Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം-7: സാംസി കൊടുമണ്‍)

Published on 16 February, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം-7: സാംസി കൊടുമണ്‍)

കോട്ടന്‍; വ്യവസായ വിപ്ലവത്തിന്റെ മാതാവ്

യൂറോപ്പില്‍ കോട്ടന്റെ ഉപയോഗവും, അമേരിയ്ക്കയില്‍ കൃഷിയിടവും കണ്ടെത്തിയതോടെ കോളനികളില്‍ പുത്തന്‍ കൃഷിയുടെ വിത്തുകള്‍ പാകാന്‍ കുടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങി. നോക്കെത്താ ദൂരത്തോളം കിടക്കുന്ന കന്നിമണ്ണ്. പറ്റിയ കാലാവസ്ഥ. കൂലി കൊടുക്കാതെ പണിയെടുക്കാന്‍ ധാരാളം അടിമകള്‍. ഈ അനുകൂല സാഹചര്യങ്ങളെ മുതലാക്കാന്‍, ആയിരക്കണക്കിനു ഏക്കര്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുത്തവര്‍ തങ്ങളുടെ കൃഷിയിടങ്ങള്‍ വികസിപ്പിച്ചു. അവരില്‍ ഏറയും ബ്രിട്ടനില്‍ നിന്നും വന്ന പുത്തന്‍ സാമ്ര്യാജ്യ മോഹികളായിരുന്നു. അവര്‍ ആളും അര്‍ത്ഥവുമായി പുതിയ കുടിയേറ്റഭൂമിയില്‍ കപ്പലേറി വന്നവരാണ്. അവര്‍ ഭൂമിയുടെ അവകാശികളായി. അവരുടെ സാമ്രാജ്യമോഹത്തിന്റെ അടിമകാളായ നമുക്ക് എന്നെങ്കിലും ഈ ഭൂമിയുടെ അവകാശികള്‍ ആകണമെന്നു മോഹമുണ്ടായിരുന്നുവോ...? നമ്മള്‍ കാടിന്റെ മക്കള്‍. കാടിന്റെ നിയമം, ആര്‍ക്കും ഒന്നും സ്വന്തമല്ല എന്നുള്ളതല്ലായിരുന്നുവോ.... എല്ലാവര്‍ക്കും ആവശ്യമുള്ളതു മാത്രം പ്രകൃതിയില്‍ നിന്നും എടുക്കാം. അതും അന്നന്നത്തേക്കു മാത്രം. നാളെ നമ്മള്‍ ഉണ്ടെങ്കില്‍ പ്രകൃതി നമുക്കു വേണ്ടതു തരും.

ലോകം ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തത്വത്തെ നമ്മുടെ ബലഹീനതയായി കണ്ട വരുത്തര്‍ നമ്മുടെ മേല്‍ ആധിപത്യം ഉറപ്പിച്ച്, നമ്മെ ചതിയില്‍ പിടിച്ച് അവരുടെ അടിമകളാക്കി. അവരുടെ മട്ടും മാതിരിയും കണ്ട് നാം അവര്‍ക്ക് നമ്മുടെ ഗോത്രമുറ്റത്തു ഇരിപ്പടം കൊടുത്തു. പക്ഷേ കൗശലം കൊണ്ട് അവര്‍ നമ്മെ വലയിലാക്കി വില്പനച്ചരക്കാക്കി. ഈ ചതിയുടെ കഥകള്‍പാടിനടക്കാന്‍ വിധിക്കപ്പെട്ട ഇവിടെയുള്ളപാണന്മാരെയും അവര്‍ വിലയ്ക്കെടുത്തു. പിന്നെ അവര്‍ പാടിയതൊക്കെ അവരുടെ കരുണയുടെയും ദയയുടെയും കഥകളായിരുന്നു.

ഇപ്പോള്‍ നമ്മള്‍ അതു മാറ്റിപ്പാടാന്‍ ശ്രമിക്കുന്നതിന്റെ അലോസരമാണ് ലെമാറിന്റെ സഹോദരന്റെമേല്‍ അമര്‍ന്ന മുട്ടുകാലിന്റെ പൊരുള്‍. വെളുത്ത തൊലിയുള്ളവരുടെ ഉള്ളിലെ കറുപ്പ് ലോകം തിരിച്ചറിയും. ഒരു കാര്യം എല്ലാ വെള്ളക്കാരും കറുത്ത മനസുള്ളവരാ എന്ന എന്റെ പ്രസ്ഥാവന ഞാന്‍ തിരിച്ചെടുക്കുന്നു. കുറെ ഏറെ നല്ലമനുഷ്യരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നതു കൊണ്ടാ ഇപ്പോഴെങ്കിലും നമ്മുക്ക് നമ്മുടെ കൈകളിലെ ചങ്ങലകള്‍ തിരിച്ചറിയാനും, പൊട്ടിച്ചെറിയാനുമുള്ള തിരിച്ചറുകളില്‍ നമ്മളെത്തിയത്. അവരില്‍ ചിലരെങ്കിലും എന്റെ കഥയില്‍ ഉണ്ടാകും. എന്റെ ഓര്‍മ്മകള്‍ ശീതികരിച്ചു തുടങ്ങിയെങ്കിലും അവരില്‍ ചിലരെക്കുറിച്ച് എന്റെ അമ്മ പറഞ്ഞ കഥകള്‍ ഞാന്‍ മറക്കില്ല. എന്നാലും ഇപ്പോള്‍ അവരെന്റെ ഓര്‍മ്മകളിലേക്ക് വരുന്നില്ല. ഈ യാത്രയില്‍ എപ്പൊഴെങ്കിലും ഏന്റെ ഊന്നുവടി അവരുടെ കുഴിമാടങ്ങളില്‍ മുട്ടാതിരിക്കില്ല. അപ്പോള്‍ അവര്‍ എന്റെ ഓര്‍മ്മകളിളേക്ക് ഉയര്‍ക്കുമായിരിക്കും.

കോട്ടന്‍ കൃഷിയുടെ കാലത്തെക്കുറിച്ചുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ എന്റെ കണ്ണില്‍. എന്റെ കണ്ണിന്റെ ആഴങ്ങളിലേക്കു നോക്കു എന്തെങ്കിലും കാണുന്നുണ്ടോ...? അതു ക്യുന്‍സി തോട്ടം തന്നെയാണ്. പുതുതായി തുടങ്ങാനുള്ള പരുത്തി കൃഷിക്കായി നിലം ഒരുക്കുന്ന അടിമകളുടെ ദീര്‍ഘനിശ്വാസങ്ങളാണു നിങ്ങള്‍ കേള്‍ക്കുന്നത്. അവരുടെ പിറകില്‍ കുതിരപ്പൂറത്തെ കാര്യവിചാരകരുടെ അശ്ലീലക്കണ്ണുകളുണ്ട്. ക്യുന്‍സി മൂന്നാമന്റെ മരണശേഷം അടിമകള്‍ കൂട്ടം കൂടാനോ പരസ്പരം സംസാരിക്കാനോ പാടില്ലെന്ന നിബന്ധന പ്രഖ്യാപിച്ച്, ഒരു വാശിക്കാരനെപ്പോലെ കൂടുതല്‍ അടിമകളെ വാങ്ങി.

ക്യുന്‍സി ഇംഗ്ലണ്ടിലെ ഒരിടത്തരം പ്രഭുകുടുംബത്തിലെ മൂത്ത മകനായിരുന്നു. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കണം എന്ന മോഹം അപ്പനില്‍ നിന്നും പകര്‍ന്നു കിട്ടിയതാണ്. ചെറുപ്പത്തില്‍ തന്നെ യുദ്ധത്തിലൂടെ എല്ലാംപിടിച്ചടക്കാം എന്ന പാഠം ഉള്ളില്‍ ഉറച്ച. ബ്രിട്ടീഷ് ആര്‍മിയിലെ ഒരു ഉയര്‍ന്ന ഉദ്ദ്യോഗസ്ഥനായി, കോളനികളിലെല്ലാം അധികാരം ഉറപ്പിക്കാന്‍ കാവല്‍ പട്ടാളമായി സേവ ചെയ്യുന്നതിന്റെ ഭാഗമായാണ് വെര്‍ജിനിയയിലും എത്തിയത്. ഈ നാടുമായി നല്ല അടുപ്പം തോന്നി. മണ്ണും, പെണ്ണൂം ഒരുപോലെ കൊതിപ്പിച്ചു. നാട്ടുകാരായ റെഡ് ഇന്ത്യന്‍സ് സ്ത്രീകളെയും, മെക്‌സിക്കന്‍ പെണ്‍കുട്ടികളേയും പട്ടാളക്യാമ്പില്‍ ബലം കെണ്ടും, അധികാരം കൊണ്ടും കീഴ്‌പ്പെടുത്തി പുത്തന്‍ മണ്ണില്‍ കീഴ്‌പ്പെടുത്തലിന്റെ തന്ത്രം ഒരുക്കി. തോക്കിന്റെ മുമ്പില്‍ പതറിയ സ്ത്രീകള്‍ ഒടുവില്‍ ചെങ്ങാതിമാരായി ഗോത്രവുമായി ബന്ധം വെച്ചവര്‍ പുതിയ ഭൂമിയുടെ വില അവരില്‍ നിന്നും മറച്ച്, അവകാശം സ്ഥാപിച്ചു. മെല്ലെ ഒരു കുപ്പി കള്ളിലും, പുത്തന്‍ രീതിയില്‍ ചുരുട്ടിയ പുകയിലപ്പുകയിലും, ചില കൗതുക വസ്തുക്കളിലും കമ്പം കയറിയവര്‍ തങ്ങളുടെ ഭൂമി ഉപേക്ഷിച്ച് പുത്തന്‍ കൂറ്റുകാരുടെ ആശ്രിതരെപ്പോലെ ആയെങ്കിലും, ക്രമേണ അവരെ അതിരിനു പുറത്താക്കി അതിര്‍വരമ്പുകള്‍ പണിതു.

ക്യുന്‍സി പട്ടാളത്തിലെ ജോലി മതിയാക്കി അപ്പന്റെ അടുക്കല്‍ ചെന്ന് പുതിയ നാടിന്റെ വിശേഷങ്ങള്‍ പറഞ്ഞ്, അപ്പനില്‍ നിന്നും അവകാശ ധനവും വാങ്ങി, അനുജന്മാരേയും പുതിയ നാട്ടിലേക്ക് ക്ഷണിച്ചു. അപ്പന്റെ അപേക്ഷ മാനിച്ച് മറ്റൊരു പ്രഭു കുടുംബത്തില്‍ നിന്നും വിവാഹിതനായി, ഒരു കപ്പല്‍ എന്നു വിളിക്കാവുന്ന ജലനൗകയില്‍, ആശ്രിതരായിരുന്ന ഇരുപത്തഞ്ചോളം വരുന്ന മുട്ടാളന്മാരും, ഭാര്യയുടെ പരിചാരകരായ നാലു സ്ത്രികളും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അവര്‍ പുതിയഭൂമിയിലെ കുടിയേറ്റക്കാര്‍ തന്നെയായിരുന്നു. പക്ഷേ അഞ്ഞൂറു വര്‍ഷം മുമ്പു നടന്ന കുടിയേറ്റങ്ങളെ ആരും കുടിയേറ്റങ്ങളായി കാണുന്നില്ല പോലും. എന്നാല്‍ അക്കാലത്തു വന്ന വെള്ള വംശജരല്ലാത്തവരൊക്കെ ഇന്നും കുടിയേറ്റക്കാരാണു പോലും. ഇരട്ടത്താപ്പിന്റെ ചരിത്ര നാള്‍വഴികള്‍ ഏറെപ്പറയാനുണ്ടെങ്കിലും, ചരിത്രമറിയാത്തവന്റെ ചരിത്ര രചനെക്കെന്തു വില. ഒരു സാധാരണ നീഗ്രോയെപ്പോലെ ഞാനും എഴുത്തും വായനയും പഠിച്ചവനല്ല എന്നു ഞാന്‍ ആവര്‍ത്തിക്കുന്നു. അങ്കിള്‍ ടോം വഴിമാറി നടക്കുന്നവനെപ്പോലെ പരുത്തികൃഷിയെക്കുറിച്ചു പറയാന്‍ വന്ന് ക്രുന്‍സിയെക്കുറിച്ചു പറഞ്ഞു കിതച്ചു.

ക്യുന്‍സി അധികാര പ്രേമിയും, സ്ത്രിലംബടനുമായിരുന്നതിനാല്‍, നമ്മുടെ കുലത്തില്‍ തീര്‍ച്ചയായും അവകാശങ്ങളില്ലാത്ത അയാളുടെ സന്തതികളെ നമ്മുടെ പെണ്ണുങ്ങള്‍ പെറ്റിട്ടുണ്ട്. രണ്ടാമത്തെ കപ്പലില്‍ നിന്നും അയാള്‍ വാങ്ങിയ രണ്ടു സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പ്രസവിച്ചത് അയാളില്‍നിന്നും പൊട്ടിയ ശാഖകള്‍ ആയിരുന്നു എങ്കിലും അതിനൊന്നും രേഖകള്‍ ഇല്ലല്ലോ...? അവര്‍ യജമാനന്റെ അടുക്കളക്കാരും പരിചാരകരുമായി. അവരുടെ സന്തതികളേയും അപ്പനും, മക്കളും ഒരുപോലെ തങ്ങളുടെസ്വത്താക്കി. അപ്പനില്‍ നിന്നും, മകനില്‍ നീന്നും ഗര്‍ഭം ധരിക്കേണ്ടി വന്നിട്ടുള്ള നമ്മുടെ പൂര്‍വ്വ മാതാക്കളെ ഓര്‍ത്ത് നമുക്ക് വേണമെങ്കില്‍ ഒന്നു വിതുമ്പാം.ആ കാലം അങ്ങനെ ആയിരുന്നു. അടിമ പ്രോപ്പര്‍ട്ടി മാത്രമായിരുന്നു.ഈ ജനതക്ക് നീതി ബോധം ഇല്ലായിരുന്നു. സ്വന്തം കാര്യത്തിനു വേണ്ടി എന്തു വൃത്തികേടുകളും അവര്‍ കാണിക്കും. എന്നിട്ട് മറ്റുള്ളവരെ നോക്കി അയ്യോ കണ്ടോ എന്നു മൂക്കത്തു വിരല്‍ വെയ്ക്കും. നല്ല ഉടുപ്പിലും, നടപ്പിലും മാന്യന്മാരായവര്‍ ഉള്ളില്‍ സ്വാര്‍ത്ഥതയുടെ മാലിന്യവും പേറി നടക്കുന്നവരാണ്.

ഇതൊക്കെ ഞാന്‍ പറയുന്നത് ക്യുന്‍സി കുടുംബത്തെക്കുറിച്ചു ഞാന്‍ കേട്ടറിഞ്ഞ ചിലകാര്യങ്ങളുലൂടെ ചരിത്ര ഗതിയെ രേഖപ്പെടുത്താം എന്നുവിചാരിച്ചു മാത്രമാണ്.അല്ല അതില്‍ കാര്യമൊന്നുമില്ല. ഇന്നുള്ളവര്‍ പറയുന്നത് അടിമകള്‍ എന്ന ഒരു വര്‍ഗ്ഗമേ ഇല്ലായിരുന്നു എന്നല്ലെ. അങ്ങനെ ഒരു ചരിത്രം പോലും പാടില്ല എന്നല്ലേ... പക്ഷേ ഞങ്ങള്‍ അനുഭവിച്ചവരല്ലെ... അല്ലെങ്കില്‍ ഞങ്ങളൊന്നും ചരിത്രത്തില്‍ ഇല്ലാത്തവരല്ലെ...? ഞങ്ങളുടെ ജീവിതത്തിനെന്തുവില. കുഞ്ഞെ... മനസ്സില്‍ ഇങ്ങനെ ഒരോന്നു തള്ളിവരുകയാണ്.അപ്പോളങ്ങു പറഞ്ഞു പോയതാണ്. നിങ്ങള്‍ക്ക് വിഷമമായെങ്കില്‍ ക്ഷമിക്കണം. അങ്കിള്‍ ടോമില്‍ കണ്ണുന്നിയിരിയ്ക്കുന്ന ആന്‍ഡ്രുവിനെ കണ്ട് റിനയും സാമും പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി ഒരോ കാലത്തേയും ചരിത്രത്തിനൊപ്പം കടന്നു പോയവരുടെ യാതനെയെ ഓര്‍ത്തു.

അങ്കിള്‍ ടോം കുറച്ചു നേരത്തെ മൗനത്തിനു ശേഷം തുടര്‍ന്നു; ക്യുന്‍സി പ്ലാന്റേഷന്‍ ഏറ്റവും അറിയപ്പെട്ടത് പരുത്തിയുടെ പേരില്‍ ആയിരുന്നു. പരുത്തികൃഷിക്കു പറ്റിയ മണ്ണായിരുന്നത്. ഒരേക്കറില്‍ നാല്പതിനായിരം മുതല്‍ അമ്പതിനായിരം വരെ തൈകള്‍ നട്ടാല്‍ ആറു മാസം കൊണ്ട് നാലു ടണ്ണോളം പഞ്ഞി കിട്ടും.പുത്തന്‍ കൃഷിയിലെ ലാഭം തിരിച്ചറിഞ്ഞ ഒട്ടു മിക്കവരും ഈ കൃഷിയിലേക്കു തിരിഞ്ഞു. ജാനുവരി മുതല്‍ നിലം ഒരുക്കാന്‍ തുടങ്ങും. പിന്നെ തറകള്‍ കോരി അതില്‍ മാര്‍ച്ചു മുതല്‍ വിത്തിട്ടു മുളപ്പിക്കും. മെയ് ജൂണിനു മുമ്പേ തൈകള്‍ മുളച്ചെങ്കിലെ നല്ല പഞ്ഞി കിട്ടുകയുള്ളു. വെള്ളം അധികം വേണ്ടാത്ത ചെടികള്‍ നാല്പതു മുതല്‍ നൂറു ദിവസം വരെ എടുക്കും പൂക്കാന്‍. മുട്ടിനു മുട്ടിനുണ്ടാകുന്ന കായ്കള്‍ അത്രയും വൈയിലില്‍ പാകമായി പുറം തോടു പോളിച്ച് പുറത്തുവന്ന് നമ്മെ നോക്കി ചിരിക്കും. വിരിഞ്ഞ പഞ്ഞിമുത്തുകളെ അതിന്റെ തണ്ടില്‍ നിന്നും നുള്ളി എടുക്കുന്നതു കാണുന്നപോലെ അത്ര എളുപ്പമുള്ള പണിയല്ല. കൈവിരലുകളും നഖവും എല്ലാം പൊട്ടി ചോരപൊടിയും. എങ്കിലും ഒരടിമ ഒരൊ കായിലും വിളഞ്ഞ പഞ്ഞി നുള്ളിപ്പറിച്ച് പുറത്തു കെട്ടി ഞാത്തിയ ചാക്കു സഞ്ചികളില്‍ നിറച്ച് വലിയ കെട്ടുകളാക്കി സുചീകരണ ഷെഡില്‍ എത്തിച്ച്, അരിയും പഞ്ഞിയും വേര്‍തിരിച്ച് വീണ്ടും കെട്ടുകളാക്കി കപ്പലില്‍ യൂറോപ്പിലേക്കയയ്ക്കണം. അവിടെയാണു തുണിത്തരങ്ങള്‍ നെയ്യാനുള്ള യന്ത്രശാലകള്‍ എന്നു കേട്ടിട്ടുണ്ട്.

ക്യുനിസിയുടെ ഇരുനൂറേക്കറിലെ പ്ലന്റേഷനിലെ കോട്ടന്‍ കൃഷി അടുത്ത വര്‍ഷം ആയപ്പോഴേക്കും നാനൂറേക്കറിലേക്കു വളര്‍ന്നു. അപ്പോഴേക്കും അടിമകളുടെ എണ്ണവും കൂടി. യൂറോപ്പില്‍ ആകമാനം പുതിയ കുടിയേറ്റഭൂമിയേക്കുറിച്ചുള്ള കേട്ടറുവുകളാല്‍ ധാരാളം ആളൂകള്‍ ബോട്ടുകളില്‍ പുതിയ തീരങ്ങള്‍ തേടി പുറപ്പെട്ടു. അവര്‍ പലസ്ഥലങ്ങളിലായി നങ്കൂരമിട്ടു. അവര്‍ക്കൊക്കെ പുതിയതായി രൂപപ്പെടുന്ന തോട്ടങ്ങളില്‍ ജോലികിട്ടി. അവര്‍ അടിമകളായിരുന്നില്ല. അവരുടെ തൊലിവെളുത്തതായിരുന്നു. അടിമകളുടെ കാര്യവിചാരകരും, യജമാനന്റെ ആഞ്ജാനുവര്‍ത്തികളായി. തോക്കും ചാട്ടാവാറുകളുമായി അവര്‍ പ്ലന്റേഷന്റെ സൂക്ഷിപ്പുകാരും, മേല്‍നോട്ടക്കാരുമായി. അവരുടെ സ്ത്രീകള്‍ കൊച്ചമ്മയുടെ അടുക്കളയുടെ നോട്ടക്കാരും, കാര്യക്കാരും ഒക്കെയായി മാറി പുതിയ ഒരു ജീവിതക്രമം കണ്ടെത്തി. അവരില്‍ ചിലരെങ്കിലും, കയ്യില്‍ കരുതിയിരുന്ന മുതല്‍ മുടക്കി, അഞ്ചും പത്തും ഏക്കര്‍ സ്വന്തമാക്കി ചെറുകിടക്കാരായി. അവര്‍ക്ക് അടിമകളെ വാങ്ങാന്‍ കഴിവില്ലായിരുന്നു. അങ്ങനെ ചെറുതായി തുടങ്ങിയവര്‍ പിന്നിട് വങ്കിടക്കാരായി മാറിയ കഥകളും ഉണ്ട്. അമേരിയ്ക്കയിലേക്കുള്ള കുടിയേറ്റ കാലം ആരംഭിക്കുകയായിരുന്നു. ഇറ്റലിയില്‍ നിന്നും, അയര്‍ലന്റില്‍ നിന്നും മറ്റും ആയിരുന്നു ഏറയും പേര്‍ വന്നത്. ഒരോ കുടിയേറ്റക്കാരും അവരവരുടെ ഭാഷയും സംസ്‌കാരവും ഉള്ളവരുടെ കോളനികളായി. അതു പൊതുവേ മനുഷ്യ സ്വഭാവമാണ്. അപരനെ സംശയദൃഷ്ട്യാകാണാന്‍ തുടങ്ങി. ഇന്നലെ ബോട്ടിറങ്ങിയവന്‍ ഇന്നുവരുന്നവനോട്, നീ കയ്യേറ്റക്കാരനാണന്നും, ഞാനാണ് ഈ ഭൂമിയുടെ അവകാശിയെന്നും പറയുന്നു. ഇന്നു വന്നവന്‍ നാളെ വരുന്നവനെനോക്കി ഇതു തന്നെ പറയുന്നു. അരക്ഷിതന്റെ നെടുവീര്‍പ്പ് എല്ലാവരിലും ഉണ്ടായിരുന്നു. പുത്തന്‍ കോളനികളുടെ വളര്‍ച്ചയില്‍തൊലിവെളുത്തവരെയെല്ലാം ഒന്നായി കാണാന്‍ തുടങ്ങി. അവര്‍ക്ക് പൊതുവായി എതിര്‍ക്കാന്‍ കറുത്തവനും, കറുപ്പിനോട് അടുത്ത നേറ്റിവ് അമേരിക്കനും, മെക്‌സിക്കനും ഒക്കെ ഉണ്ടായിരുന്നു.

കോട്ടന്റെ വ്യവസ്സായ വളര്‍ച്ചക്കൊത്തവണ്ണം ഉപ്ലാദനവും വര്‍ദ്ധിക്കേണ്ടിയിരുന്നതിനാല്‍, കോട്ടന്‍ വളരാന്‍ പറ്റിയ കാലാവസ്ഥയുള്ള മറ്റു പ്രദേശങ്ങളിലേക്കും കൃഷിവളര്‍ന്നു. സൗത്ത് കരോളീന, ജോര്‍ജ്ജിയ, ടെന്നസി, അലബാമാ, മിസ്സസ്സിപ്പി. ലൂസിയാന എന്നിങ്ങനെ തോട്ടങ്ങള്‍ വളര്‍ന്നു. അവിടെങ്ങളിലേക്കൊക്കെ അടിമകളെ നിറച്ച കപ്പലും വന്നുകൊണ്ടിരുന്നു. ഇപ്പോള്‍ അടിമക്കച്ചോടം നിയമപരമായി രൂപീകരിക്കപ്പെ വലിയ കമ്പിനികള്‍ വഴിയായി.. ആദ്യകാലങ്ങളില്‍ ചതിയില്‍ പിടിക്കപ്പെട്ടവരായിരുന്നുവെങ്കില്‍, പിന്നീട് ഗോത്രമൂപ്പന്മാരുടെ അറിവോടും സമ്മതത്തോടും, മല്ലന്മാര്‍ അടിമകളെ പിടിച്ചു. ഗോത്രമൂപ്പനും, മല്ലന്മാര്‍ക്കും നല്ലപോലെ പണവും, ലഹരിയും കിട്ടി. കമ്പിനികള്‍ ആഫ്രിക്കന്‍ തീരത്തു നിന്നും കയറ്റിവിടും. കമ്പനിയുടെ ആളുകള്‍ തന്നെ ഈ തീരത്തവരെ ഏറ്റുവാങ്ങി ലേലത്തില്‍ വില്‍ക്കും. നല്ല ആരോഗ്യമുള്ള ഒരടിമക്ക് ഇരുനൂറു രുപമുതല്‍, മതിപ്പുവിലയായിരുന്നു. വാങ്ങുന്നവന്‍ അടിമയില്‍ നിന്നും ജീവിതകാലം മുഴുവനുള്ള അദ്ധ്വാനത്തെ സ്വന്തമാക്കുന്നതിനൊപ്പം, അവനില്‍ നിന്നും വിത്തുമുളപ്പിച്ച്, വിറ്റും പണമുണ്ടാക്കി. അടിമ ഒരു വസ്തു ആയിരുന്നു. രണ്ടു കാലുള്ള നാല്‍ക്കാലി. നിയമപരമായി അവനു വിവാഹം ഇല്ലായിരുന്നു.

പക്ഷേ അവന്റെ തിളയ്ക്കുന്ന യൗവ്വനത്തില്‍ നിന്നും പുതിയ വിത്തുകളെ മുളപ്പിക്കാന്‍, ഒരു വിത്തുകാളയുടെ അടുത്തേക്ക് വാവടുക്കുമ്പോള്‍ പശുവിനെ എന്നപോലെ, അവന്റെ ക്യാബിനിലേക്കു കടത്തിവിടുന്ന പെണ്ണിന്റെ മനസ്സിനെ ഉടമകള്‍ കണ്ടില്ല. അവര്‍ക്ക് മാറ്റക്കച്ചോടത്തിന്റെ ലാഭം മാത്രമായിരുന്നു ചിന്ത. അടിമ വംശത്തിന്റെ ചരിത്രത്തില്‍ ഇവരുടെ കണ്ണിരും, തേങ്ങലും ആരും രേഖപ്പെടുത്തിയിട്ടില്ല. അല്ലെങ്കില്‍ അടിമക്കെന്നെങ്കിലും സത്യസന്ധ്യമായ ചരിത്രം ഉണ്ടോ...? ഇപ്പോള്‍ ഉള്ളതു തന്നെ വേണ്ട എന്നാണു പുതിയ കാലത്തെ ചരിത്ര നിഷേധം.ഇന്നും വര്‍ണ്ണവിവേചനത്തിന്റെ വിത്തുകള്‍ അവരുടെ ഉള്ളില്‍ ഉണ്ട്. മണ്ണില്‍ കിടക്കുന്ന ചേനയുടെ വിത്ത് മുളയ്ക്കുന്നപോലെ അവരില്‍ വര്‍ണ്ണവെറി മുളയ്ക്കുന്നു. അതല്ലെ നൂറ്റാണ്ടുകളുടെ പ്രതിക്ഷേധങ്ങളലൂടെ നേടിയ അവകശങ്ങളെ വര്‍ണവെറി തലയ്ക്ക പിടിച്ച ചില വെളുത്തവര്‍ ഇന്നും മാനിക്കാത്തത്.

സ്ലേവ് സ്റ്റേറ്റുകളിലാണ് ഇത്തരം വര്‍ണവെറിയന്മാരുടെ വിത്തുകള്‍ തഴച്ചു വളരുന്നത്. മനുഷ്യന്‍ അ ടിസ്ഥനപരമായി നന്മയുടെയും തിന്മയുടേയും രണ്ടു വശങ്ങളൂം പേറുന്നവരാണന്നു ഏതന്‍ തോട്ടത്തിന്റെ കഥയിലൂടെ യഹോവതന്നെ നമുക്കു പറഞ്ഞു തന്നിട്ടില്ലെ... നമ്മളിലെ ഏതംശത്തെ നാം ഊട്ടി ഉറപ്പിക്കുന്നുവോ അതാണു നമ്മളില്‍ അടിസ്ഥാനമായി വളരുന്നതെന്ന എന്റെ നിരിക്ഷണത്തെ നിങ്ങള്‍ തള്ളുമോ...? അങ്കിള്‍ ടോമിന്റെ ചോദ്യത്തിനുള്ള ഉത്തരം റീനയുടെ ഒരു നീണ്ട നിസ്വാസവും, സാമിന്റെ ഒരു തലയാട്ടലും ആയിരുന്നു. ആന്‍ഡ്രു അപ്പോഴും സ്ലേവു ക്യാബിനുകളില്‍ എവിടെയോ ആയിരുന്നു. യൂറോപ്പിലെ വ്യവസായ നവോത്ഥാനത്തിനൊപ്പം ഇവിടേക്ക് കുടിയേറിയ ചിലരിലെങ്കിലും, ഏതന്‍ തോട്ടത്തില്‍ നിന്നും ഇറങ്ങി നടന്ന നന്മയുടെ വിത്തുകള്‍ ഉണ്ടായിരുന്നു. അവര്‍ സാഹചര്യം കൊണ്ട് മുതളാളിയ്ക്കുവേണ്ടി ചാട്ടാവാറുമായി കുതിരപ്പുറത്തേറിയവരാണ്. അവര്‍ ഒരോ പ്രാവശ്യവും ചാട്ടവാര്‍ ഉയര്‍ത്തി വീശുമ്പോഴും അവന്റെ ഉള്ളിലെ മനുഷ്യന്‍ അവനോടു കലഹിക്കുന്നു. പ്രഹരിക്കപ്പെട്ടവന്‍ തന്റെ ചോരയൊലിക്കുന്ന മുറുവുകളില്‍ ഒന്നു നോക്കുക പോലും ചെയ്യാത്, പ്രഹരിക്കുന്നവന്റെ കണ്ണുകളിലേക്ക് പുശ്ചത്തോട് നോക്കുമ്പോള്‍, നിനക്കെന്റെ ശരീരത്തെ മാത്രമേ നോവിക്കാന്‍ പറ്റു. ഇപ്പോള്‍ ഞാന്‍ വേദനകള്‍പ്പുറത്താണ് എന്ന ഭാവമാണ്.

പ്രഹരിക്കുന്നവനും, പ്രഹരിക്കപ്പെടുന്നവനും ഒരേ ചങ്ങലയുടെ രണ്ടറ്റങ്ങളിലെ കണ്ണികളാണന്ന തിരിച്ചറുവുകിട്ടിയവരുടെ കണ്ണില്‍ കരുണയുടെ നെയ്യ്വിളക്കുകള്‍ ഒന്നു മിന്നും. അങ്ങനെയുള്ള ഒരപുര്‍വ്വ വേളയിലെപ്പോഴോ ആണ് പീറ്റര്‍ ഇസ്‌ബെല്ലയെ തിരിച്ചറിഞ്ഞത്.അല്ലെങ്കില്‍ പീറ്ററിലെ മനുഷ്യനെ ഇസ്‌ബെല്ല തിരിച്ചറിഞ്ഞത്.അന്നേ ദിവസം മുഴുവന്‍ പീറ്റര്‍ കലിബാധിച്ചവനായി തന്റെ കുതിരപ്പുറത്ത്, കണ്ണില്‍ കണ്ടവരെമുഴുവന്‍ തെറിപറഞ്ഞും, പ്രഹരിച്ചും, കുതിരക്ക് വിശ്രമം കൊടുക്കാതെ പ്ലാന്റേഷനിലെ തന്റെ കാര്യവിചാരക പരുധിയില്‍ തെക്കുവടക്ക് കുതിരയെ ഓടിച്ചു. ഒരോ പ്രഹരത്തിലും കരയുന്നതിനു പകരമുള്ള അവരുടെ നിര്‍വികാരതയായിരിക്കാം പീറ്ററെ ഏറെ പ്രകോപിപ്പിച്ചത്. പീറ്റര്‍ തന്റെ കുതിരയെ വേഗത്തില്‍ പായിച്ച് ലക്ഷ്യം നഷ്ടപ്പെട്ടവനെപ്പോലെ വികൃത ശബ്ദങ്ങളാല്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മുന്നേറവെയാണ്, ഒരു ചുമടു പരുത്തിക്കെട്ടുമായി ഇസ്‌ബെല്ല നടക്കുന്നതു കണ്ടത്. വേഗത്തില്‍ നടക്കെടി കൂത്തിച്ചി എന്ന പ്രയോഗത്തോടൊപ്പം ചുഴറ്റിയ ചാട്ട അവളെ കുതിരകളുടെ കുളമ്പുകള്‍ക്കടിയിലാക്കി.

കുതിരയുടെ കുളമ്പടിക്കുള്ളില്‍ അകപ്പെട്ട അവളുടെ വലത്തെ കാലിന്റെ നെരിയാണിമുതല്‍ മാംസം അടര്‍ന്ന് വാപൊളിച്ച് ചോരയൊലിച്ചു. പീറ്ററിന്റെ അട്ടഹാസം നിലച്ചു. അയാള്‍ വീണുകിടക്കുന്ന ഇസ്‌ബെല്ലയുടെ അടുത്തേക്ക് കുതിരപ്പുറത്തു നിന്നും ഇറങ്ങി നടന്നു. എന്തിനാണയാള്‍ അതു ചെയ്തത്. അയാള്‍ക്കറിയില്ല. അയാളുടെഉള്ളിലെ മനുഷ്യന്‍ കുറെ നാളുകളായി അയാളോടു തന്നെ കലഹിച്ചുകൊണ്ടിരുന്നു. മനസ്സിലെ സംഘര്‍ഷം കൂടുമ്പോഴൊക്കെ അയാള്‍ അടിമകളെ കൂടുതല്‍ പീഡിപ്പിച്ചു. എന്നിട്ടും അയാളുടെ മനസ്സിനെ ബാധിച്ച കലി എന്തെന്നയാള്‍ തിരിച്ചറിഞ്ഞില്ല. ആറുമാസത്തോളമായി സുഖമില്ലാതിരിക്കുന്ന അയാളുടെ ഭര്യയോടയാള്‍ ചോദിച്ചു നോക്കി. കിടന്ന കിടപ്പില്‍ അനങ്ങാന്‍ വയ്യാത്ത അവര്‍ മുകളിലേക്കു നോക്കിയതെയുള്ളു. നാലുു വയസു പ്രായമുള്ള മകനെ നോക്കി രണ്ടു പേരും മൗനികളായതെയുള്ളു. തന്റെ ജീവിതം എന്തിനെന്നു തിരിച്ചറിയാതെ, തന്റെ നിയോഗം എന്തെന്നയാള്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു.

വീണു കിടക്കുന്ന ഇസ്‌ബെല്ല അയാളിലേക്കിറങ്ങി. താന്‍ ഇന്നുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലാത്തവനെപ്പോലെ അവളെ നോക്കി അവളുടെ അടുത്തേക്കു നടന്ന് കുനിഞ്ഞ് അവളുടെ മുന്നില്‍ ഇരുന്നു. ഇതിനു മുമ്പ് ഒരടിമയുടേയും മുന്‍മ്പില്‍, ഒരെജമാനനും, കാര്യവിചാരകനും കാണിച്ചിട്ടില്ലാത്ത അനുകമ്പയുടെ സ്വരം അയാളില്‍ നിന്നും ഉയര്‍ന്നു. അയാളും, അയാളുടെ കുതിരയുമാണിതു ചെയ്തതെന്ന കാര്യം ഒരു സ്വപ്നത്തില്‍ എന്ന പോലെ അയാള്‍ മറന്നു. അവളുടെ മീതെ മറിഞ്ഞ പഞ്ഞിക്കെട്ടിലെ ഭാരത്തില്‍ നിന്നും അവളെ മോചിപ്പിച്ച്, അവളുടെ ഗൗണിന്റെ ഒരു ഭാഗം കീറി, വായ് പിളര്‍ന്നിരിക്കുന്ന രക്തം ഒലിക്കുന്ന മുറിവയാള്‍ കെട്ടി. ഇന്നുവരെ ഒരടിമയ്ക്കും കിട്ടാത്ത പരിചരണം. ഇസ്‌ബെല്ല ഭയത്തോട് അയാളിലില്‍ നിന്നും അകലാന്‍ ശ്രമിച്ചു. അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു. കുഞ്ഞേ നിനക്കു വേദനിക്കുന്നുവോ അയാള്‍ ചോദിച്ചു. അപ്പോള്‍ ഇസ്ബല്ലെക്കു വേദനിച്ചു. ഇക്കലമത്രയും ഒരടിമയ്ക്ക് വേദന എന്തെന്നറിയില്ലയിരുന്നു. ആരും അവരോടു വേദന എന്തെന്നു പറഞ്ഞിട്ടില്ല, ചോദിച്ചിട്ടില്ല.

പീറ്റര്‍ സ്വയം പറഞ്ഞു: ഞാനെന്റെ നിയോഗം കണ്ടെത്തിയിരിക്കുന്നു. അയാളില്‍ അപ്പോള്‍ വരെയുണ്ടായിരുന്ന കലി ഇറങ്ങി. ഏറ്റവും ശാന്തനായി അയാള്‍ ഒരടിമയോടു ചിരിച്ചു. അടിമ എന്തു ചെയ്യണമെന്നറിയാതെ തേങ്ങി. അവള്‍ സ്വന്തമായതില്‍ നിന്നെല്ലാം പറിച്ചു മാറ്റിയവാളയിരുന്നു. മരവിച്ച മനസിലേക്ക് നീരൊഴുക്കിറങ്ങയപോലെ അവളുടെ കണ്ണുകളില്‍ ജലം പൊടിഞ്ഞു. പീറ്റര്‍ ഇസ്‌ബെല്ല എന്ന പെണ്ണിനെ അറിഞ്ഞു. അവളുടെ മാറിടത്തിലെ നഖക്ഷതങ്ങളെ തലോടി. അവളില്‍ ഇരച്ചു കയറിയ അനേകം ഓര്‍മ്മകളുടെ വേദനയില്‍ സ്‌നേഹം ഇറ്റിച്ചു. ദേഹത്തെ സഹനങ്ങളുടെ വടുക്കളെ കണ്ണിരുകൊണ്ട് കഴുകി. പീറ്റര്‍ ഒരു പുതിയ മനുഷ്യനായി.

കുറെ നാളുകളായി പീറ്റര്‍ പാസ്റ്ററുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ ഉള്ളിലെ കുതിരക്കുളമ്പടിയുടെ പൊരുള്‍ ഇതായിരുന്നു എന്നു തിരിച്ചറിഞ്ഞു. ക്രിസ്തുവിന്റെ സ്‌നേഹം. ദൈവം മനുഷ്യനെ അവന്റെ സാരാംശത്തിലും, സാദൃശത്തിലും സൃഷ്ടിച്ചു എങ്കില്‍ ഓരാള്‍ എങ്ങനെ മറ്റൊരാളിന്റെ അടിമയാകും. പീറ്റര്‍ ഇതാണേറെ നാളുകളായി ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യം ഇന്ന് ഇസ്ബല്ലയിലൂടെ അയാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ക്രിസ്തുവിന്റെ പീഡനകാലം എത്രയായിരുന്നു. ഒരടിമയുടെ പീഡനകാലമോ...? ഇതു പീറ്റര്‍ സ്വയം ചോദിച്ചതും, പിന്നിടുള്ള അയാളിലെ വിമോചകന്റെ ശബ്ദവും ആയിരുന്നു.ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം ഒരര്‍ത്ഥത്തില്‍ ഒരു സാമൂഹ്യ സാംസ്‌കാരിക വിപ്ലവം കൂടിയായിരുന്നു. ഇവാന്ജലിസ്റ്റുകള്‍ ലോകമെല്ലാം തങ്ങളുടെ പുത്തന്‍ മതവുമായി യാത്രതുടങ്ങി. അങ്ങനെ അവര്‍ ഇവിടെയും എത്തി. അവര്‍ വിമോചകരായി. വിമാചനം വ്യവസായവിപ്ലവത്തിന്റെ ഉപോല്പന്നം എന്നു തിരിച്ചറിയാതെ, സ്വന്തം പേരും, നാടും, ദൈവങ്ങളും ഒക്കെ നഷ്ടപ്പെട്ടവര്‍ക്ക് യജമാനന്‍ പുത്തന്‍ മതവും, പുതിയ ദൈവത്തേയും കൊടുത്തു.

ക്രിസ്ത്യാനികള്‍!!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക