Image

ഗുല്‍സാര്‍: ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ നടികളെ സൂപ്പര്‍ താരങ്ങളാക്കി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 21 February, 2024
ഗുല്‍സാര്‍: ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ നടികളെ സൂപ്പര്‍ താരങ്ങളാക്കി (ഏബ്രഹാം തോമസ്)

ഗുല്‍സാറി(സമ്പൂരന്‍ സിംഗ്കല്‍റ) ന്റേത് സമ്പൂര്‍ണ്ണമായും ഒരു ബഹുമുഖ പ്രതിഭയാണ്. ഗാനരചയിതാവ്, തിരക്കഥാകൃത്ത് സംവിധായകന്‍, ഗ്രന്ഥകര്‍ത്താവ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം അസാധാരണ വിജയം നേടിയ അസാധാരണപ്രതിഭയ്ക്ക് ഉടമയാണ് ഗുല്‍സാര്‍. അസാധാരണ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരവും സമയാസമയങ്ങളില്‍ ഗുല്‍സാറിനെ തേടിയെത്തിയിട്ടുണ്ട്. 2004 ല്‍ പത്മഭൂഷണ്‍, 2013 ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ ജ്ഞാന്‍പീഠ് അവാര്‍ഡും ഗുല്‍സാറിന് ലഭിച്ചു.

ഗുല്‍സാറിനെ അഭിമുഖം ചെയ്യുവാന്‍ ബാന്ദ്രവാലി ഹില്ലിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെത്തിയപ്പോള്‍ ഗേറ്റിനുള്ളില്‍ തന്നെ അദ്ദേഹം എന്നെ കാത്ത് നില്പുണ്ടായിരുന്നു. കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ ഗസ്റ്റ് ഹൗസില്‍ ഞങ്ങളുടെ അഭിമുഖം പുരോഗമിച്ചു. പുതിയ ചിത്രം 'മീര' തിയേറ്ററുകളില്‍ എത്താന്‍ കാത്തിരിക്കുകയായിരുന്നു. സംഭാഷണം മീരയില്‍ തന്നെ ആരംഭിച്ചു.

എന്റെ മീരയില്‍ പുരാണമില്ല. ഇന്നും ഭജനകളിലും കീര്‍ത്തനങ്ങളിലും ആയിരങ്ങള്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന മീരയുടെ മാനുഷിക വശത്തിലൂന്നിയാണ് എന്റെ മീര പുരോഗമിക്കുന്നത്. ഒരു സ്ത്രീയുടെ അദമ്യമായ വികാരങ്ങള്‍-പ്രേമവും ഭക്തിയും അവളുടെ വിവാഹജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എന്റെ മീര പറയുന്നു. നിങ്ങള്‍ക്കറിയാവുന്നത് പോലെ മീരയായി ഹേമമാലിനിയും ഭര്‍ത്താവായി വിനോദ് ഖന്നയും അഭിനയിച്ചു. ഹേമ ഒരു നല്ല നടിയാണ്. ഭാവാഭിനയം പ്രകടിപ്പിക്കുവാന്‍ കഴിയുന്ന ഒരു നല്ല നര്‍ത്തകിയുമാണ്. 'ഖുശ്ബൂ' വിലും 'കിനാര'യിലും ശക്തമായ സ്ത്രീകഥാപാത്രങ്ങളായി ജീവിച്ചു. മീരയിലും ഇത് ആവര്‍ത്തിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.

ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് നമ്മുടെ നടിമാര്‍-മീനാകുമാരി, ജയാഭാരുതി(ബച്ചന്‍), ഹേമ, സുചിത്ര സെന്‍, ഷര്‍മ്മിള ടാഗോര്‍, ഡിമ്പിള്‍ കപാഡിയ, രേഖ തുടങ്ങിയവരെ താരങ്ങളും സൂപ്പര്‍ താരങ്ങളും ആയി ഉയര്‍ത്തുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. ചില നടികളുമായുള്ള ബന്ധങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് താങ്കളെ ഒരു ലേഡി കില്ലറായും വിശേഷിപ്പിച്ചിട്ടുണ്ട്.

എന്റെ ചലച്ചിത്രപ്രമേയങ്ങള്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ഉള്ളതാണ്. ചിത്രങ്ങള്‍ സോഷ്യന്‍ കമന്ററികളും. ലേഡി കില്ലര്‍ വിശേഷണത്തെകുറിച്ച് എനിക്ക് ഒന്നും പറയാനില്ല. മീനാകുമാരിക്ക് ഉര്‍ദു കവിതകള്‍ ഇഷ്ടമായിരുന്നു. ഉര്‍ദ്ദു കവിതകള്‍ എഴുതുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഒരു അടുപ്പമാണ് മാധ്യമങ്ങള്‍ വിവാദമാക്കിയത്.

ഗുല്‍സാര്‍ ഉര്‍ദുവിലും പഞ്ചാബിയിലും ബ്രജ് ഭാഷയിലും ഖരിബോലിയിലും ഹരിയാന്‍വിയിലും മാര്‍വാഡിയിലും എഴുതുന്നു. മൂന്ന് സമാഹാരങ്ങളായി കവിതകള്‍ പുറത്തിറങ്ങി- ചാന്ദ് പുഖ് രാജ് കാ, 'രാത് പശ്മിനേകി', 'പന്ത്രാ പാഞ്ച് പച്ചതര്‍', 'അമന്‍ കി ആഷാ' എന്ന ഇന്ത്യാപാകിസ്ഥാന്‍ സമാധാന പ്രസ്ഥാനത്തിന് വേണ്ടി ശങ്കര്‍ മഹാദേവനും രാഹത് ഫത്തേ അലിഖാനും ഒപ്പം ഗസലുകള്‍ പുറത്തിറക്കി. ദൂരദര്‍ശന് വേണ്ടി ടിവി സീരിയലുകള്‍ക്ക് ഗുല്‍സാര്‍ ഗാനങ്ങളും സംഭാഷണങ്ങളും എഴുതി. ഏപ്രില്‍ 2013 ല്‍ ഗുല്‍സാറിനെ അസം യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലറായി നിയമിച്ചു. ഗുല്‍സാര്‍ ഏറെ അറിയപ്പെടുന്നത് ഹിന്ദി ചലച്ചിത്ര ലോകത്തിന് നല്‍കിയ സംഭാവനകളിലൂടെയാണ്. 

2019 വരെയുള്ള കണക്കനുസരിച്ച് ഗുല്‍സാറിന് 36 അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. അഞ്ച് നാഷ്ണല്‍ അവാര്‍ഡുകള്‍, 22 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഒരു അക്കാഡമി അവാര്‍ഡ് എന്നിങ്ങനെ പോകുന്നു ഇവ.


ഒരു സിഖ് കുടുംബത്തില്‍ ജനിച്ച സമ്പൂരന്‍ സിംഗ് കല്‍റയുടെ പിതാവ് മഖന്‍ സിംഗും മാതാവ് സജന്‍ കൗറുമാണ്. പഞ്ചാബിലെ ത്സലം ജില്ലയിലെ ദിനയില്‍ ജനിച്ചു. വിഭജനത്തിന് ശേഷം ബോംബെയിലെത്തി. ആദ്യകാലത്ത് ഗുല്‍സാര്‍ ദീ്ന്‍വി എന്ന പേരിലാണ് എഴുതിക്കൊണ്ടിരുന്നത്. പിന്നീട് ഗുല്‍സാര്‍ എന്ന പേര്‍ സ്വീകരിച്ചു. പ്രൊഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷനു(പിഡബ്ലിയുഎ) ബന്ധം ഗാന രചയിതാവ് ഷൈലേന്ദ്രയുമായും സംവിധായകന്‍ ബിമല്‍ റോയ് യുമായും അടുക്കാന്‍ സഹായിച്ചു.  ഷൈലേന്ദ്രയും ബിമല്‍ദായും ഗുല്‍സാറിനെ സിനിമാലോകത്തെത്തുവാന്‍ സഹായിച്ചു. 'ബന്ദിനി'(സംവിധാനം ബിമല്‍ദാ) 1963 ലെ ചിത്രത്തില്‍ ലതാ മംഗേഷ്‌ക്കര്‍ പാടിയ മോറാ ഗോ അംഗ് യേലേ' ഗുല്‍സാര്‍ രചിച്ചു. ഗാനം ഒരളവു വരെ ചിത്രത്തിലെ ഹൈലൈറ്റ് ആയി. 1986 ലെ 'ആശിര്‍വാദ്' എന്ന ക്ലാസിക് ചിത്രത്തില്‍ അശോക് കുമാറിന്റെ റോളിന് പൂര്‍ണ്ണത വരുത്തുവാന്‍ ഗുല്‍സാര്‍ സഹായിച്ചു. ചിത്രത്തിന് ശേഷം 1969 ല്‍ 'ഖാമോഷി'യില്‍ ഹംനെ ദേഖി ഉന്‍ ആന്‍ഖോംക്കി മെഹ്ക്തി ഖുശ്ബൂ' എന്ന ഗാനത്തിലെ നിര്‍ഭയത ഏറെ ചര്‍ച്ചാവിഷയമായി.

1971 ലെ 'ഗുഡ്ഡി'യില്‍ ഗുല്‍സാര്‍ രചിച്ച രണ്ടു ഗാനങ്ങള്‍ വലിയ ഹരങ്ങളായി. ഗുല്‍സാര്‍-സന്‍ജീവ് കുമാര്‍ ജോഡി(കോശിഷ്, ആന്ധി, മൗസം, അംഗൂല്‍, നംകീന്‍), ഗുല്‍സര്‍-ജീതേന്ദ്രജോഡി('പരിചയ്, 'കുശ്ബൂ', 'കിനാര'), ഗുല്‍സാര്‍-വിനോദ് ഖന്ന ജോഡി(അചാനക്, മീര, ലേകിന്‍) എന്നിവയെക്കാള്‍ കൂടുതല്‍ ഫലവത്തായത് ഗുല്‍സാര്‍ മീനാകുമാരി(മേരേ അപ്‌നേ'), ഷര്‍മ്മിളാ ടാഗോര്‍('മൗസം', 'നംകീന്‍'), ജയാബച്ചന്‍(പരിചയ്, കോശിഷ്), സുചിത്രാ സെന്‍(ആന്ധി) കൂട്ടുകെട്ടുകളാണ്.

ജബിംഗ് ജാക്ക് ഇമേജ് തകര്‍ത്ത് ജീതേന്ദ്ര പക്വതയെത്തിയ നടനായി മാറിയത് പരിചയ് യിലൂടെയാണ്. ഹോളിവുഡ് ചിത്രം 'ദ സൗണ്ട് ഓഫ് മ്യൂസിക്കും' 'ബംഗാളി നോവല്‍' രംഗീന്‍ ഉത്തരായേ' യും ചിത്രത്തിന് പ്രചോദനമായി. കമലേശ്വറിന്റെ 'കാലി ആന്ധി' യാണ് ആന്ധി ആയത്. ഇന്ദിരാ ഗാന്ധിയുമായി സാമ്യപ്പെടുത്തിയ കേന്ദ്ര കഥാപാത്രം വിവാദങ്ങള്‍ക്ക് കാരണമായി.

'മാച്ചിസ്' എന്ന ചിത്രത്തില്‍ തീവ്രവാദം തിരഞ്ഞെടുത്ത ഒരു പഞ്ചാബി ചെറുപ്പക്കാരനെ കാണാന്‍ കഴിഞ്ഞു. ഡിമ്പിള്‍ കപാഡിയ പ്രധാന റോളിലെത്തിയ ലേകിനും, വളരെ വേഗം വിസ്മരിക്കപ്പെട്ടു.
ഗുല്‍സാര്‍ ചിത്രങ്ങളിലെ കഥാകഥന രീതി പൊതുവെ പ്രശംസിക്കപ്പെടാറുണ്ട്. ഗാനങ്ങളുടെ കാവ്യചാരുതയും ഗ്രാമീണ പശ്ചാത്തലവും മിക്കപ്പോഴും ശ്ലാഘനീയമായി അനുഭവപ്പെടുന്നു. ഇന്ത്യന്‍ സിനിമയിലെ നായികമാര്‍ക്ക് പ്രാധാന്യം നല്‍കി ചിത്രങ്ങള്‍ അവതരിപ്പിച്ചത് മൂലം അവരെ അപ്രധാനരാക്കുന്ന പൊതുപ്രവണതയ്ക്ക് ഗുല്‍സാര്‍ വിരാമമിട്ടു. എഴുപത്, എണ്‍പത്, തൊണ്ണൂറ് കാലഘട്ടത്തില്‍ ഫോര്‍മുലകള്‍ക്ക് പിന്നാലെ പാഞ്ഞിരുന്ന ഇന്ത്യന്‍ സിനിമയ്ക്ക് തന്റേതായ നൂതന മാര്‍ഗം തുറന്ന് കൊടുക്കുവാന്‍ ഗുല്‍സാറിന് കഴിഞ്ഞു.

ഗുല്‍സറും അഭിനേത്രി രാഖിയുമായുള്ള വിവാഹം എഴുപതുകളുടെ ഉത്തരാര്‍ദ്ധത്തില്‍ നടന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേറെ വേറെ താമസിച്ചു. പിന്നീട് ഇരുവരും വീണ്ടും അടുത്തു. ഏകമകള്‍ മേഘ്‌ന(ഫില്‍ഹാല്‍, ജസ്റ്റ് മാരീഡ്, രസ് കഹാനിയാം, തല്‍വാര്‍, രാസി, ചപ്പാക്ക്, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Join WhatsApp News
Sudhir Panikkaveetil 2024-02-22 05:19:02
അർത്ഥസമ്പുഷ്ടമായ ഗാനങ്ങൾകൊണ്ട് ഹിന്ദി സിനിമയെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയാണ് ഗുൽസാർ ജി . അദ്ദേഹം നടികൾക്ക് ശക്തമായ കഥാപാത്രങ്ങൾ കൊടുത്തപോലെ പുതുമുഖങ്ങളെയും പരിചയപ്പെടുത്തി. നേപ്പാളിയായ ഭൂപേന്ദ്ര എന്ന ഗായകന് ധാരാളം അവസരങ്ങൾ കൊടുത്തു. ഗുൽസാർ എഴുതി ഭൂപേന്ദ്ര പാടിയ "ദോ ദീവാനെ ശഹേർ മേ രാത് മേ യ ദൂപ്ഹാർ മേ ആബ്‌ ഓ ദാന ആബ്‌ ഓ ദാന ഢൂംഢ്തേ ഹൈ ഏക് ആശിയാന ഢൂംഢ്തേ ഹൈ" എന്ന ഗാനം വളരേ പ്രസിദ്ധമായി (അർത്ഥം roughly ) പ്രണയോന്മാദരായ രണ്ട് പാവത്താന്മാർ രാപ്പകലെന്നില്ലാതെ നഗരത്തിൽ അവർക്കായി അന്നവും പാർപ്പിടവും തേടുന്നു) ഗുൽസാർ സാബിന് ഈ ഗാനം ഫിലിം ഫയെർ അവാർഡ് നേടിക്കൊടുത്തു. ഭൂപേന്ദ്രയെ ഈ ഗാനം പ്രശസ്തനാക്കി. അദ്ദേഹം നടത്തുന്ന ഗാനമേളകൾക്ക് പരസ്യം നൽകിയിരുന്നത് "ദോ ദീവാനെ ശഹര് മേ" എന്നായിരുന്നു ഹിന്ദി സിനിമാലോകം മലയാളികൾക്ക് പരിചയപ്പെടുത്തുന്ന ശ്രീ എബ്രഹാം തോമസ് സാറിനു നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക