ന്യൂയോർക്ക് : കെ.എച്ച്.എൻ.എ യുടെ വിമൻസ് ഫോറമായ "തേജസ്വിനിയുടെ " നേതൃത്വത്തിൽ നടന്ന പൊങ്കാല മഹോത്സവം അഭൂതപൂർവമായ പങ്കാളിത്തം കൊണ്ടും ആചാരത്തിലധിഷ്ഠിതമായ ചടങ്ങുകൾ കൊണ്ടും, സംഘടനാപാടവം കൊണ്ടും ചരിത്ര നിമിഷങ്ങളായിമാറി. അമേരിക്കയിൽ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയുടെ, സ്ത്രീ ശാക്തീകരണത്തിൻ്റെ തെളിവുകളിൽ ഒന്നായിരുന്ന ഇത്തവണത്തെ പൊങ്കാല മഹോത്സവം വലിയ മാധ്യമ ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. The Hindu പോലെയുള്ള ദേശീയ മാധ്യമങ്ങളിലും BBC പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും കെ.എച്ച്.എൻ.എ യുടെ ആഭിമുഖ്യത്തിൽ നടന്ന പൊങ്കാല മഹോത്സവം വളരെ പ്രാധാന്യത്തോടെ വാർത്തകളിൽ ഇടം പിടിക്കുയുണ്ടായി.
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ, പ്രാർത്ഥനാപൂർവ്വം നടന്ന ചടങ്ങുകളിൽ നൂറുകണിക്കിന് സ്ത്രീകൾ ആണ് ഓരോ സംസ്ഥാനത്തിലും കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് എന്നത്, ഇരുപത്തിയഞ്ചാം വർഷത്തിൻ്റെ നിറവിൽ നിൽക്കുന്ന ഈ സംഘടനയെ സംബന്ധിച്ചിടത്തോളം അഭിമാനപൂർവ്വമായ നേട്ടം തന്നെയാണ് . ചരിത്രത്തിൽ ആദ്യമായാണ് ഒരു സംഘടന അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരേ ദിവസം, ഒരേ സമയം പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ അമ്മക്ക്, കോടിക്കണക്കിനു സ്ത്രീകൾ പൊങ്കാല സമർപ്പിക്കുന്ന അതെ ദിവസം തന്നെയാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും പൊങ്കാല സമർപ്പണം നടന്നത് എന്നതും ഇത്തവണത്തെ ചടങ്ങുകളുടെ പ്രത്യേകതകളിൽ ഒന്നാണ്.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന പൊങ്കാല മഹോത്സവത്തിൽ കെ.എച്ച്.എൻ.എ യുടെ കുടുംബാംഗങ്ങൾ മുഴുവനും അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാൻ എത്തിച്ചേർന്നു. ചില സംസ്ഥാനങ്ങളിലെ അപ്രതീക്ഷിതമായ ജനപങ്കാളിത്തം മൂലം, സംഘാടകർക്ക് ഒന്നിലധികം സ്ഥലത്തു പൊങ്കാല മഹോത്സവം നടത്തേണ്ടതായി വന്നു. "തേജസ്വിനിയുടെ " അമരക്കാരും, വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും ചുക്കാൻപിടിച്ച ഈ ചടങ്ങുകൾക്ക് ഇത്രയും ജനപങ്കാളിത്തം ലഭിച്ചതിൽ അത്ഭുതങ്ങൾ ഒന്നും തന്നെയില്ല. വനിതാകൂട്ടായ്മക്ക് പിന്തുണയായി കെ.എച്ച്.എൻ.എ യുടെ ഓരോ അംഗങ്ങളും എപ്പോഴുമുണ്ടായിരുന്നു.
കെ.എച്ച്.എൻ.എ പ്രസിഡന്റ് Dr . നിഷ പിള്ള , കേരളത്തിൽ ആറ്റുകാൽ അമ്മക്ക് മുന്നിൽ തന്നെയാണ് , മുഴുവൻ കെ.എച്ച്.എൻ.എ യുടെ കുടുംബാംഗങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട് പൊങ്കാല സമർപ്പണം നടത്തിയത്. Dr നിഷ പിള്ളക്കൊപ്പം കെ.എച്ച്.എൻ.എ യിലെ മറ്റു കുടുംബാംഗങ്ങളും ആറ്റുകാലമ്മയ്ക്ക് മുന്നിൽ പൊങ്കാല സമർപ്പണത്തിൽ പങ്കാളികൾ ആയി.
കെ.എച്ച്.എൻ.എ യുടെ വിമൻസ് ഫോറം ആയ "തേജസ്വിനിയുടെ" പ്രവർത്തനോദ്ഘാടനത്തിനോടനുബന്ധിച്ചാണ്, പൊങ്കാല മഹോത്സവം നടത്തിയത്. ഇതുവഴി പൊങ്കാല സമർപ്പണത്തിൻ്റെ പുണ്യം അമേരിക്കയിലെ ഓരോ കുടുംബങ്ങളിലും എത്തിക്കാൻ സാധിച്ചു എന്ന് വിമൻസ് ഫോറം ചെയർ ബിന്ദു പണിക്കർ അഭിപ്രായപ്പെട്ടു. വനിതാ കൂട്ടായ്മയുടെ, നേതൃപാടവത്തിൻ്റെ നേർസാക്ഷ്യമാണ് ഇത്രയും ജനപങ്കാളിത്തമെന്നും ഇനിയും "തേജസ്വിനിയുടെ" ആഭിമുഖ്യത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ ഉണ്ടാവട്ടെയെന്നും പ്രസിഡന്റ് Dr നിഷ പിള്ള ആശംസിച്ചു.
ബിന്ദു പണിക്കർ (ചെയർ ), തങ്കം അരവിന്ദ് ( ഡയറക്ടർ ഇൻ ചാർജ്) , അഞ്ജന പ്രയാഗ , വിനി കർത്ത, കവിത മേനോൻ, ഹരിത ദേവീദാസ് എന്നിവർ അംഗങ്ങളായുമുള്ള തേജസ്വിനിയുടെ അമരക്കാരും , വിവിധ സംസ്ഥാനങ്ങളിലെ കെ.എച്ച്.എൻ.എ യുടെ പ്രതിനിധികളും കൈകോർത്താണ് പൊങ്കാല മഹോത്സവത്തിന് ഇത്രയും മികവും മിഴിവുമേകിയത്.