Image

നർമ്മ യാത്രാ വിവരണം - 4 : എം. ഡി. കുതിരപ്പുറം

Published on 24 February, 2024
നർമ്മ യാത്രാ വിവരണം - 4 : എം. ഡി. കുതിരപ്പുറം

ലേ ദിവസത്തെ കൊട്ടിക്കാസ്സോ കഴിഞ്ഞ് ബീറും ബർഗറും കഴിച്ച് അൻപത് യൂറോയും വാങ്ങി കീശയിലിട്ട് ഹോട്ടലിൽ തിരിച്ചെത്തുമ്പോൾ രാത്രി രണ്ടുമണി കഴിഞ്ഞിരുന്നു.

അതുകാരണം രാവിലെ എഴുന്നേൽക്കാൻ താമസിച്ചു.
തൽഫലമായി ഹോട്ടിലെ അന്നത്തെ സ്പാനിഷ്തീം ബ്രേക്ക് ഫാസ്റ്റ് മിസ്സ്‌ ആയിപ്പോയി.

രാവിലെ കഴിച്ച ബ്രേക് ഫാസ്റ്റ് ചരഞ്ഞു തുടങ്ങിയപ്പോൾ ഹോട്ടലിലെ മറ്റു ടൂറിസ്റ്റുകൾ സ്വിമ്മിംഗ് പൂളിലും ബീച്ചിലുമായി അവരുടെ ദിവസം തുടങ്ങിയിരുന്നു.

താമസിച്ചു പോയതുകൊണ്ട് കൊണ്ട്  ഒരു പതിനൊന്നു മണി ആയപ്പോൾ ഞാൻ നേരെ
പൂൾബാറിനടുത്തേയ്ക്കാണ് പോയത്.

മനോഹരമായ കുന്നുകളും, ചെറു വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും ഇടകലർന്ന Madeira ദീപിലെ Calheta
 ബീച്ച് ഹോട്ടലിന്റെ നീലനിറം നിറച്ച സ്വിമ്മിംഗ് പൂളും,
ഇന്ദ്രനീലം കലക്കിയ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അഴകുകളും പൂൾ ബാറിനടുത്തിരുന്നു ഒരുചായയും സ്നാക്സ് കഴിച്ച് അങ്ങനെ കണ്ടാസ്വദിച്ചിരിക്കുമ്പോഴാണ് അതിലെ വന്ന രണ്ട് ടൂറിസ്റ്റുകൾ
Whale Watching  നെക്കുറിച്ച് പറഞ്ഞുകൊണ്ട് പോകുന്നത് ഞാൻ കേട്ടത്.

Madeira ദീപിൽ ഞാൻ വന്നത് അവിടെ വികസനം കൊണ്ടുവരാൻ ആണെങ്കിലും, എഴുന്നള്ളത്തിന് കൊണ്ടുപോകുന്ന ആന കരിമ്പ് കണ്ടാൽ അങ്ങോട്ട് തിരിയും എന്നപോലെ
എന്റെ ശ്രദ്ധ ഇടയ്ക്ക് whale watching ലേക്ക് തിരിഞ്ഞു പോയത് സ്വാഭാവികം തന്നെ.

Whale എന്ന് കേട്ടപ്പോൾ എന്നിൽ ഉറങ്ങിക്കിടന്നിരുന്ന 
" പളനി " ഉണർന്നത് അതുകൊണ്ടാണ്.

 Madeira ൽ ചെന്നപ്പോൾ തിരതല്ലുന്ന കടലിൽ ചെന്ന്, ചെമ്മീനിലെ പളനിയെപ്പോലെ,
ഒരു Whale നെ പിടിച്ചു എന്നൊക്കെ വീമ്പിളക്കണം എന്ന് എന്നിലെ പളനിക്ക് പെരിയ ആഗ്രഹം ഉണ്ടെങ്കിലും അത് കേൾക്കുന്ന നിങ്ങൾ ആരും അത്  തെല്ലും വിശ്വസിക്കുക ഇല്ല എന്ന് ഉറപ്പ് ഉള്ളതുകൊണ്ട് ഞാൻ അത്രഅങ്ങോട്ട് പോകുന്നില്ല.

എന്നാൽ അലകടലിൽ ബോട്ടിൽ പോയി Whale ന്റെ മടയിൽ ചെന്ന് അവനെ കണ്ടു എന്ന് എനിക്ക്  നിങ്ങളോട് പറയണമെങ്കിൽ ഞാൻ ഒരു Whale watching ട്രിപ്പ് ബുക്ക്‌ ചെയ്യാതെ പറ്റില്ലല്ലോ.

എന്റെ "യൂറോപേഴ്സ് "ന്റെ കനം കുറഞ്ഞുവരികയാണെങ്കിലും "whale കാണുന്ന നാട്ടിൽ ചെന്നാൽ Whale ന്റെ നടുഭാഗം കാണണം" എന്ന പഴമൊഴി നമ്മളായിട്ട് തെറ്റിക്കാൻ പാടുണ്ടോ?

ഞാൻ ഹോട്ടലിന്റെ എതിർവശത്തുകണ്ട വേറൊണിക്ക ടൂർസ് എന്ന ടൂർ ഓപ്പറേറ്ററിന്റെ ഓഫീസിലേക്ക് ചെന്നു.

രണ്ടുവശം ഗ്ലാസ്സ് ഇട്ട ഒരു ചെറിയ ഓഫീസ്. അവിടെ ഒരുമേശ. അതിലൊരു കമ്പ്യൂട്ടർ അതിന്റെ മുൻപിൽ രണ്ടു കസേരകൾ.

ഭിത്തിയിൽ ടൂർ സംബന്ധമായി അടിച്ച  പല കളർ പിക്ചർസ്. ഒരു ചെറിയ ഷോ കേസിൽ ടൂറിന്റെ വിവിധ ലീഫ് ലെറ്റുകൾ.

ഉദ്ദേശം അറുപതു കടന്ന ഒരു സ്ത്രീ ചിരിച്ചുകൊണ്ട് ഏത് ടൂർ ആണ് വേണ്ടത് എന്നമട്ടിൽ എന്നെ എതിരെറ്റപ്പോൾ  ഭിത്തിയിലെ Whale Watching നെ ക്കുറിച്ചുള്ള കളർ പടം എന്റെ കണ്ണിൽ പെട്ടു.

ഹലോ, മാം ഈ Whale Watching നെ ക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?
 ഉത്സാഹഭരിതനായി ഞാൻ  അവരോട് ചോദിച്ചു.

അവർ ഉടനെ ഒരു ചെറിയ ലീഫ് ലെറ്റ് കയ്യിലെടുത്തു,ഷുർ എന്ന് പറഞ്ഞുകൊണ്ട് എന്റെ അടുത്തുവന്ന് എന്നോട് വളരെ നന്നായി കാര്യങ്ങൾ
വിവരിച്ചു തുടങ്ങി.

എന്നും ഉച്ചകഴിഞ്ഞു 2 മണിക്ക് പതിനഞ്ചു പേർക്ക് ഇരിക്കാവുന്ന ഒരു ബോട്ടിൽ ആണ്  നമ്മൾ കടലിലേയ്ക്ക് പോകുന്നത്.

ഒരുമണിക്കൂർ നേരത്തെ ബോട്ട് യാത്ര കൊണ്ട് ആഴക്കടലിൽ എത്തുമ്പോൾ Whale നെ കാണാം.
ചിലപ്പോൾ അവ ഒന്നിലധികം ഉണ്ടാകും. വലിയ ഫൌണ്ടേഷൻ പോലെ ജലം മുകളിലേക്ക് ചീറ്റികൊണ്ട് കുറച്ചു മുങ്ങിയും പിന്നെ ജലനിരപ്പിൽ പൊങ്ങിയും അവർ ഉല്ലസ്സിക്കുന്നത് കാണാൻ എന്തൊരു ചേലാണ്.
എന്നാൽ മറ്റുചിലപ്പോൾ Whale ന്റെ മുതുകിലെ Fins മാത്രമേ നമുക്ക് കാണാൻ കിട്ടത്തുള്ളൂ.

ജല ജീവികളല്ലേ, അവ നമ്മുടെ കൺട്രോളിൽ അല്ലാത്തതുകൊണ്ട്
അവ എങ്ങിനെയാണ് നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് പറയാനാവില്ല.
You know what I mean.

അവർ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ചോദിച്ചു. അപ്പോൾ എത്രയാണ് ഇതിനുള്ള ചാർജ്?

അത് വെറും 58 യൂറോ യേ ഉള്ളു    സാർ.

ഏതായാലും ഇറങ്ങി തിരിച്ചില്ലേ, ഇനി Whale Watching ന് പോയിട്ട് തന്നെ. കൂട്ടത്തിൽ ആഴക്കടലിൽ  വല്ല വികസനത്തിനും
സാധ്യതയുണ്ടോ എന്ന് നോക്കുകയുമാകാം.

ഞാൻ  അവർ പറഞ്ഞ 58
"വെറും യൂറോ" കൊടുത്ത് അന്നത്തേയ്ക്കുള്ള ഒരു ടിക്കറ്റ് വാങ്ങി.
ഇംഗ്ലണ്ടിലേ "പ്രിൻസ് ഓഫ് വെയിൽസ് "ന്റെ നാട്ടിൽ നിന്നും ഞാൻ അറ്റ്ലാന്റിക്കിൽ
"ഫിൻസ് ഓഫ് വെയിൽസ്" കാണാൻ പോകുകയാണ്.

അതും കൊണ്ട്  ടിക്കറ്റുമായി 
ഉച്ചകഴിഞ്ഞു 2മണിയോടെ അവർ പറഞ്ഞ അടയാള പ്രകാരം അടുത്തുള്ള ബോട്ട് ജെട്ടിയിൽ എത്തി.
അവിടെ കിടന്ന ചെറുതും വലുതുമായ ധാരാളം ഉല്ലാസനൗകകൾ ചിറ്റോളത്തിൽ  ആരെയൊക്കെയോ കാത്ത് ആടിയാടി കളിക്കുന്നുണ്ട്.
അതിനടുത്തു ഞങ്ങൾക്ക് പോകാനുള്ള ബോട്ടും കിടപ്പുണ്ട്.

രണ്ട് ആഫ്രിക്കക്കാരും ബാക്കി എവിടുന്നൊക്കെയോ വന്ന ചില വെള്ളക്കാരും ഞാനും കൂടി ആകെ പന്ത്രണ്ടുപേരുണ്ട് ഭീമൻ മത്സ്യത്തെ കാണാനുള്ള ബോട്ട് ട്രിപ്പിന്.

ആഫ്രിക്ക ക്കാരുടെ  ആൾവലിപ്പം കണ്ടപ്പോൾ അവർക്ക് ഓരോരുത്തർക്കും ഡബിൾ ചാർജ്ജും  അതുകൊണ്ട് തന്നെ എനിക്ക്
ഹാഫ് ചാർജ് ഉം ഈടാക്കുന്നതാണ്  തികച്ചും ന്യായം എന്ന് തോന്നി എങ്കിലും തടി കേടാകേണ്ട എന്ന് കരുതി ഞാൻ മിണ്ടാൻ പോയില്ല.

ബോട്ടിന്റെ സ്രാങ്ക് പല ഭാഷ സംസാരിക്കുന്ന ഞങ്ങളെ ഇംഗ്ലീഷ് എന്ന ഒരുഭാഷയിൽ കൂടി ബോട്ടിൽ കയറ്റി.
ബോട്ട് സ്റ്റാർട്ട്‌ ചെയ്തപ്പോഴേയ്ക്കും
Whale കാണാൻ ഇറങ്ങിയ ഞങ്ങളിൽ ചിലരുടെ എക്സൈറ്റ് മെന്റ് കണ്ടാൽ ഇപ്പോൾ തന്നെ Whale നെ കണ്ടപോലെയായി.

എന്തു കണ്ടിട്ടാണെന്നറിയത്തില്ല, അറ്റെലാന്റിക്കിലെ നീലജലം തിമിർപ്പോടെ തുള്ളി കളിച്ചുകൊണ്ടിരിക്കുകയാണ്.

അതിന് മുകളിൽക്കൂടി വെള്ളത്തിൽ ഒതളങ്ങ പോലെ ഞങ്ങളുടെ ബോട്ട് നടുക്കടലിലേയ്ക്ക് മെല്ലെ കുതിക്കുമ്പോൾ ബോട്ടിൽ നിന്നും ഒരു നേർത്ത വെസ്റ്റേൺ മ്യൂസിക് ഒഴുകിക്കൊണ്ടിരുന്നു.
എന്നിലെ ചെമ്പൻകുഞ്ഞിന് അത് ചെമ്മീനിലെ ഏതോ പാട്ട് പോലെ ആണ് അനുഭവപ്പെട്ടത്.

ബോട്ടിൽ എന്റെ അടുത്തിരുന്ന ഒരു സായിപ്പ്  ചിരിച്ചുകൊണ്ട് എന്നെ പരിചയപ്പെട്ടു.
അയാൾ ഫ്രാൻ‌സിൽ നിന്നാണെന്നും എല്ലാ വർഷവും Madeira ൽ Whale Watching ന് വരുന്ന ആളാണെന്നും ആ ഹ്യൂജ് ആനിമൽ നെ കാണുന്നത് ഒരു മഹാ നിർവൃതി ആണെന്നും എന്നോട് പറഞ്ഞു.

അലകടലിലെ ബോട്ട്  യാത്ര അരമണിക്കൂർ കഴിഞ്ഞപ്പോൾ മ്യൂസിക് നിർത്തിയിട്ടു ബോട്ട് സ്ലോ ചെയ്ത് ഡ്രൈവർ പറഞ്ഞു.
ഇനിയങ്ങോട്ട് എല്ലാവരും
ബോട്ടിന്റെ  വലതു ഭാഗത്തേയ്ക്ക് നോക്കി ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരിക്കുക. Whales  ഇനി എപ്പോഴാണ് പ്രത്യക്ഷപ്പെടുന്നത് എന്ന് പറയാനാവില്ല.

"ഗയ്‌സ്,ദി മൊമെന്റ് ഓഫ് ത്രൂത് ഈസ്‌ ഓൾമോസ്‌റ്റ് ഹിയർ."

ഇതുകേട്ട ഞങ്ങൾ എല്ലാവരും കയ്യിൽ ഉണ്ടായിരുന്ന "എണ്ണയും ഒഴിച്ച് കണ്ണുകൾ "അങ്ങോട്ട് ഫോക്കസ് ചെയ്ത് കാത്തിരുന്നു.

അര മണിക്കൂറോളം കഴിഞ്ഞു.
ഒന്നും സംഭവിച്ചില്ല. "ഇപ്പോൾ ശരിയാക്കാം " എന്ന് കുതിരവട്ടം പപ്പുവിന്റെ ബന്ധക്കാരൻ എന്ന് തോന്നിച്ച ബോട്ട് ഡ്രൈവർ ഞങ്ങളോട് വീണ്ടും വീണ്ടും  പറഞ്ഞുകൊണ്ടിരുന്നു.

Whale ന്റെ ഒരു fin പോയിട്ട് ഒരു പൊടിമീനിനെ എങ്കിലും കണ്ടാൽ മതിയായിരുന്നു എന്ന് വിചാരിച്ചു വിഷണ്ണനായിരുന്നപ്പോൾ പെട്ടെന്ന് ഒരു ബഹളം.

ഡ്രൈവറും ബോട്ടിൽ ഉണ്ടായിരുന്ന രണ്ടാളും കൂടി ദൂരെ കടൽ തിരമാലകളില്ലേയ്ക്ക് ചൂണ്ടിക്കൊണ്ട് " അതേ പോകുന്നു, അതേ പോകുന്നു  കണ്ടോളൂ,എന്ന് വിളിച്ചുകൂകി.

ഇതുകേട്ട ഞങ്ങൾ മറ്റുള്ളവർ ഉദ്വേഗത്തോടെ അവർ വിരൽ ചൂണ്ടുന്ന ഭാഗത്തേയ്ക്ക് നോക്കി.
ഞാൻ അവിടെ തിരമാല അല്ലാതെ ഒന്നും കണ്ടില്ല.
എന്റെ അടുത്തിരുന്നവരോട് ഞാൻ ചോദിച്ചു നിങ്ങൾ എന്തെങ്കിലും കണ്ടോ?
ആദ്യം അവർ പറഞ്ഞു, ഇല്ല ഒന്നും കാണുന്നില്ല.

വീണ്ടും ലുക്ക്‌, ലുക്ക്‌ അതേപോകുന്നു, അതേ പോകുന്നു, രണ്ടെണ്ണം, എന്നിങ്ങനെ ഡ്രൈവറും മറ്റു രണ്ടാളും അലറിക്കൊണ്ടിരുന്നപ്പോൾ
ബാക്കി എല്ലാവരും അവരോടൊപ്പം കൂടി  "ഓ ഗോഡ്,
അതേ കാണുന്നു "Fins of Whales ",
Fins of Whales. എന്ന് അലച്ചു കൊണ്ടിരുന്നു.
പക്ഷെ, എത്ര നോക്കിയിട്ടും ഞാൻ മാത്രം Whale ന്റെ ഒരു പൂട പോലും  അവിടെ കണ്ടില്ല.

 കുറച്ച് കഴിഞ്ഞു ബോട്ട്,യാത്രക്കാരോടൊപ്പം ഞങ്ങൾ വിജയ ശ്രീ ലാളിതരെപ്പോലെ കരയിലേക്ക് മടങ്ങി.
"Whale പോയ അണ്ണാനെപ്പോലെ "
ഹോട്ടൽ ലേക്ക് നടക്കുമ്പോൾ ബോട്ടിൽ കൂടെ ഉണ്ടായിരുന്ന രണ്ടുപേരോട് ഞാൻ ചോദിച്ചു.
നിങ്ങൾ  Fins of Whales ശരിക്കും കണ്ടോരുന്നോ?

അന്നേരം അവര് പറയുവല്ലേ,
ഇല്ല എന്ന്!!
ഞാൻ ചോദിച്ചു പിന്നെ എന്തിനാ   നേരത്തെ ബോട്ടിൽ ഇരുന്ന് കണ്ടു, കണ്ടു എന്ന് എന്ന് അവരോട് പറഞ്ഞത്?

"ഓ, ബോട്ട് കാര് അത്രയും കാര്യമായിട്ട് അതേ പോകുന്നു Whale, അതേ പോകുന്നു Whale എന്ന് വീണ്ടും വീണ്ടും പറയുമ്പോൾ നമ്മൾ മാത്രം കണ്ടില്ല എന്ന് പറയുന്നത് മോശമല്ലേ?"

എങ്ങനെയുണ്ട് അവരുടെ ഈ ഉത്തരം?

ഇപ്പോൾ എനിക്ക് തോന്നി, ബോട്ടിൽ ഉണ്ടായിരുന്ന നാലുപേരെങ്കിലും ബോട്ടിങ് കാരുടെ സെറ്റപ്പ് ആയിരുന്നെന്നു. Whale നെ "അതാ കാണുന്നു "എന്ന് നാലുപേര് ശക്തമായി പറഞ്ഞുകൊണ്ടിരുന്നാൽ ബാക്കി കാണാത്തവരും കണ്ടു, കണ്ടു,എന്ന് പറഞ്ഞു പോകും, അതായിരിക്കും സ്ട്രടെജി.

പണ്ട്  തേക്കടി താടാകത്തിൽ ബോട്ടിൽ വൈൽഡ് അനിമൽസ് നെ കാണിക്കാൻ കൊണ്ടുപോയപ്പോൾ  ദൂരെ തടാകക്കരയിൽ ഒരു ബുഷ് അനങ്ങിയപ്പോൾ ബോട്ട് ജീവനക്കാർ പറഞ്ഞതാണ് ഇപ്പോൾ എനിക്ക് ഓർമ്മ വന്നത്.

" അതാ ആ കുറ്റിച്ചെടി അനങ്ങുന്ന കണ്ടോ?"
"അതിന്റെ പുറകിലുണ്ട്, കടുവയും ആനയും കാട്ടുപോത്തും."

ഇവരുടെ whale watching ന്റെ ടെക്നോളജിയും ഇനിയും വികസനം കണ്ടിട്ടില്ലല്ലോ എന്ന് ഞാൻ
പരിതപിച്ചു.

തുടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക