21. Compare Yourself with YOURSELF 😊
ജീവിതത്തിൽ നമ്മളെല്ലാവരും പലപ്പോഴായി പറയുന്ന അല്ലെങ്കിൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഒരു ഡയലോഗാണു" ഓഹ്! അവരുടെ ഒക്കെ ജീവിതം കണ്ട് പഠിക്ക്, എന്ത് നല്ല ജീവിതമാ" അയാളെപ്പോലെ/ അവളെപ്പോലെ ഒക്കെ ഒരാൾ ആയിരുന്നു എന്റെ ജീവിതത്തിൽ എങ്കിൽ എന്ത് സന്തോഷമായിരുന്നേനെ".. എപ്പോഴെങ്കിലും നിങ്ങളാലോചിച്ചിട്ടുണ്ടോ, എന്ത് വിവരമില്ലായ്മയാണു നാമൊക്കെ ആ താരതമ്യം കൊണ്ട് ചെയ്യുന്നതെന്നു..
ജീവിതമെന്നത് ആർക്കും നല്ലതോ ചീത്തയോ ആയല്ലല്ലോ കിട്ടുന്നത്. മറിച്ച് ആ ജീവിതത്തെ നല്ലതാക്കണോ മോശമാക്കണോ എന്ന് ചിന്തിക്കുന്നതും അതിനെ അപ്രകാരമാക്കി തീർക്കുന്നതും നമ്മളു തന്നെയല്ലേ. അടുത്തവരുടെ ജീവിതം നോക്കി താരതമ്യം ചെയ്ത് കൊണ്ടിരുന്നാൽ എങ്ങനെ നമ്മുടെ ജീവിതം സന്തോഷമുള്ളതാകും? അവർ പരസ്പരം സ്നേഹിക്കുന്നതു കൊണ്ടും സഹകരിക്കുന്നതു കൊണ്ടുമാകാം അത്രയുംസന്തോഷം അവർക്കുണ്ടാകുന്നത്. മറിച്ച് നമ്മളതു കണ്ടിട്ട് സ്വന്തംവീട്ടിൽ അങ്ങനെ നിങ്ങൾക്കായി കൂടെ എന്ന് ചോദിച്ച് കലഹമുണ്ടാക്കിയാലോ?? വഴക്കല്ലാതെ എന്തേലും നടക്കുമോ? അവരവർക്ക് കിട്ടുന്ന ജീവിതത്തെ അവരവർ തന്നെ എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണു ഓരോരുത്തരുടെ ജീവിതത്തിലും സന്തോഷമുണ്ടാകുക. എപ്പോഴും പരസ്‌പരം കുറ്റപ്പെടുത്തലും വഴക്കുമൊക്കെ ഒള്ള വീട്ടിലെ സന്തോഷം ഇല്ലാതെയാക്കുന്നത് ആരാന്നു ചുമ്മാ ഒന്നു ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളൂ. പക്ഷേ, ആരെങ്കിലും അത് ചെയ്യുമോ??
ആരെത്ര ശ്രമിച്ചാലും മറ്റൊരാളെപ്പോലെ ആകാൻ ആർക്കുംസാധിക്കില്ല. എന്നാൽ ചെറിയ ചെറിയ നല്ല ശീലങ്ങളിലൂടെ ഒരു നല്ല വ്യക്തിത്വത്തെ നമുക്ക് രൂപപ്പെടുത്താം. ആ ശീലങ്ങളിലൂടെ നമ്മൾ പയ്യെ പയ്യെ മാറുമ്പോൾ നമുക്ക് നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കാം.. മറ്റൊരാളെ അനുകരിച്ച് നേടേണ്ടതല്ല ഒന്നും ജീവിതത്തിൽ. അതിനൊന്നും ഒരിക്കലും സത്യസന്ധമായ ഫീൽ കാണില്ല. മറിച്ച് അതൊക്കെ ആരെയോ കാണിക്കാൻ വേണ്ടിയുള്ള അഭിനയം മാത്രം ആകും അവസാനം.
നിങൾ പരസ്പരം താരതമ്യം ചെയ്യുമ്പോൾ ചിന്തിക്കാറുണ്ടോ? എല്ലാവർക്കും സങ്കൽപ്പങൾ ഉണ്ട്. ആ സങ്കൽപ്പങ്ങളെ പരസ്‌പരം പങ്കു വെച്ചും അതിനായ് അഡ്ജസ്റ്റ് ചെയ്തും അതൊക്കെ പരസ്പരം പിന്തുണച്ച് പൂർത്തിയാക്കാൻ സമയം കണ്ടെത്തുമ്പോഴുമൊക്കെയാണു അതിനു ഇമ്പമുണ്ടാകുകയെന്ന്. ഈ താരതമ്യം ചെയ്യപ്പെടുന്നത് മിക്കപ്പോഴും ദാമ്പത്യജീവിതത്തിൽ ആണെന്നതാണു വളരെ സങ്കടം. ഇപ്പോഴൊക്കെ പരസപ്‌രം ഇന്റിമസി ഇല്ലാതെ പോകുന്നതെന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ ആർക്കും പരസ്പരം മിണ്ടാനും പറയാനും സമയം ഇല്ല. 2 മണിക്കൂർ സിനിമയിൽ കാണുന്നപോലെ അത്ര ഈസി അല്ല ആരുടെയും റിയൽ ജീവിതം. രണ്ട് ധ്രുവങ്ങളിലുള്ളവരാണു ഒന്നിച്ച് ഒരു ജീവിതം സ്വപ്നം കാണുന്നതും അതിനു വേണ്ടി ജീവിക്കുന്നതും. പെട്ടെന്ന് ആ സ്വപ്നങ്ങളിൽ രണ്ടാളുമില്ലാതെ തീർത്തും അവഗണിക്കപ്പെട്ട് ഒരാൾ മാത്രമാകുമ്പോഴാണു ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നതും. എന്ത് കൊണ്ടത് മാറ്റിക്കൂടാ. പരസ്‌പരം താരതമ്യം ചെയ്ത് കലഹിക്കാതെ ഈ ശീലങ്ങൾ ഒന്നു ശ്രമിച്ച് നോക്കൂ, തീർച്ചയായും വിജയിക്കും.
1. പരസ്പരം സ്നേഹത്തോടെ പെരുമാറുക, ബഹുമാനിക്കുക.
2. ദിവസം അൽപ്പസമയമെങ്കിലും കൂട്ടത്തിൽ ഇരുന്നല്ലാതെ പരസ്പരം മിണ്ടുക. അന്നത്തെ വിശേഷങ്ങൾ തിരക്കുക.
3. സഹായിക്കാൻ പറ്റുന്ന കാര്യങ്ങളിൽ പരസ്പരം സഹായികളാകുക.
4. ജീവിതത്തിൽ എന്ത് പ്രശ്നമുണ്ടായാലും അത് സാമ്പത്തികമായാലും മാനസികമായാലും പരസ്പരം മറച്ച് വെയ്ക്കാതിരിക്കുക.
5. ഞാനാണു ഇവിടുത്തെ നാഥൻ/ നാഥ, ഞാൻ പറയുന്നത് മാത്രമാണു ശരി എന്നൊക്കെ ഉള്ള ഈഗോ മാറ്റി വയ്ക്കുക.
6. ഒരാളെ അപഹാസ്യപ്പെടുത്തും വിധം ദിനവും മോശംവാക്കുകൾ പ്രയോഗിക്കാതിരിക്കുക.
7. ദു: ശ്ശീലങ്ങൾ അത് ഉപയോഗിക്കുന്നവർക്ക് ലഹരി നൽകുമായിരിക്കാം, പക്ഷെ, അത് കുടുംബഭദ്രതയ്ക്ക് അനുയോജ്യമല്ല.
8. വല്ലപ്പോഴും വിനോദയാത്രകൾ പോകുക. കുടുംബത്തിൽ ഉള്ളവരെ സന്ദർശ്ശിക്കുക.
9. എപ്പോഴും സ്വന്തം കുടുംബത്തെ കുറിച്ച് ആദ്യം ചിന്തിക്കുക.
10. നിങ്ങളുടെ പ്രശ്നങ്ങളിൽ അനാവശ്യമായ ഇടപെടലുകൾ നടത്തുന്ന വ്യക്തികളെ പരമാവധി ഒഴിവാക്കുക.
11.സംശയം അതൊരു രോഗമാക്കി മാറ്റാതെ ഇരിക്കുക.
12. കുടുംബത്തിൽ ഉള്ളവരുമായി കൂടുതൽ സമയം
പങ്കിടുക.
13. കുറ്റപ്പെടുത്താതെ പരസ്പരം താങ്ങും തണലുമാകുക.
14. അവരവരുടെ സ്വാതന്ത്ര്യങ്ങളെ ആസ്വദിക്കുന്നതിനു നിയന്ത്രണങൾ വയ്ക്കാതിരിക്കുക.
ഈ പറഞ്ഞ ശീലങ്ങൾ ഒക്കെ എന്റെ ജീവിതത്തിന്റെ ഭാഗമാണു. അത് കൊണ്ട് തന്നെയാണു എനിക്ക് എന്റെ ജീവിതം ആസ്വദിക്കാൻ കഴിയുന്നതും ഇങ്ങനെ എഴുതാൻ കഴിയുന്നതും.
ജീവിതം അത് ദാ! ന്ന് പറഞ്ഞങ്ങ് പോകും. നിൽക്കണ നിൽപ്പിൽ പലരും നമ്മളിൽ നിന്ന് അകന്നും പോകും. അവസാനം എന്റെ കുറ്റം കൊണ്ട് ആണു ഇതൊക്കെ സംഭവിച്ചതെന്ന് പറഞ്ഞ് വിലപിക്കാൻ നമ്മളല്ലാതെ വേറെ ആരും കാണുകയും ഇല്ല.. ജീവിക്കുക. സന്തോഷത്തോടെ, സ്‌നേഹത്തോടെ. മറ്റുള്ളവരുടെ ജീവിതം അല്ല നമ്മുടെ ജീവിതം എന്ന് മനസ്സിലാക്കി പോസിറ്റീവ് ആയി മുന്നോട്ട് പോകുക..
22. Everything happens for a reason & it will Change your Life!!🥳🥳
2007 ഇൽ ഞാൻ ആദ്യമായി അമേരിക്കയിൽ വന്നപ്പോൾ എനിക്ക് ആംഗലേയ ഭാഷ സ്ഫുടതയോടെ
ഉപയോഗിക്കാൻ വശമില്ലായിരുന്നു. ഒരിക്കൽ പോലും അത് അടിക്കടി ഉപയോഗിക്കേണ്ട ഒരു സാഹചര്യം നാട്ടിൽ ഉള്ളപ്പോൾ വേണ്ടി വന്നിട്ടുമില്ല. ആ കാലങ്ങളിൽ ഇവിടെയുള്ളവരുടെ വർത്തമാനം മനസ്സിലാക്കാൻ നല്ലോണം ബുദ്ധിമുട്ടിയിരുന്നു. പണ്ട് മുതലേ മലയാളം ഗവൺമന്റ് സ്കൂൾ നിലവാരത്തിൽ പഠിച്ച് വന്ന എനിക്ക് ആ വിഷയം അതൊരു കീറാമുട്ടി വിഷയമായിരുന്നു . ഇവിടെയെത്തിക്കഴിഞ്ഞ് ജോലി ചെയ്യാനുള്ള വർക്ക് പെർമ്മിറ്റ് പേപ്പർ കിട്ടാൻ വേണ്ടി 8 മാസത്തോളം കാത്തിരിക്കേണ്ടി വരും എന്നറിഞ്ഞ നാളുകളിലാണു എന്ത് കൊണ്ട് വെറുതേ സമയം കളഞ്ഞ് ദിവസങ്ങൾ കളയണം, എന്തെങ്കിലും പഠിക്കാൻ പോകാം എന്ന് വീട്ടിലാലോചിച്ച് ഒരു തീരുമാനം എടുത്തത്. അങ്ങനെയാണു ഞാൻ ഹെൽത്ത്കെയർ ഫീൽഡിലെ ഫാർമ്മസി റ്റെക്നീഷ്യൻ കോഴ്‌സ്സിനു ചേരുന്നത്.
ആകെ വെപ്രാളമായിരുന്നു ആദ്യമായി ക്ലാസ്സിൽ പോകുമ്പോൾ. മെഡിക്കൽ ഫീൽഡുമായി യാതൊരു ബന്ധവുമില്ലാത്ത ഞാൻ എങ്ങനെ ഇതൊക്കെ പഠിച്ചെടുക്കും എന്നോർത്ത്. അന്ന് ഡ്രൈവിംങ്ങ് ലൈസൻസും എടുത്തിട്ട് ഇല്ല, അതിനാൽ രാവിലെ ബസ്‌സ്റ്റോപ്പിൽ കൊണ്ട് കെട്ടിയോൻ വിടും. അവിടെ നിന്നും ഒരൊറ്റ ബസ്സ് എടുത്താൽ ആ ബസിന്റെ അവസാന സ്റ്റോപ്പ് ആ സ്കൂളിന്റെ മുന്നിലും. മഞ്ഞുള്ളപ്പോഴും ബസ്സ് മിസ്സായാലും മാത്രം ബസിൽ പോക്ക് ഇല്ല. കെറ്റ്യോൻ കൊണ്ടുവിടും.. ആ ക്ലാസ്സിലേക്ക് മെറൂൺ കളർ സ്ക്രബ് യൂണിഫോമുമിട്ട് ചെന്നു കയറി ഇരുന്നതും ഞാൻ ചുറ്റും ഒന്ന് നോക്കി. ആരേലും ഒരു മലയാളി അവിടെ ഉണ്ടോന്നു. എന്തൊക്കെ പറഞ്ഞാലുമന്യനാട്ടിൽ ഒരു മലയാളിക്കൂട്ട് ഇല്ലെങ്കിൽ ഒരു രസവുമില്ല എന്ന് കരുതി വിഷമിക്കുന്ന എനിക്ക് ദൈവം രണ്ടു പേരെ ആ ക്ലാസ്സിൽ കൊണ്ടു തന്നു. മറിയാമ്മ ആന്റിയും മേരിയാൻറ്റിയും. അവർ എന്റടുത്ത് വന്ന് വിശേഷങ്ങളും വിവരങ്ങളും ഒക്കെ ചോദിച്ച് എന്നെ ഒരു മകളെപ്പോലെ കരുതി അന്നു മുതൽ അവർക്കൊപ്പം കൂടി ശരിക്കും ആ കോഴ്സ്സ് ആസ്വദിച്ച് ചെയ്തു. ആന്റിമാർ ഇടയ്ക്കിടെ കാർ റൈഡ് തന്ന് സഹായിക്കുകയും ചെയ്തു. അതിനാൽ ബസ് യാത്ര മിക്കപ്പോഴും ഒരു നേരമായി. ഞങ്ങളുടെ ഗ്രൂപ്പ് സ്റ്റഡിയും അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കലും ക്വിസ് എക്സാമുകളിൽ കസറിയും ഒക്കെ അങ്ങനെ ആ കോഴ്സ്സ് ഞാൻ കംമ്പ്ലീറ്റ് ചെയ്തു.
ഞാൻ ആ സ്കൂളിലെ മുഴുവൻ കോഴ്സുകളിലെയും മൊത്തം കുട്ടികളിൽ നിന്നും ഏറ്റവും ഉയർന്ന മാർക്കു വാങ്ങി ആ വർഷത്തെ വാലഡിക്ടോറിയൻ ആയി. ഇവിടുത്തെ വിദ്യാഭ്യാസം, രീതികൾ എല്ലാമെനിക്ക് പുതുമ ആയിരുന്നു. ഒരു വാലഡിക്റ്റോറിയൻ എന്താണെന്നോ മെഡിക്കൽ വിഭാഗം എങ്ങനെയാണെന്നോ ഒന്നും അറിയാതെ പോയ ഞാൻ കഠിനമായി പരിശ്രമിച്ചതിന്റെ ഫലം. അന്ന് വാലഡിക്ടോറിയൻ ഒരു പ്രംസംഗം സദസ്സിനെ അഭിമുഖീകരിച്ച്, ആ ബാച്ചിനെ പ്രതിനിധീകരിച്ച് പറയേണ്ടതായി വന്നു. അത് നാട്ടിലെ പോലെ അപ്പോൾ തോന്നുന്നത് പറയാവുന്ന പോലെ ഒരു പ്രസംഗം അല്ല. നേരത്തെ തയാറാക്കി, അവിടുത്തെ മേലധികാരികൾക്ക് മുന്നിൽ അവതരിപ്പിച്ച് അപ്പ്രൂവൽ വാങ്ങണം. അതിനു ശേഷം മാത്രമേ അത് ഗ്രാഡുവേഷൻ ചടങ്ങിനു പറയാൻ പാടുള്ളു. അന്ന് ആദ്യമായിട്ടാണു സ്റ്റേജിൽകയറി ഒരു ഇംഗ്ലീഷ് പ്രസംഗം ഞാൻ അവതരിപ്പിക്കുന്നത്. ആ പ്രസംഗം എന്താണെന്ന് എനിക്ക് മുഴുവൻ ഓർമ്മയില്ല. എങ്കിലും അതിലെ രസകരമായ ഒരു ഭാഗം ഉണ്ട്. അത് ഇതാണു.
ഒരു പ്രാവശ്യം ക്ലാസ് എക്സാം നടക്കുമ്പോൾ സർ ഒരു ബെറ്റ് വെച്ചു. അന്ന് എന്റെ ക്ലാസ്സിൽ പഠിക്കാൻ വരുന്ന ഒരു കുട്ടി ക്ലാസ്സ് കഴിഞ്ഞ് ബാർബർ ജോലിക്ക് പോകുന്ന പതിവുണ്ടായിരുന്നു. അവൻ ആ സാമഗ്രികളും ഒക്കെയായിട്ടായിരുന്നു ക്ലാസ്സിൽ വന്നു കൊണ്ടിരുന്നത്. ഈ എക്സാമിൽ ബോണസ്സ് ക്വസ്റ്റൻ ഉൾപ്പെടെ എഴുതി 100 ഇൽ 100 മാർക്കും വാങ്ങുകയാണേൽ ഞാൻ "ഈ ക്ലാസ്സിൽ ഇരുന്ന് എന്റെ തല മൊട്ടയടിക്കും" എന്ന് അവനെ നോക്കി പറഞ്ഞു. അവൻ ആ മൊട്ടയടിക്കൽ ഞാൻ ചെയ്യാം എന്നും സമ്മതിച്ചു. ബെറ്റിന്റെ ആവേശം, പഠിപ്പിക്കുന്ന സർ നെ മൊട്ട അടിച്ചു കാണാനുള്ള ആഗ്രഹമൊക്കെ മനസ്സിൽ വെച്ച് ഞാൻ ആ എക്സാമെഴുതി. റിസൾട്ട് വന്നപ്പോൾ എനിക്ക് സർ പറഞ്ഞ മാർക്കും. ഞാൻ കാരണം അന്ന് സർന്റെ മുടിമൊത്തം അവന്റെ കത്രികയ്ക്കുള്ളിലായി. "സർന്റെ തലമൊട്ടയടിപ്പിച്ച കുട്ടി " എന്ന ക്രെഡിറ്റ് ആണു ഈ വാലഡിക്റ്റോറിയനെക്കാൾ വലുത് എന്നൊരു ഡയലോഗ് പ്രസംഗത്തിൽ കാച്ചിയതും ആഡിയൻസ് ചിരിക്കാൻ തുടങ്ങി. അതാണു എന്റെ ജീവിതത്തിലെ സന്തോഷദിനങ്ങളിൽ ഒന്ന്..
ഈ ഫാർമ്മസി റ്റെക് ക്ലാസ്സുകൾക്കിടയിലും ഈവനിംങ്ങ് ക്ലാസ്സിനു പോയി കുറച്ച് ആംഗലേയ ഭാഷയും പഠിച്ചു. രാവിലെ മുതൽ 4 മണി വരെ സ്കൂളിലും വൈകിട്ട് 6 മണി മുതൽ രാത്രി 9 മണി വരെ ആംഗലേയ ക്ലാസ്സിനും പോയി ആകെ വശംകെട്ട് വന്നിരുന്ന ഒരു ഭൂതകാലം ഞാൻ ഇന്ന് 17 വർഷങ്ങൾക്കിപ്പുറം ഈ ഫോട്ടോ കണ്ടപ്പോൾ ഓർത്തു.
ഡിഗ്രീ പഠിച്ച വിഷയത്തിൽ ജോലി കിട്ടിയാൽ മാത്രമേ ഇനി ജോലിക്ക് പോകുകയുള്ളൂ എന്ന് വാശി പിടിച്ച് ഞാൻ ഇരുന്നു എങ്കിൽ ഇന്നെനിക്ക് ഇങ്ങനെ ഒരു കഥ എഴുതാൻ ഉണ്ടാകില്ലായിരുന്നു. അന്ന് ഞാൻ ആ എട്ടുമാസ സമയം വെറുതേ കളഞ്ഞിരുന്നുവെങ്കിൽ എന്റെ കരിയറിൽ ഉയർച്ചയും ഉണ്ടാകില്ലായിരുന്നു. നമ്മളുടെ ജീവിതത്തിൽ പല പ്രതിസന്ധിഘട്ടങ്ങളും ഉണ്ടാകുന്നതിനു ഒരു കാരണം എപ്പോഴും ഉണ്ടാകും. ആ കാരണങ്ങൾ നിമിത്തമായി എടുത്ത് കഠിനമായി പരിശ്രമിച്ചാൽ പിന്നീട് നമുക്ക് സന്തോഷമുള്ള ഒരു ജീവിതം ഉണ്ടാക്കിയെടുക്കാനും കഴിയും. എന്റെ അനുഭവം എന്നെ പഠിപ്പിച്ചതതാണു.
കല്യാണം എന്ന കാരണം കൊണ്ട് ഞാൻ ഈ ദേശത്തെത്തി. പഠിക്കണം, എന്ത് ജോലിയും ചെയ്യാം എന്ന മനസ്സുമായി പഠിക്കാൻ പോയി, അവിടുന്ന് ഞാൻ എന്റെ ലക്‌ഷ്യങ്ങളെ ഒന്നൊന്നായി നേടിയെടുത്തു. എല്ലാ വിജയകരമായ ജീവിതത്തിനു പിന്നിലും കഷ്ടപ്പാടിന്റെ വേദന എന്തായാലും ഉണ്ടാകും.. ആ വേദനകൾ പിന്നീട് അവർക്ക് നൽകുന്നത് വലിയ സന്തോഷം ആയിരിക്കും.. കാരണങ്ങൾ ഉണ്ടാകട്ടെ, ആ കാരണങ്ങൾ നിങ്ങളുടെ മാർഗ്ഗത്തെ കാണിക്കട്ടെ..!!
read more: https://emalayalee.com/writer/75