Image

എൻ്റെ ഹൃദയം ( കവിത : ജിസ ജോസ് )

Published on 26 February, 2024
എൻ്റെ ഹൃദയം ( കവിത : ജിസ ജോസ് )

എൻ്റെ ഹൃദയം
തീർത്തും
ഛിന്നഭിന്നമാവുകയും
കീറിപ്പറിഞ്ഞ
തോർത്തുമുണ്ടു പോലെ
ഉപയോഗശൂന്യമാവുകയും
ചെയ്തപ്പോൾ
ഞാനവനെത്തന്നെ
വിളിച്ചു.

ഇനിയും വൈകിയാൽ
നീയിരിക്കുന്ന
എൻ്റെ ഹൃദയത്തിൽ
നിന്നു ഞാൻ 
എന്നേയ്ക്കുമായി
പറിച്ചെടുക്കപ്പെട്ടേക്കും.
പക്ഷേ ,
നീയിരിക്കുന്നതുകൊണ്ട്
എൻ്റെ ഉടലിൽ നിന്നു
വേർപിരിഞ്ഞാലും
അതു
മിടിച്ചു കൊണ്ടേയിരിക്കും

ചത്തു തുലഞ്ഞവളുടെ
മിടിപ്പടങ്ങാത്ത
ഹൃദയമെന്നു
കാണുന്നവരും
കേൾക്കുന്നവരും
അതിനെ പരിഹസിക്കും.
പാവം എൻ്റെ ഹൃദയം !

നിൻ്റെ കൈയ്യിൽ
അതു തുന്നിച്ചേർക്കാനുള്ള
സൂചിയുണ്ടെന്നെനിക്കറിയാം
പരുപരുത്ത നൂലുകോർത്ത്
ആ തുരുമ്പിച്ച സൂചി
ഹൃദയത്തിൻ്റെ
മൃദുലകോശങ്ങളിലേക്ക്
എത്രയോ വട്ടം നീ
കുത്തിയിറക്കിയിരിക്കുന്നു.
വേദന കൊണ്ടു
ഞാനപ്പോൾ
ചത്തു മരവിക്കും.
കണ്ണു മിഴിയാതെ
കുഴഞ്ഞുവീഴുമ്പോൾ
വേഗം പൊക്കോ
എല്ലാം ശരിയായെന്നു 
നീയെന്നെ 
പറഞ്ഞയക്കും.

എനിക്കൊന്നിരിക്കണമെന്നും
എനിക്കു നോവുന്നുവെന്നും
പറയാനിട കിട്ടാതെ,
ഉള്ളിലേക്കൂതിയൂതി
വേദനയാറ്റി
എല്ലാം എന്നേയ്ക്കുമായി
ശരിയായെന്ന
ഭാവത്തിൽ
ഞാൻ തിരിച്ചുപോവും..

എന്നിട്ടും
സൂചി കുത്തിയിറങ്ങിയിടം
പഴുത്തു വിങ്ങും,
കുനിഞ്ഞൊന്നു
നിവരുമ്പോൾ
ദീർഘമായി 
നിശ്വസിക്കുമ്പോൾ
തുന്നലുകൾ പൊട്ടുകയും
ഞാൻ പിടയുകയും ചെയ്യും..

വിളിച്ചപ്പോൾ 
അവൻ സങ്കടപ്പെട്ടു,
ഇടർച്ചയോടെ 
മന്ത്രിച്ചു...
ഇനി
തുന്നൽപ്പണികൾ
ഇരുട്ടു കൊണ്ടു
ഓട്ടയടക്കലാണ്...
നിൻ്റെ ഹൃദയത്തിൽ നിന്നു 
ഞാനിറങ്ങിപ്പോയേക്കാം..
എൻ്റെ ഭാരം കൊണ്ടതു
കീറാതിരിക്കട്ടെ....

ഇത്രകാലമിരുന്നതും
ഇത്രമേലതിനെ
കീറിപ്പറിച്ചതും ...?
ഞാനൊച്ചയിട്ടപ്പോൾ
ഇനിയതുണ്ടാവില്ലെന്നവൻ
കൈകൂപ്പിത്തൊഴുതു ...
തെറ്റുകൾ
തിരുത്തപ്പെടാനുള്ളതാണ്
പൊന്നേയെന്നു
അന്നേരം തന്നെ
എല്ലാം
തൂത്തുവാരിപ്പെറുക്കി
ഇറങ്ങുകയും ചെയ്തു.

ഇനി,
ചാകുമ്പോൾ
ഹൃദയവുമൊപ്പം
ചാകുമല്ലോന്ന്
ഓർത്തപ്പോൾ
ചത്തുകഴിഞ്ഞും
മിടിച്ചു മിടിച്ച്
അതെന്നെ 
ഒറ്റിക്കൊടുക്കില്ലെന്നു
അറിഞ്ഞപ്പോൾ
കണ്ണീരിനിടയിലും
ഞാനാശ്വസിച്ചു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക