ഇടുക്കിയുടെ മലമടക്കുകളില്‍ 18-ാം ലോക്സഭയിലേയ്ക്കുള്ള ജനാധിപത്യപ്പോരിന്റെ കാഹളനാദം മാറ്റൊലി കൊള്ളുകയാണ്. മുമ്പ് പരസ്പരം ഏറ്റുമുട്ടി ജയപരാജയങ്ങള്‍ രുചിച്ച കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി ഡീന്‍ കുര്യാക്കോസും മുന്‍ എം.പിയും ഇടത് സ്വതന്ത്രനുമായ ജോയ്സ് ജോര്‍ജും വീണ്ടും അങ്കത്തട്ടിലിറങ്ങുകയാണ്. അതിനാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി ലോകസഭാ മണ്ഡലത്തില്‍ മത്സരം തനിയാവര്‍ത്തനമാകും.
അന്തരിച്ച സീനിയര്‍ കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിനെ മാറ്റി 2019-ല്‍ യുവനേതാവ് ആയിരുന്ന ഡീന്‍ കുര്യാക്കോസിന് സീറ്റ് കൊടുക്കുമ്പോള്‍ എല്‍.ഡി.എഫ് ക്രൈസ്തവ പുരോഹിതന്‍മാരുടെയും മെത്രാന്‍മാരുടെയും അരമനയുടെയും പിന്തുണയോടെ കണ്ടെത്തിയ സ്ഥാനാര്‍ത്ഥിയായിരുന്നു ജോയിസ് ജോര്‍ജ്. 2014-ല്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ജോയിസ് ഡീനിനെ പരാജയപ്പെടുത്തുകയായിരുന്നു.
എന്നാല്‍ 2019ല്‍, അതായത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇതേ അങ്കം തന്നെയായിരുന്നു ഇടുക്കിയില്‍ നടന്നത്. പക്ഷേ ഡീന്‍ ജോയ്സിനോട് ശരിക്കും കണക്ക് തീര്‍ത്തു. അന്ന് ഡീന്‍ നേടിയത് മിന്നുന്ന ജയം. സിറ്റിങ് എം.പി ജോയ്സ് ജോര്‍ജിനെ ഡീന്‍ തോല്‍പ്പിച്ചത് 1,71,053 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തില്‍. ഡീന്‍ കുര്യാക്കോസ് 4,98,493 വോട്ടുകള്‍ നേടിയപ്പോള്‍ ഇടത് പിന്തുണയുള്ള സ്വതന്ത്രനായ ജോയ്സ് ജോര്‍ജിന്റെ സമ്പാദ്യം 3,27,440 വോട്ടുകളായിരുന്നു. എന്‍.ഡി.എക്ക് വേണ്ടി മത്സരിച്ച ബി.ഡി.ജെഎസ് സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍ 78,648 വോട്ടുകളും നേടി.
ഇക്കുറി വീണ്ടും ഇവര്‍ ഇരുവരും തമ്മിലുള്ള മത്സരമാണെന്നാണ് സൂചനകള്‍. ഡീന്‍ കുര്യാക്കോസ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. അന്ന് കസ്തൂരി രംഗന്‍ ആളിക്കത്തി നില്‍ക്കുന്ന കാലമായിരുന്നു. കത്തോലിക്കാ ബിഷപ്പിനും അച്ചന്‍മാര്‍ക്കുമൊന്നും ഡീനിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. അവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ആ സ്ഥാനാര്‍ത്ഥിക്ക് എല്‍.ഡി.എഫ് പിന്തുണ കൊടുത്തു. അങ്ങനെ ജോയിസ് ജോര്‍ജ് ഇടുക്കിയില്‍ വിജയിക്കുകയായിരുന്നു. പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഡീനിനെ പിന്തുണയ്ക്കുന്നത് ആണ് കണ്ടത്.
പക്ഷേ, 2019-ലെ തിരഞ്ഞെടുപ്പില്‍ സഭയ്ക്കും ബിഷപ്പിനുമൊക്കെ ഡീനിനോടുള്ള അകല്‍ച്ച കുറയുന്നതും നാം കണ്ടു. സഭ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിനാല്‍ തന്നെ ഡീനിന് ഇടുക്കിയില്‍ വിജയിക്കാന്‍ സാധിച്ചു. ഇക്കുറി സഭ ആര്‍ക്കൊപ്പം നില്‍ക്കും എന്നതിനെ ആശ്രയിച്ചാകും ഇടുക്കിയിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുക. എന്തായാലും ഇക്കുറി എല്‍.ഡി.എഫ് ജോയിസ് ജോര്‍ജിനെ ഇറക്കുമ്പോള്‍ അവരും വലിയ പ്രതീക്ഷയില്‍ തന്നെയാണ്. അഭിഭാഷകനായ ജോയിസ് ജോര്‍ജ് മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്നല്ലോ.
കെ.എസ്.യുവിലൂടെയാണ് ഡീന്‍ പൊതുരംഗത്തെത്തിയത്. 1998-ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യുവിന്റെ യൂണിറ്റ് സെക്രട്ടറിയായിട്ടാണ് തുടക്കം. 1999-2000 വര്‍ഷങ്ങളില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി. 2004 മുതല്‍ 2007 വരെ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായും 2007 മുതല്‍ 2009 വരെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായും 2009-2010 വര്‍ഷങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
2010 മുതല്‍ 2013 വരെ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ലോക്സഭാ മണ്ഡലം പ്രസിഡന്റായ ഡീന്‍ 2013 മുതല്‍ 2020 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയും അലങ്കരിച്ചു. എറണാകുളം ജില്ലയിലെ ഐക്കരനാട് താലൂക്കിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ എ.എം കുര്യാക്കോസിന്റെയും റോസമ്മയുടേയും മകനായി 1981 ജൂണ്‍ 27ന് ജനിച്ചു. എം.എ, എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ യോഗ്യത. തൊടുപുഴ ന്യൂമാന്‍ കോളേജ്, മൂലമറ്റം സെന്റ് ജോസഫ് കോളേജ്, എം.ജി യൂണിവേഴ്സിറ്റി കോട്ടയം, കേരള ലോ അക്കാദമി, ലോ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ ഡീന്‍ അഭിഭാഷകനായി തിളങ്ങിയിട്ടുണ്ട്.
കോളേജ് കാലഘട്ടം മുതല്‍ ജോയിസ് ജോര്‍ജ് കെ.എസ്.യുവിന്റെ നേതൃ നിരയില്‍ ഉണ്ടായിരുന്നു. കെ.എസ്.യുവിന്റെ പാനലില്‍ മത്സരിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് ചെയര്‍മാന്‍ ആയി. ഇക്കുറി ഇടുക്കിയിലെ അങ്കത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറിയതിനു ശേഷം നടക്കുന്ന ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇത്.
കേരളാ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ തട്ടകം കൂടിയാണ് ഇടുക്കി. അദ്ദേഹം കാലാകാലങ്ങളായി ഇടുക്കി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ജയിച്ചു വരുന്നു. ഇടുക്കി നിയമ സഭാമണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായ അഞ്ചു തവണ നിയമസഭാംഗമായ വ്യക്തിയാണ് റോഷി. കഴിഞ്ഞ തവണയൊഴിച്ച് ബാക്കി എല്ലാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് പ്രതിനിധി ആയിട്ടായിരുന്നു റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ എത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തെ തുടര്‍ന്ന് റോഷി അഗസ്റ്റിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകേണ്ടി വന്നു. എന്നാലും വിജയം റോഷിക്ക് ഒപ്പം തന്നെയായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിനെയാണ് റോഷി തോല്‍പ്പിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയാവുകയും ചെയ്തു. ഇക്കുറി ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും റോഷി അഗസ്റ്റിനും എല്ലാം ഇടതുപാളയത്തോട് ഒപ്പം നില്‍ക്കുമ്പോള്‍ ലോക്സഭാ ഇലക്ഷനില്‍ വിജയം ഇടതിനൊപ്പമാണെന്ന് കരുതുന്നവര്‍ ഏറെയുണ്ട്.
അതിനാല്‍ യു.ഡി.എഫിനെ തോല്‍പ്പിക്കുക എന്നത് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രസ്റ്റീജ് വിഷയമാണ്. മറിച്ച് ഇവിടെ യു.ഡി.എഫ് വിജയിച്ചാല്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടുക്കിയില്‍ ഒന്നുമല്ലെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിനും സാധിക്കും. വാസ്തവത്തില്‍ ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ ഡീനോ എല്‍.ഡി.എഫിന്റെ ജോയിസ് ജോര്‍ജോ അല്ല ഏറ്റുമുട്ടുന്നത്. മത്സരം കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലാണ്. രണ്ടു കൂട്ടരുടെയും അഭിമാനത്തിന്റെ പോരാട്ടമായി മാറും ഇടുക്കി ലോക്സഭാ ഇലക്ഷന്‍. എന്‍.ഡി.എയില്‍ ഈ സീറ്റ് ബി.ജെ.ഡി.എസിനാണെന്ന് പറയുന്നു. അതിന് ഇവിടെ വലിയ പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. അങ്കം യു.ഡി.എഫും എല്‍.ഡി.എഫും നേരിട്ട് തന്നെ.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ലോക്സഭാ നിയോജകമണ്ഡലം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ, തൊടുപുഴ ഒഴിച്ച് ബാക്കി അഞ്ച് മണ്ഡലങ്ങളും സ്വന്തമാക്കിയത് ഇടതുമുന്നണിയാണ്.
ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെയാണ്. 1967-ല്‍ നാലാം ലോക്സഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ പി.കെ വാസുദേവന്‍ നായര്‍, 1971 കേരള കോണ്‍ഗ്രസിലെ എം.എം ജോസഫ് ഏന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
1977-ല്‍ കോണ്‍ഗ്രസിലെ സി.എം സ്റ്റീഫന്‍, 1980-ല്‍ സി.പി.എമ്മിലെ എം.എം. ലോറന്‍സ്, 1984-ല്‍ കോണ്‍ഗ്രസിലെ പി.ജെ കുര്യന്‍, 1989-ലും '91ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാലാ കെ.എം. മാത്യു, 1996-ല്‍ കോണ്‍ഗ്രസ് നേതാവ് എ.സി. ജോസ്, 1998-ല്‍ കോണ്‍ഗ്രസ് സാരഥി പി.സി. ചാക്കോ, 1999-ലും 2004-ലും കേരള കോണ്‍ഗ്രസ് (ജെ) നേതാവ് കെ ഫ്രാന്‍സിസ് ജോര്‍ജ്, 2009-ല്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് എന്നിവര്‍ പാര്‍ലമെന്റിലെത്തി. പിന്നീട് ഇവരുടെ പിന്‍ഗാമികളായി ജോയ്സ് ജോര്‍ജും ഡീന്‍ കുര്യാക്കോസും.