Image

ആസ്വാദനക്കുറിപ്പ് ( കഥ : പുഷ്പമ്മ ചാണ്ടി )

Published on 23 February, 2024
ആസ്വാദനക്കുറിപ്പ് ( കഥ : പുഷ്പമ്മ  ചാണ്ടി )

രണ്ടു ദിവസമായി ഫോൺ വിളിച്ചാലെടുക്കില്ല , വാട്ട്സ് ആപ്പ് മെസ്സേജ് അയക്കുന്നത് കാണുന്നു , പക്ഷെ മറുപടിയില്ല .
ആത്മജ അങ്ങനെ ചെയ്യുന്ന പെണ്ണല്ല , അഞ്ചുവർഷത്തെ പ്രണയം , ഇതിനിടയിൽ ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. നൂറു കിലോമീറ്ററിൽ കൂടുതൽ വണ്ടി ഓടിക്കണം അവളുടെ വീട്ടിലേക്കു പോകാൻ ..

അയാൾ ഓർക്കുകയായിരുന്നു , അവൾക്ക് എന്ത് സംഭവിച്ചിരിക്കും .. എന്തെങ്കിലും അപകടം , വീട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും , അങ്ങനെ എന്തെങ്കിലും ആയിരുന്നെങ്കിൽ അവൾ വിളിച്ചേനെ  വിവരം പറയാൻ .
അല്ല ഇനി ആത്മജക്ക് എന്തെങ്കിലും അസുഖം ?
ഇനി ഈ മാനസിക പിരിമുറുക്കം വയ്യാ.
നാളെ രാവിലെ തന്നെ അവളുടെ വീട്ടിലേക്കു പുറപ്പെടണം .. അച്ഛനെയും അമ്മയെയും ഒക്കെ പരിചയപ്പെട്ടിട്ടുണ്ട് . എന്നാലും അവരുടെ നമ്പർ കൈയിലില്ല. 
അവളുടെ വീട്ടിലേക്കുള്ള യാത്രയിൽ രതീന്ദ്രൻ ആലോചിക്കുകയായിരുന്നു , അവളെ ആദ്യം കണ്ട നാൾ . മോഡേൺ ആർക്കിറ്റെക്ചറിനെ കുറിച്ചുള്ള മൂന്ന് ദിവസത്തെ സെമിനാർ, ഇന്ത്യയുടെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന  രജപുത്ര രാജാക്കന്മാർ വീരചരിതമെഴുതിയ ജയ്‌പൂരിൽ വെച്ച് .

കടുംനീല ചുരിദാർ , ഇളംനീല ദുപ്പട്ട , അതിനു ചേരുന്ന വെള്ളിയാഭരണങ്ങൾ , അപ്സരസ്സുകൾ പോലും അസൂയപ്പെടുന്ന ഒരു പെൺകുട്ടി . .ആരുംകാണാതെ ആ നിമിഷം മുതൽ അവളെത്തന്നെ നോക്കിയിരുന്നു .
രണ്ടാമത്തെ ദിവസം അവളുടെ പ്രസേൻറ്റേഷൻ ഉണ്ടായിരുന്നു .
എത്ര ഭംഗിയായിട്ടാണ് , അവൾ അത് ചെയ്തത് . രജപുത്ര വാസ്തുകല - മുഗൾ, ഹിന്ദു മോഡേൺ ആർക്കിറ്റെക്ചറുമായി സംയോജിപ്പിച്ച മുവായിരം സ്കയർ ഫീറ്റിൽ ഒരു വീട്  . പുതുമയും പഴമയും ചേർന്ന നല്ലൊരു പാർപ്പിടം . എല്ലാവരും അവളെ അഭിനന്ദിച്ചപ്പോൾ താൻ മാത്രം കുറച്ചു മടിച്ചുനിന്നു.

ഉച്ചഭക്ഷണ സമയത്തു അടുത്തുപോയി പരിചയപെട്ടു . കോളേജ് ഓഫ് ആർക്കിടെക്ചർ ആൻഡ് ടൌൺ പ്ലാനിംഗ് , ഉദയ്പൂരിൽ അവസാന വർഷ വിദ്യാർത്ഥിനി . അമ്മയുടെ സ്വദേശം രാജസ്‌ഥാൻ , അച്ഛൻ പാലക്കാട്ടു നിന്നും,  നന്നായി മലയാളം പറയുന്നു . അവളുടെ അച്ഛന്റെ നാട്ടിലേക്കുള്ള യാത്രയെക്കുറിച്ചും 'ഭക്ഷണത്തെക്കുറിച്ചും  പ്രത്യേകിച്ച് ,
.പഴം പൊരിയുടെ സ്വാദിനെക്കുറിച്ചും അവൾ വാചാലയായി ..

അതൊരു തുടക്കം. മാത്രമായിരുന്നു , പിന്നെ എപ്പോഴോ അവൾ തന്നെ അവനോടു  ഇഷ്ടം വെളിപ്പെടുത്തി . ഒന്നിച്ചു പലയിടങ്ങളും യാത്രചെയ്തു . കൂടുതലും വാസ്തുസംബന്ധപ്പെട്ട യാത്രകൾ ആയിരുന്നു . അവൾ ഒരു വലിയ  ബുക്കിൽ  കുറിപ്പെഴുതി , രേഖാചിത്രം കോറിയിട്ടു , പക്ഷെ  താനോ അവളുടെ ഭംഗി ആസ്വദിച്ചു , അവളുടെ ,പലവിധത്തിലുള്ള രേഖാചിത്രങ്ങൾ മനസ്സിലും , ഡയറിയിലും വരച്ചിട്ടു, ആസ്വാദനക്കുറിപ്പെഴുതി .

ആത്മജ എപ്പോഴും  പൂത്തുനിൽക്കുന്ന ഒരു ചെടിയെ ഓർമ്മിപ്പിച്ചു. അവളുടെ ഉടലാകെ പൂക്കളുടെ സുഗന്ധം പരന്ന പ്രതീതി, ചിരിക്കുമ്പോൾ പൂക്കൾ ഇതളുകൾ പൊഴിക്കുന്നപോലെ . 

പലയാത്രകൾ ഒന്നിച്ചു ചെയ്‌തെങ്കിലും അവളുടെ കൈ വിരലിൽ കൂടി സ്പർശിക്കാൻ ധൈര്യം വന്നില്ല .
ഒരിക്കൽ അവൾ പറഞ്ഞു .
" രതീന്ദ്രനെ എനിക്ക് എന്തുകൊണ്ടാണ് ഇത്രയും ഇഷ്ടം എന്നറിയുമോ ?
നിങ്ങൾ ഒരു തറോ ജന്റിൽമാനാണ് . സാധാരണ ഈ പ്രായത്തിലുള്ള ആണുങ്ങളെപ്പോലെ അല്ല "
ചിരിച്ചതല്ലാതെ  അതിനു മറുപടി കൊടുത്തില്ല .
തൻ്റെ ധൈര്യക്കുറവുകൊണ്ടാണെന്നു പറയാൻ തോന്നിയെങ്കിലും വെറുതെ പുഞ്ചിരിച്ചു .
എന്തൊക്കെയോ ആലോചിച്ചു അവളുടെ വീട് എത്തിയത് പെട്ടെന്ന് ആയതുപോലെ  തോന്നി .
ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നതു ആത്മജ ആയിരുന്നു , മുഖം കണ്ടപ്പോൾ തന്നെ  എന്തോ കുഴപ്പം ഉള്ളതുപോലെ തോന്നി .
പെട്ടന്ന് അവൾ  രതീന്ദ്രനെ ഇറുക്കി കെട്ടിപിടിച്ചു ഉറക്കെ കരയാൻ തുടങ്ങി.
കരച്ചിലിനൊടുവിൽ അവൾ പറഞ്ഞു തുടങ്ങി 

" രതീന്ദ്രൻ , നമ്മൾ ഒരിക്കലും വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല .
എന്നാലും പറയാതെ പറഞ്ഞ നിമിഷങ്ങളിൽ   നമ്മൾ ഒന്നിച്ചു ജീവിക്കും എന്നു എനിക്ക് തോന്നിയിട്ടുണ്ട് " പക്ഷെ വീട്ടിൽ അച്ഛനും അമ്മയും എനിക്കായി പയ്യനെ അന്വേഷിക്കുന്നു . ഞാൻ എന്താണ് .പറയേണ്ടത് ?"

അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞു 
" അതെ എൻ്റെ  ആത്‌മാവിന്റെ ചെപ്പിൽ  നിന്നോടുള്ള ഇഷ്ടം , നേരിൽ പറയാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട് നമ്മുടെ രണ്ടു പേരുടെയും മാതാപിതാക്കളുടെ  ആശീർവാദത്തോടെ എനിക്ക് നിന്നെ സ്വന്തമാക്കണം "
രണ്ടു വീട്ടുകാർക്കും എതിർപ്പ് ഒന്നും ഉണ്ടായില്ല , രണ്ടു മൂന്ന് പ്രാവശ്യം രതീന്ദ്രന്റെ 'അമ്മ ആത്മജയെ കണ്ടിട്ടുണ്ട് , അന്നേ അവളെ മകളായി കിട്ടിയുരുന്നെങ്കിൽ എന്നവർ ആഗ്രഹിച്ചിരുന്നു.

 പെട്ടെന്നായിരുന്നു വിവാഹം , വളരെ അടുത്ത സുഹൃത്തുക്കളും , ബന്ധുക്കളും മാത്രം , ലളിതമായ ചടങ്ങുകളോടെ , താലികെട്ടും.

ഈ രണ്ടുപേരും എന്താണ് ഇത്രയും നാൾ ഇത് പരസ്പരം 
പറയാഞ്ഞതെന്ന് മാതാപിതാക്കൾ അത്ഭുതപ്പെട്ടു .

ഒന്നുരണ്ടു പ്രോജെക്ടസ് ചെയ്തു കൊടുക്കാനുണ്ടായിരുന്നു ആത്മജക്ക് , അത് വീട്ടിൽ നിന്നും ചെയ്യാൻ സാധിക്കും. അതു കൊണ്ടുതന്നെ അവൾ അയാൾ താമസിക്കുന്ന പട്ടണത്തിലേക്കു യാത്രയായി .
രതീന്ദ്രൻ  , ആത്മജക്കായി ഒരുക്കിയ . ചെറുതാണെങ്കിലും നല്ല ഭംഗിയുള്ള രണ്ടു . മുറി ഫ്ലാറ്റ് . 
അവർ ഒന്നിച്ചു താമസിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു , രണ്ടാഴ്ച കഴിഞ്ഞു , രതീന്ദ്രൻ , ആത്മജയെ  ഇറുക്കി പുണരുന്നത്തിനപ്പുറം  ഭാര്യ ഭർത്താവെന്ന: നിലയിൽ ഒന്നും സംഭവിച്ചില്ല. പതുക്കെ പതുക്കെ ആത്മജയുടെ ക്ഷമ നശിച്ചു തുടങ്ങി .
" നിങ്ങൾക്കു എന്നെ ശരിക്കും ഇഷ്ടമായിട്ടാണോ കല്യാണം കഴിച്ചത്?"
" എന്താ നീ അങ്ങനെ ചോദിച്ചത് , നീ എൻ്റെ പ്രാണനാണ് "
" പിന്നെയെന്താ , ചുംബനത്തിനപ്പുറം , കെട്ടിപിടിക്കുന്നതിനപ്പുറം 
നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കാത്തത് ?"
അയാൾ അതിനുത്തരം പറഞ്ഞില്ല .
പരസ്പരം അതിനെക്കുറിച്ചൊന്നും സംസാരിക്കാതെ , ഒരു മാസം അങ്ങനെ കഴിഞ്ഞു .ആത്മജ പലപ്രാവശ്യം അയാളെ ഈ കാര്യങ്ങൾ സംസാരിക്കാൻ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല .

അന്നൊരു ഞായറാഴ്ച ആത്മജ തൻ്റെ സാധനങ്ങൾ. അടുക്കിപ്പെറുക്കി , രതീന്ദ്രനോട് യാത്ര പറഞ്ഞു .
" സ്നേഹം കൊണ്ട് മാത്രം എനിക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ സാധിക്കില്ല , എനിക്ക് എല്ലാ അർത്ഥത്തിലും നിങ്ങളുടെ ഭാര്യ ആകണം , നിങ്ങളെന്താ ഇങ്ങനെ . എന്നു പോലും എന്നോട് പറയുന്നില്ല , .എനിക്ക് അറിയാവുന്ന  രതീന്ദ്രനല്ല നിങ്ങൾ "-
" ആത്മജ , നമ്മൾ വിവാഹം കഴിക്കുന്നതിനു മുൻപേ ഞാൻ ഒരിക്കലും നിന്നെ തൊട്ടിട്ടില്ല , എനിക്ക് അതിനു ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല , എന്നെക്കൊണ്ട് അങ്ങനെ ഒന്നിനും ആവില്ല . പക്ഷെ എന്നേക്കാൾ ഉപരി ഞാൻ നിന്നെ സ്നേഹിക്കുന്നു , ആരാധിക്കുന്നു . നിന്നിലേക്ക്‌ നീ ആഗ്രഹിക്കുന്നപോലെ   എത്തപ്പെടാൻ എനിക്കാവില്ല " 
" നിങ്ങൾ വിവാഹത്തിന് മുൻപേ  അങ്ങനെ പെരുമാറിയപ്പോൾ ഞാൻ കരുതി, നിങ്ങൾ നല്ല സ്വഭാവമുള്ള ഒരാളാണെന്ന്  സാധാരണ പുരുഷന്മാരെ പോലെ സ്ത്രീകളെ സമീപിക്കുന്ന ആളല്ലായെന്നു  "
അതിനുത്തരം പറയാതെ രതീന്ദ്രൻ തലകുനിച്ചിരുന്നു .
അയാൾക്ക്‌ ഉത്തരമില്ലായിരുന്നു . കാരണം അയാളിലെ പുരുഷത്വം ഒരിക്കലും ആരുടേയും മുൻപിൽ ഉണരില്ല , അവൾക്കു .ഒരിക്കലും ലൈംഗിക സംതൃപ്തി കൊടുക്കാൻ  അയാൾക്ക് സാധിക്കില്ല 
 ദാമ്പത്യത്തിന്‍റെ നെടുംതൂണുകളിലൊന്നാണ് ലൈംഗികത . എന്നയാൾക്ക്‌ അറിയാഞ്ഞിട്ടല്ല .
ഇത്രയും നാൾ  അടുത്തിഴപഴകിയിട്ടു ഇത് അറിയാതെ പോയല്ലോ എന്നവൾ ഓർത്തു .
സ്നേഹം ആയുധമാക്കി , മനസ്സിൽ ഉണ്ടാകാൻ പോകുന്ന മുറിവുകളെ , ശരീരത്തിന്റെ ആഗ്രഹങ്ങളെ വേണ്ട എന്നുവെക്കാൻ അവളിലെ പെണ്ണ് അനുവദിച്ചില്ല . എത്ര നാൾ ഇവിടെ ഇയാളുടെ കൂടെ നിൽക്കുന്നു അത്രയും നാൾ താൻ വേദനിക്കും .

രതീന്ദ്രനോട് യാത്രപോലും പറയാതെ ആത്മജ നടന്നു നീങ്ങി .

നിസ്സഹായതയോടെ , ചിതറിയമനസ്സോടെ , അവളെ വെറുക്കാനോ , മറക്കാനോ കഴിയില്ല എന്ന ചിന്തയോടെ  കണ്ണുകൾ തുടച്ചയാൾ തിരസ്കരിക്കപ്പെട്ട വേദന ഇടനെഞ്ചിൽപേറി അവൾ പോയ വഴിയിലേക്ക് കണ്ണും നട്ടിരുന്നു . 
.രതീന്ദ്രന്റെ പ്രണയം ആത്മജക്ക് മനസ്സിലായില്ല . അയാൾ എന്താണ് തന്നിൽ നിന്നും ആഗ്രഹിച്ചതെന്നും പ്രണയത്തിൽ കാമം സ്വാഭാവികമാണ്, ദാമ്പത്യത്തിലും .

ഇവിടെ അവർ പരസ്പരം പ്രണയിച്ചിരുന്നു.
ബഹുമാനിച്ചിരുന്നു..
എന്നാൽ അത്രയും പ്രധാനപ്പെട്ട മറ്റൊന്നിനെപ്പറ്റി അവർ മിണ്ടിയതേയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക