കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ലീഡര്‍ കെ കരുണാകരനെയും സി.പി.ഐയുടെ പി.കെ വാസുദേവന്‍ നായരെയും ഇരു കൈകളും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിനുള്ളത്. എക്കാലത്തേയും മികച്ച നയതന്ത്ര വിദഗ്ധനും ഇന്ത്യ കണ്ട കരുത്തനായ പ്രതിരോധമന്ത്രിയുമായ വി.കെ കൃഷ്ണമേനോന്‍ എന്ന അതികായനെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയില്‍ വാരിപ്പുണര്‍ന്നിട്ടുണ്ട് തിരുവനന്തപുരം മണ്ഡലം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും തലപ്പൊക്കമുള്ള നേതാവായ എം.എന്‍ ഗോവിന്ദന്‍ നായരെ വിജയിപ്പിക്കുകയും തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയും ചെയ്ത പാരമ്പര്യവുമുണ്ട് തിരുവനന്തപുരത്തിന്. വമ്പന്മാര്‍ക്ക് കാലിടറിയ ഈ മണ്ഡലത്തില്‍ താരതമ്യേന അപ്രശസ്തനായി വന്ന കോണ്‍ഗ്രസ് നേതാവ് എ ചാള്‍സിനും ഇടം കിട്ടി. തുടര്‍ച്ചയായി മൂന്ന് ജയം നേടി ഹാട്രിക് തികച്ച ചാള്‍സിന് പക്ഷേ നാലാമങ്കത്തില്‍ കാലിടറി.
മലയാളത്തിന്റെ വിശ്വ പൗരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശശി തരൂരിനും ഹാട്രിക് സമ്മാനിച്ച ഈ മണ്ഡലത്തില്‍ മഹാത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നാലാമൂഴം തേടി കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുന്നത് ശശി തരൂരല്ലാതെ മറ്റാരുമാകാനിടയില്ല. അദ്ദേഹം തുടര്‍ച്ചയായി നാലാം വിജയം നേടിയാല്‍ അത് തിരുവനന്തപുരം മണ്ഡലത്തിന്റെ സര്‍വ്വകാല റെക്കോഡ് ആയിരിക്കും. ഇടതുമുന്നണി സ്ഥാര്‍ത്ഥിയായി സി.പി.ഐ കളത്തിലിറക്കുന്നത് ഇവിടുത്തെ മുന്‍ എം.പി ആയിരുന്ന പന്ന്യന്‍ രവീന്ദ്രനെയാണ്. പക്ഷേ, കേരളത്തിന്റെ തലസ്ഥാനം പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബി.ജെ.പി തിരുവനന്തപുരത്തിനായി കരുതി വച്ചിരിക്കുന്ന സര്‍പ്രൈസ് സ്ഥാനാര്‍ഥി ആരെന്ന് ഉറ്റു നോക്കുകയാണ് വോട്ടര്‍മാര്‍.
2009-ലാണ് സാക്ഷാല്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് എത്തുന്നത്. പലരും തരൂരിന്റെ തോല്‍വി പ്രവചിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. അന്ന് രാഷ്ട്രീയത്തിലിറങ്ങിയ തരൂരിനെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സുകാര്‍ സ്വീകരിച്ചത് കോലം കത്തിച്ചും എതിര്‍ത്തുള്ള മുദ്രാവാക്യം വിളിച്ചുമായിരുന്നു. എന്നാല്‍ വിമര്‍ശകരെയടക്കം കൂടെ നിര്‍ത്തി മൂന്ന് തിരഞ്ഞെടുപ്പുകളില്‍ തരൂര്‍ മാജിക് കണ്ടു. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ്. പക്ഷേ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് 1,00,025 വോട്ടുകള്‍ക്ക് സി.പി.ഐയിലെ പി രാമചന്ദ്രന്‍നായരെ ശശി തരൂര്‍ തോല്‍പ്പിച്ച് തിരുവനന്തപുരത്തിന്റെ പ്രതിനിധിയായി.
2014-ലും 2019-ലും വിജയം ആവര്‍ത്തിച്ച തരൂര്‍ നാലാമങ്കത്തിന് തയ്യാറെടുക്കുകയാണ്. 2014-ലും 2019-ലും ബി.ജെ.പി സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചാണ് തരൂര്‍ വിജയിച്ചത്. 2014-ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി രാജഗോപാല്‍ 2,82,336 വോട്ട് നേടി. തരൂര്‍ രാജഗോപാലിനെ പരാജയപ്പെടുത്തിയത് കേവലം 15,470 വോട്ടുകള്‍ക്ക്. 2019-ല്‍ ശശി തരൂരും ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും തമ്മിലായിരുന്നു പ്രധാന മത്സരം. എന്നാല്‍ കാര്യങ്ങള്‍ ഇത്തവണ തരൂരിന് അത്ര അനുകൂലമല്ല. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഘട്ടത്തില്‍ ഹൈക്കമാന്‍ഡിനെയും കെ.പി.സി.സിയെയും ഒരുപോലെ വെല്ലുവിളിച്ച തരൂര്‍ നേതാക്കള്‍ക്ക് അനഭിമതനാണ്.
എല്‍.ഡി.എഫില്‍ തിരുവനന്തപുരം സി.പി.ഐ സ്ഥാനാര്‍ത്ഥിക്കുള്ളതാണ്. കഴിഞ്ഞ തവണ സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ മൂന്നാം സ്ഥാനത്തായിപ്പോയി. 2014-ല്‍ സി.പി.ഐയുടെ ബെന്നറ്റ് എബ്രാമിനും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഇക്കുറി സി.പി.ഐയുടെ സംസ്ഥാന മുന്‍ സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ പന്ന്യന്‍ രവീന്ദനാണ് ഗോദയിലിറങ്ങുന്നത്. ഏറ്റവുമൊടുവില്‍ ഇടതു മുന്നണി തിരുവനന്തപുരത്ത് വിജയിച്ചതും അദ്ദേഹത്തിലൂടെയായിരുന്നു. തിരുവനന്തപുരത്തിന്റെ എം.പിയായിരുന്ന പി.കെ വാസുദേവന്‍നായരുടെ നിര്യാണത്തെത്തുടര്‍ന്ന് പന്ന്യന്‍ 2005 നവംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പതിനാലാം ലോക്സഭാംഗമായി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തില്‍ മത്സരിച്ചുവെങ്കിലും സിറ്റിംഗ് എം.എല്‍.എയും കോണ്‍ഗ്രസ്(ഐ) സ്ഥാനാര്‍ത്ഥിയുമായ വി.ഡി സതീശനോട് പരാജയപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ കക്കാട്ട് പന്ന്യന്‍ വീട്ടില്‍ രാമന്റെയും യശോദയുടെയും മകനായി 1945-ല്‍ ജനനം. കക്കാട് കോര്‍ജാന്‍ യു.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോള്‍ തന്നെ ബീഡി തൊഴിലില്‍ ഏര്‍പ്പെട്ടു. പതിനഞ്ചാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1965-ല്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ നടന്ന ബാങ്ക് ദേശസാല്‍ക്കരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തു ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1979 മുതല്‍ 1982 വരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. 'തൊഴില്‍ അല്ലെങ്കില്‍ ജയില്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി. 1982 മുതല്‍ 1986 വരെ സി.പി.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. പാര്‍ലമെന്ററി രംഗത്തേക്കുള്ള പന്ന്യന്റെ അരങ്ങേറ്റം 1989-ലെ ആദ്യ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലൂടെയായിരുന്നു.
തിരുവനന്തപുരത്ത് ആരായിരിക്കും ബി.ജെ.പി സ്ഥാനാര്‍ഥിയെന്നത് സസ്പെന്‍സാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും 3.16 ലക്ഷം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുഖമായ കുമ്മനം രാജശേഖരനാണ് അത്രയും വോട്ട് ലഭിച്ചത് എന്നതും ശ്രദ്ധേയം. ഈയൊരു സാഹചര്യത്തിലാണ് 2024-ലെ തെരഞ്ഞെടുപ്പിനുള്ള തന്ത്രം മെനയാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് പുറമേ നടി ശോഭനയുടെയും നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെയും ഒക്കെ പേരുകള്‍ പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. ശോഭനയുമായി സുരേഷ് ഗോപി വഴി ചര്‍ച്ച നടന്നെന്നാണ് ലഭ്യമായ വിവരം. ഇതിനോട് ശോഭന ഏത് രീതിയില്‍ പ്രതികരിച്ചെന്നുള്ള വിവരം പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചതു കാരണമുള്ള കോണ്‍ഗ്രസ് തരംഗത്തിലും ബി.ജെ.പിക്ക് മൂന്ന് ലക്ഷത്തിനുമേല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞതു തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നു മാത്രമായിരുന്നു. കുമ്മനം രാജശേഖരന് മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ ലഭിക്കാമെങ്കില്‍, തിരുവനന്തപുരത്ത് വേരുകളുള്ളതും സമുദായ സമവാക്യങ്ങള്‍ക്ക് ഇണങ്ങുന്നതും സര്‍വോപരി രാഷ്ട്രീയ അയത്തമില്ലാത്തതുമായ ശോഭനയെ പോലെയുള്ള ഒരു പൊതു സ്വതന്ത്ര സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചാല്‍ ഒരു ഭാഗം നിഷ്പക്ഷ വോട്ടുകള്‍ കൂടി സമാഹരിക്കാമെന്നും ഇതിലൂടെ ജയം നേടിയെടുക്കാന്‍ സാധിച്ചേക്കാം എന്നുമാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്. തൃശൂരില്‍ കഴിഞ്ഞ ജനുവരി മൂന്നാംതീയതി ബി.ജെ.പി സംഘടിപ്പിച്ച മഹിളാ സംഗമമായ 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പരിപാടിയില്‍ മോദിയോടൊപ്പം ശോഭന വേദിപങ്കിട്ടിരുന്നു. ഇതോടെ ശോഭന ബി.ജെ.പിയിലേക്കെന്ന അഭ്യൂഹമുയര്‍ന്നു.
വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു. 'ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം' എന്നെഴുതി മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ ശേഭന സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. അതേസമയം ബി.ജെ.പി സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തതിന് ശോഭനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വരുന്ന 27ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ കോവളം ഒഴിച്ച് ബാക്കി മണ്ഡലങ്ങളെല്ലാം ഇടതു മുന്നണി തൂത്തുവാരി.
1952-ല്‍ ആനി മസ്‌ക്രീന്‍ (സ്വതന്ത്ര സ്ഥാനാര്‍ഥി), 1957-ല്‍ ഈശ്വര അയ്യര്‍ (സ്വതന്ത്രന്‍), 1962-ല്‍ പി.എസ് നടരാജപിള്ള (സ്വതന്ത്രന്‍), 1967-ല്‍ പി വിശ്വംഭരന്‍ (സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി), 1971-ല്‍ വി.കെ കൃഷ്ണമേനോന്‍ (സ്വതന്ത്രന്‍), 1977-ല്‍ എം എന്‍ ഗോവിന്ദന്‍ നായര്‍ (സി.പി.ഐ), 1980-ല്‍ എ നീലലോഹിതദാസന്‍ നാടാര്‍ (കോണ്‍ഗ്രസ്), 1984-ല്‍ എ ചാള്‍സ് (കോണ്‍ഗ്രസ്), 1989-ല്‍ എ ചാള്‍സ് (കോണ്‍ഗ്രസ്), 1991-ല്‍ എ ചാള്‍സ് (കോണ്‍ഗ്രസ്), 1996-ല്‍ കെ.വി സുരേന്ദ്രനനാഥ് (സി.പി.ഐ), 1998-ല്‍ കെ കരുണാകരന്‍ (കോണ്‍ഗ്രസ്), 1999-ല്‍ വി.എസ് ശിവകുമാര്‍ (കോണ്‍ഗ്രസ്), 2004-ല്‍ പി.കെ വാസുദേവന്‍ നായര്‍ സി.പി.ഐ), 2005-ല്‍ പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ), 2009-ല്‍ ശശി തരൂര്‍ (കോണ്‍ഗ്രസ്), 2014-ല്‍ ശശി തരൂര്‍ (കോണ്‍ഗ്രസ്), 2019-ല്‍ ശശി തരൂര്‍ (കോണ്‍ഗ്രസ്) എന്നിവരാണ് തിരുവനന്തപുരത്തിന്റെ ലോക് സഭാ പ്രതിനിധികളായവര്‍.