Image

ആത്മാവിനെ കൊല്ലുമ്പോൾ (കഥ: വിശാഖ് കടമ്പാട്ട്)

Published on 24 February, 2024
ആത്മാവിനെ കൊല്ലുമ്പോൾ (കഥ: വിശാഖ് കടമ്പാട്ട്)

ആ ക്യാമറാക്കണ്ണുകൾ തന്റെ നേർക്ക് തുറിച്ച് നോക്കി നിൽക്കുന്നു. നിരവധി മനുഷ്യർ തന്റെ വാചകങ്ങൾക്കായി കാതോർത്തിരിക്കുന്നു. തന്റെ ഉള്ളിലിരുന്ന് ആരോ എന്തൊക്കെയോ വിളിച്ചു പറയാൻ കൊതിക്കുന്നു. ആ സ്വപ്നത്തിൽ നിന്നും അവൻ ഞെട്ടിയുണർന്നു. തലേ ദിവസം കുത്തിക്കുറിച്ച പേപ്പറുകൾ അവന്റെ അരികിൽ തന്നെ കിടപ്പുണ്ട്. അവൻ ക്ലോക്കിലേക്ക് നോക്കി. സമയം എട്ടുമണി ആയിരിക്കുന്നു. എന്നത്തേയും പോലെയല്ല വെയിൽ നേരത്തെ തന്നെ ഭൂമിയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. അതുപോലെ ആ നഗരത്തെ ഭ്രാന്ത് പിടിപ്പിക്കും വിധം തിരക്കും അതിക്രമിച്ചിരിക്കുകയാണ്.

തിരക്കേറിയ നഗരവീഥിയിലൂടെ തോളിൽ ഒരു വലിയ ബാഗും തൂക്കി നടന്നു നീങ്ങുമ്പോൾ അവന്റെ ഉള്ളിൽ പല ചിന്തകളും അലയടിക്കുന്നുണ്ടായിരുന്നു. തീ പൊള്ളുന്ന ചൂടിനെയും അവഗണിച്ചു കൊണ്ടാണ് അവന്റെ നടത്തം.                                                   
`ഇന്നത്തെ തന്റെ ടാസ്ക് കഴിഞ്ഞിട്ടില്ല´.നടത്തത്തിനിടയിൽ അവൻ വാച്ചിലേക്ക് നോക്കി.
         
`എത്ര വേഗത്തിലാണ് സമയം പോകുന്നത്´. റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളെക്കാൾ വേഗത്തിലാണ് വാച്ചിലെ സൂചി ചലിക്കുന്നത്.
         
`തനിക്ക് സമയത്തെയും തോൽപ്പിച്ചേ പറ്റൂ´.ഓരോ സെക്കന്റ്‌ പിന്നിടുമ്പോഴും അവനും നടന്നു നീങ്ങുന്നുണ്ടായിരുന്നു.
         
`തനിക്കിനി നിരവധി വീടുകൾ കയറി ഇറങ്ങേണ്ടിയിരിക്കുന്നു. ഇനിയും തനിക്ക് ആരുടെയൊക്കെ അവഗണനകൾ നേരിടേണ്ടി വരും. എല്ലാം ഒരു മൂകനെപ്പോലെ കേൾക്കാൻ വിധിക്കപ്പെട്ടവനാണ് താൻ´
           
കാണാൻ സുമുകനും സുന്ദരനുമായ ഒരു ചെറുപ്പക്കാരൻ. വളരെയധികം വൃത്തിയുള്ള വസ്ത്രമാണ് അവന്റേത്. കണ്ടാൽ ഒരു ഉദ്യോഗസ്ഥനെപ്പോലെ തന്നെ. ഷർട്ടും പാന്റ്സും ഷൂസുമൊക്കെയാണ് ധരിച്ചിരിക്കുന്നത്. ആ വേഷം അവന്റെ ശരീരത്തിന് നന്നായി ഇണങ്ങുന്നുണ്ട്. എന്നാൽ മനസ്സിന് പാകമാകുമോ എന്നത് സംശയം തന്നെ. എന്തായാലും കാണുന്നവർ യാതൊരു കുറ്റവും പറയില്ല. ഇതുപോലെ ഇനിയും രണ്ട് ജോഡികൾ കൂടെയുണ്ട്. ഒരുപാട് നാളുകൾ കൂടി ഈ നഗരത്തിൽ ജീവിക്കാൻ അവ തന്നെ ധാരാളം. ഇത്രയും മാന്യനായ ഒരാളെ ആളുകൾ ഒഴിവാക്കി വിടുന്നത് അത്ഭുതം തന്നെ. ഈ ഒഴിവാക്കലുകൾ അവന്റെ ജീവിതത്തിൽ അനുദിനം സംഭവിക്കുന്ന കാര്യം തന്നെയാണ്. അതിൽ വലിയ പുതുമയൊന്നും ചിന്തിക്കേണ്ടതേയില്ല.
         
`ദിവസന്തോറും ബാഗും തൂക്കിയിറങ്ങുന്ന സെയിൽസ്മാന്മാർക്ക് ഇതൊന്നും പുത്തരിയല്ല. കച്ചവടരംഗത്ത് ഇത് പതിവ് കാഴ്ചയാണ്. ചില അവഗണനകൾക്ക് നേരെ കണ്ണടച്ചാൽ മാത്രമേ ജീവിതം മുന്നോട്ട് പോകൂ. എന്നാൽ തനിക്ക് ഈ അപമാനങ്ങൾ നേരിടാൻ വേണ്ടത്ര ശക്തിയില്ല. ഈ ജോലി കൊണ്ട് ആകെയുള്ള നേട്ടം തന്നെ നിരന്തരം ആക്രമിച്ചിരുന്ന നാട്ടുകാരെന്ന് വിളിപ്പേരുള്ള അസൂയാലുക്കൾക്ക് നൽകാൻ ഒരു മറുപടി ലഭിച്ചു. തൊഴിലില്ലായ്മയിൽ നിന്നും താൻ മോചിതൻ ആയതോടെ തന്നെപ്പറ്റി പറയാൻ പുതിയ കുറ്റങ്ങൾ കണ്ടെത്തുന്ന തിരക്കിലാണ് ഈ നാട്ടുകാർ.
          
വികസനം എന്തെന്ന് പോലും അറിയാത്ത ഒരു ഗ്രാമത്തിലാണ് തന്റെ ജനനം. അവിടെ ആകെയുള്ളത് ഒരു സർക്കാർ സ്കൂൾ മാത്രം. ആ സ്കൂളിന്റെ പടി ചവട്ടിയവർ അപൂർവം. ഇപ്പോഴും സ്കൂളിൽ കുട്ടികൾ കുറവാണ്. പഠിക്കാൻ താല്പര്യം ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പിള്ളേർ. പത്താം ക്ലാസ്സ്‌ കടന്നു കൂടിയവർ ചുരുക്കം മാത്രം. സ്കൂൾ കാലഘട്ടം കഴിഞ്ഞാൽ തുടർ പഠനത്തിന് നഗരത്തിൽ പോകണം. ആര് പോകാൻ. ഉള്ളത് കൊണ്ട് കഞ്ഞികുടിച്ച് അവിടെ കഴിയാനാണ് എല്ലാവർക്കും ആഗ്രഹം. അല്ലെങ്കിൽ തന്നെ നഗരത്തിൽ എത്തേണ്ടത് എങ്ങനെയാണ്. ആകെയുള്ള ഒരു ബസ് രാവിലെയും വൈകിട്ടും മാത്രമേ ഉള്ളൂ. ഏതാനും ചിലർ മാത്രം അതിൽ യാത്രയും ചെയ്യുന്നുണ്ട്. അല്ലാത്തവർ അവിടെ തന്നെ വേരോടി ജീവിക്കുന്നു. അതിലെ ചിലർക്കാണ് താൻ പറഞ്ഞ ഈ വിനോദം ഉള്ളത്. മറ്റുള്ളവരുടെ ജീവിതത്തിൽ എത്തിനോക്കാനുള്ള താല്പര്യം. അവരെയും കുറ്റം പറയാൻ പറ്റില്ല. അവർക്കും ആനന്ദിക്കാൻ എന്തെങ്കിലും വേണ്ടേ.
         
തന്റെ ഗ്രാമത്തിലെ ഇത്തരം ദുർജനങ്ങൾക്ക് ഈ നഗരത്തിന്റെ വ്യാപ്തിയൊന്നും മനസ്സിലാക്കാനുള്ള ബോധമില്ല. ഇപ്പോൾ അവർക്ക് മുന്നിൽ താനൊരു സെയിൽസ് എക്സിക്യൂട്ടീവാണ്. പലർക്കും ഇത് എന്താണെന്ന് പോലും അറിയില്ല. കളക്ടർ ഉദ്യോഗത്തേക്കാൾ എന്തോ വലിയ ഉദ്യോഗമാണെന്നാണ് ആ സദാചാരവീരന്മാർ കരുതുന്നത്. സുന്ദരമായ വേഷമണിഞ്ഞ താൻ അവർക്കേതോ വലിയ ഏമാനാണ്. അവരുടെ നിഗമനങ്ങൾ തെറ്റിക്കാതിരിക്കുന്നതാണ് ബുദ്ധി. ഒരു മനുഷ്യജീവി എന്ന നിലയിൽ നാം സമൂഹത്തെ കുറച്ചൊക്കെ ഭയപ്പെട്ടെ പറ്റൂ. സമൂഹത്തിന്റെ ചിന്താഗതിയെ നാം അവഗണിക്കണം എന്ന സ്വതന്ത്ര ചിന്തകരുടെ വാക്കുകൾ നൽകുന്ന ഊർജം എന്നും നിലനിൽക്കില്ല. എല്ലാവരും ഈ സാമൂഹിക ചുറ്റുപാടിൽ ബന്ധിക്കപ്പെട്ടവരാണ്. ഒരാളുടെ ജീവിതത്തെ നിയന്ത്രിക്കാനുള്ള ശക്തി ഈ സമൂഹത്തിലെ മനുഷ്യാത്മാക്കൾക്കുണ്ട്.
      
സ്വന്തം ജോലിയിൽ അഭിമാനം കൊള്ളുന്നവർ ഉണ്ടായിരിക്കും. എന്നാൽ അഭിമാനപൂർവ്വം നിലകൊള്ളാൻ വേണ്ടി നിരന്തരം ആഗ്രഹിച്ച ജോലി... അല്ല ജീവിതം കിട്ടാത്തവർ എന്താണ് ചെയ്യേണ്ടത്. ആഗ്രഹിച്ചത് കിട്ടാതെ കിട്ടിയതിനാൽ തൃപ്തിപ്പെടുക എന്നത് അത്ര എളുപ്പമല്ല. ഈ കോലം കെട്ടാൻ തുടങ്ങിയിട്ട് നാളുകൾ കുറെ കഴിഞ്ഞിരിക്കുന്നു. ഒരു വർഷത്തിന് ശേഷം അൻപതിനായിരം രൂപ മാസ ശമ്പളം ലഭിക്കുന്ന ഒരു മാനേജർ സ്ഥാനം തന്നെ കാത്തിരിപ്പുണ്ട്. എന്നാൽ ആ സ്ഥാനം പിടിച്ചടക്കാൻ ഈ ബാഗും തൂക്കി ഒരു വർഷക്കാലം അലയണം.അവിടെ എത്തിപ്പെട്ടാൽ തനിക്കും അമ്മയ്ക്കും കഴിയാൻ ആ കാശ് മതി. പക്ഷേ പണം നൽകുന്ന സുഖത്തേക്കാൾ ചിലത് വേറെയുണ്ടല്ലോ.
    
ശ്ശേ... ഈ ആഗ്രഹങ്ങൾ മനസ്സിന്റെ താളം തെറ്റിക്കും. തന്റെ ആഗ്രഹങ്ങളാണ് തന്നെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടത്. അവ നിരന്തരം തന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. ആഗ്രഹങ്ങളെ കുഴിച്ചു മൂടുക. ഒരു കൈയ്യകലത്ത് നിന്ന് നഷ്ടപ്പെട്ടുപോയ ജീവിതത്തെ ഓർത്ത് വിലപിക്കാൻ വിധിക്കപ്പെട്ടവനായി താൻ മാറിയിരി ക്കുന്നു. രാവിലെ മുതൽ രാത്രി വരെ വിശ്രമം ഇല്ലാതെ തനിക്ക് ഇനിയും ഓടേണ്ടിയിരിക്കുന്നു.
      
തന്റെ മൊബൈൽ റിങ് ചെയ്യുന്നത് അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്. `രശ്മിയാണ്. അഞ്ച് മിസ്ഡ് കാൾ വന്നത് താനറിഞ്ഞില്ല. തൽക്കാലം രശ്മിയുടെ ശബ്ദം ഈ സാഹചര്യത്തിൽ ആവശ്യമില്ല. അഥവാ അതിന് വഴിയൊരുക്കിയാൽ അവളുടെ കണ്ണുനീരിലൂടെ മാത്രമേ സംഭാഷണത്തിന് അന്ത്യം കുറിക്കൂ. തനിക്കൊപ്പമുള്ള ജീവിതത്തിനായി അവൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ആഗ്രഹങ്ങൾ മനസ്സിന്റെ താളം തെറ്റിക്കുമെന്ന് മുൻപ് പറഞ്ഞിരുന്നല്ലോ. ഈ ഓട്ടത്തിനിടയിൽ എപ്പോഴാണ് അവൾക്കായി സമയം കണ്ടെത്തേണ്ടത്. എപ്പോഴെങ്കിലും അവൾക്ക് സന്തോഷം നൽകാൻ തനിക്ക് കഴിയുമോ. എന്നെ ഭയപ്പെടുത്താൻ എന്തെല്ലാം കാര്യങ്ങളാണ് ചുറ്റും ഉള്ളത്. തന്റെ ജോലി സ്ഥിരമായെങ്കിൽ മാത്രമേ രശ്മിയുമായുള്ള വിവാഹം നടക്കൂ എന്ന രശ്മിയുടെ അച്ഛന്റെ വാക്കുകളെ എതിർക്കാൻ കഴിയില്ല. സ്വന്തം മകളെ ദുരിതത്തിലേക്ക് തള്ളിവിടാൻ ഏതൊരു അച്ഛനാണ് ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കാൻ എനിക്ക് ഇപ്പോൾ സാധിക്കും. രശ്മിക്ക്‌ അത് തിരിച്ചറിയണമെന്നില്ല. കാരണം അവൾ പ്രണയത്തിൽ അകപ്പെട്ടു കഴിഞ്ഞു. ജീവിതത്തിന്റെ തീക്ഷ്ണമായ വശം അവൾക്ക് നേരിടേണ്ടി വന്നിട്ടില്ല. തനിക്കൊപ്പമുള്ള ജീവിതത്തിൽ അവൾക്ക് സ്വന്തം ആഗ്രഹങ്ങൾ സാധിക്കാൻ കഴിയാതെ വന്നാൽ അവളും തന്നെ ശപിച്ചെന്നു വരും. ആഗ്രഹങ്ങളാൽ മുറിവേറ്റ തനിക്ക് അത് അറിയാൻ കഴിയും. അവൾക്കായി ഒരു വിവാഹാലോചന വന്നിരിക്കുന്നു. അതാണ് ഈ ഫോൺ കോളുകൾക്ക് കാരണം.
        
പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കുന്നവനാണ് ഒരു യഥാർത്ഥ പുരുഷൻ എന്ന കൂട്ടുകാരുടെ  പ്രസ്താവനയ്ക്ക് അന്ത്യം കുറിക്കണം. ഒരു മനുഷ്യജീവിയെ കൂടി ദുരിതത്തിൽ തള്ളിയിടാൻ താല്പര്യം ഇല്ല. ഒരാളെയെങ്കിലും രക്ഷിച്ചവനായി മാറണം. തന്റെ സങ്കടത്തേക്കാൾ എത്രയോ വലുതാണ് അവളുടെ അച്ഛന്റെ ആഗ്രഹങ്ങൾക്ക്‌. ഒരു ഭീരുവിനെ പോലെ അവൾ ആത്മഹത്യ ചെയ്താൽ അവൾ ഒരു വിഡ്ഢിയാണെന്ന് തന്നെ കരുതേണ്ടണ്ടി വരും. ഇല്ല അവൾ അതിന് മുതിരില്ല. ആത്മഹത്യ ഒരു പ്രതിവിധി ആണെങ്കിൽ താൻ എന്നേ മരിക്കേണ്ടിയിരിക്കുന്നു. ഒരു ജീവൻ നഷ്ട്ടപ്പെടുത്തുമ്പോൾ ചുറ്റുമുള്ള എത്രയോ ജീവിതങ്ങളെയാണ് അത് മുറിവേൽപ്പിക്കുന്നത്.
        
നഗരത്തിൽ നിന്നും അവൻ കുറെ ദൂരം നടന്നു നീങ്ങിക്കഴി ഞ്ഞിരിക്കുന്നു. നേരെയുള്ള പാതയെ അവഗണിച്ചുകൊണ്ട് അവൻ ഒരു ചെറിയ റോഡിലേക്ക് തിരിഞ്ഞു. നിരവധി വീടുകൾ തിങ്ങി നിറഞ്ഞതായ ഒരു പ്രദേശമാണത്. വിസ്തൃതമായ ഈ നഗരത്തിൽ അല യുന്നവർ രാത്രിയിൽ ചേക്കേറുന്നത് ഇവിടെയായിരിക്കും. വീടുകൾക്കൊപ്പം അവിടെ രണ്ടുമൂന്ന് കടകളും കാണാം. കഠിനമായ ദാഹത്തെ ശമിപ്പിക്കാനായി അവൻ ഒരു കടയെ ലക്ഷ്യമിട്ട് നടന്നു തുടങ്ങി.
        
നടക്കുമ്പോൾ തന്നെ അവൻ പോക്കറ്റിൽ കൈയ്യിട്ട് കാശെടുക്കാൻ ശ്രമിച്ചു. പോക്കറ്റിൽ നിന്നും ഒരു ഇരുപത് രൂപ നോട്ടും കൂടെ ഒരു കടലാസ് കഷണവും കയ്യിലേക്കെത്തി. ആ കടലാസ് നോക്കി ക്കൊണ്ട്
       
`അയ്യോ അമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ മറന്നല്ലോ´ എന്ന് ചിന്തിച്ചപ്പോഴേക്കും മൊബൈൽ വീണ്ടും റിങ് ചെയ്തു.
        
ശാരദാമ്മയാണ്. അമ്മയുടെ സഹോദരിയാണ് ശാരദാമ്മ. അവരാണ് ഇപ്പോൾ അമ്മയ്ക്ക് കൂട്ടിരിക്കുന്നത്. താൻ ഈ ആഴ്ച വരുമോ എന്നറിയാൻ വിളിക്കുന്നതാണ്. അവൻ വേഗം തന്നെ ഫോണെടുത്ത ശേഷം
       
``ആഹ്... ശാരദാമ്മേ പറയ്, ഞാൻ ഈ ആഴ്ച തന്നെ വരും. മരുന്ന് വാങ്ങീട്ടുണ്ട്. കുറച്ച് കഴിഞ്ഞ് ഞാൻ അങ്ങോട്ട് വിളിക്കാം. ഇത്തിരി തിരക്കിലാ. അമ്മയോട് പറഞ്ഞേക്ക്.´´ ഇത്രയും പറഞ്ഞ ശേഷം ഫോൺ വച്ചു.
       
`മരുന്ന് ഉടൻ വാങ്ങണം. ഇല്ലെങ്കിൽ ഇനിയും മറക്കും. അമ്മ ഇനി എന്നാണ് ആ കട്ടിലിൽ നിന്നും സ്വയം ഒന്നെഴുന്നേറ്റ് നടക്കുക. രണ്ട് വർഷം മുൻപ് ഒരു അപകടത്തിൽപ്പെട്ടതാണ്. അന്ന് മുതൽ കിടക്കയിലും വീൽചെയറിലുമായി അമ്മയുടെ ജീവിതം ഒതുങ്ങി. അമ്മയെ കിടപ്പിലാക്കിയ തന്റെ ജീവിതത്തിന്റെ താളം തെറ്റിച്ച ആ നശിച്ച ദിവസം ഇന്നും മനസ്സിലുണ്ട്.´ കയ്യിൽ പിടിച്ചിരുന്ന കടലാസ് പോക്കറ്റിൽ തിരുകി അവൻ വീണ്ടും കടയ്ക്കരികിലേക്ക് നടന്നു.
        
തോളിൽ തൂക്കിയിരിക്കുന്ന ബാഗിന് അതിയായ ഭാരമുണ്ട്. വിൽപ്പന സാധനങ്ങൾ കുത്തിനിറച്ച ബാഗ് ഇടയ്ക്കിടെ ഊർന്ന് വീഴാൻ ഒരുങ്ങുമ്പോൾ ഒരു കൈയ്യാൽ ബാഗ് താങ്ങി നിർത്തിയും വലിച്ചു കയറ്റിയുമാണ് അവൻ നടക്കുന്നത്. കടയ്ക്ക് സമീപം എത്തിയ ഉടൻ തന്നെ ബാഗ് കടത്തിണ്ണയിലേക്ക് കുറച്ച് നേരത്തേക്ക് അഴിച്ചു വച്ചു. ശേഷം കയ്യിലെ ഇരുപത് രൂപ നോട്ട് കടക്കാരന് നേരെ നീട്ടി
      
``ചേട്ടാ ഒരു കുപ്പി വെള്ളം´´. കടക്കാരൻ നൽകിയ വെള്ളം അവൻ ഞൊടിയിടയിൽ കുടിച്ച് കുപ്പി കാലിയാക്കി. അത്രയധികം പരവേശമുണ്ടായിരുന്നു. അവന്റെ മനസ്സിൽ വീണ്ടും ചിന്തകൾ ഉയർന്നു.
       
`അമ്മയ്ക്കുള്ള മരുന്ന് കൂടി വാങ്ങുമ്പോൾ കീശ കാലിയാകും. പിന്നെ ഒരു രൂപ പോലും കയ്യിൽ കാണില്ല. ഇന്നത്തെ ഉച്ചഭക്ഷണം ഒരു ഓർമ്മയായി മാറും. ഇന്നത്തെ ആഹാരം ഈ വെള്ളത്തിൽ ഒതുക്കണം. ഇന്നലെ ഇതേ സമയം താൻ ഊണ് കഴിച്ചതല്ലേ. അത് തന്നെ ധാരാളം.´ ഈ ചിന്തയിൽ മുഴുകി നിൽക്കുമ്പോൾ അവനരികിലേക്ക് കീറിപ്പഴകിയ വസ്ത്രവും കയ്യിൽ ഒരു പാത്രത്തിൽ കുറച്ച് നാണയത്തുട്ടുകളുമായി ഒരു യാചകൻ കടന്നെത്തി. അവന് നേരെ കൈകൾ നീട്ടി വയറിൽ തടവിയുള്ള യാചന വിഷമകരം തന്നെ. അമിതമായ വിശപ്പ് അയാളിൽ കാണാൻ കഴിയും.
       
`വിശന്ന് വലഞ്ഞു നിൽക്കുന്ന തന്റെ മുന്നിൽ മറ്റൊരുവൻ വിശപ്പകറ്റാൻ വേണ്ടി യാചിക്കുന്നു. സഹായിക്കണമെന്നുണ്ട്. പക്ഷേ അവശേഷിക്കുന്ന കാശ് തനിക്ക് വിലപ്പെട്ടതാണ്. അതിനാൽ സഹായിക്കാൻ നിർവാഹമില്ല.´ അങ്ങനെ ആ കടയ്ക്ക് മുന്നിൽ കീറിപ്പഴകിയ വസ്ത്രം ധരിച്ചതും വൃത്തിയുള്ള വസ്ത്രം ധരിച്ചതുമായ രണ്ട് യാചകർ രൂപപ്പെട്ടു.
       
`ഒരു തരത്തിൽ തന്റെ പ്രതിഫലനം തന്നെയല്ലേ ഈ യാചകൻ എന്ന് അവന് തോന്നി. തന്നോട് സാമ്യതയുള്ള ഇത്തരം പ്രതിഫലനങ്ങൾ ഇനിയും ഈ തെരുവിൽ നിരവധിയുണ്ട്. ഒന്ന് കണ്ണോടിച്ചാൽ അവർ ഓരോരുത്തരായി തെളിഞ്ഞു വരും. ആ യാചകന്റെ കയ്യിലെ നാണയങ്ങൾ എണ്ണിനോക്കിയാൽ തന്റെ പാക്കലുള്ള കാശിനേക്കാൾ കൂടുതൽ കാണും. അപ്പോൾ ശരിക്കും താനല്ലേ യഥാർത്ഥ യാചകൻ. തന്നെക്കാൾ ധനികനാണയാൾ. അയാളോട് താനാണ് യാചിക്കേണ്ടത്.´
        
തന്റെ പക്കൽ നിന്നും കരുണ ലഭിക്കാത്തതിനാൽ അയാൾ കടക്കാരന് നേർക്ക് കൈ നീട്ടി. ഒരു ദാക്ഷണ്യവും കൂടാതെ കടക്കാരൻ യാചാകനെ ആട്ടിയോടിച്ചു.
        
`താനും ഇതുപോലെ പഴകിയ വസ്ത്രവും ധരിച്ച് ഈ ഇരുപത് രൂപ കടക്കാരന് നേരെ നീട്ടിയെങ്കിൽ തന്റെ ഗതിയും ഇതു തന്നെയായിരുന്നേനെ´. കടക്കാരന്റെ ശകാരത്തെ ഭയന്ന് അയാൾ അവന്റെ മുഖത്തേക്ക് ദുഃഖത്തോടെ നോക്കിയ ശേഷം തിരികെ പോകാനൊരുങ്ങി. ഒപ്പം അവനും കടയിൽ നിന്നിറങ്ങി. ആ തെരുവിൽ അവർ ഇരുവരുടെയും നിഴലുകൾ തമ്മിൽ സാമ്യത അനുഭവപ്പെട്ടു. തോളിൽ ഒരു സഞ്ചി തൂക്കിയ ആയാളും ബാഗ് തൂക്കിയ അവനും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. ആ നിഴലുകൾ തമ്മിൽ കൂടിച്ചേർന്ന് ഒന്നായി മാറി. ശേഷം രണ്ട് യാചകരും എതിർദിശയിലേക്ക് നടന്നകന്നു. നടത്തത്തിനിടയിൽ അവൻ ചിന്തിച്ചു
      
`താനും ഇതുപോലെ പലരോടും യാചിക്കുന്നു. അവർ തന്നെയും ഇതുപോലെ അവഗണനയോടെ പുറന്തള്ളുന്നു. ആ യാചകനും താനും ഒന്ന് തന്നെയാണ്. ഞങ്ങൾ രണ്ടാൾക്കും ആളുകളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നത് ഒരേ അവസ്ഥയാണ്. തന്റെ മനസ്സിൽ കൊണ്ട് നടക്കാൻ പല അനുഭവങ്ങളും നിരന്തരം വന്നു ചേരുന്നുണ്ട്´
       
നടത്തതിന്റെ വേഗത കുറച്ച ശേഷം അവൻ റോഡരികിൽ കണ്ട ഒരു പടുകൂറ്റൻ വീട്ടിലേക്ക് കയറാൻ ശ്രമിച്ചു. അപ്പോഴാണ് ഗേറ്റിൽ തൂക്കിയിരിക്കുന്ന ബോർഡ് അവൻ ശ്രദ്ധിച്ചത്.
       
`Beware of Dog´. മതിലിനപ്പുറത്ത് നിന്ന് ഒരു നായയുടെ കുരയും കേൾക്കാം. വളരെ ശക്തിയാർന്ന കുരയാണത്. തന്നെക്കാൾ വിലയുള്ള നായയാണവൻ. സുഖസൗകര്യത്തിൽ വളരുന്നവൻ. തനിക്ക്‌ അവി ടേക്ക് പ്രവേശനമില്ലെന്ന് ആ കുരയിൽ നിന്നും മനസ്സിലാക്കാം. മാത്രമല്ല ഗേറ്റ് അകത്തു നിന്നും പൂട്ടിയിരിക്കുകയാണ്. മുൻവശത്തായി രണ്ട് ക്യാമറകളും ഉണ്ട്. അതിനാൽ തന്റെ ദൃശ്യം വീട്ടുകാർ കണ്ടിരിക്കും. യാചകൻ ആണെന്ന് മനസ്സിലായിട്ടാണ് ആരും ഇവിടേക്ക് വരാത്തത്.´ ഇങ്ങനെ ചിന്തിച്ചുകൊണ്ട് അവൻ എതിർവശത്തേക്കുള്ള വീട്ടിലേക്ക് ലക്ഷ്യം തിരിച്ചു. തൊട്ടടുത്ത വീട്ടിലേക്ക് എത്തിയ അവൻ
        
`ഭാഗ്യം ഗേറ്റ് പൂട്ടിയിട്ടില്ല. നായയുമില്ല´ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയതും
        
``ആഹ്... അവിടെ നിക്ക്´´ എന്ന ഒച്ചയോടെ ഒരു സ്ത്രീ കടന്നു വന്നു. മുറ്റത്ത് ചെടിനനയിൽ മുഴുകിയിരുന്ന അവരെ അവൻ ശ്രദ്ധിച്ചിരുന്നില്ല. അവരുടെ ഒച്ച കേട്ടതും അവൻ ഭയന്നു. തനിക്കരികിലേക്ക് എത്തി ആ സ്ത്രീ ചോദിച്ചു
         
``എന്താ... എന്ത് വേണം?´´ അവൻ വന്നതിന്റെ ഉദ്ദേശം പറഞ്ഞു തീർക്കും മുൻപേ
        
``ഇവിടെ ആരുമില്ല...ഒന്നും വേണ്ട പോയാട്ടെ´´ അവൻ വീണ്ടും സംസാരിക്കാൻ തുടങ്ങിയപ്പോൾ
        
``വേണ്ടന്നല്ലേ പറഞ്ഞത്´´ ശകാര സ്വരത്തിൽ അവർ ഒച്ചയെടുത്തു. ഇനിയും നിന്നാൽ തനിക്ക്‌ മുൻപ് കണ്ട യാചകന്റെ അവസ്ഥ വന്നേക്കാം എന്ന് കരുതി അവൻ തിരികെ നടന്നു.
         
`ഒരു വീട്ടിൽ നിന്നും ഒരു നായ തന്നെ ആട്ടിയകറ്റി. ഇപ്പോൾ ഒരു മനുഷ്യസ്ത്രീയും. എല്ലായിടവും തനിക്ക് വിലക്ക് കൽപ്പിക്കപ്പെട്ടിരിക്കുന്നു. യാചകരെ ആരും അടുപ്പിക്കില്ലല്ലോ. ആ സ്ത്രീ ആ വീട്ടിലെ വേലക്കാരിയാണ്. എങ്കിലും അവർക്ക് ആജ്ഞാപിക്കാൻ സാധിച്ചു. തനിക്കോ ഒന്നിനും കഴിയുന്നില്ല. എല്ലാം കേൾക്കാൻ വിധിക്കപ്പെട്ടവൻ. ആ സ്ത്രീ അവരുടെ തൊഴിലിൽ സംതൃപ്തയാണ്. അതിനാൽ അവർക്ക് ശക്തമായി തന്നെ പ്രതികരിക്കാം´. ഈ വിഷമാവസ്ഥയിൽ നിൽക്കുമ്പോൾ അവന്റെ ഫോണിലേക്ക് മാനേജറിന്റെ കോൾ വന്നു.
         
`ഇന്നത്തെ തനിക്കുള്ള ശകാരങ്ങൾക്കും തെറിവിളികൾക്കും സമയമായി´ എന്ന് കരുതിക്കൊണ്ട് അവൻ കോൾ അറ്റൻഡ് ചെയ്തു. സാധനങ്ങൾ വിറ്റഴിക്കാത്തതിനാൽ മാനേജർ വളെരെ യധികം ക്ഷുഭിതനായി. ആ കോൾ അവസാനിച്ച ശേഷം
         
`ആരുടെയൊക്കെ കുത്തുവാക്കുകളാണ് കേൾക്കേണ്ടത്´ എന്ന് കരുതിക്കൊണ്ട് അവൻ വീണ്ടും നടന്നു നീങ്ങി. പിന്നീട് അവൻ ചെന്നെത്തിയത് നഗരത്തിന്റെ മറ്റൊരു കോണിലായിരിന്നു. തിരക്കേറിയ പ്രദേശം. അവിടേക്കെത്തിയതും കയ്യിൽ ക്യാമറയും മൈക്കും ഏന്തിയ ചിലർ അവന് നേരെ പാഞ്ഞെത്തി. മാധ്യമ പ്രവർത്തകരാണ്. `ഇന്നത്തെ യുവജനത നേരിടുന്ന തൊഴിലായ്മ´യെ കുറിച്ച് അവനിൽ നിന്നും ചോദിച്ചറിയാനായിരുന്നു അവരുടെ തുടക്കം.
        
`ആർക്കും തോന്നും പോലെ വന്ന് ഇടിച്ചു കയറാവുന്നതാണല്ലോ തന്റെ ജീവിതം´ സ്വയം പഴിച്ചു കൊണ്ട് അവൻ അവരിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ഭയങ്കരമായി പണിപ്പെട്ട് അവൻ അവർ ക്കിടയിൽ നിന്നും പുറത്ത് കടന്നു.
       
`തൊഴിലില്ലായ്മയെ കുറിച്ച് തന്നോട് എന്തിന് ചോദിക്കുന്നു. തനിക്ക് ഒരു തൊഴിൽ ഉണ്ടല്ലോ´ എന്ന് മനസ്സിൽ പിറുപിറുത്തു കൊണ്ട് അവൻ വേഗത്തിൽ നടന്നു. അസഹ്യമായ ക്ഷീണമുണ്ട്. എന്നാലും നടന്നു നീങ്ങിയേ പറ്റൂ എന്ന് അവനറിയാം. ജീവിതത്തിന്റെ കടുത്ത ഭാരവും തൂക്കി നടന്നു നീങ്ങുമ്പോൾ അവന്റെ ഫോൺ അവസാനമായി ഒന്നു കൂടി ശബ്ദിച്ചു. ആരായാലും ഫോൺ എടുക്കില്ലെന്ന് ചിന്തിച്ചു കൊണ്ട് അവൻ നടന്നു. അവന് ഇനിയും ഒരുപാട് സ്ഥലങ്ങളിൽ എത്തിച്ചേരണം. ആദ്യ തവണ എടുക്കാത്തത്തിൽ പ്രതിഷേധമറിയിച്ചു കൊണ്ട് ഫോൺ വീണ്ടും റിങ് ചെയ്തു. ആരോ അവനെ പിന്നിലേക്ക് വലിക്കുന്നത് പോലെയായിരുന്നു ആ ഫോൺ കോൾ. `ഒരിക്കൽ കൂടി മാത്രം´ എന്ന് കരുതിക്കൊണ്ട് അവൻ ആ കോൾ അറ്റൻഡ് ചെയ്തു.
       
``ഹലോ ആരാ?´´ അവൻ ഒരു വികാരവുമില്ലാതെ ചോദിച്ചു.
       
``എടോ ഇത് ഞാനാ ദിനേശൻ. മേനോൻ സാറിന്റെ സെക്രട്ടറി. താൻ കഴിഞ്ഞാഴ്ച്ച മേനോൻ സാറിനെ കാണാൻ വന്നില്ലാരുന്നോ´´ ഫോണിന്റെ മറുവശത്തു നിന്ന് മറുപടി നൽകിക്കൊണ്ട് അയാൾ തുടർന്നു.
       
``ഒരു ഗുഡ് ന്യൂസുണ്ട്. അടുത്ത ബുധൻ താൻ ഇവിടെ വരെ ഒന്നു വരണം. സാറിന് തന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു. സാറിന് കഥ ഇഷ്ട്ടായടോ. ഫുൾ സ്ക്രിപ്റ്റ് റെഡിയാണെങ്കിൽ നമുക്ക് ഉടൻ തന്നെ ഈ പ്രോജക്റ്റ് ഓണാക്കാം.´´
       
ഒരു നിമിഷത്തേക്ക് നിശ്ചലനായി നിന്ന അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. ``താനെന്താടോ ഒന്നും പറയാത്തത്.´´ അപ്പോൾ അടഞ്ഞ സ്വരത്തിൽ അവൻ മറുപടി നൽകി
       
``ശരി സാർ. വരാം.´´ ഒരു ചെറുപുഞ്ചിരി അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു. വർഷങ്ങൾക്കിപ്പുറം ആദ്യമായി അവന്റെ മുഖത്ത് സന്തോഷ ത്തിന്റെ വെളിച്ചം കടന്നെത്തിയിരിക്കുന്നു. അവന്റെ മനസ്സ് അവനോട് തന്നെ മന്ത്രിച്ചു
        
`അതേ തന്റെ ആഗ്രഹം സഫലമാകാൻ പോകുന്നു. താൻ ആഗ്രഹിച്ച ജീവിതം കിട്ടാൻ പോകുന്നു. ഉള്ളിലെ സ്വപ്നം നിറവേറാൻ സമയമായി. തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാൻ തനിക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. ഫുൾ സ്ക്രിപ്റ്റ് റെഡിയാണോന്ന് പോലും. എന്റെ ഈ ജീവിതം തന്നെ സ്‌ക്രീനിൽ പകർത്താൻ എന്തിനാണ് സ്ക്രിപ്റ്റ്. അതേ ഞാൻ തന്നെ സിനിമയാകാൻ പോകുന്നു. അതിന് മുൻപ് ചെയ്തു തീർക്കാൻ ഒന്ന് ബാക്കിയുണ്ട്. ഉടൻ തന്നെ തന്റെ ഇപ്പോഴുള്ള ആത്മാവിനെ കൊന്നു കളയണം. തന്നെ പുറകോട്ട് വലിക്കുന്ന ശക്തിയാർന്ന പേടി സ്വപ്നമാണത്. ശരീരത്തെയും മനസ്സിനെയും കീറിമുറിച്ച പേടി സ്വപ്നം. ആ ആത്മാവിന് ഇനി തന്നിൽ സ്ഥാനമില്ല. രാവിലെ ഉറക്കത്തിൽ നിന്ന് തന്നെ വിളിച്ചുണർത്തിയ ക്യാമറകൾ ഇനി തന്റെ അനുഭവങ്ങൾ ചിത്രീകരിക്കും. തന്റെ വാക്കുകൾക്കായി ചെവിയോർത്തിരുന്നവർക്ക് വേണ്ടുവോളം നിർദ്ദേശങ്ങൾ നൽകും. തന്റെ ആഗ്രഹങ്ങളെ താൻ കുഴിച്ചു മൂടിയിരുന്നു. അവ പുതിയ നാമ്പുകളിട്ട് തഴച്ചു വളരാൻ സമയം കേണിരുന്നത് താൻ അറിഞ്ഞിരുന്നില്ല. ഇപ്പോൾ അവ തളിർത്തിരിക്കുന്നു. കുറച്ചു കഴിയുമ്പോൾ അവയിൽ ആദ്യമായി എന്റെ സ്വപ്നത്തിന്റെ പൂക്കൾ വിടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക