2024-ലെ മഹാഭാരത യുദ്ധത്തിന് കാഹളം മുഴങ്ങുവാന്‍ ഏതാനും ദിവസങ്ങളോ ആഴ്ചകളോ മാത്രം അവശേഷിക്കവെ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിലെ മുന്‍നിര സമരനായകന്മാര് ഒന്നൊന്നായി കൂറുമാറി മറുപക്ഷം ചേരുകയാണ്. ഏറ്റവും ഒടുവിലായി കോണ്‍ഗ്രസ് വിട്ട് മറുപക്ഷമായ ബി.ജെ.പി.യില്‍ ചേര്‍ന്നത് മഹാരാഷ്ട്രയില്‍ രണ്ടുപ്രാവശ്യം മുഖ്യമന്ത്രിയും അഞ്ച് തവണ നിയമസഭ അംഗവും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും ആയിരുന്ന അശോക് ചവാന് ആണ്. അശോക് ചവാന് കോണ്‍ഗ്രസിന്റെ മുന്‍നിര പടനായകനും പ്രമുഖ മറാത്ത നേതാവും ആയിരുന്ന എസ്.ബി.ചവാന്റെ മകന് ആണ്. അങ്ങനെ ഒരു കോണ്‍ഗ്രസ് കുടുംബാംഗം ആണ് പാര്‍ട്ടിവിട്ട് വിരുദ്ധ ആശയമുള്ള ബി.ജെ.പി.യില്‍ ചേര്‍ന്നത്. ആടിയുലയുന്ന കോണ്‍ഗ്രസിന് ഏറ്റ ഒരു പ്രഹരം ആയിരുന്നു അത്. ലോകസഭ തെരഞ്ഞെടുപ്പിന്റെ പിന്നാലെ ഈ വര്‍ഷം തന്നെ മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പും നടക്കുവാനിരിക്കവെയാണ് ഈ പുതിയ സംഭവ വികാസം.
ചവാന് ലോകസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ ശിവസേനയും എന്‍.സി.പി.യും ആയി നടത്തവെയാണ് മറുകണ്ടം പാടിയത്. ഇതെക്കുറിച്ചുള്ള സംസാരം മഹാരാഷ്ട്രയിലും ദല്‍ഹിയിലും കുറെക്കാലമായി ഉണ്ടായിരുന്നുവെങ്കിലും മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കന്മാരോ കോണ്‍ഗ്രസ് ഹൈക്കമാന്റോ യാതൊരു വിധ അനുനയ നടപടിയും സ്വീകരിച്ചില്ല. ചവാനു മുമ്പെ മഹാരാഷ്ട്രയില്‍ നിന്നും മിലിന്റ് ദിയോരയും ബാബര്‍ സിദ്ദിഖിയും (മുന്‍ പാര്‍ട്ടി എം.എല്‍.എ.) കോണ്‍ഗ്രസ് വിട്ടതാണ്. അപ്പോഴും പാര്‍ട്ടി നേതൃത്വത്തിന്റെ നടപടി ഒന്നും ഉണ്ടായില്ല. ഇത് കണ്ടതായിപോലും ഇവര്‍ നടിച്ചില്ല. എസ്.ബി. ചവാനെപ്പോലെ അശോക് ചവാനും മറാത്തയില്‍ വന്‍ പിന്തുണ ഉണ്ടായിരുന്നു. ചവാന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വവും പാര്‍ട്ടിയുടെ പരമോന്നത സമതിയായ പ്രവര്‍ത്തക സമതിയുടെ അംഗത്വവും രാജിവച്ചപ്പോള്‍ ഒരു യുഗം അവസാനിക്കുകയായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം. ഇതോടെ ഒരു പരിധിവരെ കോണ്‍ഗ്രസുമായി യാതൊരു അഭിപ്രായ വ്യത്യാസം ഇല്ലെന്നും ഒരു പരാതിയും ഇല്ലെന്നും നരേന്ദ്രമോദി നല്ലൊരു നേതാവും പുരോഗമനോന്മുഖ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ വിദഗ്ദ്ധന് ആയതുകൊണ്ടും ആണ് ബി.ജെ.പി.യില്‍ ചേരുവാന്‍ തീരുമാനിച്ചതെന്ന് ചവാന് പറഞ്ഞു. ഇത് ഒരു രാഷ്ട്രീയക്കാരന്റെ അവസരവാദപരമായ ന്യായീകരണം ആയിരിക്കാം അല്ലായിരിക്കാം. മിലിന്റ് ദിയോറ രാജിവച്ച് ശിവസേന(ഭരണപക്ഷം)യില്‍ ചേര്‍ന്നപ്പോഴും ബാബ സിദ്ദിഖി എന്‍.സി.പി. അജിത് പവാര്‍ ഗ്രൂപ്പില്‍ ചേര്‍ന്നപ്പോഴും ഇതേ ന്യായീകരണങ്ങള്‍ ഒക്കെ തന്നെയാണ് നിരത്തിയത്. മിലിന്റ് ദിയോരക്ക് കോണ്‍ഗ്രസ് പാരമ്പര്യവും ഉണ്ട്. അദ്ദേഹത്തിന്റെ പിതാവ് മുരളി ദിയോര മഹാരാഷ്ട്രയിലെ, പ്രത്യേകിച്ചും മുംബൈയിലെ, വലിയ ഒരു കോണ്‍ഗ്രസ് നേതാവ് ആയിരുന്നു. അശോക് ചവാന് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയില്‍ പ്രവേശിച്ചപ്പോള്‍ മുഖ്യപങ്കുവഹിച്ച് അതിനെ വിജയിപ്പിച്ചതാണ്. ഇന്‍ഡ്യ മുന്നണിയുടെ മുംബൈ സമ്മേളനം 2023-ല്‍ നടന്നപ്പോള്‍ അതിന്റെ അണിയറ ശില്പിയും അശോക് ചവാന് ആയിരുന്നു. അശോക് ചവാന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ആയി അത്രരസത്തില് ആയിരുന്നില്ല. ഇതിന്റെ ആരംഭം 2021-ല്‍ നാനാ പഠോളിനെ സംസ്ഥാന കോണ്‍ഗ്രസ് ആക്കിയപ്പോള്‍ മുതല്‍ ആണ്.
ബി.ജെ.പി.യില്‍ ചേര്‍ന്ന ഉടന്‍ തന്നെ ചവാനെ ആദരിച്ചത് രാജ്യസഭ അംഗത്വം നല്‍കിയാണ്. ഈ മാസാവസാനം നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ചവാന് ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥിയാണ്. ഉടന്‍ ഭരണമുണ്ടായാല്‍ മോദിയുടെ ക്യാബിനറ്റ് മന്ത്രിയും. ആദര്‍ശ് ഹൗസിംങ്ങ് കുംഭകോണത്തില്പ്പെട്ടിരുന്ന ചവാന് കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. ബി.ജെ.പി.യില്‍ ചേരുവാനുള്ള ഒരു കാരണം ഇതായിരുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. ഈ അഴിമതിക്കേസുമൂലം 2010-ല്‍ ചവാന് കസേര നഷ്ടപ്പെട്ടതായിരുന്നു. മോദിയുടെ 'സബ്കാസാത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യത്തിലും ഈ മുന്‍ കോണ്ഗ്രസുകാരന് ആകൃഷ്ടനാണത്രെ! ബി.ജെ.പി.ക്ക് അധികാരപ്രമത്തരായ നേതാക്കന്മാരെയും പ്രാദേശിക പാര്‍ട്ടികളെയും അടര്‍ത്തിയെടുക്കുകയും പിളര്‍ത്തുകയും ചെയ്യുന്ന ചരിത്രം ഉണ്ട്. മഹാരാഷ്്ട്രയില്‍ തന്നെ ബി.ജെ.പി. ശിവസേനയെയും എന്‍.സി.പി.യെയും പിളര്‍ത്തി. ഇതില്‍ ഓരോ വിഭാഗം മന്ത്രിമാരാവുകയും ചെയ്തു. മുഖ്യമന്ത്രിയും ആയി. ഇതാണ് അധികാരത്തിന്റെ കാന്തശക്തി. സ്വന്തം കാലിന്റെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചു പോകുമ്പോഴും അറിയാത്തവരോ അറിഞ്ഞില്ലെന്ന് നടിക്കുകയോ ചെയ്യുന്ന ഒന്നാണ് ഇന്‍ഡ്യയുടെ മഹത്തായതും ഏറ്റവും പഴക്കം ചെന്നതുമായ പാര്‍ട്ടി- ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്. മിലിന്റ് ദിയോരക്ക് മുമ്പ് ഒരു കൂട്ടം യുവനേതാക്കന്മാര് കോണ്‍ഗ്രസ് വിട്ടിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയും ജിതിന് പ്രസാദയും ഇതില്‍ പെടുന്നു. ഇരുവരും ബി.ജെ.പി.യിലാണ് ചേര്‍ന്നത്. സിന്ധ്യ ക്യാബിനറ്റ് മന്ത്രിയും ആയി. സിന്ധ്യ മാധവ റാവു സിന്ധ്യയുടെ മകനാണ്. പ്രസാദ് മുതിര്‍ന്ന കോണ്‍ഗ്രസുകാരനും പ്രധാനമന്ത്രി പി.വി.നരസിംഹറാവുന്റെ രാഷ്ട്രീയ ഉപദേഷ്ടാവും ആയിരുന്നു. രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നിട്ടും സിന്ധ്യയ്ക്ക് പ്രഥമകുടുംബവുമായി അത്ര അടുപ്പം ഉണ്ടായിരുന്നില്ല. ഈ അകല്‍ച്ച തന്നെയാണ് ഗാന്ധി കുടുംബവും ആയി പാര്‍ട്ടിവിട്ട മറ്റുള്ളവര്‍ക്കും ഉണ്ടായിരുന്നത്. പ്രിയങ്ക ചതുര്‍വേദി, സുനില്‍ ജാര്ക്കര്, മുന്‍ സ്പീക്കറും കേന്ദ്രമന്ത്രിയും ആയിരുന്ന ബല്ജക്കറിന്റെ മകന്), ഹിമന്ത് ബിശ്വവര്മ്മ, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങ്ങ്(മുന്‍ പഞ്ചാബ് മുഖ്യമന്ത്രി), കപില്‍ സിബല്‍, ഗുലാംനബി ആസാദ്, ജഗ് മോഹന്‍ റെഡ്ഢി, റീത്താ ബഹുഗുണ ജോഷി, വിജയ് ബഹുണ എന്നിങ്ങനെ കോണ്‍ഗ്രസ് വിട്ട മുന്‍നിര നേതാക്കന്മാരുടെ നിര അവസാനിക്കുന്നില്ല. പത്തുവര്‍ഷം ആയി കേന്ദ്രത്തില്‍ അധികാരത്തിനു വെളിയിലായ ഒരു പാര്‍ട്ടിക്ക് സംഭവിക്കാവുന്ന ദുരന്തമാണ് ഇന്നു കോണ്‍ഗ്രസിനെ പിടികൂടിയിരിക്കുന്നത്. നേതാക്കന്മാരുടെ അധികാരാസക്തി സ്വാഭാവികം ആണ്. ജനസേവനം എന്നത് വെറും പൊള്ളയായ ഒരു മുദ്രാവാക്യം മാത്രം. ആത്യന്തികമായി ഇവര്‍ക്ക് വേണ്ടത് കസേരയാണ്, സ്ഥാനമാനങ്ങള്‍ ആണ്. അതിന് ഭംഗമേല്ക്കുമ്പോള് ആദര്‍ശമൊക്കെ പറപറക്കും. മതേതരത്വത്തില്‍ നിന്നും മതമൗലീകവാദത്തിലേക്ക് അനായാസേന കാലുമാറാം കാരണം പാര്‍ട്ടിക്ക് ഒന്നും വാഗ്ദാനം നല്കുവാനില്ല. ശരിയായ ഒരു പരിഗണനയോ ഒന്നു കാണുവാനോ പോലും ഇവര്‍ക്കു സാധിക്കുന്നില്ല. ഒരു നല്ലനാളെക്കായിട്ടുള്ള അനന്തമായ കാത്തിരിപ്പില്‍ മടുത്ത് അക്ഷമതയോടെ അവസരങ്ങള്‍ തേടി ഇവര്‍ പോകുകയാണ്. വ്യക്തികള്‍ പാര്‍ട്ടിക്ക് അതീതരല്ലെന്ന കല്പനയൊന്നും ഇവര്‍ക്കു ബാധകമല്ല. പോകുന്നവര്‍ക്ക് പോകാം എന്ന രാഹുല്‍ ഗാന്ധിയുടെ ധിക്കാരം കലര്‍ന്ന നിലപാട് ആണ് ഇവര്‍ പിന്തുടരുന്നത്. പാര്‍ട്ടി ഹൈക്കമാന്റിന് അനുനയത്തിന്റെ ഭാഷ അറിയില്ല. അല്ലെങ്കില്‍ എന്തുപറഞ്ഞ് അനുനയിപ്പിക്കുവാന്‍. ഇരുണ്ട തുരങ്കത്തിന്റെ ഒടുവില്‍ ഇനിയും വെളിച്ചം കാണുന്നില്ല.