18. Love your Parents and Express your Love!!
ജീവിതത്തിലെ ചില ചെറിയ ചെറിയ സന്തോഷങ്ങളെ കാണാതെ, ആസ്വദിക്കാതെ എപ്പോഴും വലിയ വലിയ സന്തോഷങ്ങൾക്ക് പിന്നാലെ പായുന്നവരാണു നമ്മൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട സന്തോഷമാണു നമ്മുടെ മക്കളുടെ സ്നേഹം. എന്നും മക്കളാൽ സ്നേഹിക്കപ്പെടുക അത് ഏതൊരമ്മയുടേയും മരണം വരെയുള്ള മോഹമാണു. പക്ഷെ, മക്കൾ കാണാതെ പോകുന്നതും നൽകാതെ പോകുന്നതുമായ ആ സ്നേഹം ലഭിക്കുന്നില്ലല്ലോ എന്ന നൊമ്പരം എത്ര സങ്കടത്തോടെയാണു അമ്മമാർ ഉള്ളിലൊതുക്കുന്നത്.
അതിരാവിലെ എഴുന്നേറ്റ്, വീട്ടിലേക്ക് വേണ്ടുന്നതെല്ലാം ഒരുക്കി ക്യത്യസമയത്തിനു അമ്മ സ്നേഹത്തോടെ വച്ചു വിളമ്പുന്ന ആഹാരത്തിനു ഉപ്പില്ല എന്ന് മുഖത്തടിച്ചപോലെ പറയുമ്പോൾ, അമ്മയ്ക്ക് വീട്ടിൽ വേറെ പണിയൊന്നുമില്ലല്ലോ ഇതൊക്കെ കഴുകി വെയ്ക്കരുതോ എന്ന് ആക്രോശിക്കുമ്പോൾ, പ്രായമായി അമ്മ ഇനി വീട്ടിലിരുന്നാൽ മതിയെന്ന് കടുപ്പിച്ച് പറയുമ്പോൾ, നിറമുള്ള സാരി ഉടുക്കാൻ അമ്മ ചെറുപ്പക്കാരിയല്ലല്ലോ എന്ന് പറഞ്ഞ് ആഗ്രഹങ്ങളെ തടയുമ്പോൾ , എനിക്ക് അമ്മയെ ഇഷ്ടമല്ല എന്ന് പറയുമ്പോൾ ഒക്കെ ആ അമ്മ എന്തു മാത്രം നീറ്റൽ ഉള്ളിലനുഭവിക്കുന്നുണ്ടാകും എന്നത് ആ ഒരു സാഹചര്യം നമുക്കുണ്ടാകുമ്പോൾ മാത്രമേ മനസ്സിലാകൂ. എന്നാൽ ഇപ്പറഞ്ഞതൊക്കെ കുറച്ചു സ്നേഹത്തോടെ നയത്തിൽ അമ്മയോട് പറഞ്ഞാൽ, അമ്മയുടെ ചെറിയ ചെറിയ മോഹങ്ങൾ സാധ്യമാക്കി കൊടുത്താൽ അതാകില്ലേ അവർക്കു ലഭിക്കുന്ന ചെറിയ ചെറിയ വലിയ സന്തോഷങ്ങൾ... ആരും അത് ചെയ്യില്ല. തന്നോളം വളരാൻ തുടങ്ങുമ്പോൾ അമ്മയ്ക്ക് ഒന്നും അറിയത്തില്ല എന്നും അമ്മ അധികപ്പറ്റാണെന്നും തോന്നുമല്ലോ...
ഞാൻ ഒരമ്മയാണു. മക്കളെ എന്നാലാകും വിധംചെയ്യിക്കാൻ പറ്റുന്ന കലകളെല്ലാം പരിശീലിപ്പിക്കാറുണ്ട്. അതൊക്കെ അവരുടെ ഷെഡ്യൂളിൽ അധികമാണെങ്കിലും മക്കൾ നാളെ അതിനൊരവസരം തന്നില്ല എന്ന് കുറ്റപ്പെടുത്താൻ പാടില്ല എന്നത് കൊണ്ട് മാത്രം ചെയ്യിക്കും. അങ്ങനെ ആണു കുഞ്ഞുന്നാൾ മുതൽ പതിയെ പതിയെ ചെറിയ ചെറിയ പാട്ടുകളും ഡാൻസുകളും ഒക്കെ പഠിപ്പിച്ചത്. അന്ന് അവർ "എന്തിനാ ഇതൊക്കെ ചെയ്യുന്നേ, എന്ന് ചോദിച്ചു താൽപ്പര്യമേ ഇല്ലാത്ത മട്ടിൽ എന്നെ കുറ്റപ്പെടുത്തി "ഇതൊക്കെ അമ്മയ്ക്ക് വേണ്ടി മാത്രം ചെയ്യുവാ " എന്നൊരു ഡയലോഗും പറഞ്ഞ് ദേഷ്യഭാവത്തിൽ ചെയ്യും.
ജോലി കഴിഞ്ഞു ആകെ ക്ഷീണിച്ച് വന്ന് ഇല്ലാത്ത സമയമുണ്ടാക്കി ഇതൊക്കെ ചെയ്യുമ്പോൾ അങനെ കേൾക്കുന്നത് സങ്കടമാണു എങ്കിലും ഞാൻ അവഗണിച്ചങ്ങു വിടും.. വീണ്ടും പഠിപ്പിക്കും...
എന്നാൽ അത് പിന്നീട് ചില സന്ദർഭങ്ങളിൽ നമ്മളെ അനിർവ്വചനീയമായ അനുഭൂതിയിലേക്ക് കൊണ്ടു പോകുകയും ചെയ്യും.. ഇന്നു എനിക്ക് അങനെ ഒരു ദിവസമായിരുന്നു. മകന്റെ സ്കൂളിൽ ഈ കൗണ്ടിയിലെ സ്കൂളുകളിൽ നിന്നും സെലക്റ്റ് ആകുന്ന കുട്ടികളെ ചേർത്ത് ഒരു മ്യുസിക് ഇവന്റ് നടക്കുന്നുണ്ട്. അതിലെ രണ്ട് ആഡിഷൻ കഴിഞ്ഞു. അവൻ സെലക്‌റ്റ് ആയി. അതിന്റെ ഫൈനൽ ആഡിഷനിലേക്ക് അവനു ഒരു വീഡിയോ എടുക്കണം. അതിനെ കുറിച്ച് സംസാരിക്കാൻ ക്ലാസ്സ് കഴിഞ്ഞ് മ്യൂസിക് സർ നെ കാണാൻ പോയപ്പോൾ സർ പറഞ്ഞത്രേ "വോയിസ് കണ്ട്രോൾ" എങ്ങനെ യാകണമെന്നത് നിന്റെ വോയിസ് റ്റീച്ചറിനോട് ചോദിക്കണമെന്ന്. അവൻ വോയിസ് റ്റീച്ചറില്ല എന്ന് സർ നോട് മറുപടി പറഞ്ഞപ്പോൾ പുള്ളിക്ക് അത്ഭുതം. ഇത്രയും നല്ലതായി പാടുന്നത് അപ്പോൾ സ്വന്തമധ്വാനത്തിലാണല്ലോ എന്ന് സർ പറഞ്ഞപ്പോൾ
"കുട്ടിക്കാലം മുതൽ അമ്മയാണു എന്റെ വോയിസ് റ്റീച്ചർ, അമ്മയാണു എന്നെ പാടാൻ പഠിപ്പിച്ചത്" .. അവൻ ഇങ്ങനെ മറുപടി പറഞ്ഞു. അത് കേട്ടപ്പോൾ സർ നു വീണ്ടും ഞെട്ടൽ. അമ്മേ, സ്കൂളിൽ ഇന്നൊരു സംഭവമുണ്ടായി എന്ന് പറഞ്ഞ് ഈ കാര്യം വൈകിട്ട് വീട്ടിൽ വന്ന് അവനെന്നോട് പറഞ്ഞപ്പോൾ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി. അന്നതൊക്കെ ചെയ്യുമ്പോൾ ഒരിക്കൽ പോലും ഇങ്ങനെ ഒരു വലിയ സന്തോഷമെനിക്ക് ലഭിക്കുമെന്ന് വിചാരിച്ചതേ അല്ല. അന്നതിനായ് ഞാൻ പരിശ്രമിച്ചത് ഇന്നവനു ഗുണം ചെയ്യുന്നു, അവനതിഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ അഭിമാനവും തോന്നി.. അമ്മമനസ്സിനു പണത്തെക്കാളും വസ്തുവകകളെക്കാളും സന്തോഷം തരുന്നത് ഇങ്ങനെയുള്ള ചില നല്ല വാക്കുകൾ മക്കളിൽ നിന്നും കേൾക്കുമ്പോഴാണു. ചെറിയ ഒരു അഭിനന്ദനം അവർക്കത് സ്വർഗ്ഗം കിട്ടിയ സന്തോഷമായിരിക്കും നൽകുക.. പിശുക്കരാകരുത് നമ്മൾ, അവർ ചെയ്യുന്ന എന്തും ഏതും നല്ലതെന്ന് കണ്ടാൽ അവരെ അഭിനന്ദിക്കാനും അതിനു നന്ദിയുള്ളവരാകാനും നമ്മൾ മടിക്കരുത്..
ആദ്യഗുരു മാതാപിതാക്കളാണല്ലോ.. ആ ഗുരുത്വം എന്നും ജീവിതത്തിൽ ഉണ്ടാകുകയും വേണം..!
19. Don’t worry about Life, just think about the positive Flowers in it😊
എത്ര പെട്ടെന്നാണു കല്യാണം കഴിഞ്ഞു നമ്മളൊക്കെ ഒരു വലിയ ലോകത്തിൽ നിന്നും നമ്മുടെ മാത്രമായ ലോകത്തിലേക്ക് മൂക്കും കുത്തി വീഴുന്നത്. കുട്ടിക്കാലം മുതൽ കൂടെയുണ്ടായിരുന്നവരെയും ബന്ധുക്കളെയുമൊക്കെ എത്ര പെട്ടെന്നാണു നമ്മുടെ കല്യാണ ജീവിതം ആരുമല്ലാത്തവരാക്കി തീർക്കുന്നത്? ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിൽ നമ്മളെ തന്നെ മറന്നും, ബന്ധങ്ങളെ മറന്നും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുമ്പോൾ സൗകര്യപ്പൂർവ്വം നാം ഉപേക്‌ഷിക്കുന്നത് മിക്കപ്പോഴും സൗഹ്യദങ്ങളെയാണു.. അത്ര നാൾ അടുപ്പമുള്ളവർ തമ്മിൽ കാണാനാകാതെ അകലുന്നു. ആഴ്ചകൾ തോറും വിളിച്ച് സംസാരിച്ചു കൊണ്ടിരുന്നവർ ആ വിളികൾ മാസങ്ങളിലേക്കും വർഷങ്ങളിലേക്കും ഒതുക്കുന്നു.. പിന്നീട് ആ വിളികൾ, സ്നേഹാന്വേഷണം എല്ലാം മെല്ലെ മെല്ലെ നിലയ്ക്കുന്നു.. ഒറ്റപ്പെട്ട്, മടിയരായ് എല്ലാത്തിനോടും വിരസത തോന്നി നമ്മൾ പിന്നീടുള്ള ജീവിതം തള്ളിനീക്കുന്നു.. എന്താണെന്നറിയോ ഇതിനൊക്കെ കാരണം? നമ്മുടെ അകാരണമായ ആകുലതകൾ.. അനാവശ്യമായി നമ്മൾ പലതും ചിന്തിച്ച് ദിനവും സങ്കടപ്പെട്ടു കൊണ്ടേയിരിക്കും.. ആ സങ്കടത്തിൽ നമുക്ക് ചുറ്റുമുള്ള സന്തോഷവും സമാധാനവും നിറഞ്ഞ ഒന്നും നമ്മൾ കാണുകയും ഇല്ല. എന്നാൽ ഈ ആകുലതപ്പെട്ടു എന്നതു കൊണ്ട് പ്രശ്നം തീരുമോ അതില്ല താനും.. ആകുലതകളും ആശങ്കകളും നിറഞ്ഞതു തന്നെയാണു നമ്മുടെയൊക്കെ ജീവിതം. പക്‌ഷെ, നമ്മളത് മാത്രമേ കാണുകയുള്ളുവെങ്കിൽ നമുക്ക് മുന്നിൽ തുറന്നു കിടക്കുന്ന മറ്റ് വഴികൾ അടഞ്ഞ് തന്നെ കിടക്കൂ.. പകരം ആകുലതകൾ മാറ്റി പോസിറ്റിവിറ്റിയോടെ ആ കാര്യങ്ങളെ സമീപിച്ച് നോക്കൂ.. ശരിക്കും മാറ്റം ഉണ്ടാകും. നമ്മളെക്കുറിച്ച് ആകുലതപ്പെടാത്ത ഒന്നിനെക്കുറിച്ചുമോർത്ത് ആകുലതപ്പെടരുത്.. കാരണം ദു:ഖങ്ങൾ കൊണ്ടൊരിക്കലും നമ്മുടെ സന്തോഷത്തെ നമ്മൾ തന്നെ കുഴിച്ചു മൂടരുത്..ചിരിക്കൂ...സന്തോഷം കൊണ്ട് നിറയ്ക്കൂ ജീവിതം.. എല്ലാം ആ സന്തോഷം തിരിച്ച് കൊണ്ടു വരും ജീവിതത്തിലേക്ക്.. ശുഭാപ്തിവിശ്വാസം എന്നും കൂടെയുണ്ടാകണം..
20.Detach yourself, Worry Less!!
നമ്മളൊക്കെ നമ്മുടെ ജീവിതത്തിൽ എത്രയോ ആൾക്കാരെ കണ്ടുമുട്ടുന്നു. ആ ആൾക്കാരൊക്കെ അവസാനംവരെ കൂടെയുണ്ടാകണമെന്ന് ആഗ്രഹിച്ചാലും ഒരിക്കലും അത് നടക്കില്ല എന്നതാണു സത്യം. ചിലർ മറ്റ് ബന്ധങ്ങൾക്ക് മുൻഗണന നൽകി നമ്മളെ നൈസായി ഒഴിവാക്കും. മറ്റ് ചിലർ നമ്മളോട് പിണങ്ങി എന്നന്നേയ്ക്കുമായി അകലും. ചിലർ മരണത്തിന്റെ കൈകളിലകപ്പെട്ട് നമ്മളിൽ നിന്നും എന്നന്നേയ്ക്കുമായി യാത്ര പറഞ്ഞു പോകും. ഓരോ സാഹചര്യങ്ങളിലും നമ്മൾ നമ്മളിലേക്ക് മാത്രമായി ഒതുങ്ങി പോകുന്നതും ഇക്കാരണങ്ങൾ കൊണ്ടല്ലേ. നമ്മളെ മനസ്സിലാക്കാത്തവരെ എത്ര ചേർത്ത് പിടിച്ചാലും കാര്യമില്ല എന്ന തിരിച്ചറിവ് വരുന്നതു കൊണ്ടാകാം അത്. പക്ഷെ, ആലോചിച്ചു നോക്കിയാൽ എന്തിനാണു നമ്മളിത്രയുമവരോട് അടുത്തിഴപഴകുന്നത്? അടുപ്പം കാത്തു സൂക്ഷിക്കുന്നത്? അതു കൊണ്ട് മാത്രമല്ലേ അവരുടെ ഓരോ പ്രവ്യത്തിയും നമ്മളെ സങ്കടപ്പെടുത്തുന്നതും അവരെ മനസ്സിൽനിന്നും ഇറക്കി വിടാൻ നമ്മൾ പ്രയാസപ്പെടുന്നതും.
ബാല്യകാലം മുതലിന്നുവരെ ഉള്ള എന്റെ ജീവിതയാത്രയിൽ എനിക്ക് സുഹ്യത്തുക്കളായ പലരെയും നഷ്ടപ്പെട്ടിട്ടുണ്ട്. അതൊക്കെ വേദനാജനകം ആയിരുന്നു എങ്കിലും അതിൽ നിന്നൊക്കെ മോചിതയാകാൻ എന്നെ സഹായിച്ചത് പല അനുഭവങ്ങളിൽ നിന്നും ഞാൻ ആർജ്ജിച്ച "ആരെയും അമിതമായി സ്നേഹിക്കരുത്" എന്ന എന്റെ നിലപാട് ഒന്ന് കൊണ്ട് മാത്രമാണു.. ആത്മാർത്ഥമായി പലരെയും നമ്മൾ ഹ്യദയത്തിൽ ഇടം നൽകി സ്നേഹിക്കുമ്പോൾ അതൊക്കെ വെറും അഭിനയമാണെന്ന് പറയുന്നുവെങ്കിൽ ആ ഇടം ശൂന്യമാക്കി ഇടുന്നതാണു ഭേദം. എന്നാലും എന്ത് കൊണ്ട് നമ്മളത് ചെയ്യാതെ വീണ്ടും അവർക്ക് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നത്
" സ്നേഹം" എന്ന മൂന്നക്ഷരം കൊണ്ട് മാത്രം.
നമ്മളൊക്കെ എത്ര കിണഞ്ഞു പരിശ്രമിച്ചാലും മറ്റുള്ളവർക്ക് കൂടി തോന്നാതെ നേടാൻ ആകില്ല ആരുടെയും മനസ്സ്. എല്ലാ ബന്ധങ്ങളും നിലനിൽക്കണമെങ്കിൽ ആ നല്ല മനസ്സ് അല്ലേ പ്രധാനമായും വേണ്ടത്. അവരുമായി നമ്മളുടെ മനസ്സ് കൂടുതൽ അറ്റാച്ച് ആയി നിൽക്കുമ്പോൾ അവർ തന്നെ ഈഗോയോ വഴക്കോ പിണക്കമോ ഒക്കെയായി ഇറങ്ങിപ്പോക്ക് നടത്തുന്നത് അത്ര സുഖമുള്ള അനുഭവമല്ല. അത് കൊണ്ട് തന്നെ എല്ലാ ബന്ധങ്ങളിൽ നിന്നും ഡിറ്റാച്ച് ആയി ഒരു ക്രമീകരണം നടത്തിയാൽ ഇത്തരം വിഷമഘട്ടങ്ങൾ വരാതെ സൂക്ഷിക്കാമല്ലോ എന്ന് ഞാൻ പഠിച്ചു. ശരിക്കും പറഞ്ഞാൽ നമ്മളൊക്കെ ഈ ജീവിതത്തിൽ എന്തൊക്കെ നല്ലത് ചെയ്താലും ചിലരങ്ങനെയാണു. നമ്മളെ സങ്കടപ്പെടുത്തുന്നതാണു അവരുടെ ആനന്ദം. വേർപാടുകൾ വേദനയാണു പക്ഷെ, ആ വേദന ഇല്ലാതെയാക്കാൻ ഈ കാര്യങ്ങളാണു ഞാൻ ഇപ്പോൾ മനസ്സിനെ ശീലിപ്പിക്കുന്നത്.
1. ജനിക്കുമ്പോഴും മരിക്കുമ്പോഴും നമ്മൾ തനിച്ച് മാത്രമല്ലേ.
2. എന്തൊക്കെ ഉണ്ടായാലും ഇതൊന്നും നമ്മൾ കൊണ്ട് പോകുന്നില്ലല്ലോ.
3. ആരുടെ ജീവിതമായാലും ഒരു മാറ്റം അത് നല്ലതായാലും മോശമായാലും സംഭവിക്കാൻ ഒരു നിമിഷം മതി.
4. നമ്മളുടെ ജോലിയോ പണമോ പദവിയോ ഒന്നുമല്ല നമ്മളെ മറ്റുള്ളവരുടെ മുന്നിൽ ഉത്തമരാക്കുന്നത്. നമ്മളിലെ മനുഷ്വത്വം, നൻമ, സ്വഭാവം, ദയ ഇതൊക്കെ ഇല്ലായെങ്കിൽ ബാക്കി എന്തുണ്ടായാലും കാര്യമില്ല.
5. നമ്മൾ അങ്ങോട്ട് സ്നേഹം കൊടുത്താൽ മാത്രമേ തിരിച്ചും അങ്ങനെ ഒരു സ്നേഹം നമുക്കും കിട്ടുകയുള്ളൂ.
6.. ജീവിതം അപ്പാടെ തകരാൻ EGO മതി.
7. എല്ലാ സ്നേഹബന്ധങ്ങളെയും ജീവിതത്തിലേക്ക് അധികമടുപ്പിക്കാതിരിക്കുക.
8. നിശബ്ദതയാണു മനസമാധാനത്തിനുള്ള ഏറ്റവും നല്ല ഉപാധി.