്കുന്ന ആ നിമിഷം മുതൽ മനസ്സിനെ വല്ലാതെ അലട്ടുന്ന എന്റെ സങ്കടം തുറന്നെഴുതിയാൽ അങ്ങനെ അങ്ങനെ വെറുതേ മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങൾക്കാണു ഈ പഴി കേൾക്കൽ എന്നോർക്കണം..അപ്പോഴൊക്കെ അടുപ്പമുള്ള പലരും ഉപദേശിക്കും നീ എന്തിനാ അങ്ങനെ പറഞ്ഞേ, അങ്ങനെ എഴുതിയേ.. അതൊക്കെ ആൾക്കാർ ഏതു രീതിയിൽ എടുക്കുമെന്നറിയില്ലല്ലോ എന്നൊക്കെ.. പക്ഷെ, ഞാൻ എന്തെഴുതിയാലും പറഞ്ഞാലും അതു നിങ്ങളെ ബാധിക്കുന്ന വിഷയമല്ലെങ്കിൽ പിന്നെന്തിനാ അവർക്ക്‌ ഇത്ര റ്റെൻഷൻ എന്ന് എന്നോട്‌ തന്നെ പലവുരു ചോദിക്കും. തെറ്റ്‌ ചെയ്യുന്നവർ അല്ലേ ശരിക്കും ഭയക്കേണ്ടത്‌‌? ഞാനാണോ? 

മനുഷ്യത്വത്തിന്റെ പേരിൽ ചുറ്റും നടക്കുന്ന പല സംഭവങ്ങളെ കാണുമ്പോൾ അതെഴുതുന്നവർ എങ്ങനെ തെറ്റുകാർ ആകുന്നു എന്ന് ഇന്നും എനിക്കറിയില്ല. എഴുതുന്നവർ എല്ലാം പോസിറ്റീവ്‌ കാര്യങ്ങൾ മാത്രമേ എഴുതാവൂ, പറയാവൂ എന്നൊക്കെ പറഞ്ഞാൽ വലിയ പാടാണു .. അഭിപ്രായ സ്വാതന്ത്ര്യം, എഴുത്തുസ്വാതന്ത്ര്യം ഇതൊക്കെ മറ്റുള്ളവരുടെ നിയന്ത്രണത്തിൽ പറയാൻ, എഴുതാൻ തുടങ്ങിയാൽ അത്‌ എഴുത്തിനോട്‌ കാണിക്കുന്ന അനീതിയെന്നേ എനിക്ക്‌ പറയാനാകൂ.. നെഗറ്റീവ്‌ വിമർശ്ശനങ്ങൾ എഴുതി നെഗറ്റീവ്‌ ഇമേജ്‌ ഉണ്ടാക്കി ആളാകുന്നവരുണ്ടാകാം, അതും എന്നെ കൊണ്ട്‌ പറ്റില്ല. ഇതെന്റെ സ്‌പേസ്‌. അതിൽ എഴുതുന്നത്‌, പറയുന്നതൊക്കെ എന്റെ അഭിപ്രായങൾ ആണു. അതൊന്നും മതസ്പർദ്ധയുണ്ടാക്കാനോ, ആളുകളെ തമ്മിലടിപ്പിക്കാനോ, വെറുപ്പിക്കാനോ ഒന്നുമല്ല.

 നല്ല കാര്യങ്ങളെ നല്ലതെന്നും സമൂഹത്തിലെ മോശം കാര്യങ്ങളെ മോശമെന്നും തന്നെ പറയാനാണിഷ്ടം. അത്‌ കൊണ്ട്‌ ഞാൻ എന്തെഴുതിയാലും അതെന്നെ കുറിച്ചാണു, എന്നെ കുറിച്ച്‌ മാത്രമാണെന്ന് ചിന്തിക്കുന്ന എല്ലാ കൂട്ടുകാരോടും പറയാൻ ഒന്നു മാത്രം.. ഒന്നുകിൽ നിങ്ങൾ ചിന്താശൈലി ഒന്നു മാറ്റുക, അല്ലെങ്കിൽ എഴുതുന്നതിനെ ആ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കുക.. ഒരു കുറിപ്പ്‌ എഴുതിക്കഴിഞ്ഞാൽ അത്‌ പിന്നെ എഴുത്തുകാരന്റെ കൈയിൽ അല്ല. വായനക്കാർ അതിനെ എങ്ങനെ കാണുന്നു, എങ്ങനെ മനസ്സിലാക്കുന്നു എന്നതും നിങ്ങളുടെ യുക്തി പോലെ. അതിനും എഴുതുന്ന ആളെ കുറ്റപ്പെടുത്തുന്നതിൽ എന്ത്‌ ന്യായം.. 

വായിക്കുന്ന പലവിധം മനുഷ്യർ.. ആ മനുഷ്യർ ആ വായനയ്ക്ക്‌ പല വ്യാഖ്യാനങ്ങൾ നൽകുന്നു. അതെന്റെ നിയന്ത്രണത്തിൽ അല്ല. അവരുടെ വ്യാഖ്യാനങ്ങൾ അതിനെ ബഹുമാനിക്കുന്നു. തുറന്നൊന്നും ഞാൻ ഇതു വരെ എഴുതിയിട്ടില്ല. എഴുതാൻ തുടങ്ങിയാൽ അന്തമില്ല താനും. അഭിപ്രായങ്ങൾ അത്‌ പറയാൻ ഉള്ളതാണു. മോശമെങ്കിൽ തിരുത്താനുള്ള അവസരമാണു അത്‌ നൽകുന്നത്‌. നിങ്ങളുടെ സ്വാതന്ത്ര്യം അതു നിങ്ങൾക്കുള്ളതാണു. അതെന്റെ സ്വാതന്ത്ര്യത്തിനെ, അഭിപ്രായങ്ങളെ, എഴുത്തിനെ ഒക്കെ തടസ്സപ്പെടുത്തിയാൽ പരസ്പര ബഹുമാനത്തിനെന്താ പ്രസക്തി..ബഹുമാനം നൽകുക, അപ്പോൾ ആ ബഹുമാനം നിങ്ങൾക്കും കിട്ടും. സ്വയം ചെറുതാകാതിരിക്കുക....!

see more: https://emalayalee.com/writer/75

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക